Saturday, August 21, 2010

എന്റെ പ്രദേശം 1

ഏതൊരു വ്യക്തിയുടെ ജീവിതത്തിലും അവനെ സ്വാധീനിക്കുന്ന പ്രധാന ഘടകം അവന്‍ ജനിച്ചു വളര്‍ന്ന പ്രദേശവും,അവിടത്തെ ജനങ്ങളുമാണ്, എനിക്കും എന്റെ നാടിനോട് വല്ലാത്തൊരു മമതയുണ്ട് , കേരളത്തിലെ ഏതൊരു വ്യക്തിയ്ക്കുമറിയുന്ന പൊന്നാനിയാണ് എന്റെ നാട്, കായലും (ബിയ്യം കായല്‍)കടലും, നിളാനദിയും കനോലി കനാലും, കോള്‍ കൃഷി മേഖലയും അനേകം കുളങ്ങളും മല നിരകളും വയലുകളുമെല്ലാം അടങ്ങിയ അനേകം സാധാരണക്കാര്‍ വളരെ സ്നേഹത്തോടെ സൌഹാര്‍ദ്ദത്തോടെ വസിക്കുന്നൊരിടം,ശരിക്കും പൊന്നാനിക്കാര്‍ക്ക് പോലുമറിയാത്ത അറക്കല്‍ വളപ്പ് എന്നൊരു കൊച്ചു പ്രദേശത്താണ് എന്റെ ബാല്യകാല ജീവിതം ആരംഭിയ്ക്കുന്നത്, തെക്ക് നിന്നൊഴുകിവരുന്ന കനോലി കനാല്‍ ഭാരതപുഴയില്‍ സംഗമിയ്ക്കുന്ന ഈ കൊച്ചു പ്രദേശത്ത് 1970 കാലത്തും 2010 കാലഘട്ടത്തിലും ഇവിടത്തുക്കാര്‍ എങ്ങനെ ജീവിച്ചു, ജീവിയ്ക്കുന്നു എന്നത് ഒരു രസകരമായ കാര്യമാണ്.
1970 കാലഘട്ടം ഈ കാലം എന്റെ ഓര്‍മ്മകള്‍ക്ക് അപ്പുറമാണ് എങ്കിലും ഞാന്‍ ജനിച്ചത് 1970 മാര്‍ച്ച് 16ന് തിങ്കളാഴ്ച്ച വൈകിട്ട് 7.20നായിരുന്നു അവിടെ ആരംഭിയ്ക്കുന്ന എന്റെ ജീവിതത്തില്‍ ഈ കാലഘട്ടം സുപ്രധാനമാണ്, അതുകൊണ്ടു തന്നെ ഇവിടത്തുക്കാര്‍ ആരൊക്കെയായിരുന്നു അവരുടെ ജീവിതം എങ്ങനെയായിരുന്നു എന്നതും.
ഈ സ്ഥലം എവിടെ സ്ഥിതി ചെയ്യുന്നുവെന്ന് പൊന്നാനിക്കാര്‍ക്ക് പോലും അറിയുക കുറവാണ്, പൊന്നാനി വലിയ അങ്ങാടിപാലത്തിന്റെ പടിഞ്ഞാറെ പൊളിയുടെ വടക്ക് മുതല്‍ പൊന്നാനിയിലെ ഏറ്റവും പഴയ പള്ളിയായ (500 വര്‍ഷത്തിലധികം പഴക്കമുള്ള) തോട്ടുങ്ങപള്ളി വരെ നീളുന്ന ഒരു കൊച്ചു പ്രദേശം, 60ളം വീടുകളാണ് ആന്നും ഇന്നും ഈ പ്രദേശത്തുള്ളത്, വ്യക്തികള്‍ക്ക് എന്ന പോലെ തന്നെ ഇവിടത്തെ ഓരോ വീടുകള്‍ക്കുമുണ്ട് ഇരട്ട പേരുകള്‍, ഇങ്ങനെ ഇരട്ട പേരുകള്‍ വരാന്‍ കാരണം അന്നത്തെ കാലത്ത് കുടുംബത്തെ പോറ്റാ‍ന്‍ സ്ത്രീകളും അധ്വാനിച്ചിരിന്നു, മുസ്ലിം സ്ത്രീകള്‍ വീടുകള്‍ക്ക് വെളിയില്‍ പോയി ജോലി ചെയ്യുക അന്നും ഇന്നും ഇവിടെ പതിവില്ല അതുകൊണ്ടവര്‍ സ്വന്ത് വീടുകളില്‍ പലഹാരങ്ങള്‍ ഉണ്ടാക്കി ചെറിയ ഹോട്ടലുകളില്‍ (മക്കാനുകളില്‍) കൊണ്ടു പോയി വില്‍ക്കും ഇങ്ങനെ പലഹാരങ്ങള്‍ വില്‍ക്കുന്ന വീടുകളെ, പോളന്റെ വീട് (പാന്‍‌കേക്ക്) പുട്ടുടമ്മാന്റെ വീട് (പിട്ട് ചുടുന്ന ഉമ്മാന്റെ വീട്) അങ്ങനെ നീളുന്ന ഇരട്ട പേരുകള്‍.
പുരുഷന്മാരുടെ തൊഴില്‍മേഖലയ്ക്കും ചില പ്രത്യേകതകളുണ്ടായിരുന്നു “വെണ്ണീര്‍ കച്ചവടം അഥവാ ചാമ്പല്‍ കച്ചവടം” ഈ മേഖല നിലനിന്നിരുന്നത് ഒരുപക്ഷെ കേരളത്തില്‍ ഈ കൊച്ചു പ്രദേശത്ത് മാത്രമായിരിക്കാം , ഒരിടത്തും ഗ്യാസടുപ്പുകള്‍ ഇല്ലാതിരുന്ന കാലമായതിനാലും ദാരിദ്രം ഒരു ജനതയുടെ മുഖമുദ്ര ആയതിനാലും ഏതൊരു വീട്ടിലും ആവശ്യത്തിലധികം വെണ്ണീരുണ്ടാവും ഇത് വീട്ടമ്മ ശേഖരിച്ച് വെയ്ക്കും ഇത് വാങ്ങിയ്ക്കാന്‍ വെണ്ണീര്‍ മുതലാളിമാരായ മുഹമദ്ക്ക,റൌഡി മൊയ്തീന്‍ കുട്ടിക്ക,ഇബ്രാഹിം കുട്ടിയ്ക്ക എന്നിവരുടെ കീഴില്‍ ജോലി ചെയ്യുന്ന അഞ്ചും ആറും ക്ലാസ് വരെ മാത്രം പഠിച്ച് ഇതൊക്കെ ധാരാളം എന്നു പറഞ്ഞു പഠനം അവസാനിപ്പിച്ച ചെറുപ്പക്കാര്‍ ഒരു അളവ് കുട്ടയും വലിയ കുട്ടയുമായി വന്ന് ഒരു അളവ് കുട്ടയ്ക്ക് 50 പൈസയോ 75 പൈസയോ വില പേശി വാങ്ങും, അവര്‍ വഴിനീളെ വിളിച്ച് കൂവും “വെണ്ണീറുണ്ടോ..വെണ്ണീറുണ്ടോ ആട്ടിന്‍ കാട്ടമുണ്ടോ... ആടിനെ വളര്‍ത്തുന്നവരും ആ കാലത്ത് ധാരാളമുണ്ടായിരുന്നു ആട്ടിന്‍ കൂട്ടിനടിയില്‍ ശേഖരിക്കപ്പെടുന്ന ആട്ടിന്‍‌കാഷ്ടവും ഒരു വരുമാനമാര്‍ഗ്ഗമായിരുന്നു, വെണ്ണീറില്‍ ഒരല്‍പ്പം കൃത്രിമം (ചകിരി തൊണ്ട് അടിച്ച് കയറുണ്ടാക്കുന്ന കമ്പനികളില്‍ വേസ്റ്റ് വരുന്ന ചകിരി ചോറ് കത്തിച്ച് വെണ്ണീറില്‍ മായം ചേര്‍ക്കും) കാണിച്ച് മുതലാളിമാര്‍ പുറത്തൂര്‍,തിരൂര്‍ മേഖലകളിലെ തെങ്ങ് കര്‍ഷകര്‍ക്ക് പുരവഞ്ചി (കെട്ടുവെള്ളം)യിലൂടെ ഭാരതപുഴ ക്രോസ് ചെയ്ത് പൊന്നാനി പുഴയിലൂടെ എത്തിയ്ക്കും .. അങ്ങനെ ഒത്തിരി പേരുടെ പ്രത്യക്ഷവും പരോക്ഷവുമായ ഒരു പ്രധാന ഉപജീവനമാര്‍ഗ്ഗമായിരുന്നു വെണ്ണീര്‍ കച്ചവടവും,ആട്ടിന്‍‌കാട്ട കച്ചവടവും.‍
എന്റെയീ പ്രദേശത്തുക്കാരുടെ മറ്റൊരു പ്രധാന വരുമാന മാര്‍ഗ്ഗമായിരുന്നു പൊന്നാനി അങ്ങാടിയിലെ കൂലി വേല അതില്‍ ഏറ്റവും പ്രധാനം കിഴങ്ങ് പാണ്ടികശാലയിലെ തൊഴില്‍, ഒരു കാലത്ത് നമ്മുടെയെല്ലാം പ്രധാന ഭക്ഷണമായിരുന്നത് കിഴങ്ങായിരുന്നല്ലോ, അതുകൊണ്ടു തന്നെ ആ മേഖലയുമായി ബന്ധപ്പെട്ട് അനേകം പേര്‍ ജീവിച്ചിരുന്നു, ഈ തൊഴില്‍ എടുത്തവരില്‍ മൂപ്പന്‍ സ്ഥാനം വഹിച്ചിരുന്ന ഒരു വ്യക്തിയാണ് എന്റെ പിതാവ്, പുലര്‍ച്ചേ രണ്ടു മണി മുതല്‍ കിഴങ്ങ് പാണ്ടിക ശാലയില്‍ ആളും ബഹളും തുടങ്ങും കിഴക്കന്‍ മേഖലകളില്‍ നിന്ന് വഞ്ചികള്‍ വഴി പൊന്നാനിയിലെത്തുന്ന കിഴങ്ങ് (പൂള,കപ്പ)പൊന്നാനിയിലേയും ചാവക്കാട് തുടങ്ങിയ പ്രദേശങ്ങളിലേക്ക് കനോലി കനാല്‍ വഴി പുരവഞ്ചിയിലൂടെ വലിയൊരു ബിസിനസ്സ് തന്നെ നടന്നിരിന്നു.അന്നത്തെ പ്രധാന പാണ്ടികശാല മുതലാളിമാര്‍ ഒസാന്‍ മൂസാക്കയും, അബ്ദുല്‍ ഖാദരാജിയുമൊക്കെയായിരിന്നു, മൊയ്തീന്‍ കുട്ടി മൂപ്പന്‍, അബു.ഖാലിദ് എന്നു പേരൊക്കെയുള്ള അനേകം സാധാരണക്കാരും വളരെ ദരിദ്രരരും ഈ മേഖലയില്‍ ജോലി ചെയ്തിരുന്നു.
------------
അടുത്ത പോസ്റ്റില്‍ എന്റെ നാട്ടു വിശേഷം വിശദമായി

9 comments:

വിചാരം said...

1970 കാലഘട്ടം ഈ കാലം എന്റെ ഓര്‍മ്മകള്‍ക്ക് അപ്പുറമാണ് എങ്കിലും ഞാന്‍ ജനിച്ചത് 1970 മാര്‍ച്ച് 16ന് തിങ്കളാഴ്ച്ച വൈകിട്ട് 7.20നായിരുന്നു അവിടെ ആരംഭിയ്ക്കുന്ന എന്റെ ജീവിതത്തില്‍ ഈ കാലഘട്ടം സുപ്രധാനമാണ്, അതുകൊണ്ടു തന്നെ ഇവിടത്തുക്കാര്‍ ആരൊക്കെയായിരുന്നു അവരുടെ ജീവിതം എങ്ങനെയായിരുന്നു എന്നതും.

പട്ടേപ്പാടം റാംജി said...

ഓരോ പ്രദേശത്തും ഓരോരോ രീതികളാണ്. അതുപോലെ ഓരോ തരം വ്യക്തിത്വങ്ങളും. എല്ലാം കാണുന്നതും കേള്‍ക്കുന്നതും രസം തന്നെ.

ഓണാശംസകള്‍.

Muhammed Shan said...

ഓണാശംസകള്‍...
തുടര്‍ന്നെഴുതുക

kaalidaasan said...

ആശംസകള്‍

യരല‌വ said...

നന്നായിരിക്കുന്നു വിചാരം. നന്നായി.

ഓരോരോ കാര്യങ്ങള്‍ ഖണ്ഡിക തിരിച്ചു ചെറിയ തലക്കെട്ട് വെച്ചും എഴുതിയാല്‍ ഒരു കെട്ടും‌മട്ടും ആയി വായിക്കാനും കാണാനും ഒരു ഭംഗിയായേനെ. പിന്നെ ഈ പരിപാടിയെങ്ങാനും നിര്‍ത്തിയാല്‍.....

jayanEvoor said...

നല്ല തുടക്കം.

എനിക്കും ഈ ആഗ്രഹം ഉണ്ട്.

1970 ഏപ്രിൽ 16 നാണു ഞാൻ ജനിച്ചത്!

നമ്മൾ രാണ്ടും 16 കാരാ!

ആശംസകൾ!

വിചാരം said...

ഇവിടെ വന്ന എല്ലാവർക്കും സ്നേഹാശംസകൾ..
പട്ടേപ്പാടം റാംജി,മുഹമ്മദ് ഷാൻ,കാളിദാസൻ , യരലവ,യജൻ എവൂർ...
യരലവയുടെ നിർദ്ദേശം സ്വീകരിച്ചിരിക്കുന്നു.. രൻടാമത്തെ അദ്ധ്യായം എഴുതിയിരിക്കുന്നു യരലവ അത് ശ്രദ്ധിക്കുമല്ലോ ....

വിചാരം said...

ജയൻ എവൂർ എന്നേക്കാൾ ഒരു മാസത്തി ഇളയവൻ .... എഴുതുക മനസ്സിലുള്ളത് ഒരുകൂട്ടി ...

മാണിക്യം said...

ഓര്‍മ്മയില് എന്നും ആദ്യം തെളിയുക നമ്മുടെ ജനിച്ചു വളര്‍ന്ന പ്രദേശവും,അവിടത്തെ ജനങ്ങളുമാണ്, കാലം എത്ര കടന്നാലും ഏതൊക്കെ രാജ്യത്ത് ജീവിച്ചാലും അതിനു മാറ്റമില്ല.
മനോഹരമായ പൊന്നാനിയുടെ ശേഷം "നാട്ടുവിശേഷങ്ങള്‍" കൂടി പറയുക.