Sunday, August 3, 2008

ലക്ഷ്യ സാക്ഷാത്ക്കാരം

ജയ said...
മതവിശ്വാസി അല്ലാത്തത് കൊണ്ട് നന്നാവുകയാണെങ്കില്‍ വിചാരം സ്വന്തം കുടുബത്തിലെങ്കിലും നന്നാവുമായിരുന്നു. സ്വന്തം കുടുബത്തെ ശ്രദ്ധിക്കാത്ത ഫാറൂഖ് ബക്കര്‍ ആണോ നാട്ടുകാരുടെ മുഴുവന്‍ പ്രശ്നങ്ങളില്‍ വികാരഭരിതമാവുന്നത്. കഷ്ടം !!!!!!
ഇങ്ങനെ പറഞ്ഞ എന്റെ പ്രിയ സുഹൃത്ത് ജയയ്ക്ക് ഈ പോസ്റ്റ് സമര്‍പ്പിയ്ക്കുന്നു.

ഇന്നന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ഒരു ദിനമാണ്. ഒരുപക്ഷെ ഏതൊരു വ്യക്തിയും ആഗ്രഹിയ്ക്കുന്ന ഒരു ദിനം. 1995 ല്‍ എന്റെ ഗള്‍ഫ് ജീവിതം ആരംഭിയ്ക്കുന്നതിന് ഒരു ലക്ഷ്യമുണ്ടായിരിന്നു എനിക്ക് താഴെയുള്ള ആറു സഹോദരിമാരുടെ വിവാഹം, ഇന്ന് എന്റെ ആറാമത്തെ സഹോദരിയുടെ വിവാഹമാണ്(03/Aug/08), അതായത് എന്റെ ലക്ഷ്യ സാക്ഷാത്കാരം അതിന്റെ അവസാനത്തിലെത്തിയ ദിനം എന്നു പറയാം.
ഏതൊരു വ്യക്തിയ്ക്കും ജീവിതത്തിനൊരു ലക്ഷ്യമുണ്ടായിരിക്കണം ആ ലക്ഷ്യം നിറവേറ്റാനുള്ള കമ്മിറ്റ്മെന്റും വേണം എങ്കിലേതൊരു ലക്ഷ്യവും നമ്മുക്ക് എളുപ്പമായി നേടാനാവും, ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോള്‍ പല പരീക്ഷണങ്ങളും നമ്മള്‍ നേരിടേണ്ടി വരും ഒരുപാട് പ്രതിസന്ധി ഘട്ടങ്ങളും വരും ഇവിടെയൊക്കെ യുക്തിപൂര്‍വ്വമായ തീരുമാനങ്ങള്‍ ചെസ് കരുക്കള്‍ നീക്കും പോലെ ചെയ്തിരിക്കണം, ചെസ് ഒരു കളിയിലിലെ നാനാചിന്തകളെയാണ് ഉണര്‍ത്തുക അത് കേവലം മണിക്കൂറുകള്‍ മാത്രം ദീര്‍ഘവീക്ഷണത്തോടെ ചിന്തിച്ചാല്‍ മതി എന്നാല്‍ ജീവിതം അങ്ങനെയല്ല ഒരു തീരുമാനമെടുക്കുമ്പോള്‍ ചുരുങ്ങിയത് ഒരു വര്‍ഷത്തെ ചിന്തയെങ്കിലും മുന്നോട്ടുണ്ടായിരിക്കണം, ഏതൊരു തീരുമാനവും സ്വന്തം മന:സാക്ഷിക്ക് ഇണങ്ങുന്നതായിരിക്കണം , ഒരിക്കലും തന്റെ തീരുമാനം ശരിയല്ലാന്ന് തോന്നാന്‍ പാടില്ല ഇവിടെയാണ് പോസിറ്റീവ് ചിന്ത വേണ്ടത് ഒരുപക്ഷെ ഏതെങ്കിലും ഒരു തീരുമാനം നമ്മുടെ ലക്ഷ്യപ്രാപ്തിക്ക് ഇണങ്ങാതെ ഇത്തിരി കാലം നമ്മെ ബുദ്ധിമുട്ടിച്ചേക്കാം പക്ഷെ കാലം നമ്മുക്കനുകൂലമായ രീതിയില്‍ നമ്മെ തേടിയെത്തും എന്ന തികച്ചും ആത്മവിശ്വാസപരമായ ചിന്തയായിരിക്കണം നമ്മെ നയിക്കേണ്ടത് തീര്‍ച്ചയായും അത് വിജയത്തിലേക്ക് നയിക്കപ്പെടും.

കേവലം 30 ദിനാര്‍ ശമ്പളത്തിലാണെന്റെ ഗള്‍ഫ് ജീവിതം ആരംഭിയ്ക്കുന്നത് അന്നതിന് 3000 രൂപ തികച്ചും കിട്ടില്ല പക്ഷെ അന്നത് എനിക്ക് വലിയ സംഖ്യ തന്നെ, റിലീസ് ലഭിച്ചു ഡൊമസ്റ്റിക്ക് വിസയില്‍ തന്നെ 80 ഉം 120 ഉം ദിനാറിന് ജോലി ചെയ്തുകൊണ്ടിരിന്നു മൂന്ന് വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനിടയില്‍ രണ്ടു സഹോദരിമാരുടെ വിവാഹം കഴിഞ്ഞു ( കുടുംബാംഗങ്ങളുടെ സഹായം ആവശ്യത്തിലധികമുണ്ടായിരിന്നു) എന്റെ ലക്ഷ്യം നേടാന്‍ ഇനിയും ധാരാളം കടമ്പകള്‍ കടയ്ക്കണം ഓരോ ദിനവും എന്നെയൊട്ടും ഈ കാര്യത്തില്‍ വ്യാകുലനാക്കിയിട്ടില്ല ഓരോ ദിനവും സാമ്പത്തിക ചിലവുകള്‍ എന്നെ (എല്ലാവരേയും പോലെ) കുഴക്കിയിരിന്നു. പക്ഷെ എന്റെ ലക്ഷ്യം അത് കൈകലാക്കുക എന്നതാണ് എന്നിലെ ചിന്ത.

സുപ്രധാനമായ ചില തീരുമാനങ്ങള്‍
ഡൊമസ്റ്റിക്ക് വിസയെ കുറിച്ചറിയാത്തവര്‍ക്ക് അതിനെ കുറിച്ചൊരു വിശദീകരണം തരാം. വീട്ടു വേലയ്ക്കായി മാത്രമുള്ള വിസ പെര്‍മിറ്റാണിത് ഖാദിം വിസ (ഡൊമസ്റ്റിക്ക് വിസ) , ഈ വിസയില്‍ കമ്പനികളിലോ മറ്റു സ്ഥാപനങ്ങളിലോ ജോലി ചെയ്തു കൂടാ അങ്ങനെ ചെയ്യുന്നത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടു പിടിക്കപ്പെട്ടാല്‍ 5 വര്‍ഷത്തേയ്ക്ക് കുവൈറ്റിലേക്ക് പ്രവേശനം തടയും വിധം ഫിംഗര്‍ എടുത്ത് നാടു കടത്തും, ഹോട്ടലുകളിലും കമ്പനിയിലും ജോലി ചെയ്യുമ്പോള്‍ ജോലിയില്‍ മാത്രമല്ല ശ്രദ്ധവേണ്ടത് പല വേഷത്തിലും പിടിയ്ക്കാന്‍ വരുന്ന അറബികളെയാണ് ചുറ്റും നോക്കുക (ഇന്നും അനേകായിരങ്ങള്‍ ഈ വിസയില്‍ കുവൈറ്റില്‍ ജോലി ചെയ്യുന്നുണ്ട് ) . ഇങ്ങനെ 3 വര്‍ഷം ജോലി ചെയ്തു ഈ അവസരത്തിലാണ് എനിക്കൊരു ജോലി തരപ്പെടുന്നത് അതുപോലെ വല്ലപ്പോഴും ഡൊമസ്റ്റിക്ക് വിസ വര്‍ക്ക് വിസയിലേക്ക് മാറ്റാവുന്ന നിയമവും നിലവിലുള്ള സമയം (കേവലം 15 ദിവസം മാത്രമേ അന്നാ നിയമം നില നിന്നൊള്ളൂ) . 120 ദിനാര്‍ ശമ്പളവും റൂമിലുള്ളവര്‍ക്ക് ഭക്ഷണം പാകം ചെയ്തു കൊടുത്താല്‍ കിട്ടുന്ന 20 ദിനാറുമടക്കം 140 ളം ദിനാര്‍ കിട്ടുന്ന ജോലി വേണ്ടന്ന് വെച്ച് വെറും 70 ദിനാര്‍ കിട്ടുന്ന ജോലി അതും ഹോട്ടലില്‍ ഡിഷ് വാഷ് ചെയ്യുന്ന വര്‍ക്ക്, എനിക്ക് ചുറ്റുമുള്ള എന്റെ എല്ലാ ചങ്ങാതിമാരും എന്റെയീ തീരുമാനത്തെ എതിര്‍ത്തു പക്ഷെ ശരിയ്ക്കും ഞാന്‍ പലവട്ടം ആലോചിച്ചപ്പോള്‍ എനിക്കാ തീരുമാനം ശരിയെന്ന് തോന്നി അതിലുറച്ചു നിന്നു, എന്തുകൊണ്ടാ തീരുമാനം ഞാന്‍ ശരിയെന്ന് തോന്നി എന്നൂടെ ഞാന്‍ പറയാം . 70 ദിനാര്‍ ശമ്പളം 10 മണിക്കൂര്‍ ജോലി വിസ അടിയ്ക്കാന്‍ ക്യാഷ് വേണ്ട (ഡൊമസ്റ്റിക്ക് വിസ ആയിട്ടു പോലും രണ്ടു വര്‍ഷത്തെ വിസ അടിയ്ക്കാന്‍ 400 ദിനാര്‍ വേണമായിരിന്നു) രണ്ടു വര്‍ഷത്തില്‍ ഒരു മാസത്തെ ശമ്പളമടക്കം ടിക്കറ്റ് താമസും ചിലവും മെഡിക്കലും സൌജന്യം, അതിനെല്ലാം പുറമെ എന്നെ ചിന്തിപ്പിച്ച പ്രധാന ഘടകം ഡൊമസ്റ്റിക്ക് വിസയില്‍ നിന്ന് വര്‍ക്ക് പെര്‍മിറ്റ് വിസയിലേക്കുള്ള മാറ്റമാണ്, മൂന്ന് വര്‍ഷം ഞാനാ ജോലി തുടര്‍ന്നു അതോടൊപ്പം ചില്ലറ കുറിപരിപ്പാടികളും. ഈയൊരു തീരുമാനമാണ് എന്റെ ലക്ഷ്യ സാക്ഷാത്കാരം നേടാന്‍ എന്നെ അനുവധിച്ചതില്‍ പ്രധാനം. ജോലി എന്തന്നല്ല നമ്മുടെ ലക്ഷ്യം അതായിരിക്കണം പ്രധാനം എന്നതാണെന്റെ ചിന്ത മറ്റൊന്ന് നമ്മുക്കൊരു ലക്ഷ്യം ഉണ്ടെങ്കില്‍ അതവസാനിക്കും വരെ മറ്റൊരു കാര്യം കൂ‍ട്ടി ചേര്‍ക്കരുത് ആ ഒരു ലക്ഷ്യം കൈവരിച്ചതിന് ശേഷം മാത്രമേ മറ്റൊന്ന് ഉന്നം വെയ്ക്കാവൂ അല്ലെങ്കില്‍ ഉദ്ദേശിച്ച ലക്ഷ്യവും അതിനിടയില്‍ കയറുന്ന ലക്ഷ്യവും നിറവേറ്റാനാവാതെ പോകും.

മറ്റൊരു സുപ്രധാനമായ തീരുമാനം 2003 ല്‍ ഞാന്‍ ഇറാഖിലേക്ക് (ഇറാഖിലേക്ക് വരണമെങ്കില്‍ വര്‍ക്ക് വിസ ആയിരിക്കണം , ഡൊമസ്റ്റിക്ക് വിസ അനുവധിയ്ക്കില്ല .. എന്റെ ആദ്യ തീരുമാനത്തിന്റെ ഗുണം )വരാനെടുത്ത തീരുമാനം, ഇതിനിടയില്‍ എന്റെ മറ്റു രണ്ടു സഹോദരിമാരുടെ വിവാഹവും നടന്നിരിന്നു അതുവഴി ഉണ്ടായ കടവും ഞാന്‍ നടത്തിയ കുറി എട്ടു നിലയില്‍ തകര്‍ന്നതിനാലും 10 ലക്ഷത്തോളം രൂപ കടക്കാരനായി ഞാന്‍ ഗത്യന്തരമില്ലാതെ നാട്ടിലേക്ക് ഒളിച്ചോടി രാത്രി സമയങ്ങളിലും കടക്കാര്‍ വീട്ടില്‍ വരാന്‍ തുടങ്ങിയപ്പോ ബംഗളുരിവിലേക്ക് വിട്ടു എന്തോ .. ഒരു വര്‍ഷത്തെ വിസ കയ്യിലുണ്ടായിട്ടും എന്തിനത് ഇല്ലാതാക്കണമെന്ന ചിന്ത വീണ്ടും എന്നെ നാട്ടിലെത്തിച്ചു തിരികെ കുവൈറ്റിലേക്ക് പോവാന്‍ തീരുമാനിച്ചു പാവം എന്റെ ഉമ്മ എന്റെ എല്ലാ വിഷമത്തിലും എന്നോടൊപ്പം വളരെ വിഷമം അനുഭവിച്ചു പ്രാര്‍ത്ഥിച്ചു ( ഞാനൊരു വിശ്വാസി അല്ലെങ്കിലും എന്റെ ഉമ്മ പ്രാര്‍ത്ഥിച്ചതിലും ആ ഉമ്മ മനസ്സ് നൊന്തതിലും ലഭിച്ച സൌഭാഗ്യങ്ങള്‍ക്ക് കണക്കില്ല) തിരികെ എത്തി ഒരു മാസത്തിനുള്ളില്‍ തന്നെ ഉമ്മ അനുഗ്രഹിച്ചയത് പോലെയുള്ള ഒരു സാഹചര്യം ഉണ്ടായി അതായത് ഇറാഖിലേക്കുള്ള അവസരം എന്റെ ചില ബന്ധുക്കള്‍ എതിര്‍ത്തെങ്കിലും (അന്ന് ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്ത് ബോംബ് സ്ഫോടനം നടന്ന് 18 ഇറ്റാലിയന്‍ പട്ടാളക്കാര്‍ കാഞ്ഞു പോയിട്ടേ ഒള്ളൂ) പക്ഷെ എന്റെ തീരുമാനം ഉറച്ചതായിരിന്നു. ഒരു ലേബര്‍ അവസരത്തിലൂ‍ടെയാണ് ഞാന്‍ ഇറാഖിലെത്തിയെതെങ്കിലും എനിക്ക് ഒത്തിരി നല്ല അവസരം ഇവിടെ നിന്ന് ലഭിച്ചു (ഒരു കാര്യം നമ്മുടെ മുന്‍പില്‍ അവസരം ഒരു രൂപയുടെ രൂപത്തിലായിരിക്കും വരിക ഒരിക്കലും പുറം കാലുകൊണ്ടതിനെ തട്ടി മാറ്റരുത് ) ..കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇറാഖ് വാസം കൊണ്ട് എന്റെ എല്ലാ കടങ്ങള്‍ വീട്ടി .. ബക്കിയുള്ള രണ്ടു സഹോദരിമാരേയും കെട്ടിച്ചു പിന്നെ സ്വകാര്യമായ എന്റെ ആഗ്രഹങ്ങളും സഫലീകരിച്ചു( എന്റെ വിവാഹവും ) .ഇനി എനിക്ക് പ്രവാസം മതിയാക്കാം അങ്ങനെ സുപ്രധാനമായ ആ തീരുമാനവും എടുത്തു 2009 ആഗസ്തോടെ നാട്ടീല്‍ സെറ്റില്‍ഡ് ചെയ്യാന്‍ (അതുവരെ വിസയുണ്ട് ) ഇനിയെന്റെ മൂന്നാം ഘട്ട ജീവിതം നാട്ടില്‍ തുടരണം അവിടേയും എനിക്കൊരു ലക്ഷ്യമുണ്ട് അതിനായുള്ള ശ്രമമായിരിക്കും ഇനിയങ്ങോട്ട് ..... ബ്ലോഗില്‍ നിറഞ്ഞ സജീവമായി തന്നെ ഉണ്ടാവുമെന്നാശിയ്ക്കുന്നു .