Saturday, March 15, 2008

ഇന്നന്റെ ജന്മദിനം നാളെ വിവാഹ വാര്‍ഷികവും







ഇന്നെന്റെ ജന്മദിനമാണ് എത്രാമത്തെ എന്നു ചോദിച്ചാല്‍ കൈപ്പള്ളിയോടടുക്കും എനിക്ക് സമാനരായി അഗ്രജനും, തമനുവും,ബയാനും തറവാടിയുമെല്ലാം ഉണ്ട് .. ശരീരത്തിന്റെ പ്രായത്തേക്കാള്‍ മനസ്സിന്റെ പ്രായമാണ് പ്രധാനം എന്നു കരുതുന്ന ഒരുവനാണ് ഞാന്‍ . ജന്മദിനം നാലാളെ വിളിച്ച് ആഘോഷിക്കേണ്ട ഒന്നല്ല അതൊരു ഓര്‍മ്മപ്പെടുത്തലാണ്,
ഇത്രയും കാലത്തെ ജീവിതത്തെ ഞാന്‍ എങ്ങനെ കാണുന്നു.. ഞാന്‍ എന്തല്ലാം നേടി എന്നൊന്നു വിലയിരുത്തട്ടെ.
എന്റെ കഴിഞ്ഞ കാല ജീവിതം തികച്ചും പൂര്‍ണ്ണ സന്തോഷകരമായിരുന്നു, പൂര്‍ണ്ണ സംതൃപ്തിയും നല്‍കുന്നു ഒരുപക്ഷെ ഒത്തിരി ബ്ലോഗേര്‍സ്സിനും മറ്റു ചങ്ങാതിമാര്‍ക്കും ലഭിയ്ക്കാതത്ര രസകരമായ ജീവിതമാണെനിക്ക് ലഭിച്ചത്.മറ്റുള്ളവരെ അപേക്ഷിച്ച് കുറവാണെങ്കിലും ഒഴുക്കിനെതിരെ നീന്തി ലഭിച്ച വിദ്യാഭ്യാസവും അതിനെ അടിസ്ഥാനമാക്കി ലഭിച്ച അനുഭവ സമ്പത്തും ഒത്തിരി ഒത്തിരി തിക്താനുഭവങ്ങളും എന്റെ ജീവിതത്തിന്റെ മാറ്റ് കൂട്ടുന്നു. പറയത്തക്ക വലിയ വിദ്യാഭ്യാസമൊന്നും എനിക്കില്ല എന്നാല്‍ 16മത്തെ വയസ്സുമുതലുള്ള യാത്ര (ബോംബെ) ഇപ്പോഴും തുടരുന്നു ഇതിനിടയില്‍ ഞാന്‍ എന്തല്ലാം ജോലി ചെയ്തു .... പഠിയ്ക്കുന്ന അവസരത്തില്‍ കാലത്ത് എന്റെ സ്വന്തം ചിലവാനായ് പത്രവിതരണം- മലയാള മനോരമ, മാതൃഭൂമി, ജനയുഗം- പിന്നെ ആന്റിന ഫിറ്റിംഗ്സ് ഇവയില്‍ നിന്നല്ലാം കിട്ടുന്ന വരുമാനം എന്റെ വിദ്യാഭ്യാസത്തിനും കൊച്ചു കൊച്ചു ആഗ്രഹങ്ങള്‍ക്കും തണലേകി. ഇതിനിടെ ഇങ്ങനെ ലഭിച്ച വരുമാനം കൊണ്ട് ഒരല്പസ്വല്പം കമ്പ്യൂട്ടര്‍ ജ്ഞാനം പിന്നെ ഹോട്ടല്‍ മനേജ്മെന്റ് പഠനം ലക്ഷ്യം ഗള്‍ഫായിരുന്നു, എന്തെങ്കിലും ക്കൈ തൊഴില്‍ അറിയണമെന്നത് ജീവിത്തിന് ആയാസകരമായി മുന്നോട്ട് നയിക്കാനാവും എന്ന ചിന്ത.എനിക്കാരും നല്ല ഉപദേശം തന്നില്ല.. വിദ്യാഭ്യാസത്തിന് സഹായിച്ചില്ല എന്നൊന്നും ഞാന്‍ പരാതിപ്പെട്ടിട്ടില്ല കാരണം കുഞ്ഞുനാളിലെ ലഭിച്ച നല്ല അനുഭവങ്ങള്‍ പരിഭവങ്ങളെ എന്റെ സുഹൃത്തല്ലാതാക്കിയിട്ടുണ്ട്.
1995 ഏപ്രില്‍ 7 ന് ഞാന്‍ കുവൈറ്റിലെത്തി,
അറബി വീട്ടിലൊരു സാദാ വേലക്കാരന്‍, ജോലി രാത്രിയായിരുന്നു. ദിവാനിയായില്‍ വരുന്ന അതിഥികള്‍ക്ക് ചായയും ഗഹ്‌വ (കോഫി)യും കൊടുയ്ക്കുക, പുലര്‍ച്ച വരെ ചീട്ടുകളിച്ചു കൊണ്ടിരിക്കുന്ന അറബികള്‍ക്ക് ആവശ്യാനുസരണം ചായ ഗഹ്‌വ എന്നിവ നല്‍കുക. തുടങ്ങിയ ജോലി ഒരു വര്‍ഷത്തോളം. ഈയൊരു ജോലിയില്‍ നിന്ന് എനിക്ക് ലഭിച്ച അനുഭവം പറഞ്ഞറീയ്ക്കാനാവാത്തതാണ്, ഒരു വര്‍ഷത്തെ എന്റെയീ ജീവിതം ഒത്തിരി വലിയ പാഠം പഠിപ്പിച്ചു.. അടിമത്ത്വം എത്ര ഭയാനകമാണന്ന തിരിച്ചറിവ്.അസഹനീയമായ ആ ജിവിതം ഒരുവര്‍ഷമേ നീണ്ടു നിന്നൊള്ളൂ ... പിന്നീടങ്ങോട്ട് ഇതുവരെ ... ഇത്രയും കാലത്തിനുള്ളില്‍ എന്തല്ലാം ജോലികള്‍ .. ഹോട്ടലില്‍ പാത്രം കഴുകുന്നവന്‍,അസി: പാചകക്കാരന്‍, പ്രധാന പാചകക്കാരന്‍, പച്ചക്കറി വണ്ടിയില്‍ സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്നവന്‍, ചാവി ഉണ്ടാക്കുന്നവന്‍, ചെരുപ്പു കടയില്‍ സെയില്‍‌സ് മാന്‍, സ്റ്റാര്‍ റസ്റ്റോറന്റില്‍ വെയിറ്റര്‍,മീന്‍ വില്‍‌പനക്കാരന്‍, ലാണ്ടറിമാന്‍, റിഗ് ബോയ് (പെട്രോളിയം റിഗ്), ഡക്കറേഷന്‍ കമ്പനിയിലെ ലേബര്‍ (ഏറ്റവും കഠിനമായ ജോലിയായിരുന്നു അത്) .... സദ്ദാമിന്റെ പതനത്തോടെ 2003 ല്‍ ഇറാഖിലേക്ക് ഒരു ലേബറുടെ വേക്കന്‍സിയിലാണന്ന് എത്തിയതെങ്കിലും ടൂള്‍ റൂം മാന്‍, ഡോക്കുമെന്റ് കണ്ട്രോള്‍ സ്പെഷലിസ്റ്റ്, ലാണ്ടറി അഡ്മിന്‍ , ഏ.സി ഡിപ്പാര്‍ട്ട്മെന്റ് അഡ്മിനില്‍ എത്തി നില്‍ക്കുന്നു. വിവിധ മേഖലകളില്‍, വ്യത്യസ്ഥ രാജ്യക്കാരുമായി ഒരുമിച്ച് ജോലി ചെയ്തു ഒത്തിരി ഭാഷകള്‍ എന്നിവയായിരുന്നു ധനത്തേക്കാളേറെ എനിക്ക് ലഭിച്ച സമ്പാദ്യം.ഒത്തിരി നല്ല ചങ്ങാത്തവും.. രണ്ടു വര്‍ഷം മുന്‍പാണ് ഞാന്‍ ബ്ലോഗില്‍ എത്തുന്നത് യാദൃശ്ചികമായാണ് ഞാനിവിടെ എത്തുന്നത് .... ഒരു ബ്ലോഗുണ്ടാക്കി ബ്ലോഗിനെ കുറിച്ച് യാതൊരു കേട്ടറിവും ഇല്ലാതെ ... അന്നൊരു പുതിയ ബ്ലോഗ് വന്നാലുടന്‍ സഹായത്തിനായി ഒത്തിരി പേര്‍ രംഗത്ത് വരും അങ്ങനെ വന്ന പലരില്‍ ഒരാളായ ഇന്ന് അമേരിക്കയില്‍ ജോലിചെയ്യുന്ന ശ്രീജിത്താണ് ബ്ലോഗിംഗിന്റെ എല്ലാ ഏ.ബി.സി.ഡിയും പഠിപ്പിച്ച് തന്നത്.. നന്ദി ശ്രീജിത്ത്.
2006 ഇതേ ഒരു ദിവസം(മാര്‍ച്ച് 16) ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് കുവൈറ്റില്‍ നിന്ന് നാട്ടിലെത്തി അന്നു വൈകുന്നേരം വീട്ടുക്കാര്‍ കണ്ടുവെച്ച പെണ്ണിനെ കണ്ടു ..അവളെ കണ്ടപ്പോഴാണ് എന്റെ മനസ്സില്‍ പണ്ട് ഞാന്‍ മോഹിച്ച പെണ്ണായിരുന്നു അവളെന്ന് മനസ്സിലായത്. പിന്നെ ഇഷ്ടക്കേടിന്റെ ഒരാവശ്യം ഇല്ലല്ലോ .. ഒത്തിരി കാര്യങ്ങള്‍ വന്നിട്ടും ഒന്നും ശരിയാവാതെ എനിക്കായ് കാത്തിരിക്കുന്നത് പോലെ തന്നെയായിരുന്നു അവളുടേയും കാര്യം. എന്റെ വിവാഹത്തിലുമുണ്ട് എന്റെയൊരു ടച്ച് ... അവളെ കണ്ടു എന്റെ കാര്യമങ്ങ് തുറന്ന് പറഞ്ഞു എന്‍െ കൂടെ ജീവിയ്ക്കാന്‍ തയ്യാറുണ്ടോന്ന് ചോദിച്ചു .. സമ്മതം എന്നു മൂളിയ ഉടനെ അപ്പോ തന്നെ ഞാനങ്ങട് കല്യാണം നിശ്ചയിച്ചു .. എന്നാ നാളെ നമ്മടെ കല്യാണം എന്താ.. സമ്മതമല്ലേ .. ഒരു ചായ പോലും എന്റെ വീട്ടില്‍ സ്പെഷലായി ഉണ്ടാക്കാതെ ഒരൊറ്റ ബന്ധു പോലും ക്ഷണിക്കാതെ എന്റെ വിവാഹം നടന്നു 2006 മാര്‍ച്ച് 17 ന് ... (ബന്ധുക്കളുടേയും അയല്‍‌വാസികളുടെ പൂര്‍ണ്ണ സമ്മതം വാങ്ങിച്ചിട്ടുണ്ടായിരുന്നു ട്ടോ) തീര്‍ത്തും സ്ത്രീധന രഹിതവും ആര്‍ഭാരഹിതവും ലളിതവും (ഇതിനേക്കാള്‍ ലളിതം മറ്റെന്താ അല്ലേ.. മറ്റൊരു രസം .. എന്നും കാലത്ത് കട തുറയ്ക്കുന്ന ബാപ്പ .. അന്നും പതിവ് പോലെ കട തുറയ്ക്കാന്‍ പോകുകയായിരുന്നു.. അപ്പോള്‍ ഉമ്മ.." അല്ലാന്ന്.. ഇങ്ങളെവിടെ പോവാ? ".. "ഞാന്‍ കട തുറയ്ക്കാന്‍" ... അതിപ്പം നല്ല ചേലായി.ഇന്നിങ്ങളെ മൂത്ത മോന്റെ കല്യാണമാണ് " .. അന്തവിട്ട ബാപ്പ അവിടെ കുത്തിരിന്നു .. ) ആയ എന്റെ വിവാഹം കഴിഞ്ഞ് 9 മാസവും അഞ്ചു മിനിറ്റും കഴിഞ്ഞപ്പോള്‍ (2006 ഡിസംബര്‍ 17 ന് രാത്രി 12.5 അതായത് 18.ന് ആറു മിനിറ്റായപ്പോ ഞങ്ങള്‍ക്കൊരു മകള്‍ ജനിച്ചു അങ്ങനെ ഞാനൊരു തന്തയായി .. ബ്ലോഗില്‍ ഞാനെന്റെ മകള്‍ക്ക് പേരന്വേഷിച്ചു . ഒരു മലയാളിത്വമുള്ള പേരാണ് ഞാന്‍ ആവശ്യപ്പെട്ടത് ഒത്തിരി പേര്‍ പേര് നിര്‍ദ്ദേശിച്ചു .. ഞാനൊരു മുസ്ലിം സമുദായംഗമായതിനാല്‍ ഇസ്ലാമിക ചുവയുള്ള പേരായിരുന്നു നിര്‍ദ്ദേശിച്ചത് തികച്ചും വ്യത്യസ്ഥമായി ഇബ്രു നിര്‍ദ്ദേശിച്ച പേരാണ് "സ്നേഹ" .. സാധാരണ മക്കളുടെ പേരിനൊപ്പം അച്ചന്റെ പേരാണ് ഇടുക ഇവിടേയും ഞാ‍നത് തിരുത്തി .. 9 മാസം വയറ്റില്‍ കാലോ വളരുന്നത് കൈയ്യോ വളരുന്നത് എന്ന് സ്വപ്നം കണ്ട് .. സൂക്ഷിച്ച് ഒത്തിരി വേദനകളും യാതനകളും സഹിച്ച് പ്രസവിച്ചതിന് ശേഷം മക്കളുടെ അവകാശി അച്ചന്‍ മാത്രം പിന്നെ ഒരു ഉറപ്പിനാണ് ഈ അച്ഛന്റെ പേരിടല്‍ കൊണ്ടുദ്ദേശിക്കുന്നത് എനിക്കുറപ്പാണ് അതെന്റെ മകളാണന്ന് അതുകൊണ്ട് എന്റെ മകളുടെ പേരിനൊപ്പം സലീന എന്ന എന്റെ ഭാര്യയുടെ പേര്‍ അല്പം പരിഷ്ക്കരിച്ച് എന്റെ മകള്‍ക്ക് "സ്നേഹ സെലിന്‍" എന്നാക്കി .... നാളെ ഞങ്ങളുടെ രണ്ടാം വിവാഹ വാര്‍ഷികവുമാണ്