Tuesday, April 26, 2011

മരിക്കാൻ എനിക്ക് മനസ്സില്ല

"ആശയങ്ങൾ സ്വീകരിക്കാൻ ആർക്കും എളുപ്പമാണ് എന്നാൽ ആ ആശയങ്ങൾക്ക് ചിലപ്പോൾ ദുർബലത വന്നേക്കാം ആ സാഹചര്യത്തിൽ ദൃഢമായ മനസ്സോടെ ആ ആശയത്തെ പുൽകുന്നവനായിരിക്കും കാലാതീതൻ,ഒരിക്കൽ കൂടി അഹങ്കാരത്തോടെ പറയട്ടെ .. എനിക്ക് ഞാനാണ് വലുത് ."
ഇത് എന്റെ തന്നെ സ്വന്തം വാക്കുകൾ .

കുവൈത്തിലെ അൽ സബാ ആശുപത്രി .
ഇതൊരു മെഡിക്കൽ കോളേജ് ആശുപത്രിയാണ്, ഒരു വലിയ ഡോൿടറും ഒത്തിരി കുട്ടി ഡോൿടർമാരും ഇവിടെ കിടയ്ക്കുന്ന രോഗികളെ ഗിനി പന്നികളായി പരിഗണിക്കുന്ന ഒരിടം , ഇവിടെ ഞാനൊരു ഗിനി പന്നിയായി 22 ദിവസം ചിലവയിച്ചു .

രോഗങ്ങൾ മനുഷ്യരെ കീഴടയ്ക്കുന്നത് ഏതെങ്കിലും ദൈവത്തിന്റെ ശാപം കൊണ്ടാണോ എങ്കിൽ എനിക്കാ ദൈവത്തോട് സഹതാപമുണ്ട് കാരണം ഇത്ര വലിയ ദൈവം ശപിച്ച് നൽകിയ ഏതൊരു രോഗത്തേയും ഇച്ഛാ ശക്തികൊണ്ടും മനുഷ്യനാൽ കണ്ടെത്തിയ മരുന്നുകൾ കൊണ്ടും മാറ്റിയെടുക്കുന്നു ഇവിടെ ആരാണ് വലുത് .

ആറടി നീളവും നാലടി വീതിയുമുള്ള കട്ടിലിന്റെ നടുവിലൊരു എല്ലിൻ കൂട് കണക്കേയായിരിന്നു എന്റെ കിടപ്പ്, വലിയ ഡോൿടർമാരും കുട്ടി ഡോൿടർമാരും കൂട്ടമായും ഒറ്റയ്ക്കും വന്ന് ഒരു പരീക്ഷണ വസ്തുവെന്ന പോലെ എന്റെ ശരീരം സൂക്ഷമായി പരിശോധിയ്ക്കുന്നു .. ജീവച്ഛവം പോലെ ഞാനവർക്ക് മുൻപിൽ .

എന്താണ് രോഗമെന്ന് കണ്ടെത്താൻ എന്നെ പരിശോധിച്ചിരുന്ന ഡോൿടർക്ക് നാലുമാസമായിട്ടും കഴിയാത്തതിനാലാണ് എനിക്ക് ആശുപത്രി വാസം വിധിച്ചത് അപ്പോഴേക്കും രോഗം എന്നെ പൂർണ്ണമായും കീഴടക്കിയിരിന്നു .

ഓരോ തുമ്മലിലും മുലപ്പാലിന്റെ ചുവ എന്റെ വായിൽ വന്നു അത്രയ്ക്ക് അസഹനീയമായ വേദനയായിരിന്നു എന്റെ ശരീരത്തിന്റെ ഒരു ഭാഗത്തുണ്ടായ മുഴയിൽ നിന്ന് , വരുന്ന കുട്ടിയും വലുതുമായ ഡോൿടർമാരെല്ലാം ഞെക്കി കൊണ്ടിരിന്നതും ഈ മുഴ തന്നെ , ഒരു പരിശോധനയും കൂടാതെ വലിയ ചെറിയ ഡോൿടർമാർ വിധി എഴുതി “കാൻസർ” , ആ വിധിയിൽ ഞാൻ എന്നെ തന്നെ നോക്കി .. തികച്ചും നിസംഗനായി .. ജീവിതത്തിൽ ഒരു സിഗരറ്റോ ഒരു പുക ചുരുൾ ബീഡിയോ വലിക്കാത്ത എനിക്കും കാൻസർ , ഞാൻ കരഞ്ഞില്ല കാരണം എന്തു വന്നാലും കരയില്ലാന്നുള്ള വാശി കുഞ്ഞായിരിക്കുമ്പോൾ തന്നെ ഞാൻ സ്വയത്തമാക്കിയിരിന്നു പക്ഷെ എന്തുകൊണ്ടോ എന്റെ ചിന്തയിൽ ഇത്തിരിയെങ്കിലും സങ്കടം വന്നിരുന്നു എന്നത് സത്യമാണ് .

കാൻസർ എന്ന് വിധി എഴുതിയെങ്കിലും അതിനൊരു വ്യക്തത വരുത്താൻ എന്നെ കാൻസർ സെന്ററിലേക്ക് …. ആംബുലൻസിൽ ആദ്യമായി ഒരു രോഗിയായി … ഒരു ഫിലിപൈൻസ് നഴ്സ് സ്നേഹത്തോടെ എന്റെ കൈ പിടിച്ച് ആംബുലൻസിനകത്തേയ്ക്ക് . ശരിയ്ക്കും നടയ്ക്കാൻ എനിക്കാവില്ലായിരിന്നു , എന്റെ ഊഴം വന്നപ്പോൾ എന്നെ പരിശോധനാ റൂമിലേക്ക് ആനയിച്ചു .. ചുമ്മാ ഇരിന്നാൽ പോലും വേദനിയ്ക്കുന്ന ആ മുഴയിലേക്ക് വളരെ ആഴത്തിലെത്താവണ്ണമുള്ള സൂചി കുത്തിയിറക്കിയപ്പോൾ ഞാൻ ആനന്ദിയ്ക്കുകയായിരുന്നില്ല , മുഴയ്ക്കകത്തെ ദ്രാവകം കുത്തിയെടുത്ത് പരിശോധന ….. രണ്ടു ദിവസം കഴിഞ്ഞപ്പോൾ പരിശോധന റിസൾട്ട് വന്നു കാൻസർ അല്ല പകരം അവർ കണ്ടുപിടിച്ചത് .. ട്യൂബർകുലൂഷ്യസ് …


എന്നിൽ പിടിപ്പെട്ട രോഗം ശരീരത്തിന്റെ ഏതെല്ലാം ഭാഗത്ത് ബാധിച്ചിട്ടുണ്ടന്നറിയാനായിരിന്നു അടുത്ത ശ്രമം , അതിനായ് സി.ടി .സ്കാൻ റൂമിലേക്ക് , അവർ തന്ന വസ്ത്രം ധരിച്ച് ആ ഗുഹപോലുള്ളതിലേക്ക് കടത്തി വിടാനായി ചലിക്കുന്ന ഷീറ്റിൽ കിടത്തി , റൂമിലുള്ളവരൊക്കെ വെളിയിൽ പോയി , മൈക്കിലൂടെ എനിക്ക് നിർദ്ദേശം വന്നു കൊണ്ടിരിന്നു . ശ്വാസം അകത്തേയ്ക്ക് വലിക്കാനും പുറത്തേയ്ക്ക് തള്ളാനും, പെട്ടെന്ന് തന്നെ റിസൾട്ടും കിട്ടി , എന്റെ ശരീരത്തിന്റെ എല്ലാ ജോയിന്റിനും ഈ രോഗം ബാധിച്ചു കഴിഞ്ഞിരിന്നു അതിന് പുറമെ മൂന്ന് വാരിയെല്ലിനും, അതിലൊരു വാരിയെല്ല് ക്ഷയിച്ച് (ക്ഷയമാണല്ലോ രോഗം) അതിലെ ചലവും മറ്റുമായിരിന്നു എന്നെ വേദനപ്പെടുത്തിയ മുഴയ്ക്കുള്ളിൽ.

രോഗം സ്ഥീരീകരിച്ചപ്പോൾ മരുന്നും കുറിക്കപ്പെട്ടു ഒൻപത് മാസത്തെ തുടർച്ചയായ ട്രീറ്റ്മെന്റിലൂടെ എന്റെ രോഗത്തെ ഇല്ലാതാക്കാമെന്ന് അതിനേക്കാൾ ആവശ്യം ഉറച്ച മനസ്സായിരിന്നു.

സന്ദർശകർ എനിക്ക് കുറവായിരിന്നു കാരണം ആരുമറിഞ്ഞിരിന്നില്ലായിരിന്നു , എന്റെ ബന്ധുക്കൾ ആവശ്യത്തിലധികം കുവറ്റിലുണ്ടായിരിന്നു അതിലൊരാളായ എന്റെ അവസാനത്തെ മാമൻ എന്റെ ബഡ്ഡിനരികെ ഇരിന്നിട്ട് ഇങ്ങനെ മൊഴിഞ്ഞു

“ ഇനിയെങ്കിലും നീ നല്ല വഴിക്ക് നടയ്ക്കുക , നിനക്കീ രോഗം വരാൻ കാരണം നീ ദൈവത്തേയും മതത്തേയും തള്ളി കളഞ്ഞതൂം കൊണ്ടാണ്“

സത്യത്തിൽ എനിക്ക് ആ മാമനോട് തികച്ചും പുച്ചമായിരിന്നു , ആ രസത്തോടെ തന്നെ ഞാൻ പറഞ്ഞു “ എന്റെ ചിന്തകൊണ്ടാണ് ഈ രോഗം ഉണ്ടായതെങ്കിൽ , ഈ നിമിഷം ഞാൻ മരിച്ചാലും ഞാൻ സന്തോഷാനാണ് പക്ഷെ എന്റെ ചിന്തയേയൊ ആശയത്തെയേയോ ഉപേക്ഷിക്കാൻ ഞാൻ ഒരുക്കമല്ല.
എഴുപത്തി നാലു കിലോവിൽ നിന്ന് 48 കിലോവിലേക്കുള്ള എന്റെ പരിണാമം എന്നിൽ ഉണ്ടാക്കിയ മാനസ്സിക വ്യഥ എത്രെയെന്ന് പറഞ്ഞറീയ്ക്കാനാവില്ല ഈ രോഗം ഏതൊ ഒരു മരുഭൂമിയിലയോ കാട്ടിലേയോ നാട്ടിലേയോ ദൈവമാണ് തന്നതെങ്കിൽ എന്റെ ഇച്ഛാ ശക്തികൊണ്ടാ ഭൂതം തന്ന രോഗത്തെ ഇല്ലാതാക്കും കൂടെ മനുഷ്യൻ കണ്ടെത്തിയ മരുന്നും കഴിച്ച് …

കേവലം ഒൻപത് മാസത്തിനുള്ളിൽ ചികിത്സയും ഉറച്ച മനസ്സിനാലും എന്റെ രോഗം പൂർണ്ണമായും ഇല്ലാതായി , ആദ്യത്തെ മൂന്ന് മാസത്തിനുള്ളിൽ തന്നെ എന്റെ പഴയ തൂക്കത്തിലേക്ക് തിരികെ വന്നു … എന്റെ മാമന്റെ വാക്കുകളും അതിലുപരി മറ്റൊരു സംഭവുമാണ് എന്റെ തിരിച്ച് വരവിന് പ്രധാന കാരണം
അടുത്ത പോസ്റ്റിൽ ആ മറ്റൊരു സംഭവം …………………………….
തുടരും......,

Saturday, April 23, 2011

പുലർകാലം

വയസ്സ് 10

അമ്മായിയുടെ കൂടെയാണ് എന്റെ താമസം, ഇല്ലം എന്നു പറയും ഉപ്പാന്റെ വീടാണെങ്കിലും ഉപ്പ ഇവിടെയല്ല, ഇവിടെ ഉപ്പയുടെ സഹോദരിയും രണ്ടു എളീമമാരും ഉപ്പാവ (ഉപ്പയുടെ ഉപ്പ)യും, വീട്ടിന്റെ ഉമ്രത്താണ് മദ്രസ്സ അതുകൊണ്ട് തന്നെ അവിടെ പോവുക പതിവില്ല… കാലത്തെഴുന്നേറ്റാൽ കേൾക്കുന്ന നബി വചനങ്ങളും ഇസ്ലാം കാര്യങ്ങളും ഇമാൻ കാര്യങ്ങളുമാണ് , എന്നും ഈ കാര്യങ്ങൾ എന്നെ ബോറടിപ്പിച്ചതിനാലാവാം ഞാനൊരു മത ചിന്തയില്ലാത്തൊരുവനായത്.(ഉപ്പാന്റെ വീട്ടിൽ താമസിക്കുന്ന കാലം)

വയസ്സ് 16

എലി കാലിൽ കടിച്ചോന്നൊരു സംശയം , ഹോട്ടലിന്റെ മച്ചിൻപുറത്താണ് താമസം, ഒരാൾക്ക് നിൽക്കാനാവാത്ത സ്ഥലം , ഇവിടെയാണ് പണിക്കാരും മുതലാളിയും മക്കളുമെല്ലാം താമസ്സിക്കുന്നത് , സമയം 6 മണി കഴിഞ്ഞിരിക്കുന്നു
ഒരു കുപ്പിയിൽ വെള്ളവുമായി പബ്ലിക്ക് കക്കൂസിലേക്ക് സ്ഥലം ബോംബെ ആയതിനാൽ വെള്ളത്തിന് ഇത്ര ദൌർലഭ്യം ഉണ്ടാവുമെന്ന് കരുതിയിരുന്നില്ല. നാലഞ്ചാളുകളുള്ള ക്യൂ , അന്നെനിക്കറിയാത്ത ഭാഷയാണ് ഹിന്ദി എന്തല്ലാമോ ഓരോരുത്തർ പറയുന്നുണ്ട് മൂന്നോ നാലോ മിനുറ്റിനുള്ളിൽ ദേഷ്യത്തോടെ ഇറങ്ങി വരുന്നവർ . (ബോംബെ, വഡാല , കിട്വായ് നഗറിൽ താമസ്സിക്കുന്ന കാലം)

വയസ്സ് 21

സമയം പുലർച്ചേ അഞ്ചുമണി കഴിഞ്ഞിരിക്കും, അമ്പലത്തിൽ നിന്ന് തമിഴ് കീർത്തനങ്ങൾ കോളാമ്പിയിലൂടെ അത്യുച്ചത്തിൽ , ശല്യം എന്നേ എന്നും എനിക്ക് തോന്നിയിട്ടൊള്ളൂ , ഉണരുക ആ മൂഡിലായിരിക്കും , സ്ഥലം മദ്രാസിനടുത്തുള്ള വെല്ലൂർ , ഹിന്ദുക്കൾ സംസാരിക്കുന്നത് തമിഴിലും മുസ്ലിംങ്ങൾ ഉറുദുവിലും , ഭാഷകൊണ്ടും വസ്ത്രങ്ങൾ കൊണ്ടും വേർത്തിരിക്കപ്പെട്ട മനുഷ്യ മനസ്സുകൾ , ഇവരെല്ലാവരും ചായ കുടിയ്ക്കാൻ ഞാൻ ക്യാഷറായ കൊച്ചു ചായക്കടയിലാണ് വരിക.(മദ്രാസ്സിനടുത്ത് കാഡ്പാടിയിലെ വെല്ലൂരിൽ താമസ്സിക്കുന്ന കാലം)

വയസ്സ് 24

13 പേരിൽ 5 വിത്തുകൾ 5 വിത്തൌട്ടുകൾ (കോത്തായികൾ), 3 മിക്സ് … ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥികൾ വാടകയ്ക്കെടുത്ത് താമസ്സിയ്ക്കുന്നൊരു വീട്ടിലെ പുലർകാല കാഴ്ച്ചയാണിത് , മൂന്ന് റൂമിൽ മൂന്ന് തരം വ്യക്തിത്വങ്ങൾ .. വിത്തൌട്ട് റൂമിലേക്കാരും എത്തി നോക്കില്ല ഞാനൊഴികെ മറ്റെല്ലാവരും കരുതുന്നത് ആ റൂമിലെ കാഴ്ച്ച കണ്ടാൽ അന്നത്തെ ദിവസം മഹാ പോക്കായിരിക്കുമെന്ന് , ഞാൻ വിത്തിലെ മെംബർ.( പാലക്കാട് കോണ്ടിനെന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് സ്ഥാപനത്തിൽ പ്രഡക്ഷൻ (കുക്കിംഗ്) വിഭാഗത്തിൽ പഠിയ്ക്കുന്ന കാലം)

25 വയസ്സ്

യാ ഹിമാർ ആലത്തൂൾ നായിം .. അറബിച്ചിയുടെ കരപിര ശബ്ദമാണെന്നെ ഉണർത്തുക , എന്റെ പുലർക്കാലം ഉച്ച കഴിഞ്ഞതിന് ശേഷമായിരിക്കും കാരണം കുവൈറ്റിലെ അറബി വീട്ടിലെ ദുവാനിയായിൽ വരുന്നവർക്ക് ചായയും ഗഹ്വയും കൊടുക്കുക എന്നതാണെന്റെ ജോലി ആ ജോലി കഴിയുക പുലർച്ചേ ആറുമണി കഴിഞ്ഞിരിക്കും പിന്നെയായിരിക്കും എന്റെ ഉറക്കം ആരംഭിയ്ക്കുക ഒരു അമേരിക്കൻ ജീവിതം .(കുവൈറ്റിലെ(ഫിർദൌസ്) ഒരു അറബി വീട്ടിലെ വാസകാലം)

26 വയസ്സ്

ക്യാ ഭായ് അഭിത്തക്ക് ഉഠാ നഹി ? ടൈം ബഹുത്ത് ഹോഗയാ സഹ പ്രവർത്തകന്റെ സ്നേഹ ഭാഷണത്തോടെയായിരിന്നു എന്നും ഉണരുക .. പുലർച്ചേ അഞ്ചുമണിയ്ക്ക് എഴുന്നേറ്റാലേ ഹോട്ടലിലെ കാലത്തേയ്ക്കുള്ളതുണ്ടാക്കാൻ പ്രധാന കുക്കിനെ സഹായിക്കാനൊക്കൂ .(കുവൈറ്റിലെ(സഫാത്ത്) ഒരു മലബാർ ധാബയിൽ ജോലി ചെയ്യുന്ന കാലം)

26 ൽ തന്നെ

വാ പെട്ടെന്നെഴുന്നേൽക്ക് ….. കൊയിലാണ്ടിക്കാരൻ കോയാക്കാന്റെ വിളികേട്ടായിരിക്കും ഉണരുക , നാലു മണി കഴിഞ്ഞിട്ടുണ്ടാവുകയേ ഒള്ളൂ അതി പുലർച്ചെ സബ്ജി മാർക്കറ്റിലെത്തിയാലേ പച്ചക്കറികൾ എല്ലാം കിട്ടൂ … കുവൈറ്റിലെ എല്ലാ ബക്കാലകളിലേക്കും പച്ചക്കറി എത്തിയ്ക്കണമെങ്കിൽ അതി പുലർച്ചെ എഴുന്നേൽക്കണം.(കുവൈറ്റിൽ (സഫാത്ത്)ഒരു പച്ചക്കറി സപ്ലേക്കാരന്റെ കൂടെ ജോലി ചെയ്യുന്ന കാലം)

27 വയസ്സ്

പോത്തുപോലെ കിടന്നുറങ്ങുന്ന ഹംസത്തിന്റെ കൂർക്കം വലിയാണെന്റെ അലറാം , ആറുമണിയ്ക്കാണ് സൈറ്റിലെത്തേണ്ടത് സൈറ്റിൽ എനിക്കും ഹംസത്തിനും വേണ്ടി ബണ്ടലുകൽ കണക്ക് ജിപ്സം ബോർഡും മറ്റു ഡക്കറേഷൻ അനുബന്ധ സാമഗ്രികളും ലിഫ്റ്റില്ലാത്ത നിർമ്മാണത്തിലിരിക്കുന്ന ബിൽഡിംഗിന്റെ മുകളിലെത്താൻ കാത്തിരിക്കുന്നുണ്ടാവും , ലെബനാനി വണ്ടിയുമായി അഞ്ചു മണിക്ക് തന്നെ പിക്ക് അപ്പ് പോയിന്റിലെത്തും ഇല്ലെങ്കിൽ മറ്റൊരു ചീത്ത ലബനാൻ അറബിയില്ലായിരിക്കും , ക്രിസ്ത്യാനിയായ ലബനാനി ഫോർമാന്റെ മാതൃഭാഷ അറബിയാണ്.( കുവൈറ്റിൽ(ഹവ്വല്ലി)ഒരു ഡക്കറേഷൻ കമ്പനിയിൽ ജോലി ചെയ്യുന്ന കാലം)

28 വയസ്സ്

പത്തുമണിക്കാണ് പുലർക്കാലം , പതിനൊന്ന് മണിക്ക് അണിഞ്ഞൊരുങ്ങി താഴെ സ്റ്റാർട്ടാക്കിട്ടിരിക്കുന്ന വാനിലെത്തിയാൽ മതി, ഫ്ലാറ്റിൽ 14 പേരുണ്ട് ഒരു ബാത്ത് റൂം , സമയത്തെ ഹരിച്ചും ഗുണിച്ചും ക്ലിപ്തപ്പെടുത്തി ഓരോരുത്തർക്ക് പകുത്തിയിരിക്കുന്നു അതുകൊണ്ട് തിക്കും തിരക്കുമില്ല സീനിയർമാർ നേരം വൈകിയും ജൂനിയേർസ് നേരത്തേയും എഴുന്നേൽക്കണമെന്ന് മാത്രം, സ്റ്റാർ റസ്റ്റോറന്റാണെങ്കിലും എന്റെ പോസ്റ്റ് വെയിറ്റർ/പിക്ക്മാൻ ആണെങ്കിലും നിലം തുടയ്ക്കുക എന്നത് എന്നിലേല്പിച്ച കർത്തവ്യമാണ്., അത് ചെയ്യണമെങ്കിൽ ആദ്യത്തെ വണ്ടിയിൽ ഞാൻ ഹോട്ടലിലെത്തണം.( കുവൈറ്റിൽ(റിഗ്ഗായി) ഒരു സ്റ്റാർ റസ്റ്റോറന്റിൽ ജോലി ചെയ്യുന്ന കാലം)

30 വയസ്സ്

താമസ സ്ഥലത്ത് നിന്നും ജോലി സ്ഥലത്തേക്ക് ബസ്സിലാണ് പോവേണ്ടത് , ഡ്യൂബ്ലി ചാവി ഉണ്ടാക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള ജോലിയൊന്നുമല്ല എങ്കിലും കൃത്യ സമയത്ത് തന്നെ ഷോപ്പിലെത്തണം , നേരം വൈകിയാലും സിറിയക്കാരൻ മുതലാളി ചീത്ത പറയില്ല.(കുവൈറ്റിൽ(ഹവ്വല്ലി) ഒരു ചാവി ഉണ്ടാക്കുന്ന കടയിൽ ജോലി ചെയ്യുന്ന കാലം)

31 വയസ്സ്

താമസ്സം ജോലിസ്ഥലത്തിനടുത്താണെങ്കിലും കൃത്യം 9 മണിക്ക് ഷോപ്പിലെത്തണം കാരണം ലോകത്തിലേറ്റവും വൃത്തികെട്ട നാറിയ സ്വഭാവക്കാരായ പലസ്ഥീൻക്കാരനാണ് എന്റെ സൂപ്പർവൈസർ അഹമദ്, ക്ഷമ എന്നത് എനിക്കില്ലായിരുന്നെങ്കിൽ ഞാനിന്ന് കുവൈറ്റിലെ ജയിലനകത്ത് അഴിയെണ്ണുമായിരുന്നു , പുലർക്കാലങ്ങളെല്ലാം ഇവന്റെ നശിച്ച വക്രിച്ച മുഖമോർത്തുകൊണ്ടാണ് എഴുന്നേൽക്കാറ് , ഒരു അവിശ്വാസിയായിട്ട് പോലും എനിക്കവന്റെ മുഖം കാണുന്നത് ഇഷ്ടമല്ല (കുവൈറ്റിൽ(സാൽമിയായിൽ) ഒരു സ്പോർട്സ് കടയിലെ സെയിത്സ്മാനായി വർക്ക് ചെയ്യുന്ന കാലം).

32 വയസ്സ്

ജോലി ഇല്ലെങ്കിലും താമസം ഫ്രീയല്ല, ആയതുകൊണ്ട് തന്നെ അന്നത്തിനുള്ള വകയ്ക്കായ് വൈകുന്നേരം മീൻ മാർക്കറ്റിലെത്തി മത്സ്യം ലേലം കൊണ്ട് അത് ഹോട്ടലിൽ കൊണ്ടു പോയി കൊടുക്കണം എങ്കിലേ വല്ലതും തടയൂ … പുലർകാലം എന്നത് കണികാണാത്ത കാലം (ജോലി ഇല്ലാതെ കുവൈറ്റിലെ ഷർക്ക് മിൻ മാർക്കറ്റിൽ മീൻ വിൽപന തൊഴിലാളികളായ മലയാളി സുഹൃത്തുക്കളുമൊത്ത് താമസ്സിക്കുന്ന കാലം)

33 വയസ്സ്

താമസ്സവും ജോലിയും ഒരേ സ്ഥലത്ത് ആദ്യത്തെ ക്യാമ്പ് വാസം , മരുഭൂമിയിലെ രസകരമായ പുലർക്കാലം , അസി:കുക്കിന്റെ ജോലി ഏറെ സന്തോഷം നൽകുന്നതായിരിന്നു , എന്നും പുലർച്ചെ എഴുന്നേൽക്കുമ്പോൾ എന്തല്ലാം ഉണ്ടാക്കണമെന്ന ധാരണയോടെ ഉന്മേഷത്തോടെയായിരിന്നു ( കുവൈറ്റിലെ അഹമദി മേഖലകളിലെ ഒയിൽ റിഗ്ഗിൽ കാറ്ററിംഗ് സെക്ഷനിൽ ജോലി ചെയ്യ്തിരുന്ന കാലം).

33 വയസ്സ് മുതൽ 38 വരെ

ജീവിതത്തിലെ ഏറ്റവും സുന്ദരമായ പുലർകാലങ്ങൾ ആസ്വദിച്ച കാലം , ഇറാഖിലെ നസറിയായിലെ ,മരുഭൂമിയിലെ എല്ലാ പുലർകാലവും ഏറ്റവുമാദ്യം ആസ്വദിച്ചത് പ്രായക്കാരിൽ കുറവുള്ള ഞാനായിരിക്കും ,ഡ്യൂട്ടി കാലത്ത് ആറുമണിക്കാണെങ്കിലും എന്നും മൂന്ന് മണിക്ക് എഴുന്നേറ്റ് പുലർക്കാലങ്ങളൊക്കെ ആവോളം ആസ്വദിച്ചിട്ടുണ്ട്. യൂഫ്രട്ടീസ് നദിയിൽ നിന്ന് കനാൽ വഴി ശേഖരിച്ച വെള്ളത്തിലെ കുളി, എത്ര ചൂടുള്ള കാലാവസ്ഥയിൽ ആ നദിയിലെ വെള്ളം നല്ല തണുപ്പായിരിന്നു .(ഇറാഖിലെ (മെസപ്പെട്ടോമിയ) നാസറിയായിലെ അഞ്ചു വർഷകാല ജീവിതം) ഏറ്റവും മെച്ചപ്പെട്ട ജീവിതവും , നല്ല ജോലികളൂം (ഡോക്യുമെന്റെ കണ്ട്രോൾ സ്പെഷലിസ്റ്റ്,ഓഫ്ഫീസ് അഡ്മിനിസ്റ്റ്രേറ്റീവ്)

വയസ്സ് 39

കാലത്ത് 2 മണിക്ക് എഴുന്നേറ്റാലേ നാലു മണിക്കുള്ള ലാസ്റ്റ് ബസ്സിന് മുൻപ് ഏതെങ്കിലും ഒരു ബസ്സിൽ കയറി കുവൈറ്റിലെ ഒരറ്റത്തുള്ള വിശാലമായ മരുഭൂമിയെ വളച്ചുകെട്ടിയുണ്ടാക്കിയ “അരിഫ് ജാൻ” ക്യാമ്പിലെത്താനാവൂ .. ക്യാമ്പിനകത്തേയ്ക്ക് ഒന്നെത്തിപ്പെടണമെങ്കിൽ മൂന്ന് ചെക്കിംഗ് പോയിന്റുകളിൽ ക്ഷമയോടെ ക്യൂ നിൽക്കണം എങ്കിലേ ഏഴുമണിക്കാരംഭിയ്ക്കുന്ന ഓഫീസ്സിൽ കൃത്യ സമയത്തിന് മുൻപെത്താനാവൂ (കൃത്യത അത് നിർബ്ബന്ധമാണ് അമേരിക്കൻ കമ്പനികളിൽ) … (കുവൈറ്റിലെ അരിഫ് ജാൻ ക്യാമ്പിൽ പ്രഡക്ഷൻ കണ്ട്രോളറായി ജോലി ചെയ്ത കാലം .)

വയസ്സ് 40 … മാർച്ച് 16

മകന്റേയും മകളുടേയും ഉപ്പച്ചീന്നുള്ള മണിമൊഴികൾ കേട്ടാണ് ഞാൻ ഉണരുക ….. പ്രവാസത്തോട് വിട പറഞ്ഞ് എന്റെ നാടിന്റെ പുലർകാലങ്ങൾ കഴിഞ്ഞ ഒന്നര വർഷത്തിലധികമായി ഞാൻ ആസ്വദിക്കുന്നു , എന്നും ജിമ്മിന് പോകുന്നു.. കുട്ടികളുമായും ഭാര്യയുമായിമൊക്കെ കളിച്ചുല്ലസിച്ച് ജീവിതത്തിന്റെ ആനന്ദകരമാക്കുന്നു.
എന്റെ പുലർകാലങ്ങൾ തുടരുന്നു .

Saturday, April 9, 2011

എന്റെ വോട്ട് ആർക്ക് ???



ഇന്ത്യൻ പൌരന്റെ ഏറ്റവും വലിയ പവർഫുൾ ആയുധമാണവന്റെ വോട്ടവകാശം , ഈ അവകാശം യുക്തിഭദ്രമായ രീതിയിൽ ചിന്തിച്ച് ഉപയോഗിക്കുക , കേരള ജനതയുടെ 60% ത്തിലധികം ജനതയും വ്യക്തമായ രാഷ്ട്രീയ ചിന്തയുള്ളവരാണ് ബാക്കി വരുന്ന 40 % ത്തോളം പേരിൽ ഭൂരിഭാഗവും അടിസ്ഥാനപരമായ സാഹചര്യങ്ങൾക്കനുസരിച്ച് ചിന്തിയ്ക്കുന്നവരാണ്, ഇങ്ങനെയുള്ള ചിന്തകരിൽ ഭൂരിപക്ഷം പേരും ഇടതുപക്ഷം വീണ്ടും ഭരണത്തിൽ വരണമെന്ന് ആഗ്രഹിയ്ക്കുന്നു എന്തുകൊണ്ടങ്ങനെ ജനത ചിന്തിയ്ക്കുന്നു ?

---------------------------------------------------------------

പൊന്നാനി മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥി ശ്രീരാമകൃഷ്ണന് അദ്ദേഹത്തിന്റെ ചിഹ്നമായ ചുറ്റിക അരിവാൽ നക്ഷത്രത്തിന് വോട്ട് നൽകണമെന്ന് അഭ്യർത്ഥിയ്ക്കുന്നു .. എന്തിനെന്ന് ആരെങ്കിലും ചോദിച്ചാൽ പൊന്നാനിക്കാരനായ എന്റെ ഉത്തരം ഇതായിരിക്കും

കഴിഞ്ഞ 50 വർഷത്തെ വികസനം കേവലം 5 വർഷം കൊണ്ട് ഇടത്പക്ഷ സർക്കാറും ഈ മണ്ഡലത്തെ പ്രതിനീധീകരിച്ച പാലൊളി മുഹമദ് കുട്ടിയും ചെയ്തതിനാൽ … അജയ്മോഹൻ എന്ന വ്യക്തി ജയിച്ചാൽ ഇനിയൊരിക്കലും പൊന്നാനിക്ക് വികസനമെന്നത് ഉണ്ടാവില്ല എന്നത് 100% വും ഉറപ്പാണ് കാരണം . സ്വാഭാവികമായ ചിന്ത തന്നെ ഇത്രയും വികസനം ഉണ്ടാക്കിയ മുന്നണിയെ പരാജയപ്പെടുത്തിയ ജനതയാണ് പൊന്നാനിക്കാർ ഇനിയിപ്പോ ഞാൻ വികസനം ഉണ്ടാക്കിയാലും അടുത്ത തവണ എന്നെ ഈ മണ്ടന്മാർ പരാജയപ്പെടുത്തും .

വിലപ്പെട്ട വോട്ട് വിലയറിഞ്ഞ് ചെയ്യുക .. രാമകൃഷ്ണനെ വിജയിപ്പിച്ച് സ:വി.എസിന്റെ കരങ്ങൾക്ക് ശക്തി പകരുക അദ്ദേഹത്തെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കാൻ യുക്തിപൂർവ്വം എല്ലാവരും ശ്രമിയ്ക്കുക

കേരളത്തിലെ എല്ലാ ഇടതുപക്ഷ സ്ഥാനാർത്ഥികൾക്ക് നിങ്ങളുടെ വിലയേറിയ വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിയ്ക്കുന്നു .

Saturday, April 2, 2011

ഇറാഖിയുടെ ജീവൻ …. തോക്കിൻ മുൻപിലെ നിമിഷങ്ങൾ

ഏതൊരു വ്യക്തി ജീവിതത്തിലും അനേകം മറക്കാനാവാത്ത മുഹൂർത്തങ്ങൾ സ്വാഭാവികമാണ് അതൊക്കെ മറ്റൊരാളോട് പറയുമ്പോൾ അവർ “പുളു” ബഡായി എന്നൊക്കെ പറഞ്ഞു തള്ളി കളയും കാരണം അങ്ങനെയുള്ള കാര്യങ്ങൾ ഒരിക്കലും സംഭവിക്കില്ലാ എന്നതാണ് ധാരണ , അങ്ങനെ തള്ളികളയാൻ സാദ്ധ്യതയുള്ളൊരു സത്യമാണ് ഞാനിവിടെ കുറിക്കുന്നത് ….
മെസപ്പെട്ടോമിയ, യൂഫ്രട്ടീസ്, ടൈഗ്രീസ് എന്നൊക്കെ ഹിസ്റ്ററി അധ്യാപകൻ പഠിപ്പിയ്ക്കുമ്പോൾ അതൊക്കെ എന്റെ ജീവിതത്തിലെ ഒരു ഭാഗമാവുമെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല , അഞ്ചു വർഷകാലം മെസപ്പൊട്ടൊമിയായിലെ ഏറ്റവും പ്രസിദ്ധമായ നസിറീയായിലായിരിന്നു ഞാൻ , ഇവിടെയാണ് സെമിറ്റിക്ക് മതങ്ങളുടെ പിതാവായാ അബ്രഹാമിന്റെ വാസ സ്ഥലവും വീടും നില നിന്നിരുന്നത് , ഇപ്പോഴും അതവിടെയുണ്ട്.


കഥ ഇതല്ല എന്നാൽ ഈ നാട്ടുക്കാരന്റെ (ഇറാഖിയുടെ) ദയനീയമായൊരു അവസ്ഥയാണ് വിശേഷം , ഇറാഖിലെ നസറിയ ക്യാമ്പിലെ ഒരു ഭാഷാ സഹായിയായി കുറച്ചു കാലം ജോലി ചെയ്തിരിന്നു , അങ്ങനെയിരിക്കേ ഒരു ദിവസം എന്റെ ബോസ് ജയിംസ് വെയർ തിരക്ക് പിടിച്ച് വന്നന്നെ വണ്ടിയിൽ കയറ്റി ക്യാമ്പ് ഗേറ്റിനടുത്തേക്ക് ….

ഒരു ഇറാഖി തന്റെ ക്കൈകൾ മേലോട്ട് ഉയർത്തി മുട്ടുകുത്തി , അതിന് ചുറ്റും ഒന്നര മീറ്റർ അകലത്തിലായി വട്ട വളഞ്ഞ് അമേരിക്കൻ പട്ടാളക്കാരും, ഇറാഖിയുടെ മടിയിൽ ഒരു പ്ലാസ്റ്റിക്ക് ബാഗിൽ എന്തോ ഉണ്ട് …
പട്ടാള മേജർ എന്നോട് പറഞ്ഞു “ഇയാളോട് ചോദിക്കുക എങ്ങനെ ഇവിടെ എത്തിയെന്ന്, ഇയാൾ പറയുന്നു ബസ്സിലാണ് വന്നതെന്ന് ബസ്സ് എവിടെ പോയി എന്നു ചോദിച്ചപ്പോൾ ക്യാമ്പിനകത്തേക്ക് പോയി എന്നാണ് , കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുക .ഇവരുടെ കൂട്ടത്തിലെ ഒരു പട്ടാളക്കാരന് കുറച്ച് അറബി അറിയാം അത് വെച്ച് ഇറാഖിയെ ചോദ്യം ചെയ്തിരിന്നു അതിന്റെടിസ്ഥാനത്തിലാണ് മേജർ എന്നോട് വിവരങ്ങൾ പറഞ്ഞത്.സാധാരണക്കാർക്ക് ഒരിക്കലും പ്രവേശനമില്ലാത്ത സ്ഥലത്ത് വെച്ചാണ് ഇറാഖിയെ ഇവർ പിടികൂടിയത് സാദാ ലെവലിൽ ഇറാഖിയുടെ ജഡമാവേണ്ട സമയം കഴിഞ്ഞിരിന്നു എന്നാൽ ഇയാളെങ്ങനെ വന്നുവെന്നറിയാനുള്ള ആകാംക്ഷയാണ് ഇറാഖിയുടെ ജീവൻ ഇത്രയും നീട്ടി കിട്ടിയത്

ഇറാഖിയുടെ കയ്യിൽ ബോംബൊ മറ്റോ ആണെങ്കിൽ എന്റെ കാര്യം ഗോവിന്ദ , അങ്ങനെ സംഭവിയ്ക്കുകയാണെങ്കിൽ കൂടെ ചാവാനായി പട്ടാളക്കാരും ഉണ്ടല്ലോ എന്ന സമാധാനത്തോടെ ഞാൻ ഇറാഖിയോട് ചോദിച്ചു
“നിങ്ങളെങ്ങനെയാ ഇവിടെ എത്തിയത് ?”
ഇറാഖി “ ഞാൻ അബ്ബാസിന്റെ കൂടെയാണ് വന്നത് ?
അബ്ബാസ് ആരാണ് ?
ഇറാഖി ജോലിക്കാരുടെ ഫോർമാൻ , ഇവരുടെ ഭാഷാ സഹായി കൂടിയാണ് ഇയാൾ (ക്യാമ്പിൽ 100 ളം ഇറാഖികൾ ജോലി ചെയ്യുന്നുണ്ട് അവരുടെ ഫോർമാനാണ് അബ്ബാസ്…)
അബ്ബാസ് എവിടെ പോയി ?
അബ്ബാസ് അകത്തേയ്ക്ക് പോയി ..
പാവം ഇറാഖിയുടെ ജീവൻ ഇത്രയും നേരം മുൾമുനയിൽ നിൽക്കാൻ കാരണം ഒരു അരമുറിയൻ അറബി അറിയാവുന്ന പട്ടാളക്കാരന്റെ അറിവില്ലായ്മ.
മേജറോട് ഞാൻ ചോദിച്ചു .. ഇവിടെ അബ്ബാസ് എന്നൊരു ഇറാഖിയുണ്ടോ ?
യെസ് ഉണ്ട്
അയാളുടെ കൂടെ ജോലിക്കായാണ് വന്നത് , അബ്ബാസ് ഇയാളെ ഇവിടെ നിറുത്തി ,ക്യാമ്പിനകത്തേയ്ക്ക് പോയി , അല്ലാതെ ഇയാൾ ബസ്സിലല്ല വന്നത് , അരമുറിയൻ അമേരിക്കൻ ഇറാഖിയോട് എങ്ങനെ വന്നുവെന്ന് ചോദിച്ചപ്പോൾ അബ്ബാസ് എന്നു പറഞ്ഞത് ബസ്സിലാണന്നാണ് പട്ടാളക്കാരൻ മനസ്സിലാക്കിയത് ഇതോടെ കൺഫ്യൂഷൻസും കൂടി ഒരു പാവത്തിന്റെ ജീവൻ മുൾമുനയിലുമായി.
അയാളുടെ കയ്യിലെ പൊതിയെന്താണന്ന് അഴിച്ചു പരിശോധിച്ചു, അതൊരു കറന്റ് പരിശോധനാ യന്ത്രമായിരിന്നു , ഇറാഖി അബ്ബാസ്സിന്റെ കൂടെ ഇലൿട്രിക്കൽ ജോലിക്കായാണ് വന്നത് ,അയാളുടെ പണിയായുധം പ്ലാസ്റ്റിക്ക് ബാഗിലും പിന്നെന്തെങ്കിലും വേണോ പണി പാളാൻ ..
ചോദ്യം ചെയ്യലിന് ശേഷം ഇറാഖിയെ വിട്ടയച്ചു …….