Sunday, October 24, 2010

ഒറ്റയ്ക്കുള്ള ജീവിതയാത്രയുടെ ആരംഭം

എട്ടു മുതൽ പത്തുവരെയുള്ള പഠനം ഒരു ഒഴുക്കോടെ പോയി പിതാവിൽ നിന്നുള്ള എതിർപ്പുകൾ അത്രയങ്ങ് ഇല്ലായിരുന്നു പക്ഷെ തറവാട്ടിൽ നിന്നുള്ള എതിർപ്പ് പണ്ടത്തെ പോലെ തുടർന്നു, എന്തോ നല്ല പരിശീലനമില്ലാത്തതിനാലായിരിക്കാം അതിമനോഹരമായി 1986 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ 144 മാർക്കോടെ ഗംഭീരമായി പരാജിതനായി, വീണ്ടും ഒരു ശ്രമം നടത്താൻ തീരുമാനിച്ചു 1986 സെപ്റ്റംബറിൽ എഴുതി റിസൾട്ടിന് കാത്തു നിൽക്കുന്നതിന് മുൻപ് തന്നെ കുടുംബത്ത് നിന്നുള്ള എതിർപ്പ് കാരണം സ്ഥലം വിടാൻ നിർബ്ബന്ധിതനായി അതിന് ബോംബെ തന്നെ തിരെഞ്ഞെടുത്തു കാരണം ഇംഗ്ലീഷ് ഭാഷയെ പ്രണയിക്കുന്നത് പോലെ തന്നെ ഹിന്ദി ഭാഷയോടും എനിക്കൊത്തിരി ഇഷ്ടമായിരുന്നു ഒഴുക്കോടെ സംസാരിക്കുക എന്നത് വലിയൊരു ആഗ്രഹമായതിനാൽ ബോംബെയിലേക്ക് യാത്ര തിരിച്ചു, പഠിയ്ക്കുന്നതിൽ എതിർപ്പുണ്ടായിരുന്ന എന്റെ പിതാവിന് ഞാൻ ബോംബെയിൽ പോകുന്നതിൽ വളരെ സന്തോഷവാനായിരുന്നു
വയസ് 16
ഒറ്റയ്ക്കുള്ള ജീവിതയാത്രയുടെ ആരംഭം
പത്താം ക്ലാസിലെ പരാജയം, അതുവരെ എത്തിയത് തന്നെ വല്ലാത്ത ഒഴുക്കുള്ള പുഴക്ക് എതിരെ നീന്തുന്നതിന് തുല്യമായിരുനു , കൈകാലുകൾ കുഴഞ്ഞിട്ടില്ല എതിരാളികൾക്ക് വേണ്ടി ഒരു ചെറിയ പരാജയ സമ്മതികൽ അങ്ങനെയേ ഞാനീ യാത്രയെ വിശേഷിപ്പിയ്ക്കൂ….
1986 നവംബറിലെ ഒരു രാത്രി, കുറ്റിപ്പുറ റയിൽവേ സ്റ്റേഷൻ

തികച്ചും ദരിദ്രമായിരുന്ന ഒരു സിറ്റുവേഷനിലായിരുന്നു എന്റെ യാത്ര ആകെ കൈമുതലായിരുന്നത് ഒരു പഴയ പെട്ടി, അതിൽ ഒരേയൊരു പാന്റ്സ്, രണ്ട് വെള്ള തുണി രണ്ട് ഷർട്ട്, ആരുടേയോ വലിയ പാന്റ്സ് ചെറുതാക്കിയതായിരുന്നു അത് , രാത്രി 2 മണിക്കായിരുന്നു ട്രയിൻ യാത്രയയക്കാൻ എന്റെ പിതാവും ഉണ്ടായിരുന്നു ആദ്യമായി ട്രയിൻ കാണാൻ വന്ന ഒരു സഹോദരിയും കൂടെയുണ്ടായിരുന്നു, കുറ്റിപ്പുറം റയിൽവേ സ്റ്റേഷനിൽ വന്നു നിന്ന ജയന്തി ജനത എക്സ്പ്രസ് (ഇത് തന്നെയായിരുന്നു ആ ട്രയിനിന്റെ പേരെന്നാണ് എന്റെ ഓർമ്മ)ൽ റിസർവ്വ് ചെയ്ത സീറ്റിൽ ഞാൻ പോയിരുന്നു, ഒരു മണിക്കൂറിനുള്ളിൽ തന്നെ ട്രയിൻ ഷൊർണ്ണൂറിൽ എത്തി , അന്ന് ബോംബെ ട്രയിൻ തമിഴ്നാട് ആന്ധ്ര ചുറ്റി കർണാടക വഴിയാണന്ന് തോന്നുന്നു ബോംബെയിലെത്തുക (ഓർമ്മകൾക്ക് അത്ര വ്യക്തത പോരാ..കാരണം വർഷം 24 കഴിഞ്ഞിരിക്കുന്നു) അധികം വിരസമായിരുന്നില്ല യാത്ര ഊഷരമായ കാലാവസ്ഥയും തണുപ്പുള്ള കാറ്റുമെല്ലാം മാറി മറിഞ്ഞ് രണ്ട് രാത്രിയും ഒരു പകലും പിന്നിട്ട് യാത്ര ബോംബെ നഗരമെത്താറാവുമ്പോൾ പുലർച്ചെ അഞ്ചുമണിയാകും .. പൂന കഴിഞ്ഞ ഉടനെ കുളിച്ച് പാന്റ്സ് മാറ്റി പെട്ടെന്നൊരു ശബ്ദം പാന്റ്സ് ഊരി വരുന്നു പഴയ പാന്റ്സ് ആയതിനാൽ അതിന്റെ ഹുക്ക് പൊട്ടിയ ശബ്ദമായിരുന്നു അത് ബെൽറ്റില്ലാത്തതിനാൽ ഒരു ചാക്ക് നൂലുകൊണ്ട് വരിഞ്ഞു മുറുക്കി കെട്ടി… സമയം അഞ്ചുമണിയായി ട്രയിൻ തന്റെ കിതപ്പ് അവസാനിപ്പിച്ചുകൊണ്ട് വിശ്വപ്രസിദ്ധമായ വിക്ടോറിയ ടെർമിനൻസിൽ (ഛത്രപതി ശിവാജി ടെർമിനൻസ്) നിന്നു

ബോംബെ എനിക്കൊട്ടും പരിചിതമല്ലാത്തൊരു നഗരം അവിടെ എന്നെ കാത്ത് എന്നെ അറിയാത്തൊരു മനുഷ്യൻ കാത്തു നിൽക്കുമെത്രെ .. പിള്ള മുഹമദ്ക്ക എന്ന എന്റെ ഉപ്പയുടെ ചങ്ങാതി , തിരക്കുകൾക്കിടയിൽ അപരിചിതമായ എന്നെ പ്രതീക്ഷിക്കുന്ന ആ മുഖം ഞാൻ അന്വേഷിച്ചു പെട്ടെന്നൊരാൾ .. ഫാറൂക്ക് അല്ലേ എന്നൊരു ചോദ്യത്തോടെ എന്നെ സമീപിച്ചു , ഞാൻ പ്രതീക്ഷിച്ച പിള്ള മുഹമദ്ക്കയായിരുന്നില്ല അദ്ദേഹം, ഒരു പ്രീമിയർ ടാക്സി കാറിൽ കയറി ഞങ്ങൾ പൊന്നാനി ജുമാഅത്തിന്റെ റൂമിലേക്ക് …( അന്ന് കേരളീയർ ഗൾഫ് യാത്രയ്ക്കും ജോലിയ്ക്കും പ്രധാനമായും ആശ്രയിച്ചിരുന്നത് ബോംബെയായിരുന്നു അതുകൊണ്ട് തന്നെ കേരളത്തിലെ പ്രധാന സ്ഥലങ്ങളിലെ പ്രത്യേകിച്ച് മലബാറിലെ ഓരോ പ്രദേശത്തുക്കാരും ഭൂരിപക്ഷമനുസരിച്ച് ഓരോ ജമാഅത്തായി സംഘടിച്ചിരുന്നു ഇവർ ചെയ്തിരുന്ന പ്രധാന സേവനം പല ആവശ്യങ്ങൾക്ക് വരുന്ന സ്വന്തം നാട്ടുക്കാർക്ക് സഹായം ചെയ്യുകയായിരുന്നു) .

വളരെ പ്രതീഷയോടെയായിരുന്നു ഞാൻ ജമാഅത്തിന്റെ റൂമിലേക്ക് പോയത് .. ടെങ്കർ മുല്ല എന്ന തെരുവിലെ ഗോൽഡൻ മലബാർ ഹോട്ടലിനിടുത്തുള്ള ഇടയിലൂടെ … ബോംബെയിൽ ഇറങ്ങിയത് മുതൽ വന്നുകൊണ്ടിരുന്ന രൂക്ഷമായ ഗന്ധം അതിരൂക്ഷമായി തന്നെ മൂക്കിലേക്ക് ആഞ്ഞടിച്ചു, ഇരുട്ട് ശരിക്കും പോയിട്ടില്ലായിരുന്നു തെരുവിൽ നിയോൺ ബൾബിന്റെ പ്രകാശം ആ ഇടവഴിലേക്കധികമില്ലായിരുന്നു , ഇരുട്ടിൽ പെട്ടെന്ന് കാലിനിടയിലൂടെ വലിയൊരു പെരിച്ചായി പതുക്കെ ധൈര്യത്തോടെന്ന പോലെ നടന്ന് നീങ്ങുന്നു.. ഒരു വലിയ കാനയുടെ മുൻപിൽ ഞങ്ങൾ നിന്നു, പതുക്കെ ഞാൻ ഇരുണ്ട വെളിച്ചത്തിൽ റൂമിലേക്ക് ഒന്നെത്തി നോക്കി ഇരുണ്ട വെളിച്ചത്തിൽ മത്തി ഉണക്കാനിട്ടത് പോലെയുള്ള കാഴ്ച്ചകണ്ട് ഞാനൊന്ന് അമ്പരന്നു, രണ്ടു നിരയായി ഇരുപതിലധികം പേർ ഒന്നു തിരിയാൻ കഴിയാത്ത വിധം ഇടുങ്ങി തിങ്ങി കിടയ്ക്കുന്നു ഒരു നിരയിലുള്ളവരുടെ കാലുകൾ മറു നിരയിലുള്ളവരുടെ കാലുകളുമായി പിണഞ്ഞ് കിടയ്ക്കുന്ന രംഗം , ഒന്ന് നിക്കാൻ പോലും ഇടമില്ലാത്ത ആ മുറിയുടെ പുറത്ത് കാനയിൽ നിന്നുള്ള ഗന്ധം ആസ്വദിച്ച് നേരം വെളുപ്പിച്ചു.
ഓരോരുത്തർ എഴുന്നേറ്റ് ഡ്രമ്മിൽ ശേഖരിച്ച വെള്ളത്തിൽ ഒരു കാക്ക കുളിച്ച് ഒരുങ്ങി (ഇന്ന് ദുബായ് നഗരത്തിലും ഇതുപോലെയുള്ള കാഴ്ച്ചകളുണ്ടന്ന് മെയിലുകൾ സാക്ഷ്യപ്പെടുത്തുന്നു) പൌഡറും അത്തറും പൂശി തങ്ങളുടേതായ ജോലിക്ക് പോയികൊണ്ടിരുന്നു അവസാനം ജോലിയില്ലാത്തവർ പിന്നേയും നിണ്ട് നിവർന്ന് സുഖമായി ഉറങ്ങുന്നു, അപ്പോഴും അവിടെ പിള്ള മുഹമദ്ക്ക ഇല്ലായിരുന്നു, ആ വലിയ മനുഷ്യനെ പ്രതീക്ഷിച്ച് ഞാൻ അസഹ്യമായി റൂമിലിരുന്നു ഏത് നേരത്താണാവോ ബോംബെ തിരെഞ്ഞെടുക്കാൻ എനിക്ക് തോന്നിയത് എന്ന ചിന്തയോടെ..
ജോലി ഇല്ലാത്തവർ പതുക്കെ എഴുന്നേറ്റ് കണ്ണു തിരുമി എന്നെ നോക്കി പരിചിത ഭാവത്തിൽ ഒരു ചിരി, റൂമിന് വെളിയിൽ വലിയൊരു ജുബായും മലേഷ്യൻ കള്ളി മുണ്ടും ഒരു വെള്ള തൊപ്പിയും ധരിച്ച് അസലാമു അലൈക്കും എന്ന സ്നേഹത്തോടെയുള്ള അഭിവാദനത്തോടെ ചിരിച്ചുകൊണ്ടദ്ദേഹം വന്നു, എന്തോ അസഹ്യമായ ആ അവസ്ഥയിൽ സ്നേഹത്തോടെയുള്ള ആ പുഞ്ചിരി വല്ലാത്തൊരു ആശ്വാസമായിരുന്നു, യാത്രാ ക്ഷീണവും മറ്റും എന്നെ ഉറക്കത്തിലേക്ക് നയിച്ചിരുന്നു അതൊന്നും വകവെയ്ക്കാതെ അദ്ദേഹം എന്നെ ഒരാളെ ഏല്പിച്ചു കൊണ്ട് പറഞ്ഞു “ ഇവനെ ബോംബെ നഗരമൊന്ന് കാണിച്ചുകൊടുക്കൂ… അദ്ദേഹവുമായി ഹുക്കുപൊട്ടിയ പാന്റ്സുമിട്ട് സ്വപ്ന നഗരിയായ ബോംബെ കാണാൻ പുറപ്പെട്ടു ഏതല്ലാം നമ്പറുകൾ പറഞ്ഞ് പല ബസ്സുകളിലായി ബോംബെ ചുറ്റി സഞ്ചരിച്ചു പല സ്ഥലങ്ങളും കറങ്ങിയെങ്കിലും അതൊന്നും എന്റെ മനസ്സിൽ ആനന്ദം പോയിട്ടൊരു ആസ്വദനം പോലുമുണ്ടായില്ല പകരം അരോചകമായിരുന്നു, സമ്പാദിക്കണമെന്ന ചിന്തയേക്കാൾ ഭാഷ പഠിയ്ക്കണമെന്ന അതിയായ മോഹം എല്ലാ അതിരൂക്ഷ ഗന്ധത്തിൽ നിന്നും ഞാൻ അക്ഷമനായി ബോംബെ നഗരത്തെ ആസ്വാദനത്തിന്റെ മേഖലയിലേക്ക് മനസ്സിനെ നയിച്ചു.…

Saturday, October 23, 2010

ഏഴിലെ തോൽവിയും എട്ടിലെ പ്രവേശനവും… വാശിയോടെയുള്ള ജീവിതവും

നാലാം ക്ലാസ് മുതൽ ഒരു ധിക്കാരിയായിട്ടായിരുന്നു എന്റെ പെരുമാറ്റം എല്ലാവരോടും വല്ലാത്ത ദേഷ്യം എങ്കിലും പഠനത്തിൽ അത്ര മോശമാവാതിരിക്കാനും ശ്രമിച്ചു , കലുഷിതമായ ജീവിത സാഹചര്യം പഠനത്തെ വല്ലാതെ ബാധിച്ചിരിന്നു അതുകൊണ്ട് തന്നെ ഏഴിൽ മനോഹരമായി തോറ്റു, അന്നുവരെ എന്റെ പഠനത്തിൽ സഹായിയായിരുന്ന ജബ്ബാർ (അബുഹാജി മകൻ) എട്ടിലേക്ക് ജയിച്ചു കയറിയതോടെ തികച്ചും ഞാൻ ഒറ്റപ്പെട്ടു ഇനി സ്വയം പഠിയ്ക്കുക എന്ന ദൌത്യത്തോടൊപ്പം മറ്റൊരു ഊരാകുടുക്കും .. പിതാവിന്റെ മറ്റൊരു അന്ത്യശാസനം “ഏതായാലും തോറ്റില്ലേ ഇനിയെന്തിന് പഠിക്കയ്ക്കണം,?” എന്റെ തുടർ പഠനത്തെ ഇടങ്കോലിടുമെന്ന് തോന്നിയതിനാൽ ക്ലാസ് ടീച്ചറായിരുന്ന സഫിയ ടീച്ചറോട് വിഷയം അവതരിപ്പിച്ച് ടീച്ചറുടെ ഇടപ്പെടൽ കാരണം പിതാവ് ഒന്ന് തണുത്തു പക്ഷെ എതിർപ്പ് നീങ്ങിയില്ല, അതോടെ പഠിച്ച് ജയിക്കണമെന്ന വാശിയും കൂടി പിന്നെ ഒഴപ്പാൻ അവസരം നൽകാതെ ഏഴിൽ നിന്ന് കര കയറി.

എട്ടിൽ പ്രവേശനം നേടണമെങ്കിൽ പിതാവിന്റെ സഹായം ആവശ്യമായിരുന്നു, വിദ്യാഭ്യാസത്തിന് മുഖം തിരിച്ചുനിൽക്കുന്ന വ്യക്തിയോട് എങ്ങനെ നേരിടണമെന്ന് അന്നത്തെ ഫാറൂഖിന് നന്നായി അറിയാമായിരുന്നു, എനിക്ക് പ്രവേശനം നേടേണ്ടത് എം.ഐ.ഹൈസ്കൂളിലായിരുന്നു അവിടത്തെ പ്യൂൺ സൈനുദ്ധീൻ കുട്ടിക്ക എന്ന എയ്ന്തീൻ കുട്ടിക്ക എന്റെ ഉപ്പാന്റെ അയൽവാസിയും ബഹുമാന്യനുമായൊരു വ്യക്തിയായിരുന്നു അദ്ദേഹം എന്തു പറഞ്ഞാലും എന്റെ ഉപ്പ അനുസരിക്കുമെന്ന് എനിക്കറിയാമായിരുന്നത് കൊണ്ട് , എന്റെ തുടർ പഠന വിഷയം അദ്ദേഹത്തോട് പറഞ്ഞു അദ്ദേഹത്തിന്റെ പരിശ്രമത്താൽ എനിക്ക് എട്ടിലേക്ക് പ്രവേശനം ലഭിച്ചു.

എന്റെ പ്രൈമറി പഠനകാലത്തെ സഹപാഠികളിൽ അധികവും പൊന്നാനി അഴിക്കൽ പ്രദേശത്തുള്ള മത്സ്യ തൊഴിലാളികളുടെ മക്കൾ , ചങ്ങാതിമാരിൽ അധികം അവർ തന്നെയായിരുന്നു എന്തോ ഇവിടെ നിന്ന് വരുന്ന് മത്സ്യ തൊഴിലാളികളുടെ മക്കൾക്കും വല്ലാത്തൊരു ധൈര്യവും ശൌര്യവുമുണ്ടായിരുന്നു അവ രണ്ടിലും ഞാനും ഒട്ടും പിറകിലല്ലാത്തതിനാൽ സജാതീയ ദ്രുവങ്ങൾ തമ്മിലുള്ള വികർഷണം സ്വാഭാവികമായും ഇവിടെയുമുണ്ടായി, അതിന്റെ പ്രതിഫലനം എന്നും അടിയായിരുന്നു നാടൻ ശൈലിയിൽ പറഞ്ഞാൽ കട്ടയ്ക്ക് കട്ട പൊരുതി നിൽക്കും ഈ സ്വഭാവവുമായാണ് ഞാൻ എട്ടിലേക്ക് കയറി വന്നത് , എം.ഐ.ഹൈസ്ക്കൂളിലാണെങ്കിൽ പല പ്രദേശത്ത് വരുന്ന കുട്ടികളായിരുന്നു അവരിലധികവും വികൃതിയൊന്നുമില്ലാത്ത പാവങ്ങളായിരുന്നു ഇവർക്കാണെങ്കിൽ പൊന്നാനിക്കാരായ പിള്ളേരുടെ കളിച്ചുല്ലസിക്കാൻ പോലും ഭയമായിരുന്നു , ഞാൻ പഠിച്ച സ്കൂളിൽ 100% വും മുസ്ലിം വിദ്യാർത്ഥികളായിരുന്നെങ്കിൽ ഇവിടെ സമാസമം ഹിന്ദു മുസ്ലിം കുട്ടികളായിരുന്നു ശരിക്കും പാവങ്ങളായ ഇവരോട് കയർക്കുക അടികൂടുക (അടികൂടുക എന്നു പറയുന്നതിനേക്കാൾ അടിച്ചിടുക എന്നു പറയുന്നതായിരിക്കും ശരി )പതിവായിരുന്നു ഗുരുത്വ കേട് കൂടിയതിനാലായിരിക്കാം ഹെഡ്മാസ്റ്റർ സെയ്തുട്ടി മാഷ് കൈ രണ്ടും തൂക്കി പിടിച്ച് മുട്ടിന് താഴെ ചൂരൽ കൊണ്ട് അടിച്ച് ഒരു പരുവത്തിലാക്കി ഒരുപക്ഷെ വേദനകൊണ്ട് ഉറക്കെ കരഞ്ഞത് അന്നായിരിക്കാം ഒത്തിരി ദിവസം കാലിൽ ആ പാടുകൾ എന്നെ നോക്കി ചിരിച്ചു, മാഷ് തല്ലിയിന്നൊന്നും ആരോടും പരാതി പറയാനൊക്കില്ലായിരുന്നു, എല്ലാവരേയും എതിർത്ത് പഠിയ്ക്കുന്ന ഞാൻ ആരോട് എന്ത് പറയാൻ, ആ അടി എനിക്ക് അനിവാര്യമായിരുന്നു എന്ന് കാലം വീണ്ടും തെളീയിച്ചു അതോടെ എന്റെ ഗുരുത്വക്കേട് എവിടെ പോയി എന്നെനിക്ക് പോലുമറിയില്ലായിരുന്നു പിന്നീട് ഈ നിമിഷം വരെ തല്ലൂടുക എന്ന പരിപ്പാടി പാടെ നിറുത്തി.

ആരെപോലെ തന്നെ ഞാൻ വളരുന്നതോടൊപ്പം ഒരായിരം ചോദ്യങ്ങളും എന്നോടൊപ്പം വളർന്നു, അവയ്ക്കുള്ള ഉത്തരങ്ങൾ ഭാഗീകമായിട്ടെങ്കിലും പുസ്തകങ്ങളിൽ നിന്നല്ലാം ലഭിച്ചു, സ്കൂൾ ലൈബ്രററിയിലെ നല്ലൊരു പുസ്തക വായനക്കാരനായിരുന്നു അന്ന് ഞാൻ പ്രത്യേകിച്ചിഷ്ടം മതതത്ത്വാധിഷ്ടിതമായ പുസ്തകങ്ങൾക്ക് പുറമെ ഡിൿറ്ററ്റീവ് പുസ്തകങ്ങളോടായിരുന്നു മമത, അതിന് പുറമെ ഇംഗ്ലീഷ് പഠിക്കണമെന്ന് അധിയായ മോഹവും , ഈ മോഹം പൂവണിയാൻ പല ലൊട്ടുലൊടുക്ക് വിദ്യകളും പ്രയോഗിച്ചിരുന്നു, ദിനവും ഒന്നിലധികം പത്രങ്ങൾ വായിക്കുക പതിവായിരുന്നു അതിന് ശേഷം ഇന്ത്യൻ എക്സ്പ്രസും വായിക്കും സ്വാഭാവികമായും പ്രദേശിക കേരളീയ വാർത്തകൾക്ക് മലയാള പത്രവും ഇംഗ്ലീഷ് പത്രവും വാർത്തകൾക്ക് വലിയ സാമ്യം ഉണ്ടായിരുന്നതിനാൽ ഇംഗ്ലീഷ് മനസ്സിലാക്കി വായിക്കാൻ വളരെ എളുപ്പമായിരുന്നു. അത്യാവശ്യം പഠിയ്ക്കാനും മിടുക്കനായിരുന്നു പക്ഷെ പിതാവിന്റേയും തറവാട്ടിലെ അംഗങ്ങളുടേയും എതിർപ്പിനെ അതിജീവിയ്ക്കാൻ ചില സമയത്ത് എനിക്ക് തന്നെ ശക്തി ഇല്ലാതെ വന്നു എങ്കിലും പിടിച്ച് നിന്നു.

ഏഴിലെ തോൽവിയും എട്ടിലെ പ്രവേശനവും… വാശിയോടെയുള്ള ജീവിതവും

നാലാം ക്ലാസ് മുതൽ ഒരു ധിക്കാരിയായിട്ടായിരുന്നു എന്റെ പെരുമാറ്റം എല്ലാവരോടും വല്ലാത്ത ദേഷ്യം എങ്കിലും പഠനത്തിൽ അത്ര മോശമാവാതിരിക്കാനും ശ്രമിച്ചു , കലുഷിതമായ ജീവിത സാഹചര്യം പഠനത്തെ വല്ലാതെ ബാധിച്ചിരിന്നു അതുകൊണ്ട് തന്നെ ഏഴിൽ മനോഹരമായി തോറ്റു, അന്നുവരെ എന്റെ പഠനത്തിൽ സഹായിയായിരുന്ന ജബ്ബാർ (അബുഹാജി മകൻ) എട്ടിലേക്ക് ജയിച്ചു കയറിയതോടെ തികച്ചും ഞാൻ ഒറ്റപ്പെട്ടു ഇനി സ്വയം പഠിയ്ക്കുക എന്ന ദൌത്യത്തോടൊപ്പം മറ്റൊരു ഊരാകുടുക്കും .. പിതാവിന്റെ മറ്റൊരു അന്ത്യശാസനം “ഏതായാലും തോറ്റില്ലേ ഇനിയെന്തിന് പഠിക്കയ്ക്കണം,?” എന്റെ തുടർ പഠനത്തെ ഇടങ്കോലിടുമെന്ന് തോന്നിയതിനാൽ ക്ലാസ് ടീച്ചറായിരുന്ന സഫിയ ടീച്ചറോട് വിഷയം അവതരിപ്പിച്ച് ടീച്ചറുടെ ഇടപ്പെടൽ കാരണം പിതാവ് ഒന്ന് തണുത്തു പക്ഷെ എതിർപ്പ് നീങ്ങിയില്ല, അതോടെ പഠിച്ച് ജയിക്കണമെന്ന വാശിയും കൂടി പിന്നെ ഒഴപ്പാൻ അവസരം നൽകാതെ ഏഴിൽ നിന്ന് കര കയറി.
എട്ടിൽ പ്രവേശനം നേടണമെങ്കിൽ പിതാവിന്റെ സഹായം ആവശ്യമായിരുന്നു, വിദ്യാഭ്യാസത്തിന് മുഖം തിരിച്ചുനിൽക്കുന്ന വ്യക്തിയോട് എങ്ങനെ നേരിടണമെന്ന് അന്നത്തെ ഫാറൂഖിന് നന്നായി അറിയാമായിരുന്നു, എനിക്ക് പ്രവേശനം നേടേണ്ടത് എം.ഐ.ഹൈസ്കൂളിലായിരുന്നു അവിടത്തെ പ്യൂൺ സൈനുദ്ധീൻ കുട്ടിക്ക എന്ന എയ്ന്തീൻ കുട്ടിക്ക എന്റെ ഉപ്പാന്റെ അയൽവാസിയും ബഹുമാന്യനുമായൊരു വ്യക്തിയായിരുന്നു അദ്ദേഹം എന്തു പറഞ്ഞാലും എന്റെ ഉപ്പ അനുസരിക്കുമെന്ന് എനിക്കറിയാമായിരുന്നത് കൊണ്ട് , എന്റെ തുടർ പഠന വിഷയം അദ്ദേഹത്തോട് പറഞ്ഞു അദ്ദേഹത്തിന്റെ പരിശ്രമത്താൽ എനിക്ക് എട്ടിലേക്ക് പ്രവേശനം ലഭിച്ചു.

Sunday, September 5, 2010

നിരീശ്വര ചിന്തയുടെ ആദ്യ സ്റ്റെപ്പ്

ഇസ്ലാമിക യാ‍ഥാസ്ഥിക കുടുംബത്തിലും ,ഇസ്ലാമിക ചുറ്റുപ്പാടിലും ജനിച്ചു വളര്‍ന്ന എന്നില്‍ നിരീശ്വര ചിന്ത വളര്‍ന്നു വരാന്‍ ഒത്തിരി കാരണങ്ങളുണ്ടായിട്ടുണ്ട് അതിലേറ്റവും പ്രധാനമായി ഞാന്‍ മനസ്സിലാക്കിയത് ഒരു സംഭവത്തിലൂടെയാണ്, പത്മിനി ടീച്ചറെ കുറിച്ച് എത്ര എഴുതിയാലും തീരില്ല കാരണം എന്റെ മാതാവ് കഴിഞ്ഞാല്‍ ഞാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഒരു സ്ത്രീയാണീ ടീച്ചര്‍, എന്റെ ഇല്ലത്തിന് മുന്‍പിലായി തന്‍‌വീറുല്‍ ഇസ്ലാം മദ്രസ്സയാണ് അവിടെ പഠിപ്പിയ്ക്കുന്നതൊക്കെ എനിക്ക് കേള്‍ക്കാനാവും അങ്ങനെ ഒരു ദിവസം അന്ന് ഞാന്‍ 4 ലിലാണ് പഠിയ്ക്കുന്നത് അതായത് എനിക്ക് 9 വയസ്സ് പ്രായം, കാലത്ത് വീടിന്റെ കോലായയില്‍ (വരാന്തയില്‍) ഇരിക്കുമ്പോള്‍ മുസല്യാര്‍ കുട്ടികളെ പഠിപ്പിയ്ക്കുന്നത് ഇങ്ങനെയായിരുന്നു “ ഇസ്ലാം കാര്യവും ഇമാന്‍ കാര്യവുമറിയാത്തവരൊക്കെ നരഗത്തിന്റെ അവകാശികളായിരിക്കും, മുസ്ലിംങ്ങളല്ലാത്ത ആരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല ഈ വാക്കുകള്‍ എന്റെ കൊച്ചു മനസ്സില്‍ ചിന്തയുടെ നാമ്പിട്ടുവെന്നു പറയാം, ഞാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന പത്മിനി ടീച്ചറും അവരുടെ സ്നേഹമുള്ള അമ്മയുമെല്ലാം നരഗത്തില്‍ പോവുകയോ ?

ആ ചിന്ത എന്റെ മനസ്സില്‍ ഒരായിരം ചോദ്യങ്ങള്‍ക്കും അതിനുള്ള ഉത്തരവും തേടിയുള്ള അന്വേഷണം, അനേകം പുസ്തകങ്ങള്‍, ലേഖനങ്ങള്‍, ഖുറാന്‍ തന്നെ പലവട്ടം (മലയാള പരിഭാഷ) എന്റെ ചിന്തയോട് ഒത്തിരി താദാത്മ്യമുള്ള ഒരു പുസ്തകമായിരുന്നു സാംസ്കൃതയാലിന്റെ തത്ത്വചിന്ത എന്ന പുസ്തകം ഒരുപക്ഷെ ആ പുസ്തകമായിരിക്കാം എന്റെ അന്വേഷണത്തിന് ആത്മവിശ്വാസം പകര്‍ന്നു തന്നത്, സ്വര്‍ഗ്ഗ നരഗം എന്ന മൂഢചിന്തയോളം മറ്റൊരു ചിന്തയുണ്ടോന്ന് തോന്നുന്നില്ല, സ്വര്‍ഗ്ഗവും നരഗവും മതങ്ങള്‍ ഭീഷണിപ്പെടുത്തുന്ന കോലത്തിലുള്ള ദൈവവുമൊന്നും ഇല്ലാ എന്ന സത്യത്തിലേക്ക് ഞാനിന്ന് എത്തിയതില്‍ ഞാന്‍ ഏറ്റവുമധികം നന്ദി പറയേണ്ടത് അന്ന് മദ്രസ്സയില്‍ ആ വാക്കുകള്‍ പറഞ്ഞ മുസല്യാരോടാണ്.

Friday, August 27, 2010

അധ്യാപകര്‍

അധ്യാപകരോട് പഠനവേളയില്‍ ദേഷ്യവും അതുകഴിഞ്ഞാല്‍ മരിച്ചാലും (ഇരുവരും)അവസാനിക്കാത്ത വല്ലാത്തൊരു ആത്മബന്ധവും ഏതൊരു വ്യക്തിയും വെച്ചുപുലര്‍ത്താറുണ്ട്, നമ്മുടെ ജീവിതത്തില്‍ പ്രഥമ അധ്യാപകന്‍/അധ്യാപികയ്ക്ക് വല്ലാത്തൊരു സ്ഥാനമുണ്ട്, എന്റെ ആദ്യത്തെ അധ്യാപികയായ പത്മിനി ടീച്ചറോട് ഇന്നും വലിയ സ്നേഹമാണ് ഇടയ്ക്കിടെ അവരുടെ വീട് സന്ദര്‍ശിക്കുക പതിവാണ്.

ജീവിതത്തില്‍ ഒത്തിരി അധ്യാപകര്‍ ഓരൊ വ്യക്തിയേയും സ്വാധീനിക്കും, നമ്മുടെ ജീവിതത്തില്‍ നമ്മെ പഠിപ്പിച്ച എല്ലാ അധ്യാപകരോടും അവര്‍ക്ക് നമ്മെ തിരിച്ചറിയാനാവില്ലെങ്കിലും വലിയ ബഹുമാനമാണ്, രണ്ടാം ക്ലാസിലെ ശ്യാമളെ ടീച്ചറെ കുറിച്ചുള്ള ഓര്‍മ്മകളേക്കാള്‍ ഒന്നാം ക്ലാസിലെ പത്മിനി ടീച്ചറുടെ ഓര്‍മ്മകളാണ് കൂടുതല്‍, മൂന്നാം ക്ലാസിലെ ഗോപാലന്‍ സാര്‍ ഇടയ്ക്കിടെ വലിയ ഒച്ഛയില്‍ കൊമ്പന്‍ മീശ ചുരുട്ടി കണക്ക് പഠിപ്പിയ്ക്കും ഇന്നും ഞാന്‍ കണക്കില്‍ വളരെ മോശമാണ് ഒരുപക്ഷെ അതിയായ ഭയമായിരിക്കാം എന്റെ മണ്ടയില്‍ കണക്ക് കയറാതിരുന്നത് അല്ലെങ്കില്‍ എന്റെ തലയുടെ കുഴപ്പമായിരിക്കാം.

ലളിതമായി തമാശകള്‍ പറഞ്ഞ് ചിരിപ്പിച്ച് ക്ലാസെടുക്കുന്ന ചെറിയ സി.സി എന്നറിയപ്പെടുന്ന അധ്യാപകന്റെ ക്ലാസിലിരിക്കാന്‍ ഏവര്‍ക്കും ബഹു ഇഷ്ടമായിരുന്നു ഇംഗ്ലീഷിന്റെ ബാലപാഠം പഠിപ്പിച്ച അധ്യാപകനോടുള്ള അതിരറ്റ സ്നേഹമായിരിക്കാം ഇംഗ്ലീഷ് ഭാഷ എന്റെ പ്രിയ ചങ്ങാതിയായത്, നാലാം ക്ലാസിലെ കണക്ക് അധ്യാപകനായി കുട്ടിഹസന്‍ മാഷിന്റെ അനവസരത്തിലെ നുള്ളിവേദനയാക്കള്‍ ആരും ഇഷ്ടപ്പെട്ടിരുന്നില്ല, ആ ക്ലാസിലിരിക്കാന്‍ ഒട്ടും താല്പര്യ കണക്ക് പിന്നേയും എനിക്ക് മണ്ടയില്‍ കയറാത്ത വിഷയമായത് അങ്ങനെ ഓര്‍ ക്ലാസിലും നമ്മുടെ മനസ്സില്‍ ചില പ്രത്യേക അധ്യാപകര്‍ സ്ഥാനം പിടിയ്ക്കും, ആറാം ക്ലാസില്‍ വലിയ സി.സി ഏഴില്‍ അബുബക്കര്‍ സാറും സഫിയ ടീച്ചറുമെല്ലാം..
------------------------------------------------------------

Thursday, August 26, 2010

കഥാപാത്രങ്ങള്‍ - 4

ഓരോ വ്യക്തിത്വവും തികച്ചും വ്യത്യസ്ഥമായ ജീവിതം നയിക്കുന്നവരും നയിച്ചവരുമാണന്ന് അവരുടെ ജീവിതം നിരിക്ഷിച്ചാല്‍ മനസ്സിലാവും കൊച്ചുനാളിലെ എന്റെ ശീലവും അതായിരുന്നു, എന്റെ ജീവിതത്തില്‍ മറയ്ക്കാനാവാത്ത ചില കഥാപാത്രങ്ങളുണ്ട് ഇവരുടെ ജീവിതം എന്തുകൊണ്ടിങ്ങനെയായി എന്ന് ചിന്തിച്ച് സ്വന്തം ജീവിതത്തിലും പല മാറ്റങ്ങളും വരുത്താന്‍ എനിക്കായിട്ടുണ്ട് അങ്ങനെ ഞാന്‍ നിരീക്ഷിച്ച പലരില്‍ പ്രധാനിയാണ് ആലിമുഹമദ്ക്ക്, പല അവസരത്തിലും പോസ്റ്റായി ഞാന്‍ ഇദ്ദേഹത്തെ കുറിച്ചെഴുതിയിട്ടുണ്ട്.

ആലി മുഹമദ്ക്ക ഭാര്യയും മക്കളും വീടുമില്ലാത്ത ഒരനാഥന്‍, ഇദ്ദേഹത്തിന് എല്ലാം ഉണ്ടായിരുന്നത്രെ പക്ഷെ ഞാന്‍ കണ്ട ആലിമുഹമദ്ക്കാക്ക് ആരുമുണ്ടായിരുന്നില്ല, ഇദ്ദേഹത്തിന്റെ ഒരകന്ന ബന്ധു എന്റെ അയല്‍‌വാസി അവരുടെ ഉമ്രത്ത് നല്‍കിയ ഒരു തുണ്ട് ഭൂമിയില്‍ ഒരു കെട്ട്‌‌പീടിക അതില്‍ കുറച്ച് മിഠായികളും സിഗരറ്റും മറ്റും, ഉറക്കവും തീറ്റയുമെല്ലാം അവിടെ വെച്ച് തന്നെ, അദ്ദേഹത്തിന്റെ പ്രായം ഞാന്‍ കാണുമ്പോള്‍ 60 വയസ്സിന് മേലെയാവും ആ കടയില്‍ അതേ പ്രായത്തില്‍ അബ്ദുറഹിമാന്‍‌ക്ക എന്നൊരാളും വരുമായിരുന്നു, ഇവരുടെ സഞ്ചാര കഥകളും ഹിന്ദിയിലെ ഡയലോഗെല്ലാം കേള്‍ക്കാന്‍ രസമായിരുന്നു, കുട്ടികാലം കഥകള്‍ കേള്‍ക്കാന്‍ വെമ്പുന്ന ഹൃദയമുള്ള കാലമാണല്ലോ, വാര്‍ദ്ദക്യത്തിലെ ഒരവശതയും ഇവരുടെ കഴിഞ്ഞ കാല കഥകള്‍ പറയുമ്പോള്‍ ഉണ്ടാവില്ല രണ്ടു പേരും കഥപറയുമ്പോള്‍ കേള്‍ക്കാനും ചോദ്യങ്ങള്‍ ചോദിയ്ക്കുവാനും ഞങ്ങള്‍ കുട്ടികള്‍ ചുറ്റും കൂടിയിരിക്കും.

ആലിമുഹമദ്ക്കയും അബ്ദുറഹിമാന്‍‌ക്കയും അവരുടെ യൌവ്വനം തിമിര്‍ത്ത് ആഘോഷിച്ചവരായിരുന്നു സ്വന്തം നാട്ടില്‍ ഒരു തുണ്ട് ഭൂമിയോ ഒരു കുടുംബമോ ഉണ്ടാക്കാന്‍ മറന്നവര്‍, ബാല്യവും കൌമാരവും യൌവ്വനവും മദ്ധ്യവയസ്ക്കതയുമെല്ലാം ആര്‍ക്കെല്ലാമോ എന്തിനെല്ലാമോ കത്തിച്ച് തീര്‍ത്തപ്പോള്‍ ശിഷ്ടമായത് ശോഷിച്ച ശരീരവും അത് താങ്ങാനാളില്ലാത്ത, ഒരു ഗ്ലാസ് ചൂട് വെള്ളം പോലും ഉണ്ടാക്കി തരാന്‍ ആരുമില്ലാത്ത തികച്ചും ഏകാന്തവും വേദനാജനകവുമായ ജീവിതം, കല്യാണമേ കഴിക്കരുതെന്ന് ശഠിച്ച് നടന്ന എന്റെ ചിന്തയെ മാറ്റി മറിയ്ക്കാന്‍ ഇദ്ദേഹത്തിന്റെ ജീവിതം എന്നെ പ്രേരിപ്പിച്ചിരുന്നു.

ഇദ്ദേഹത്തിന്റെ ജീവിതരീതി തികച്ചും ആത്മീയമായിരുന്നു അവസാനകാലം, അഞ്ചു നേരം നമസ്ക്കാരവും മറ്റുമായി ഭക്തിമാര്‍ഗ്ഗമായ ജീവിതം അദ്ദേഹത്തിന്റെ അന്ത്യം തികച്ചും വേദനാജനകമായിരുന്നു, ഞാന്‍ പ്രി-ഡിഗി പഠിയ്ക്കുന്ന സമയത്തൊരുരാത്രി.. ഒരു നേരിയ ശബ്ദം ഉറക്കത്തില്‍ നിന്ന് ഞാന്‍ കേട്ടുകൊണ്ടിരുന്നു പെട്ടെന്ന് അന്റെ അമ്മായി വന്നെന്നെ വിളിച്ചുണര്‍ത്തി ഡാ മോനെ ആല്യാമദാക്കയാണന്ന് തോന്നുന്നു കുറേ നേരമായി കരയുന്നു നീ ഒന്ന് ചെന്ന് നോക്ക്, കേട്ടപാതി കേള്‍ക്കാത്ത പാതി ഉടനെ ഞാന്‍ ഓടി അദ്ദേഹത്തിനടുത്തെത്തി ആരുമില്ലാതെ അദ്ദേഹം എണീറ്റിരുന്ന് ശ്വാസം കിട്ടാതെ ഉറക്കെ കരയുന്നു, വളരെ വിഷമത്തോടെ “ മോനെ എന്നെയൊന്ന് ഉഴിഞ്ഞു തരുമോ ?” തികച്ചും ദയനീയമായ ആ മുഖം .. മുളകൊണ്ടുള്ള വാതില്‍ ചാടികടന്ന് എന്റെ മേലിനോട് ചായ്ച്ച് കിടത്തി ഞാന്‍ നെഞ്ചില്‍ പതുക്കെ ഉഴിഞ്ഞുകൊടുത്തുകൊണ്ടിരിന്നു അപ്പോഴേക്കും അയല്‍‌വാസികളെ എന്റെ അമ്മായി ഉണര്‍ത്തി, സത്യത്തില്‍ എല്ലാവരും ഇദ്ദേഹത്തിന്റെ കരച്ചില്‍ കേള്‍ക്കുന്നുണ്ടായിരുന്നു .. എന്റെ മടിയില്‍ തല ചായ്ച്ച് പതുക്കെ പതുക്കെ അദ്ദേഹം നിശബ്ദനായികൊണ്ടിരിന്നു എന്റെ മടിയില്‍ കിടന്ന് അദ്ദേഹം ഓര്‍മ്മയായി അവസാനം എന്നോട് പറഞ്ഞ വാക്കും കൂടെ ഒത്തിരി കഥകളും.

Wednesday, August 25, 2010

പരീക്ഷണങ്ങള്‍ ആരംഭിയ്ക്കുന്നു 3

സ്ക്കൂളിനെ സ്നേഹിച്ച അവിടെ തന്നെ ഉറങ്ങാന്‍ പോലും മോഹിച്ച ബാല്യമാണെനിക്കുണ്ടായിരുന്നത് ഒരുപക്ഷെ അതിന് കാരണം എന്റെ ഏകാകിയായി ജീവിതമായിരിക്കാം, ഇല്ലത്ത് അമ്മായിയും അവരുടെ ഉമ്മയുടെ രണ്ടു അനുജത്തിമാരും (ഇവരെ കുറിച്ച് മറ്റൊരു അധ്യായത്തിലെഴുതാം) സ്നേഹിക്കാന്‍ മാത്രം അറിയാവുന്നവര്‍ എന്നിട്ടും ഞാന്‍ വല്ലാതെ ഒറ്റപ്പെടല്‍ അനുഭവിച്ചിരുന്നു, കുഞ്ഞു നാളിലെ പുഴവക്കിലെ ചാഞ്ഞു കിടന്നിരുന്ന തെങ്ങിന്‍‌മേല്‍ ചാഞ്ഞുകിടയ്ക്കാന്‍ വലിയ ഇഷ്ടമായിരുന്നു, എന്തലാമായിരുന്നു ഞാന്‍ ചിന്തിച്ചിരുന്നത് എന്നൊന്നും എനിക്കോര്‍മ്മയില്ല എന്തലാമോ ചിന്തിച്ചിരുന്നു, ഇരുട്ടിനെ ഞാന്‍ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു ഭയവും എനിക്കില്ലായിരുന്നു.

സ്ക്കൂള്‍ വിട്ടാല്‍ കളിയ്ക്കാന്‍ പോവുക എന്ന പതിവൊന്നുമില്ലായിരുന്നു കാരണം ഞാന്‍ പറഞ്ഞുവല്ലോ ഇത്തിരി വികൃതി കൂടുതലായതിനാല്‍ ഒന്നും രണ്ടും പറഞ്ഞ് ഞാന്‍ ആരെയെങ്കിലും അടിച്ച് പരുവത്തിലാക്കുമായിരുന്നു, ഓട്ടിന്‍ കഷ്ണമുപയോഗിച്ച് അടിയ്ക്കുക ചോരവരുത്തുക ഒട്ടും കുറ്റബോധമില്ലാത് മനസ്സിന്റെ ഉടമയായിരുന്നു ബാല്യം, ഇതുകൊണ്ടല്ലാം തന്നെ കൂട്ടുക്കാരുടെ ഉമ്മമാരുടെ താക്കിത് അബുവിന്റെ മകന്‍ ഫാറൂഖുമായി ആരും കൂട്ട് കൂടരുത്, അറക്കല്‍ വളപ്പില്‍ ചങ്ങാതിമാര്‍ ഇല്ലാ‍ത്തതിനാലായിരുന്നു ഞാന്‍ സ്ക്കൂളിനെ വല്ലാതെ സ്നേഹിച്ചിരുന്നതും ഞായറാഴ്ച്ചകള്‍ അറുബോറന്‍ ദിവസങ്ങളായി തീര്‍ന്നതും.

എന്നും പിതാവിനരികില്‍ പരാതി പറയുന്ന രക്ഷിതാക്കളുടെ എണ്ണം കൂടി വന്നു, പരിഹാരം അതികഠിനമായ ശിക്ഷ തന്നെയായിരുന്നു,എന്നെ തല്ലാനായി മാത്രം വരുന്ന പിതാവ് (ഞാന്‍ ഇല്ലത്തും പിതാവ് എന്റെ തറവാട്ടിലുമായുന്നു താമസം) പച്ച മടല്‍ ചീളുകള്‍ മുറിഞ്ഞില്ലാതാവുന്നത് വരെ വല്ലാത്ത അടിയായിരുന്നു പിതാവിന്റെ കൈ കടഞ്ഞാലും അടി നില്‍ക്കില്ലായിരുന്നു, എന്റെ ശരീരത്തേക്കാള്‍ മനസ്സ് എത്ര നൊന്തിരുന്നു എന്നതിന് തെളിവ് രണ്ടാണ് ഒന്ന് ആരും കാണാതെ രാത്രി സമയങ്ങളില്‍ പുഴയരികിലെ ആ ചാഞ്ഞുകിടയ്ക്കുന്ന തെങ്ങിനടുത്ത് പോയി പൊട്ടി കരയും മറ്റൊന്ന് ആരോടിന്നില്ലാത്ത ദേഷ്യവും വെറുപ്പുമായിരുന്നു ഒരുപക്ഷെ അതായിരിക്കും ചങ്ങാതിമാരോട് എന്നും കലഹിച്ചിരുന്നത്.

തനി യാഥാസ്തിക മുസ്ലിം കുടുംബമായതിനാല്‍ അന്ന് വിദ്യാഭാസത്തിനെതിരായ ഒരു ചിന്ത പൊതുവെ മുസ്ലിംങ്ങള്‍ക്കുള്ളത് പോലെ എന്റെ കുടുംബത്തിന് ഇത്തിരി അധികമായിരുന്നു, എഴുതാനും വായിക്കാനും മാത്രം മതി എന്ന ചിന്ത, തറവാട്ടിലെ പിതാവിന്റെ വാസം, അവരുടെ വാക്ക് കേള്‍ക്കാന്‍ ഉപ്പ നിര്‍ബ്ബന്ധിതനായിരുന്നതിനാല്‍ എന്റെ പഠനം നാലാം തരത്തില്‍ വെച്ച് അവസാനിപ്പിയ്ക്കാന്‍ തീരുമാനിച്ചു ഇന്നും എന്റെ മനസ്സില്‍ ഉപ്പ അന്ന് പറഞ്ഞ വാക്കുകള്‍ മായാതെ കിടയ്ക്കുന്നു “ ഹംസക്കാന്റെ മകന്‍ മജീദ് നാലില്‍ പഠിപ്പ് അവസാനിപ്പിച്ചു നീ അഞ്ചിലേക്ക് ജയിച്ചില്ലേ ഇനി പഠിപ്പൊക്കെ മതി പീടികയില്‍ വന്നിരിക്കുക (എന്റെ പിതാവിനൊരു പച്ചക്കറി കടയുണ്ടായിരുന്നു)“ ആരാരും അനുകൂലിക്കാനില്ലാത്ത സമയം കേവലം ഒന്‍പത് വയസ്സ് പ്രായം മാത്രം, എന്റെ പിതാവിന്റെ തീരുമാനത്തെ ഞാന്‍ തനിയെ തന്നെ ശക്തിയുക്തം എതിര്‍ത്തു, അന്നെന്റെ ഉമ്മ പറഞ്ഞതും എന്റെ ഓര്‍മ്മയില്‍ തെളിയുന്നു, ഉമ്മയോട് ഞാന്‍ പറഞ്ഞതും “ നിനക്ക് പീടികയില്‍ പോയിരിക്കാന്‍ കഴിയില്ലെങ്കില്‍ കല്പണിക്ക് പോയികൂടെ ഇനി പഠിക്കേണ്ട” അതിനുള്ള ഒന്‍പത് വയസ്സുക്കാരന്റെ മറുപടി “ഉമ്മാ കല്പണിയ്ക്ക് പോയാല്‍ 15 രൂപ കിട്ടും (അന്ന് പണി അറിയാത്തവന് 15നും പണിക്കാരന് 35 രൂപയുമായിരുന്നു) എന്നാലാ പൈസ ഒരു ദിവസം കൊണ്ട് തീരും പഠിച്ചാല്‍ എനിക്കൊത്തിരി സമ്പാദിക്കാനാവും, എന്റെ വാക്കുകള്‍ ശ്രവിയ്ക്കാന്‍ ആരും തയ്യാറായില്ലെങ്കിലും എന്റെ തീരുമാനത്തില്‍ ഞാന്‍ ഉറച്ചു നിന്നു, പഠനം ഞാന്‍ തുടര്‍ന്നു, എന്റെ ജീവിതത്തിലെ ആദ്യത്തെ പരീക്ഷണമായിരുന്നു അത്, അതിന്റെ വിജയവും.

Tuesday, August 24, 2010

എന്റെ ജീവിതം ആരംഭിയ്ക്കുന്നു- 2

1970 ലാണ് എന്റെ ജനനമെങ്കിലും എന്റെ ഓര്‍മ്മകള്‍ക്ക് ജീവന്‍ വെയ്ക്കുന്നത് അതായത് എനിക്ക് വ്യക്തമായ ഓര്‍മ്മകള്‍ ഉള്ളത് ഒന്നാം തരത്തില്‍ പഠിയ്ക്കുമ്പോള്‍ മുതലാണ്, എന്റെ ഓര്‍മ്മകള്‍ക്ക് അപ്പുറത്തുള്ളതല്പം പറഞ്ഞ് തുടങ്ങാം...
എന്റെ മാതാവ് മറിയ മാളിയേക്കലിനും അബുബബക്കറിനും ആദ്യത്തെ സന്താനമായി ഞാന്‍ പിറന്നതില്‍ അവരേക്കാള്‍ സന്തോഷമുണ്ടായിരുന്നത് എന്റെ പിതാവിന്റെ മാതാവിനായിരുന്നു അതുകൊണ്ട് തന്ന് എന്റെ ജീവിതത്തിന് ഒരു പ്രത്യേകത ഉണ്ടാവുകയും ചെയ്തു, ഇന്ന് കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ മുസ്ലിം സമുദായത്തില്‍ നില നില്‍ക്കുന്ന പെണ്ണുവീട്ടില്‍ കൂടുക എന്ന ആചാരം പൊന്നാനിയിലും അന്നുണ്ടായിരുന്നു, എന്റെ തറവാട് ഈ ആചാരത്തില്‍ അധിഷ്ഠിതമായതിനാല്‍ എന്റെ പിതാവ് താമസിച്ചിരുന്നത് എന്റെ ഉമ്മയുടെ വീട്ടിലായിരുന്നു, എന്റെ പിതാവിന്റെ മാതാവിന് എന്നോടുള്ള വാത്സല്യവും സ്നേഹവും കാരണം എന്റെ ആറാമാസം മുതല്‍ എന്റെ ഉമ്മയില്‍ നിന്ന് വേറിട്ട് ഉപ്പയുടെ വീട്ടിലായിരുന്നു ജീവിതാരംഭം, ഒരുപക്ഷെ ആദ്യത്തെ യാത്രകളായിരിന്നു എന്റെ തറവാട്ടില്‍ നിന്ന് ഉപ്പയുടെ വീട്ടിലേക്കുള്ള ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്ര ആദ്യമാദ്യം ദിനവും അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്ര പിന്നെ സ്ഥിരമായ വാസമായി തീര്‍ന്നു..
എന്റെ തറവാട്ടില്‍ ഒത്തിരി കുഞ്ഞുങ്ങളുണ്ടായിരുന്നു എന്നാല്‍ അവരോടൊത്തുള്ള ജീവിതം എനിക്ക് നിഷേധിക്കപ്പെട്ട് തികച്ചും ഏകാകിയായ ജീവിതം എനിക്ക് നയിക്കാനുള്ള അവസരം, ഞാന്‍ മുന്‍ അധ്യായത്തില്‍ പറഞ്ഞുവല്ലോ, എന്റെ ഉപ്പയുടെ വീട് സ്ഥിതി ചെയ്തിരുന്നത് ഭാരതപുഴയുടെ തീരത്തായിരുന്നതിനാല്‍ എന്റെ കുട്ടികാലം ശരിക്കും ആസ്വാദകരമായിരിന്നു വളരെ കുഞ്ഞു പ്രായത്തില്‍ തന്നെ നീന്തല്‍ പഠിക്കനുള്ള അവസരവും എനിക്ക് ലഭിച്ചത് ഇവിടെ വളര്‍ന്നത് കൊണ്ടാവാം, എന്റെ ജീവിതത്തിലെ ഒത്തിരി കഠിനമായ അവസരത്തില്‍ എന്റെ ചെറുപ്പകാല ജീവിതത്തിലെ ഏകാന്തത എന്നെ ഒത്തിരി സഹായിച്ചിട്ടുണ്ട്, എന്റെ രണ്ടാമത്തെ വയസ്സില്‍ എന്റെ ഉമ്മൂമ(ഉപ്പയുടെ ഉമ്മ) മരിച്ചുവെങ്കിലും എന്റെ ജീവിതം ഇല്ലത്ത് (ഉപ്പയുടെ വീടിനെ ഇല്ലം എന്നാണ് പറയുക) തുടരേണ്ടി വന്നു അവിടെ ഉപ്പയുടെ ഒരേയൊരു പെങ്ങളും അനുജനും അവര്‍ക്ക് താലോലിക്കാന്‍ ഒരു കുഞ്ഞ്, ഒരു കുഞ്ഞിന്റെ വളര്‍ച്ചയില്‍ അവന്/അവള്‍ക്ക് വേണ്ടത് അവരുടെ പ്രായത്തിലുള്ള കുഞ്ഞുങ്ങളോടൊത്തുള്ള കളിയും ചിരിയുമാണന്ന് സ്വാര്‍ത്ഥരായ വലിയവര്‍ക്ക് അറിവില്ലാത്തത് കൊണ്ട് എനിക്ക് നഷ്ടപ്പെട്ടത് എന്റെ സ്വന്തം സഹോദരങ്ങളോടും കസിന്‍സുകളുമൊത്തുള്ള ജീവിതമായിരിന്നു.
നാലാമത്തെ വയസ്സിലായിരുന്നു എന്റെ പഠനാരംഭം,പദ്മിനി ടീച്ചറായിരുന്നു എന്റെ ആദ്യത്തെ ക്ലാസ് ടീച്ചര്‍ എന്റെ ഇല്ലത്തിനടുത്തുള്ള സ്കൂളിലായിരുന്നു എന്റെ പഠനം എന്റെ നിര്‍ഭാഗ്യമെന്ന് പറയട്ടെ എന്റെ സഹോദരങ്ങളെല്ലാം മറ്റൊരു സ്കൂളിലുമായിരുന്നു, ഒരു ഒറ്റയാനയാതിനാലാവാം വികൃതി നല്ലോണമുള്ള ഒരു കുട്ടിയായിട്ടായിരുന്നു എന്റെ വളര്‍ച്ച.. ആ വികൃതിയുടെ വികൃതിത്തരങ്ങള്‍ തുടര്‍ന്നും വായിക്കുക

Saturday, August 21, 2010

എന്റെ പ്രദേശം 1

ഏതൊരു വ്യക്തിയുടെ ജീവിതത്തിലും അവനെ സ്വാധീനിക്കുന്ന പ്രധാന ഘടകം അവന്‍ ജനിച്ചു വളര്‍ന്ന പ്രദേശവും,അവിടത്തെ ജനങ്ങളുമാണ്, എനിക്കും എന്റെ നാടിനോട് വല്ലാത്തൊരു മമതയുണ്ട് , കേരളത്തിലെ ഏതൊരു വ്യക്തിയ്ക്കുമറിയുന്ന പൊന്നാനിയാണ് എന്റെ നാട്, കായലും (ബിയ്യം കായല്‍)കടലും, നിളാനദിയും കനോലി കനാലും, കോള്‍ കൃഷി മേഖലയും അനേകം കുളങ്ങളും മല നിരകളും വയലുകളുമെല്ലാം അടങ്ങിയ അനേകം സാധാരണക്കാര്‍ വളരെ സ്നേഹത്തോടെ സൌഹാര്‍ദ്ദത്തോടെ വസിക്കുന്നൊരിടം,ശരിക്കും പൊന്നാനിക്കാര്‍ക്ക് പോലുമറിയാത്ത അറക്കല്‍ വളപ്പ് എന്നൊരു കൊച്ചു പ്രദേശത്താണ് എന്റെ ബാല്യകാല ജീവിതം ആരംഭിയ്ക്കുന്നത്, തെക്ക് നിന്നൊഴുകിവരുന്ന കനോലി കനാല്‍ ഭാരതപുഴയില്‍ സംഗമിയ്ക്കുന്ന ഈ കൊച്ചു പ്രദേശത്ത് 1970 കാലത്തും 2010 കാലഘട്ടത്തിലും ഇവിടത്തുക്കാര്‍ എങ്ങനെ ജീവിച്ചു, ജീവിയ്ക്കുന്നു എന്നത് ഒരു രസകരമായ കാര്യമാണ്.
1970 കാലഘട്ടം ഈ കാലം എന്റെ ഓര്‍മ്മകള്‍ക്ക് അപ്പുറമാണ് എങ്കിലും ഞാന്‍ ജനിച്ചത് 1970 മാര്‍ച്ച് 16ന് തിങ്കളാഴ്ച്ച വൈകിട്ട് 7.20നായിരുന്നു അവിടെ ആരംഭിയ്ക്കുന്ന എന്റെ ജീവിതത്തില്‍ ഈ കാലഘട്ടം സുപ്രധാനമാണ്, അതുകൊണ്ടു തന്നെ ഇവിടത്തുക്കാര്‍ ആരൊക്കെയായിരുന്നു അവരുടെ ജീവിതം എങ്ങനെയായിരുന്നു എന്നതും.
ഈ സ്ഥലം എവിടെ സ്ഥിതി ചെയ്യുന്നുവെന്ന് പൊന്നാനിക്കാര്‍ക്ക് പോലും അറിയുക കുറവാണ്, പൊന്നാനി വലിയ അങ്ങാടിപാലത്തിന്റെ പടിഞ്ഞാറെ പൊളിയുടെ വടക്ക് മുതല്‍ പൊന്നാനിയിലെ ഏറ്റവും പഴയ പള്ളിയായ (500 വര്‍ഷത്തിലധികം പഴക്കമുള്ള) തോട്ടുങ്ങപള്ളി വരെ നീളുന്ന ഒരു കൊച്ചു പ്രദേശം, 60ളം വീടുകളാണ് ആന്നും ഇന്നും ഈ പ്രദേശത്തുള്ളത്, വ്യക്തികള്‍ക്ക് എന്ന പോലെ തന്നെ ഇവിടത്തെ ഓരോ വീടുകള്‍ക്കുമുണ്ട് ഇരട്ട പേരുകള്‍, ഇങ്ങനെ ഇരട്ട പേരുകള്‍ വരാന്‍ കാരണം അന്നത്തെ കാലത്ത് കുടുംബത്തെ പോറ്റാ‍ന്‍ സ്ത്രീകളും അധ്വാനിച്ചിരിന്നു, മുസ്ലിം സ്ത്രീകള്‍ വീടുകള്‍ക്ക് വെളിയില്‍ പോയി ജോലി ചെയ്യുക അന്നും ഇന്നും ഇവിടെ പതിവില്ല അതുകൊണ്ടവര്‍ സ്വന്ത് വീടുകളില്‍ പലഹാരങ്ങള്‍ ഉണ്ടാക്കി ചെറിയ ഹോട്ടലുകളില്‍ (മക്കാനുകളില്‍) കൊണ്ടു പോയി വില്‍ക്കും ഇങ്ങനെ പലഹാരങ്ങള്‍ വില്‍ക്കുന്ന വീടുകളെ, പോളന്റെ വീട് (പാന്‍‌കേക്ക്) പുട്ടുടമ്മാന്റെ വീട് (പിട്ട് ചുടുന്ന ഉമ്മാന്റെ വീട്) അങ്ങനെ നീളുന്ന ഇരട്ട പേരുകള്‍.
പുരുഷന്മാരുടെ തൊഴില്‍മേഖലയ്ക്കും ചില പ്രത്യേകതകളുണ്ടായിരുന്നു “വെണ്ണീര്‍ കച്ചവടം അഥവാ ചാമ്പല്‍ കച്ചവടം” ഈ മേഖല നിലനിന്നിരുന്നത് ഒരുപക്ഷെ കേരളത്തില്‍ ഈ കൊച്ചു പ്രദേശത്ത് മാത്രമായിരിക്കാം , ഒരിടത്തും ഗ്യാസടുപ്പുകള്‍ ഇല്ലാതിരുന്ന കാലമായതിനാലും ദാരിദ്രം ഒരു ജനതയുടെ മുഖമുദ്ര ആയതിനാലും ഏതൊരു വീട്ടിലും ആവശ്യത്തിലധികം വെണ്ണീരുണ്ടാവും ഇത് വീട്ടമ്മ ശേഖരിച്ച് വെയ്ക്കും ഇത് വാങ്ങിയ്ക്കാന്‍ വെണ്ണീര്‍ മുതലാളിമാരായ മുഹമദ്ക്ക,റൌഡി മൊയ്തീന്‍ കുട്ടിക്ക,ഇബ്രാഹിം കുട്ടിയ്ക്ക എന്നിവരുടെ കീഴില്‍ ജോലി ചെയ്യുന്ന അഞ്ചും ആറും ക്ലാസ് വരെ മാത്രം പഠിച്ച് ഇതൊക്കെ ധാരാളം എന്നു പറഞ്ഞു പഠനം അവസാനിപ്പിച്ച ചെറുപ്പക്കാര്‍ ഒരു അളവ് കുട്ടയും വലിയ കുട്ടയുമായി വന്ന് ഒരു അളവ് കുട്ടയ്ക്ക് 50 പൈസയോ 75 പൈസയോ വില പേശി വാങ്ങും, അവര്‍ വഴിനീളെ വിളിച്ച് കൂവും “വെണ്ണീറുണ്ടോ..വെണ്ണീറുണ്ടോ ആട്ടിന്‍ കാട്ടമുണ്ടോ... ആടിനെ വളര്‍ത്തുന്നവരും ആ കാലത്ത് ധാരാളമുണ്ടായിരുന്നു ആട്ടിന്‍ കൂട്ടിനടിയില്‍ ശേഖരിക്കപ്പെടുന്ന ആട്ടിന്‍‌കാഷ്ടവും ഒരു വരുമാനമാര്‍ഗ്ഗമായിരുന്നു, വെണ്ണീറില്‍ ഒരല്‍പ്പം കൃത്രിമം (ചകിരി തൊണ്ട് അടിച്ച് കയറുണ്ടാക്കുന്ന കമ്പനികളില്‍ വേസ്റ്റ് വരുന്ന ചകിരി ചോറ് കത്തിച്ച് വെണ്ണീറില്‍ മായം ചേര്‍ക്കും) കാണിച്ച് മുതലാളിമാര്‍ പുറത്തൂര്‍,തിരൂര്‍ മേഖലകളിലെ തെങ്ങ് കര്‍ഷകര്‍ക്ക് പുരവഞ്ചി (കെട്ടുവെള്ളം)യിലൂടെ ഭാരതപുഴ ക്രോസ് ചെയ്ത് പൊന്നാനി പുഴയിലൂടെ എത്തിയ്ക്കും .. അങ്ങനെ ഒത്തിരി പേരുടെ പ്രത്യക്ഷവും പരോക്ഷവുമായ ഒരു പ്രധാന ഉപജീവനമാര്‍ഗ്ഗമായിരുന്നു വെണ്ണീര്‍ കച്ചവടവും,ആട്ടിന്‍‌കാട്ട കച്ചവടവും.‍
എന്റെയീ പ്രദേശത്തുക്കാരുടെ മറ്റൊരു പ്രധാന വരുമാന മാര്‍ഗ്ഗമായിരുന്നു പൊന്നാനി അങ്ങാടിയിലെ കൂലി വേല അതില്‍ ഏറ്റവും പ്രധാനം കിഴങ്ങ് പാണ്ടികശാലയിലെ തൊഴില്‍, ഒരു കാലത്ത് നമ്മുടെയെല്ലാം പ്രധാന ഭക്ഷണമായിരുന്നത് കിഴങ്ങായിരുന്നല്ലോ, അതുകൊണ്ടു തന്നെ ആ മേഖലയുമായി ബന്ധപ്പെട്ട് അനേകം പേര്‍ ജീവിച്ചിരുന്നു, ഈ തൊഴില്‍ എടുത്തവരില്‍ മൂപ്പന്‍ സ്ഥാനം വഹിച്ചിരുന്ന ഒരു വ്യക്തിയാണ് എന്റെ പിതാവ്, പുലര്‍ച്ചേ രണ്ടു മണി മുതല്‍ കിഴങ്ങ് പാണ്ടിക ശാലയില്‍ ആളും ബഹളും തുടങ്ങും കിഴക്കന്‍ മേഖലകളില്‍ നിന്ന് വഞ്ചികള്‍ വഴി പൊന്നാനിയിലെത്തുന്ന കിഴങ്ങ് (പൂള,കപ്പ)പൊന്നാനിയിലേയും ചാവക്കാട് തുടങ്ങിയ പ്രദേശങ്ങളിലേക്ക് കനോലി കനാല്‍ വഴി പുരവഞ്ചിയിലൂടെ വലിയൊരു ബിസിനസ്സ് തന്നെ നടന്നിരിന്നു.അന്നത്തെ പ്രധാന പാണ്ടികശാല മുതലാളിമാര്‍ ഒസാന്‍ മൂസാക്കയും, അബ്ദുല്‍ ഖാദരാജിയുമൊക്കെയായിരിന്നു, മൊയ്തീന്‍ കുട്ടി മൂപ്പന്‍, അബു.ഖാലിദ് എന്നു പേരൊക്കെയുള്ള അനേകം സാധാരണക്കാരും വളരെ ദരിദ്രരരും ഈ മേഖലയില്‍ ജോലി ചെയ്തിരുന്നു.
------------
അടുത്ത പോസ്റ്റില്‍ എന്റെ നാട്ടു വിശേഷം വിശദമായി

ആമുഖം

എനിക്ക് പിന്നില്‍ 40 വര്‍ഷത്തെ ജീവിതാനുഭവമേ ഒള്ളൂ അതിലും ഓര്‍മ്മകളുടെ നനവുള്ളത് എത്രയോ കുറവ്, ജീവിതത്തിന്റെ ഓരോ കോണിലും തികച്ചും വ്യത്യസ്ഥരായ എത്രയെത്ര ജനങ്ങളെ,അവരുടെ ചൂടുള്ള ചൂരുള്ള അനുഭവങ്ങള്‍ ഇതൊന്നും ആരോടും പങ്കുവെയ്ക്കാതിരിക്കുക എന്നത് ഒരു വ്യക്തി എന്ന നിലയില്‍ ജീവിതപൂര്‍ണ്ണത ഉണ്ടാവില്ല എന്ന് കരുതുന്ന ഒരാളാണ് ഞാന്‍, 40 വര്‍ഷത്തെ ജീവിതത്തില്‍ 15 വര്‍ഷം പ്രവാസിയായി അതില്‍ 5 വര്‍ഷം ഇറാഖിലെ യുദ്ധമേഖലയിലും 10 വര്‍ഷം കുവൈറ്റിലും, ഇപ്പോള്‍ ഏതൊരു പ്രവാസിയും ആഗ്രഹിയ്ക്കുന്ന സ്വന്തം നാട്ടിലെ സ്ഥിരവാസത്തിലും.
ആരേയും വ്യക്തിഹത്യനടത്തുന്ന രഹസ്യങ്ങളൊന്നുമില്ലാത്തതിനാല്‍ എന്റെ അനുഭവകുറിപ്പുകൊണ്ട് ആര്‍ക്കും യാതൊരു ദോഷവും ഉണ്ടാവില്ലാന്നുറപ്പ്.
വിചാരം

സമയമായോ ?

സമയമായോ എന്നൊരു സംശയമില്ലാതില്ല എങ്കിലും എഴുതാനൊത്തിരി ഉണ്ടാവുമ്പോള്‍ സമയമായി എന്ന് തന്നെ പറയാം, ആത്മകഥ എന്നത് പ്രശസ്തര്‍ക്ക് മാത്രമേ എഴുതാവൂ എന്നൊക്കെ അലിഖിത നിയമം ഉണ്ടെങ്കില്‍ എനിക്കതിന് അര്‍ഹതിയില്ല, സാധരണക്കാരനില്‍ സാധാരണക്കാരനായ എന്നില്‍ നിന്നെന്ത് സമൂഹത്തിന് സ്വാംശീകരിച്ചെടുക്കാന്‍ എന്നൊക്കെ ആരെങ്കിലും ചോദിച്ചാല്‍ ഉത്തരം മുട്ടിപോകും, ഒരു വ്യക്തി (തനി സാധാരണക്കാരന്‍) തന്റെ ജീവിതത്തില്‍ എന്തല്ലാം നേരിടുന്നു എന്നത് എന്റെ ജീവിതത്തിലൂടെ-അനുഭവത്തിലൂടെ‌- മനസ്സിലാക്കാനാവും എന്നതിനാല്‍ ഇവിടെ ഞാന്‍ കുറിയ്ക്കുകയാണ് എന്റെ ജീവിതത്തിലെ ഓരോ ഏടുകളും .. ഇവയിലൂടെ ഞാന്‍ കണ്ട മനുഷ്യര്‍,സ്ഥലം,ജീവിതം, മറ്റുള്ളവരുടെ അനുഭവങ്ങള്‍, ഇവിടെ തര്‍ക്കങ്ങളും വാഗ്വാദങ്ങളുമില്ല, എതിരാളികളും അനുയായികളുമില്ല , യുക്തിവാദികളും വിശ്വാസികളുമില്ല എല്ലാം എന്റെ ചങ്ങാതിമാര്‍ മാത്രം.എന്തും തുറന്നെഴുതാം അതിന്റെ പേരില്‍ ആരും പരസ്പരമുള്ള അനാവശ്യ പോരാട്ടങ്ങള്‍ ഉണ്ടാവരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

Saturday, May 29, 2010

താലിബാനിസം കേരളത്തില്‍

നമ്മള്‍ അഫ്‌ഗാനിസ്ഥാനിലെ താലിബാന്‍ ഭരണ സമയത്ത് കേട്ടുകൊണ്ടിരുന്ന വാര്‍ത്തകളാണ്, 1400 വര്‍ഷം മുന്‍പത്തേയ്ക്ക് അഫ്ഗാനിസ്ഥാനെ പിന്നോട്ട് നയിപ്പിച്ച്, മുഹമദ് എന്ന വ്യക്തിയുടെ തലതിരിഞ്ഞ ആശയങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുക എന്ന ഉഗ്രചിന്തയോടെ താലിബാന്‍ അവിടെ അഴിഞ്ഞാടിയത്, അവര്‍ പുരോഗമനത്തിന്റെ അടിത്തറയായ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തീയിട്ട് നശിപ്പിയ്ക്കുക തുടങ്ങി തികച്ചും അപരിഷ്കൃതമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ടിരുന്നത്, അവിടെ ജനാധിപത്യ വ്യവസ്ഥിതി ഇല്ലായിരുന്നതുകൊണ്ട് താലിബാനിതൊന്നും ചെയ്യുന്നതില്‍ വലിയ തടസ്സമുണ്ടായിരുന്നില്ല,2000 ല്‍ അധികം പുരാതനമായ ബുദ്ധ പ്രതിമകള്‍ നശിപ്പിച്ചതുമെല്ലാം അതിന്റെ ഉദാഹരണങ്ങള്‍ മാത്രം.
നമ്മുടെ കൊച്ചുകേരളത്തിലും ഈ താലിബാന്റെ ഒരു പതിപ്പ് ഈ അടുത്ത കാലത്തായി ഉയര്‍ത്തെഴുന്നേറ്റുകൊണ്ടിരിക്കുന്നു അതിന്റെ പേരാണ് സോളിഡാരിറ്റി എന്ന ജമാ‌അത്ത് ഇസ്ലാമിയുടെ തീവ്രവാദി സംഘം, ഈ സംഘങ്ങള്‍ കേരളത്തിലെ എന്തുതരം പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്കും തടയിട്ടുകൊണ്ടിരിക്കുന്നു അവസാനം കിനാലൂരിലും അവരുടെ തീവ്രമുഖം കേരളം കണ്ടു (അവരെ ശരിക്കും തല്ലിയോടിച്ച കേരള പോലീസിന് ഒരായിരം അഭിനന്ദനങ്ങള്‍ ).
മൌദീദി ആശയങ്ങള്‍ക്ക് വിരുദ്ധമാണ് ഭാരതത്തിലെ ജനാധിപത്യ വ്യവസ്ഥിതി, ജനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി തെരെഞ്ഞെടുക്കുന്ന ഒരു വവസ്ഥിതിയോടല്ല മൌദൂദിയ്ക്കും അയാളുടെ അനുനായികള്‍ക്കും പഥ്യം “ഹുക്കൂമത്ത് ഇലാഹി” (ദൈവത്തിന്റെ ഭരണം അഥവാ ഭരണകൂടം) ഖുര്‍‌ആനെ അടിസ്ഥാനപ്പെടുത്തിയുള്ള ഭരണ വ്യവസ്ഥിതി സ്വപ്നം കാണുന്ന (സ്വപ്നം കാണുകയേ ഒള്ളൂ ഇവര്‍, ഒരായിരം കൊല്ലം കഴിഞ്ഞാലും ഭാരതത്തില്‍ ഹുക്കൂമത്ത് ഇലാഹി വരാന്‍ പോകുന്നില്ലാന്ന് ഒരു സത്യ, അങ്ങനെ സംഭവിച്ചാല്‍ അന്ന് കാക്ക തലകുത്തനെ പറയ്ക്കും) ജമാ‍ാത്തും അവരുടെ തീവ്രവാദ സംഘടനയായ സോളിഡാരിറ്റിയേയും കേരള ജനത ശരിക്കും തിരിച്ചറിഞ്ഞുകൊണ്ടിരിക്ക്കുന്നതില്‍ നമ്മുക്ക് സന്തോഷിക്കാം, ജമാ‍‌അത്തിന്റേയും സോളിഡാ‍ാരിറ്റിയൂടേയും ജനാധിപത്യം സ്നേഹം യഥാര്‍ത്ഥമാണെങ്കില്‍ അവര്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ വിശ്വസിച്ച് ഭരണത്തില്‍ പങ്കാളിയാവാന്‍ ആഗ്രഹമുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് മൌദൂദിന്റെ ആശയങ്ങളെ ഉപേക്ഷിക്കുക എന്നതാണ്.

താലിബാനിസം കേരളത്തില്‍

നമ്മള്‍ അഫ്‌ഗാനിസ്ഥാനിലെ താലിബാന്‍ ഭരണ സമയത്ത് കേട്ടുകൊണ്ടിരുന്ന വാര്‍ത്തകളാണ്

Friday, April 16, 2010

ശശി തരൂരിനെ പിന്തുണയ്ക്കുക

കേരള ജനത ഒറ്റയ്ക്കെട്ടായി നിന്ന് ശശി തരൂരിനെ പിന്തുണയ്ക്കുക, ഇതില്‍ രാഷ്ട്രീയ കലര്‍ത്താതെ ഒറ്റകെട്ടാവുക. കേരളത്തിനും കേരള ജനതയ്ക്കും ഒത്തിരി വികസന സാധ്യതയുള്ള ഐ.പി.എല്‍ ക്രിക്കറ്റിനെ കേരള മണ്ണില്‍ നിന്ന് ഗുജറാത്തിലേക്ക് പറിച്ചു നടാനുള്ള ലളിത് മോഡി, നരേന്ദ്ര മോഡി കൂട്ടുകെട്ടിന് ഓശാന പാടുന്ന ബിജെപിയുടെ പാര്‍ലിമെന്റ് നടപടിയ്ക്ക് പിന്തുണയ്ക്കുന്ന ഇടതുപക്ഷത്തിന്റെ ഇരട്ടതാപ്പ് നയം ജനങ്ങള്‍ മനസ്സിലാക്കുക.
ഇടതുപക്ഷമാണ് ഇപ്പോള്‍ പൊട്ടന്‍ കളിക്കുന്നത്, ലളിത് മോഡിയാണ് യഥാര്‍ത്ഥത്തില്‍ കേരളത്തിനെതിരായി ഇവിടെ കളിക്കുന്നത് , ഈ മോഡിക്കെതിരെ ബി.ജെ.പിയോ മറ്റു ഇടതുപക്ഷമോ ഒരാരോപണവും ഉന്നയിച്ചിട്ടില്ല അങ്ങനെ ഉന്നയിച്ചാല്‍ ലളിത് മോഡി നരേന്ദ്രമോഡിയ്ക്കെതിരെ വെടിപൊട്ടിയ്ക്കും അപ്പോള്‍ ബി.ജെ.പി.യുടെ രാഷ്ട്രീയ ലക്ഷ്യം പുറത്തറിയും എന്നാല്‍ കേവലം രാഷ്ട്രീയ ലാഭത്തിനായ് ശശി തരൂരിനെതിരെ കോണ്‍ഗ്രസ്സിനകത്തും, ഇടതുപക്ഷവും ചെയ്യുന്ന തെറ്റ് കേരളത്തിനെതിരാണന്ന ഓര്‍മ്മ ഉണ്ടായിരിക്കുന്നത് നല്ലതാണ്. ബിജെപിയ്ക്ക് കേരളത്തില്‍ നിന്ന് ഒന്നും നഷ്ടപ്പെടാനില്ല നഷ്ടം അത് ഇടതുപക്ഷത്തിന് മാത്രമായിരിക്കും എന്നോര്‍ക്കുക.
ശശി തരൂരെന്ന കഴിവും പ്രാപ്തിയുമുള്ള വ്യക്തിയെ രാഷ്ട്രീയത്തില്‍ നിന്നു തനെ ഉന്മൂലനം ചെയ്യുക എന്നത് എല്ലാ രാഷ്ട്രീയ സംഘടനകളുടേയും ലക്ഷ്യമാണ്, അദ്ദേഹത്തെ പോലെ സ്ഫുടതയോടെ ഒരു വാക്ക് ഇംഗ്ലീഷ് പോലും സംസാരിക്കാനാവാത്ത ചില നാലാം ക്ലാസുക്കാരായ മന്ത്രിമാര്‍ക്കും , ജരാനര ബാധിച്ച് ഒന്നെഴുന്നേറ്റ് നടയ്ക്കാനാവാത്ത പ്രധാനമന്ത്രി സ്ഥാനം മോഹിച്ച് നടയ്ക്കുന്നവര്‍ക്കും ശശി തരൂര്‍ എന്ന വ്യക്തിത്വം വലിയ തടസ്സമാണ്.

Monday, April 5, 2010

ക്രൂരന്‍, സാഡിസ്റ്റ്

പത്ത് ദിവസം മുന്‍പ് അതിദാരുണമായൊരു സംഭവം എന്റെ സഹോദരിക്കുണ്ടായി, എന്റെ ഏറ്റവും താഴെയുള്ള സഹോദരിയുടെ 10 മാസം പ്രായമുള്ള അമീന്‍(ഏക മകന്‍) എന്ന കൈകുഞ്ഞിന്റെ തലയില്‍ ഒരു കരിക്ക് വീണ് അതിദാരുണമായി മരണപ്പെട്ടു, വിശ്വാസികളായ പലരും അവളെ ആശ്വസിപ്പിച്ചത് ഇങ്ങനെയായിരിന്നു “ അള്ളാന്റെ തീരുമാനമല്ലേ അവന്‍ വിളിച്ചാല്‍ പോവാതിരിക്കാനാവുമോ ?
ഈ വിശ്വാസികളോട്
..ഹേ മനുഷ്യരെ... നിങ്ങളുടെ ദൈവം ഇത്ര ക്രൂരനാണോ ? ഒരു പിഞ്ചു പൈതലിന്റെ തലയില്‍ കരിക്കെറിഞ്ഞ് തന്നെ വേണം തിരികെ വിളിക്കാന്‍ ? ഇത്രവലിയ ശക്തിയുള്ള ദൈവമല്ലേ നിങ്ങളുടേത്, ആ പാവം പൈതല്‍ ഉറങ്ങി കിടയ്ക്കുമ്പോള്‍ ഒരു ഉറുമ്പ് കടിച്ച വേദന പോലും ഏല്പിക്കാതെ തിരികെ എടുക്കാന്‍ കഴിയില്ലേ ?
.. ഹേ മനുഷ്യരെ.. നിങ്ങളുടെ ദൈവം ഇത്ര സാഡിസ്റ്റാണോ ? എന്റെ സഹോദരിയുടെ, കുട്ടിയുടെ പിതാവിന്റെ, എന്റെ മാതാവിന്റെ ആ കുട്ടിയെ പൊന്നുപോലെ നോക്കിയവരുടെയെല്ലാം മനസ്സ് നോവുമ്പോള്‍ അത് കണ്ടു രസിക്കുന്ന കേവലം സാഡിസ്റ്റല്ലേ നിങ്ങടെ ദൈവം ?
ചിന്തിയ്ക്കൂ മനുഷ്യരേ ദൈവം എന്നത് കരുണാനിധിയും ദയാനിധിയുമായിരുന്നെങ്കില്‍ ആ കുഞ്ഞിനെ ഇങ്ങനെ തിരികെ വിളിയ്ക്കുമായിരുന്നുവോ ? എന്നിട്ടും ആ ദൈവത്തില്‍ നിങ്ങള്‍ വിശ്വസിക്കാന്‍ ലജ്ജയില്ലേ ?

Friday, April 2, 2010

അള്ളാ പറഞ്ഞതും കോടതി വിധിച്ചതും

അള്ളാ മുഹമദിനോടും അവന്റെ അനുനായികളോടും (ഖുറാനില്‍ എന്തൊക്കെ പറഞ്ഞുവോ അതൊക്കെ മുഹമദിനോടും അവന്റെ അനുനായികളോടും കൂടിയാണല്ലോ .. അള്ളാ പറഞ്ഞത് ഇങ്ങനെ ‘33മത്തെ അധ്യായത്തിലെ 52 മത്തെ സൂക്തം‘ “ ഇനിമേല്‍ നിനക്ക് (വേറെ) സ്ത്രീകളെ വിവാഹം കഴിക്കാന്‍ അനുവാദമില്ല, ഇവര്‍ക്ക് പകരം വേറെ ഭാര്യമാരെ സ്വീകരിക്കുവാനും (അനുവാദമില്ല) അവരുടെ സൌന്ദര്യം നിനക്ക് കൌതുകം തോന്നിച്ചാലും ശരി.നിന്റെ വലതുകൈ ഉടമപ്പെടുത്തിയവര്‍ (അടിമ സ്ത്രീകള്‍)ഒഴികെ അല്ലാഹു എല്ലാ കാര്യവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനുമാകുന്നു”
ഇതു തന്നെയല്ലേ നമ്മുടെ കോടതിയും പറഞ്ഞതും .. വിവാഹം ഹിന്ദുക്കള്‍ ഒന്ന്.. ക്രിസ്ത്യന്‍ 1 .. മുസ്ലിങ്ങള്‍ 4 അതിന് പുറമെ പ്രായ പൂര്‍ത്തിയായ ഏതൊരു ഇന്ത്യന്‍ പൌരനും പരസ്പര ധാരണയോടെ ഒരുമിച്ച് താമസിക്കാം , മുഹമദിന് വിവാഹം കഴിക്കാതെ സ്ത്രീകളെ വേള്‍ക്കാമെങ്കില്‍ എന്തുകൊണ്ട് അത് മറ്റുള്ളവര്‍ക്കായിക്കൂടാ ?
അതിനെന്തിനാ കാന്തപുരം സാറും മറ്റു ഇസ്ലാമിസ്റ്റുകളും വാളെടുക്കുന്നത്? വിവാഹം കഴിക്കാതെ സ്ത്രീകളെ വെച്ചിരിക്കുന്നത് തെറ്റാണോ ? ഇസ്ലാമിസ്റ്റുകള്‍ ഇത് തെറ്റാണന്ന് പറയില്ല അങ്ങനെ പറഞ്ഞാല്‍ അവര്‍ മുഹമദിനെ തള്ളി പറയുന്നവരായിക്കും, കാന്തപുരം സാറേ ഇതെങ്ങനെ മുസ്ലിം ശരീഅത്തിനെതിരായിരിക്കും , മുസ്ലിം ശരീഅത്ത് എന്നാല്‍ , ഖുറാനും മുഹമദിന്റെ ജീവിത ചര്യയുമെല്ലാം അല്ലേ ?

Saturday, March 20, 2010

അവള് കാത്തിരിക്കുകയാണ്

നിലാവുള്ള എല്ലാ രാത്രികളും അവളൊരിക്കലും ഉറങ്ങാറില്ല, നിലാവ് അവളുടെ സ്വപ്നങ്ങള്ക്ക് ജീവന് വെയ്പ്പിയ്ക്കുന്നു. മനസ്സിനെ മേയാനനുവദിച്ചവള് ശരീരത്തെ ശാന്തതയുടെ തീരത്തേയ്ക്ക് അടുപ്പിയ്ക്കുന്നു.
അവള് ആരെന്നായിരിക്കും നിങ്ങള് ചോദിയ്ക്കുക .
ഒരു സ്ത്രീ , അവളൊരു സാധാരണ സ്ത്രീയല്ല എന്നാല് എല്ലാ സ്ത്രീകളെ പോലെ തന്നെ എല്ലാം കൃത്യമായി ഉള്ളൊരു സ്ത്രീ പക്ഷെ എന്തല്ലാമോ ഇല്ലായെന്ന് സമൂഹവും അവളും കല്പിച്ചു , ബുദ്ധിയില്ലാത്ത, സൌന്ദര്യമില്ലാത്ത , ധനമില്ലാത്ത അങ്ങനെ ഒരു സ്ത്രീയ്ക്ക് ഏറ്റവും പ്രധാന്യമേറിയതൊന്നുമില്ലാത്ത ഒരു പാവം
“ മൂപ്പര് വിളിച്ചിരിന്നു, അടുത്ത മാസം വരുമെന്ന് പറഞ്ഞു , എനിക്ക് എന്താണ് വേണ്ടതെന്ന് ചോദിച്ചു, ഞാന് പറഞ്ഞു “എനിക്കൊന്നും വേണ്ട നിങ്ങളൊന്ന് വന്നാല് മതി”
അടുത്ത വീട്ടിലെ അവളുടെ കൂട്ടുക്കാരിയോടായി അവള് പറഞ്ഞു, കൂട്ടുക്കാരി ചിരിച്ചുവെങ്കിലും മനസ്സില് വല്ലാത്തൊരു വ്യഥ, സത്യത്തില് അങ്ങനെ ആരും അവള്‍ക്ക് വിളിക്കാനില്ലായിരിന്നു ,അവിവാഹിതയായ അവളുടെ മനസ്സില് താന് വിവാഹിതയായെന്നും , ഭര്‍ത്താവ് ഗള്ഫിലാണെന്നും ഇടയ്ക്കിടെ ടെലിഫോണ് ചെയ്യാറുണ്ടെന്നും ആ തോന്നലാണ് അവളെ ഓരോ നാളും എഴുന്നേല്‍പ്പിയ്ക്കുന്നത്, അനുജത്തിയുടെ വിവാഹ ദിവസം തന്റെ ഭര്ത്താവ് വന്നിട്ട് മതി വിവാഹമെന്നവള് ശഠിച്ചപ്പോള് മനസ്സുകൊണ്ട് കരയാത്തവര് ആരുമില്ലായിരിന്നു.
അടുത്തുള്ള അംഗനവാടിയിലെ കുഞ്ഞുങ്ങളെ സ്വന്തം കുഞ്ഞുങ്ങളെ പോലെ താലോലിക്കുമ്പോളറിയാം അവളിലും ഉറങ്ങി കിടയ്ക്കുന്നൊരു മാതൃത്വമുണ്ടെന്ന് , ഏതൊരു കുഞ്ഞുങ്ങളേയും സ്വന്തമെന്ന് സ്നേഹിക്കാനാവുന്ന അവള്‍ക്ക് ഒരു ജീവിതമോ കുഞ്ഞോ ഉണ്ടാവണമെന്നാഗ്രഹിക്കുന്നവര്‍ക്ക് പോലുമറിയാം അങ്ങനെയൊരു ജീവിതം അവള്‍ക്കുണ്ടാവില്ലാന്ന്, സൌന്ദര്യമോ, ധനമോ, വിദ്യാഭാസമോ ബുദ്ധിയോ ഇല്ലാത്ത ഒരു സ്ത്രീയെ ആരു വിവാഹം ചെയ്യാന് ? എല്ലാ ആശങ്കള്‍ക്കും ചോദ്യങ്ങള്‍ക്കും മുന്പില് എല്ലാ പല്ലുകളും കാട്ടി കണ്ണുകള് ഇറുകി പിടിച്ചവള് പറയും “ മൂപ്പരുടെ ഫോണിപ്പോള് വരും ഞാന് വീട്ടില് പോവട്ടെ “
അവള് കാത്തിരിക്കുകയാണ് , അവളുടെ മനസ്സില് മാത്രമുള്ള ആ സുന്ദരനായ തന്റെ ഭര്ത്താവിനെ.

Wednesday, March 17, 2010

വിവാഹ വാര്‍ഷികം “4”...ഇന്ന് ഞങ്ങളുടെ (ഫാറൂഖ് ബക്കര്‍ / സലീന ) 4ആം വിവാഹ വാര്‍ഷികമാണ് .. ഇപ്പോള്‍ ഞങ്ങള്‍ രണ്ടും ഞങ്ങള്‍ക്ക് രണ്ട് പേരും (സ്നേഹ സെലിന്‍/സിനോവ് സെലിന്‍).

Tuesday, March 16, 2010

മോഹന്‍ലാലിന് ഡി.ലിറ്റ് ബിരുദം നല്‍കിയതില്‍ പ്രതിഷേധിക്കുന്നു

മോഹന്‍ലാലിന് ഡി.ലിറ്റും,കേണല്‍ പദവിയുമെല്ലാം എന്തടിസ്ഥാനത്തിലാണ് നല്‍കുന്നത് എന്ന് സാദാ ജനത്തിന് മനസ്സിലാവുന്നില്ല, രണ്ടു പടത്തില്‍ പട്ടാളക്കാരനായി അഭിനയിച്ചതിനോ , ഒരു നാടകത്തില്‍ സംസ്കൃത ഭാഷയില്‍ ഡയലോഗ് പറഞ്ഞ് അഭിനയിച്ചതിനോ ? അങ്ങനെയെങ്കില്‍ സ്ഫടികത്തിലെ തെമ്മാടി വേഷത്തിന് തെമ്മാടി പട്ടവും, മദ്യത്തിനും ഒരു കഴുത്തറപ്പന്‍ പലിശ കമ്പനിക്ക് വേണ്ടി പരസ്യം ചെയ്യുന്നതിനും എന്തു തരം ബിരുദമാണ് അദ്ദേഹത്തിന് നല്‍കേണ്ടത് ? , പത്മശ്രീയും , ഭരത് ആവാര്‍ഡുമെല്ലാമാവാം അതിന് പല ന്യായീകരണവും പറയാം എന്നാല്‍ ഈ ഡി.ലിറ്റ് നല്‍കാനും കേണല്‍ പദവി നല്‍കാനും മാത്രം എന്ത് മഹിമയാണ് മി.മോഹന്‍ലാലിനുള്ളത് ? അദ്ദേഹത്തേക്കാള്‍ എത്രയോ കഴിവുള്ള നടന്മാര്‍ ഇതിനേക്കാള്‍ എത്രയോ നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ട് എന്തേ അവര്‍ക്കൊന്നും നല്‍കാത്തത് ഇദ്ദേഹത്തിന് നല്‍കണം , സുകുമാര്‍ അഴിക്കോട് എന്ന സാംസ്ക്കാരിക നായകനെ പരിഹസിച്ച ഒരു കാരണം മതി അദ്ദേഹത്തെ നമ്മുക്ക് സമൂഹത്തില്‍ നിന്ന് ഒഴിവാക്കാന്‍.. നമ്മുടെ ബെര്‍ള്ളി പണ്ടൊരു പോസ്റ്റില്‍ പറഞ്ഞത് പോലെ എത്രപേര്‍ക്ക് എന്തല്ലാം കൊടുക്കേണ്ടി വരുമോ എല്ലാം സഹിക്കേണ്ടെ ......

Monday, February 22, 2010

തിലകനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിയ്ക്കുന്നു

എന്റെയീ കൊച്ചു ബ്ലോഗില്‍ ഒരു ചെറിയ പോസ്റ്റില്‍ മഹാ നടനായ തിലകനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിയ്ക്കുന്നു, ഏതൊരു സൂപ്പര്‍ സ്റ്റാറിന്റെ പടവും അതിന്റെ പൂര്‍ണ്ണതയില്‍ എത്തണമെങ്കില്‍ ഒത്തിരി നടമാരുടെ അഭിനയ ശേഷി ഉണ്ടായേ മതിയാവൂ, തിലകനെ പോലുള്ളൊരു നടനെ ഒഴിവാക്കുക എന്നൊക്കെ പറഞ്ഞാല്‍ അതൊരു ഫാസിസ്റ്റ് ചിന്താഗതിയായെ കാണാനാവൂ അതാര് ചെയ്താലും, തിലകനും നെടുമുടി വേണുവും പോലുള്ള നടന്മാരുടെ കഴിവ് കൊണ്ട് കൂടിയാണ് മലയാള സിനിമ ഇത്രയും നിന്ന് പോകുന്നത്, അവരോടൊക്കെ ദേഷ്യമുള്ള മലയാള സിനിമയെ സ്വാധീനിക്കാന്‍ കഴിവുള്ള ഏതൊരു നടനും ഒരു കഴിവുള്ള നടനെ വിലക്കുക എന്നാല്‍ തികച്ചും തെറ്റാണ് മാത്രമല്ല അവര്‍ കലാലോകത്തോട് ചെയ്യുന്ന ക്രൂരതകൂടിയാണ്.

വാല്‍‌കഷണം
മമ്മുട്ടിയും മോഹന്‍ലാലുമൊക്കെ അവരുടെ മക്കളുടെ പ്രായമുള്ളവരുമായൊക്കെ പ്രേമം അഭിനയിക്കുന്നത് കാണുമ്പോള്‍ മലയാള സിനിമയില്‍ യുവാക്കള്‍ക്ക് ക്ഷാമമോ എന്ന് സംശയിച്ച് പോകുന്നു മാത്രമല്ല വല്ലാത്ത അരോചകത്വവും.

Tuesday, February 16, 2010

ഇസ്ലാമത വിശ്വാസികളോട് ചില ചോദ്യങ്ങള്‍

ബൂലോകത്തുള്ള എല്ലാ ഇസ്ലാമത വിശ്വാസികളോടുമായി ചില ചോദ്യങ്ങള്‍ ഇതെന്റെ സംശയങ്ങളുമാണ്, ഇതിന് വളരെ വ്യക്തമായ ഉത്തരം തരികയാണെങ്കില്‍ വളരെ സന്തോഷം.
1) മുഹമ്മദ് എത്ര വിവാഹങ്ങള്‍ ചെയ്തു , അവരുടെ പേരെന്തൊക്കെയാണ് , വിവാഹം കഴിക്കുമ്പോള്‍ പെണ്‍കുട്ടികളുടെ പ്രായം എത്രയായിരിന്നു ?
2) എന്താണ് ഹനീമത്ത് , ഇങ്ങനെ ലഭിച്ചിരുന്ന എല്ലാ സ്ത്രീകളേയും മുഹമ്മദ് വിവാഹം ചെയ്തിരുന്നുവോ (മുഹമ്മദിന് ലഭിച്ച പങ്ക് )? വിവാഹം ചെയ്യാതെ അവരെ ഭോഗിക്കാന്‍ മുഹമ്മദിനനുവാദം ഉണ്ടായിരുന്നുവോ ?
3) ഷിയാ സുന്നി വിഭാഗങ്ങള്‍ ഉണ്ടായെതെങ്ങനെ ?
4) ഇസ്ലാമില്‍ അടിമ വ്യവസ്ഥ പൂര്‍ണ്ണമായും നിരോധിച്ചിരുന്നുവോ ? അങ്ങനെയൊരു ആയത്ത് ഖുറാനിലുണ്ടോ ? എങ്കില്‍ അവ ഏതൊക്കെ ? (പ്രത്യേകം ... ഭാഗീകമായ നിരോധനമല്ല പൂര്‍ണ്ണമായ നിരോധനം ).

Thursday, February 4, 2010

ഏതാണ് ശരി ?

ഒത്തിരി ചര്‍ച്ച ചെയ്തതും, ചെയ്തുകൊണ്ടിരിക്കുന്നതുമായൊരു വിഷയമാണ് മതപരം പ്രത്യേകിച്ച് ഇസ്ലാമതത്തിലെ കൊള്ളരുതായ്മകള്‍,ഇന്ന് ഇസ്ലാമിക ചിന്താഗതി രണ്ടായി തിരിക്കപ്പെട്ടിരിക്കുന്നു, മിതവാദികളും തീവ്രചിന്താഗതിയും, തീവ്രചിന്താഗതിക്കാരുടെ തെറ്റായ പ്രവര്‍ത്തികളെ പരസ്യമായി തള്ളിപറയുകയും രഹസ്യമായി പിന്തുണയ്ക്കുകയും ചെയ്യുന്നതിന്റെ ഫലമാണ് താലിബാന്‍ തൊട്ട് മറ്റേത് ഭീങ്കരവാദികളുടെ കയ്യിലെത്തുന്ന അത്യാധുനികമായ ആയുധനങ്ങളുടെ ശേഖരം.
എന്റെ കാഴ്ച്ചപ്പാടിലും ഇസ്ലാമിനെ കുറിച്ചുള്ള എന്റെ പഠനത്തിലും ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്, യഥാര്‍ത്ഥമായ ഇസ്ലാമിക തത്ത്വചിന്ത പിന്‍‌പറ്റുന്നവര്‍ താലിബാന്‍ അനുയായികളും മറ്റു ഭീകരചിന്താഗതിക്കാരായ മുസ്ലിംങ്ങളുമാണ് , ഒരു യഥാര്‍ത്ഥ മുസ്ലിം പാട്ടു പാടാനോ മറ്റു വിനോദ പരിപരിപ്പാടികളിലോ പങ്കെടുക്കാന്‍ പാടില്ല, മനുഷ്യരുടെ ചിത്രം വരയ്ക്കാന്‍ പാടില്ല, ഫോട്ടോ എടുക്കാന്‍ പാടില്ല, കണങ്കാലിന് മുകളിലായിരിക്കണം മുണ്ട് എടുക്കുന്നുണ്ടെങ്കില്‍ (പാന്റ്സും അതുപോലെ തന്നെയായിരിക്കണം),കലാപരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ല, പ്രായ പൂര്‍ത്തിയായ പെണ്‍‌കുട്ടികള്‍ സമപ്രായക്കാരോ അതില്‍ കൂടുതല്‍ വയസ്സുള്ളവരുമായോ സംസാരിക്കാന്‍ പാടില്ല, പൊതുവേദികള്‍ പങ്കിടാന്‍ പാടില്ല(സ്കൂളിലോ, കോളേജിലോ പോകരുത്), സമൂഹ മദ്ധ്യത്തില്‍ വരുന്നുണ്ടെങ്കില്‍ അവര്‍ മുഖവും മുന്‍‌ക്കൈയും ഒഴികെ മറ്റെല്ലാം മറച്ചിരിക്കണം, ഇതൊക്കെയാണ് യഥാര്‍ത്ഥ ഇസ്ലാമിക നിയമങ്ങള്‍. ഈ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നവരാണ് താലിബാനികളും മറ്റു തീവ്രവാദി ഭീകരവാദി എന്നാരോപിയ്ക്കുന്നവര്‍ ഇനി പറയുക തെറ്റ് ഇസ്ലാമിക തത്ത്വചിന്തയ്ക്കോ അതോ അത് അതേപടി ഉള്‍കൊള്ളുന്ന താലിബാന്‍ തുടങ്ങിയവരോ ?

Friday, January 29, 2010

വിദ്യാര്‍ത്ഥികളുടെ അറിവിലേക്ക്.....

ബ്ലോഗ് വായിക്കുന്നവര്‍ നിങ്ങളറിയുന്ന വിദ്യാര്‍ത്ഥികളോട് ഒരു കാര്യം പറയുക പ്രത്യേകിച്ച് മലബാറിലെ വിദ്യാര്‍ത്ഥികളോട്.... ഉത്തര കേരളത്തിലെ ഒട്ടു മിക്ക വിദ്യാര്‍ത്ഥികളും ട്രാന്‍സ്പോര്‍ട്ട് വണ്ടിയില്‍ കണ്‍ഷസന്‍ യാത്ര നടത്തുന്നവരാണ്, എന്നാല്‍ മലബാറിലെ 95% വിദ്യാര്‍ത്ഥികള്‍ക്കും സത്യത്തിലറിയില്ല തങ്ങള്‍ക്ക് കണ്‍ഷസന്‍ നമ്മുടെ സര്‍ക്കാര്‍ വാഹനത്തില്‍ ലഭിയ്ക്കുന്ന വിവരം. പ്രിയ വിദ്യാര്‍ത്ഥികളെ.... നിങ്ങള്‍ പഠിക്കുന്ന സ്ഥാപനത്തിലെ മേലാധികരിയില്‍ നിന്ന് ലഭിയ്ക്കുന്ന തിരിച്ചറിയല്‍ കാര്‍ഡില്‍ നിങ്ങളുടെ വീടും പഠിയ്ക്കുന്ന സ്ഥാപനവും (ഇവയ്ക്കിടെയിലെ ദൂരം മാത്രം) രേഖപ്പെടുത്തിയാല്‍ (ട്രാണ്‍സ്പോര്‍ട്ട് അധികാരികളുടെ ഒപ്പ് ചിലപ്പോള്‍ വേണ്ടി വരും)നിങ്ങള്‍ക്ക് നമ്മുടെ സ്വന്തം സ്വത്തായ ആനവണ്ടിയിലും കണ്‍ഷസന്‍ ലഭിയ്ക്കും ..
NB
ആനവണ്ടി നമ്മുടെ സ്വന്തം സ്വത്താണ്, ഏതച്ചന്‍ വന്നാലും അമ്മയ്ക്ക് തല്ലുറപ്പ് എന്ന നിലപാടാണ് പൊതുവെ ആനവണ്ടി കാണുമ്പോള്‍ സമരക്കാര്‍ക്ക്, ദേശസ്നേഹം ഞങ്ങള്‍ക്ക് മാത്രമൊള്ളൂ എന്നഹങ്കരിക്കുന്ന ബി.ജെ.പി യുടെ ഹര്‍ത്താലില്‍ 20 അധികം സര്‍ക്കാര്‍ വണ്ടികള്‍ എറിഞ്ഞു തകര്‍ത്തു .. ഇവരുടെ കസര്‍ത്ത് കണ്ടാല്‍ തോന്നും ഈ ബസ്സുകളൊക്കെ പാക്കിസ്ഥാന്‍ സര്‍ക്കാറിന്റേതാണന്ന്, പ്രിയ വിദ്യാര്‍ത്ഥികളെ നമ്മുടെ സ്വന്തം വീട്ടിലെ അലമാറയിലെ ചില്ല് നമ്മള്‍ പൊട്ടിയ്ക്കാറിലല്ലോ അതുപോലെ കരുതി നമ്മുടെ സ്വത്തായ ആനവണ്ടിയെ ഒരു സമരത്തിലും ഏര്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ എറിഞ്ഞു തകര്‍ക്കരുത് .. യഥാര്‍ത്ഥ രാജ്യ സ്നേഹികള്‍ പൊതുമുതല്‍ നശിപ്പിയ്ക്കില്ല

Friday, January 22, 2010

ശങ്കരനാരായണന് മറാത്ത അറിയുമോ ???

മഹാരാഷ്ട്ര ഗവര്‍ണറായി ബഹുമാനപ്പെട്ട ശങ്കരനാരായണന്‍ ചുമതലയേറ്റു.. ഇതിലെന്തിരിക്കുന്നുവെന്നായിരിക്കും നിങ്ങള്‍ ചിന്തിയ്ക്കുക, ഉണ്ടല്ലോ എന്തോ ഉണ്ടല്ലോ, അവിടെ ഭരിക്കുന്നത് കേന്ദ്രത്തില്‍ നമ്മെ ക്ഷ .. ങ്ങ ..ണ്ണ വരപ്പിയ്ക്കുന്ന കാണ്‍ഗ്രസ്സ് അണ്ണന്മാരണല്ലോ, ഇവരടൊത്തൊരു നിയമം കൊണ്ടുവന്നല്ലോ മഹാരാഷ്ട്രയില്‍ , മറാത്ത സംസാരിക്കുകയും എഴുതുകയും വായിക്കുകയും അറിയാത്തവര്‍ക്കൊന്നും ഇനിമേലില്‍ ടാക്സി ഓടിയ്ക്കാന്‍ ലൈസന്‍സ് കൊടുക്കേണ്ട ആവശ്യമില്ലാന്ന്, നമ്മടെ താക്കറേ അണ്ണന്റെ മരുമോന്റെ നവ നിര്‍മ്മാണ സേനക്കാരുടെ പ്രകടന പത്രികയിലെ വാഗ്‌ദ്ദാനം കാണ്‍ഗ്രസ്സുക്കാര്‍ നടപ്പിലാക്കി, ഇവരങ്ങനെയാ എല്ലാ മണ്ടത്തരങ്ങളും ആദ്യമങ്ങട് ചെയ്യും അവസാനം അത് കാരണം തന്നെ ഇവരില്ലാതാവുകയും ചെയ്യും അതിനേറ്റവും വലിയ ഉദാഹരണം ബാബരി മസ്‌ജിത് പരിസരത്ത് അതും തര്‍ക്ക ഭൂമിയില്‍ ശിലാന്യാസത്തിന് നേതൃത്വം കൊടുത്തു അത് ബി.ജെ.പി.ഏറ്റെടുത്ത് കാണ്‍ഗ്രസ്സ് അണ്ണന്‍‌മാരെ പുറത്താക്കി,അവസാനം അഹങ്കാരത്തോടെ ഒറ്റയ്ക്ക് ഭരിച്ചിരിന്ന കാണ്‍ഗ്രസ്സ് സ്വന്തം നിലനില്‍പ്പിനായി ഇത്തിരി തല താഴ്ത്തി മറ്റു പ്രാദേശിക അണ്ണന്‍‌മാരുടെ കൂടെ രാജ്യം ഭരിക്കുന്നു എന്നിട്ടും ഇവരുടെ അഹങ്കാരത്തിനൊരു കുറവും ഇല്ലാന്ന് ഉള്ള കാര്യം ഒരു പെട്രോളിയം മന്ത്രിയുണ്ടല്ലോ മുരളി ദേവ്ര .. ന്റെമ്മോ മൂപ്പരുടെ നടത്തവും ഭാവവും കണ്ടാല്‍ തോന്നും താന്‍ ജനിച്ചത് തന്നെ, തനിക്ക് ലഭിച്ച ഈ സ്ഥാനം ദൈവത്തിന്റെ (ഇവരെ തിരെഞ്ഞെടുത്ത ജനങ്ങള്‍ക്കൊന്നും യാതൊരു വിലയും ഇല്ല) പെരുത്തിഷ്ടം കൊണ്ടാണന്ന് അതുകൊണ്ട് ജനങ്ങളെ സേവിക്കേണ്ട, മാസത്തിലൊരിക്കല്‍ അത് മലയാള മാസം ഒന്നാം തിയ്യതിയാണെങ്കില്‍ ബഹു ഭേഷ്ട് ദൈവത്തെ നേരിട്ട് കണ്ടാല്‍ മതിയല്ലോ , വല്ല കപ്പയോ മാങ്ങയോ ശരിയാവണ്ണം ഉണ്ടാവാന്‍ പ്രാര്‍ത്ഥിയ്ക്കുന്ന പാവങ്ങളുടെ നെഞ്ചത്തൂടെ ലാത്തി വീശി ഓടിച്ചിട്ടായിരിക്കും ഈ മന്ത്രിയും അല്ലാത്തതുമായ ഈ അഹങ്കാരികള്‍ ക്ഷേത്ര ദര്‍ശനം നടത്തുക.. അപ്പോ നമ്മളെന്താ പറഞ്ഞു വന്നത് ? മഹാരാഷ്ട്ര ഗവര്‍ണര്‍ ആയ നമ്മുടെ മലയാളിയായ ഗവര്‍ണര്‍ ബഹു: ശങ്കരനാരായണന്‍ അവര്‍കള്‍ക്ക് മറാത്ത അറിയുമോ , ഈ കാണ്‍ഗ്രസ്സ് അണ്ണന്മാര്‍ മഹാരാഷ്ട്രയിലെ പ്രത്യേകിച്ച് മറാത്തികളുടെ വോട്ട് നവ നിര്‍മ്മാണ സേനയ്ക്കാര്‍ക്ക് പോവാതിരിക്കാന്‍ കൊണ്ടു വന്ന, മഹാരാഷ്ട്രീയരല്ലാത്ത പാവങ്ങളുടെ നെഞ്ചത്ത് കഠാരി ഇറക്കുന്ന ഈ നിയമം, നിയമമായി പ്രാബല്യത്തില്‍ വരണമെങ്കില്‍ മറാത്ത അറിയാത്ത ഈ അണ്ണന്‍ തന്നെ ഒപ്പിടേണ്ടെ എന്നാണെന്റെ ചെറിയ വലിയ ചോദ്യം ??????

Wednesday, January 13, 2010

സംവരണം അവകാശമല്ല അത് കേവലം ഔദാര്യമാത്രം

ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ സുപ്രധാനമായ വിധി എന്തുകൊണ്ടും കേരളീയ സമൂഹത്തിനഭിമാക്കാം, സംവരണത്തിന്റെ ഔദാര്യം പറ്റി ഇത്തികണ്ണികളെ പോലെ കാലം കഴിച്ചുകൂട്ടീയ ന്യൂനപക്ഷാധികള്‍ കണ്ണിലെണ്ണ ഒഴിച്ച് പഠിച്ചുയരേണ്ട കാലത്തിന്റെ വരവിനെയാണ് ബഹുമാനപ്പെട്ട കോടതി വാക്കാലും ഉത്തരവാലും ചരിത്രമെഴുതിയിരിക്കുന്നത്, പരീക്ഷാ ഫീസടയ്ക്കുന്നത് മുതല്‍ (മേല്‍ ജാതി എന്ന വര്‍ഗ്ഗത്തില്‍ ജനിച്ചതുകൊണ്ട് മാത്രം പാവപ്പെട്ട ഒട്ടനവധിപേര്‍ മൂന്നും നാലിരിട്ടി ഫീസ് അടക്കേണ്ട ഗതിക്കേട് , വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും പിന്നാമ്പറത്തേക്ക് ചവിട്ടി മെതിയ്ക്കപ്പെട്ട ദുരനുഭവം) എല്ലായിടത്തും അവഗണിക്കപ്പെട്ട ഉന്നത ജാതിയിലെ പാവങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പിനെ മനസ്സാ ഞാന്‍ സ്വാഗതം ചെയ്യുന്നു.
---------------------------------------------------
ബാല്‍‌താക്കര്‍ക്കെന്തവകാശം
ഭാരതസ്നേഹം പ്രകടിപ്പിയ്ക്കാന്‍ ആസ്ത്രേലിയന്‍ ക്രിക്കറ്റ് കളിക്കാരെ ഭാരത മണ്ണില്‍ പ്രത്യേകിച്ച് മഹാരാഷ്ട്രയിലോ ബോംബെയിലോ കാലുകുത്തിയ്ക്കില്ലാന്ന് പറയാന്‍ ബാല്‍താക്കര്‍ക്കെന്തവകാശം ? .