Wednesday, August 25, 2010

പരീക്ഷണങ്ങള്‍ ആരംഭിയ്ക്കുന്നു 3

സ്ക്കൂളിനെ സ്നേഹിച്ച അവിടെ തന്നെ ഉറങ്ങാന്‍ പോലും മോഹിച്ച ബാല്യമാണെനിക്കുണ്ടായിരുന്നത് ഒരുപക്ഷെ അതിന് കാരണം എന്റെ ഏകാകിയായി ജീവിതമായിരിക്കാം, ഇല്ലത്ത് അമ്മായിയും അവരുടെ ഉമ്മയുടെ രണ്ടു അനുജത്തിമാരും (ഇവരെ കുറിച്ച് മറ്റൊരു അധ്യായത്തിലെഴുതാം) സ്നേഹിക്കാന്‍ മാത്രം അറിയാവുന്നവര്‍ എന്നിട്ടും ഞാന്‍ വല്ലാതെ ഒറ്റപ്പെടല്‍ അനുഭവിച്ചിരുന്നു, കുഞ്ഞു നാളിലെ പുഴവക്കിലെ ചാഞ്ഞു കിടന്നിരുന്ന തെങ്ങിന്‍‌മേല്‍ ചാഞ്ഞുകിടയ്ക്കാന്‍ വലിയ ഇഷ്ടമായിരുന്നു, എന്തലാമായിരുന്നു ഞാന്‍ ചിന്തിച്ചിരുന്നത് എന്നൊന്നും എനിക്കോര്‍മ്മയില്ല എന്തലാമോ ചിന്തിച്ചിരുന്നു, ഇരുട്ടിനെ ഞാന്‍ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു ഭയവും എനിക്കില്ലായിരുന്നു.

സ്ക്കൂള്‍ വിട്ടാല്‍ കളിയ്ക്കാന്‍ പോവുക എന്ന പതിവൊന്നുമില്ലായിരുന്നു കാരണം ഞാന്‍ പറഞ്ഞുവല്ലോ ഇത്തിരി വികൃതി കൂടുതലായതിനാല്‍ ഒന്നും രണ്ടും പറഞ്ഞ് ഞാന്‍ ആരെയെങ്കിലും അടിച്ച് പരുവത്തിലാക്കുമായിരുന്നു, ഓട്ടിന്‍ കഷ്ണമുപയോഗിച്ച് അടിയ്ക്കുക ചോരവരുത്തുക ഒട്ടും കുറ്റബോധമില്ലാത് മനസ്സിന്റെ ഉടമയായിരുന്നു ബാല്യം, ഇതുകൊണ്ടല്ലാം തന്നെ കൂട്ടുക്കാരുടെ ഉമ്മമാരുടെ താക്കിത് അബുവിന്റെ മകന്‍ ഫാറൂഖുമായി ആരും കൂട്ട് കൂടരുത്, അറക്കല്‍ വളപ്പില്‍ ചങ്ങാതിമാര്‍ ഇല്ലാ‍ത്തതിനാലായിരുന്നു ഞാന്‍ സ്ക്കൂളിനെ വല്ലാതെ സ്നേഹിച്ചിരുന്നതും ഞായറാഴ്ച്ചകള്‍ അറുബോറന്‍ ദിവസങ്ങളായി തീര്‍ന്നതും.

എന്നും പിതാവിനരികില്‍ പരാതി പറയുന്ന രക്ഷിതാക്കളുടെ എണ്ണം കൂടി വന്നു, പരിഹാരം അതികഠിനമായ ശിക്ഷ തന്നെയായിരുന്നു,എന്നെ തല്ലാനായി മാത്രം വരുന്ന പിതാവ് (ഞാന്‍ ഇല്ലത്തും പിതാവ് എന്റെ തറവാട്ടിലുമായുന്നു താമസം) പച്ച മടല്‍ ചീളുകള്‍ മുറിഞ്ഞില്ലാതാവുന്നത് വരെ വല്ലാത്ത അടിയായിരുന്നു പിതാവിന്റെ കൈ കടഞ്ഞാലും അടി നില്‍ക്കില്ലായിരുന്നു, എന്റെ ശരീരത്തേക്കാള്‍ മനസ്സ് എത്ര നൊന്തിരുന്നു എന്നതിന് തെളിവ് രണ്ടാണ് ഒന്ന് ആരും കാണാതെ രാത്രി സമയങ്ങളില്‍ പുഴയരികിലെ ആ ചാഞ്ഞുകിടയ്ക്കുന്ന തെങ്ങിനടുത്ത് പോയി പൊട്ടി കരയും മറ്റൊന്ന് ആരോടിന്നില്ലാത്ത ദേഷ്യവും വെറുപ്പുമായിരുന്നു ഒരുപക്ഷെ അതായിരിക്കും ചങ്ങാതിമാരോട് എന്നും കലഹിച്ചിരുന്നത്.

തനി യാഥാസ്തിക മുസ്ലിം കുടുംബമായതിനാല്‍ അന്ന് വിദ്യാഭാസത്തിനെതിരായ ഒരു ചിന്ത പൊതുവെ മുസ്ലിംങ്ങള്‍ക്കുള്ളത് പോലെ എന്റെ കുടുംബത്തിന് ഇത്തിരി അധികമായിരുന്നു, എഴുതാനും വായിക്കാനും മാത്രം മതി എന്ന ചിന്ത, തറവാട്ടിലെ പിതാവിന്റെ വാസം, അവരുടെ വാക്ക് കേള്‍ക്കാന്‍ ഉപ്പ നിര്‍ബ്ബന്ധിതനായിരുന്നതിനാല്‍ എന്റെ പഠനം നാലാം തരത്തില്‍ വെച്ച് അവസാനിപ്പിയ്ക്കാന്‍ തീരുമാനിച്ചു ഇന്നും എന്റെ മനസ്സില്‍ ഉപ്പ അന്ന് പറഞ്ഞ വാക്കുകള്‍ മായാതെ കിടയ്ക്കുന്നു “ ഹംസക്കാന്റെ മകന്‍ മജീദ് നാലില്‍ പഠിപ്പ് അവസാനിപ്പിച്ചു നീ അഞ്ചിലേക്ക് ജയിച്ചില്ലേ ഇനി പഠിപ്പൊക്കെ മതി പീടികയില്‍ വന്നിരിക്കുക (എന്റെ പിതാവിനൊരു പച്ചക്കറി കടയുണ്ടായിരുന്നു)“ ആരാരും അനുകൂലിക്കാനില്ലാത്ത സമയം കേവലം ഒന്‍പത് വയസ്സ് പ്രായം മാത്രം, എന്റെ പിതാവിന്റെ തീരുമാനത്തെ ഞാന്‍ തനിയെ തന്നെ ശക്തിയുക്തം എതിര്‍ത്തു, അന്നെന്റെ ഉമ്മ പറഞ്ഞതും എന്റെ ഓര്‍മ്മയില്‍ തെളിയുന്നു, ഉമ്മയോട് ഞാന്‍ പറഞ്ഞതും “ നിനക്ക് പീടികയില്‍ പോയിരിക്കാന്‍ കഴിയില്ലെങ്കില്‍ കല്പണിക്ക് പോയികൂടെ ഇനി പഠിക്കേണ്ട” അതിനുള്ള ഒന്‍പത് വയസ്സുക്കാരന്റെ മറുപടി “ഉമ്മാ കല്പണിയ്ക്ക് പോയാല്‍ 15 രൂപ കിട്ടും (അന്ന് പണി അറിയാത്തവന് 15നും പണിക്കാരന് 35 രൂപയുമായിരുന്നു) എന്നാലാ പൈസ ഒരു ദിവസം കൊണ്ട് തീരും പഠിച്ചാല്‍ എനിക്കൊത്തിരി സമ്പാദിക്കാനാവും, എന്റെ വാക്കുകള്‍ ശ്രവിയ്ക്കാന്‍ ആരും തയ്യാറായില്ലെങ്കിലും എന്റെ തീരുമാനത്തില്‍ ഞാന്‍ ഉറച്ചു നിന്നു, പഠനം ഞാന്‍ തുടര്‍ന്നു, എന്റെ ജീവിതത്തിലെ ആദ്യത്തെ പരീക്ഷണമായിരുന്നു അത്, അതിന്റെ വിജയവും.