Wednesday, November 7, 2007

നേര്‍ച്ച കൊറ്റന്‍

ആയിഷുമ്മായ്ക്ക് ആറ്റു നോറ്റുണ്ടായ പുന്നാര മോളാണ് നബീസു, കല്യാണം കഴിഞ്ഞ് പത്തുകൊല്ലം കഴിഞ്ഞതിന് ശേഷം ഉണ്ടായ മുത്ത്.. നബീസുവിന്റെ ബാപ്പ മാനുപ്പയും ആയിഷുമ്മയും പത്തുകൊല്ലവും കേറാത്ത മഖ്‌ബറകളില്ല*, പ്രാര്‍‌ത്ഥിക്കാത്ത ഖബറുകളുമില്ല എല്ലാ ഔലിയാക്കന്‍‌മാരുടേയും ബര്‍ക്കത്തുകൊണ്ടുണ്ടായ നബീസുവിനെ അള്ളാന്റെ മണവാട്ടിയാകാന്‍ വകുപ്പില്ലാത്തതിനാല്‍ അള്ളാനെ തൃപ്തിപ്പെടുത്തുവാന്‍ ഓന്റെ ദീനിന് വേണ്ടി ഷഹീദായ* ബദരീങ്ങളുടെ പേരില്‍ ഒരാടിനെ നേര്‍ച്ചയാക്കി.

അഞ്ചുകൊല്ലം പോറ്റി വളര്‍ത്തിയ ആടിനെ അഴിച്ചു വിട്ടു. കഴുത്തില്‍ ഒരു ഉറുക്കും* കെട്ടി, ഉറുക്ക് കെട്ടിയ ആടിനെ തല്ലിയാല്‍ ഓന്‍‌ക്ക് പടച്ചോന്‍ നരഗത്തില്‍ പഴുത്ത ഇരുമ്പുകൊണ്ടുള്ള കട്ടിലായിരിക്കുമെത്രെ ഉറങ്ങാന്‍ കൊടുക്കുക. അതുകൊണ്ട് തന്നെ ഹോജരാജാവായ തമ്പുരാന്റെ മന:സമാധാനത്തിന് അറുക്കാന്‍ വിധിക്കപ്പെട്ട ആടിനെ ആരും കൈവെച്ചില്ല. അങ്ങാടിയിലെ കുഞ്ഞബ്ദുള്ള ആരോടോ കളിയാക്കി ചോദിച്ചുവത്രെ ... പടച്ചോന്റെ സംതൃപ്തിക്കു കൊല്ലാന്‍ വിധിച്ച ആടിനെ തല്ലിയാല്‍ ഓന് ഇരുമ്പ് ചുട്ട് പഴുത്ത കട്ടിലാണെങ്കില്‍ അതിനെ കൊല്ലുന്ന മൌലവിക്ക് ഏത് കട്ടിലാ കൊടുക്കുക.അല്ലെങ്കിലും പടച്ചോന്‍ പൊറുക്കുന്ന കാര്യാണോ ഇത് . പടച്ചോനും ബദരീങ്ങള്‍ക്കും ഒരാടിനെ കൊന്നാല്‍ സമാധാനം കിട്ടുമോ .. ഈ താടി തൊപ്പിയും ഇട്ട് മേലനങ്ങി പണിയെടുക്കാത്ത ഹംക്ക് മൌലാക്കന്‍‌മ്മാര്‍ക്ക് മൂക്കറ്റം തിന്നാനുള്ള ഒരടവല്ലേ ഈ നേര്‍ച്ചയും ബെയ്ത്തുമെല്ലാം . ഇതുകേട്ട് പണ്ടു കഞ്ചാവ് കേസില്‍ പോലീസ് പിടിച്ച അവറാന്‍ ഉറക്കെ നാലാള് കേള്‍ക്കേ പറഞ്ഞു .. ദീനും ദുനിയാവുമില്ലാത്ത കുഞ്ഞബ്ദുള്ള അതും പറയും അതിനപ്പുറവും പറയും .പടച്ചോന് നിരക്കാത്ത കാര്യങ്ങള്‍ പറയുന്ന അവന്റെ നാവ് പുഴുത്തു പോകും .

കുഞ്ഞബ്ദുള്ളന്റെ ബാപ്പ അബുക്കാന്റെ പച്ചക്കറി കടയിലെ എല്ലാ പച്ചക്കറികളും നേര്‍‌ച്ച കൊറ്റന്‍ ആളറിയാതെ വിഴുങ്ങും, ദേഷ്യം വരുന്ന അബുക്ക തൂക്ക കല്ലുകൊണ്ട് ഏറ് കുഞ്ഞബ്ദുള്ളയ്ക്കും .. ആ ദേഷ്യം ബദരീങ്ങളുടെ ആടിനോടുണ്ടാവുമെങ്കിലും പാവം അതെന്തു ചെയ്യും .. അതിന് ജീവിക്കാന്‍ ഭക്ഷണം വേണ്ടെ എന്ന ചിന്ത കുഞ്ഞബദുള്ള നിശബ്ദനാവും, പിന്നെ ഒരു ഗുണമുണ്ട് ഈ ആടിന്,മൂപ്പര്‍ക്ക് ഇഷ്റ്റം പോലെ കാമുകിമാരെ കിട്ടും അമേരിക്കന്‍ ജിവിതമണ് മൃഗങ്ങള്‍ക്കുള്ളതു കൊണ്ട് കല്യാണം കഴിക്കാതെ തന്നെ കാര്യം നേടാം. കുഞ്ഞബ്ദള്ള ഈ ആടിനെ കാണുമ്പോള്‍ ചിലത് ഓര്‍ക്കാറുണ്ട് പാവം കര്‍ത്താവിന്റെ മണവാട്ടികളുടെ കാര്യം, ചാവാന്‍ പോവുകയാനെങ്കിലും ഈ മുട്ടനാടിനു പോലും ശാരീരിക ലൈംഗീതയ്ക്ക് ഭാഗ്യമുണ്ട്, തന്റെ സ്വാര്‍ത്ഥ താല്‍പര്യം സഫലമായതിന്റെ പ്രതിഫലമായി സ്വന്തം പെണ്‍‌കുഞ്ഞിനെ, ആണ്‍‌കുഞ്ഞിനെ അവന് പോലും അറിയാതെ അവന്റെ/അവളുടെ സമ്മതം പോലുമില്ലാതെ കര്‍ത്താവിന്റെ മണവാട്ടിയായും ദാസനായും നേര്‍ച്ച കൊറ്റനെ പോലെ ഉഴിഞ്ഞിടുന്നവര്‍ ആവോളം തന്റെ ജീവിതം ആസ്വദിച്ചവരാണ്, അവര്‍ക്കെന്തവകാശമാണുള്ളത് ഒരാളുടെ വ്യക്തി ജീവിതം അവരുടെ ഇഷ്ടാനുഷ്ടങ്ങള്‍ ചോദിക്കാതെ ഉപയോഗിക്കാന്‍ .. കുഞ്ഞബ്ദുള്ള ചങ്ങാതി ബഷീറിനോട് എന്നും പറയാറുണ്ട് ..പതിനെട്ട് വയസ്സ് പ്രായമാവുന്നതു വരെ അവരുടെ ഇഷ്ടത്തിനെതിരായി യാതൊരു വിശ്വാസവും അടിച്ചേല്‍പ്പിക്കരുതെന്ന് പ്രത്യേകിച്ച് ഈ മണവാട്ടി സമ്പ്രദായത്തിനെതിരായി നമ്മുടെ നിയമ വ്യവസ്ഥ ഉണരണം ... കുഞ്ഞു മനസ്സില്‍ കര്‍ത്താവിന്റെ മണവാട്ടിയാണ് താന്നെന്നും .. സ്വര്‍ഗ്ഗത്തില്‍ കര്‍ത്താവിന്റെ കൂടെ കിടന്നുറങ്ങാന്‍ വിധിക്കപ്പെട്ടവരാണന്നും അതു വലിയ ഭാഗ്യമാണന്നും മാത്രം വിശ്വസിപ്പിച്ച് .. അതു സത്യമാണന്ന് ധരിക്കുന്ന പാവം കര്‍ത്താവിന്റെ മണവാട്ടികളെ നിങ്ങളോടെനിക്ക് സഹതാപമുണ്ട് ... ഇതൊരു മനുഷ്യാവകാശ ലംഘനമാണന്ന് ഏവരുമൊന്നറിഞ്ഞിരുന്നെങ്കില്‍...

വലിയ പള്ളിയില്‍ ബദരീങ്ങളുടെ ആണ്ടു നേര്‍ച്ച തകൃതിയായി കൊണ്ടാടാന്‍ പള്ളി കമ്മറ്റി തീരുമാനിച്ചു .. ആനയും, മുത്തുകുടയും വരവിന് ഉഷാറായ്ക്കാന്‍ ഒരുക്കങ്ങള്‍ ഗംഭീരമായി തുടര്‍ന്നു, ബാന്റ് വാദ്യവും, കുത്തി ബെയ്ത്ത് റാത്തീബും.. പിന്നെ നേര്‍ച്ച നേര്‍ന്ന ആടുകളെ അറുത്ത് നല്ല നെയ്ച്ചോറും കറിയും, തലച്ചോറും, കരളുമെല്ലാം വലിയ ഉസ്താദിന് ..അലഞ്ഞു തിരിഞ്ഞു നടക്കുന്ന, ഉറുക്ക് കഴുത്തില്‍ കെട്ടിയ ആടുകള്‍ ബദരീങ്ങളുടെ അടുത്തേക്ക് പോവാന്‍ തയ്യാറായി നിന്നു...
ഇതൊരു ചെറുകഥയല്ല .. ഇതൊരു ചെറു കാര്യം

ഫാറൂഖ് ബക്കര്‍

കൊറ്റന്‍= മുട്ടനാട്
മഖ്ബറ= ശവകുടീരം നില കൊള്ളുന്ന സ്ഥലം
ഷഹീദ്= രക്ത സാക്ഷി
ഉറുക= കടലാസ്... മന്ത്രങ്ങളെഴുതിയ കടലാസിനെ "ഉറുക്ക്"