Tuesday, May 10, 2011

കൂതറ പരിപാടി

കൂതറ പരിപാടിയെന്ന് കേട്ട് ഹാഷിം വാളെടുക്കേണ്ട
ആദ്യമിത് വായിക്കുക

കൂട്ടാൻ ഒട്ടും രുചിയില്ലാതായിട്ട് കുറച്ച് മാസങ്ങളോളമായി, എനിക്ക് രുചി തോന്നിയിരുന്ന ഏതൊരു ഭക്ഷണത്തിനും വല്ലാത്തൊരു അരുചി ,അനാവശ്യത്തിനും ആവശ്യത്തിനും കയർക്കുക, ചുമ്മാ തല്ലൂടാൻ വരിക എന്നീ കലാപരിപാടികൾ , ഞാൻ അധികം മൈന്റ് ചെയ്യാത്തതിനാൽ ചായ കോപ്പയിലെ കൊടുങ്കാറ്റായി അതങ്ങ ആറി തണുക്കും പക്ഷെ ദിനവും തുടരുന്ന എന്റെ ഭാര്യയുടെ ഈ കാട്ടികൂട്ടലുകൾ എന്തെന്നറിയാൻ പണിക്കരുടെ അടുത്തെങ്ങാനും എനിക്ക് പോവാനും ആവില്ല കാരണം ഞാനൊരു യുക്തിവാദിയാണല്ലോ , അതിനുള്ള ഉത്തരം യുക്തിപരമായി തന്നെ കണ്ടെത്തണം അങ്ങനെ എന്റെ യുക്തിയിൽ ഇവളുടെ സ്വരൂപ ലക്ഷണങ്ങൾക്ക് കാരണം കണ്ടെത്താനുള്ള അന്വേഷണം എവിടേയും എത്തിയില്ല.

അങ്ങനെയിരിക്കെ ആ കൊടും ഭീകര സത്യം ഭാര്യയുടെ തിരുനാവിൻ തുഞ്ചത്ത് നിന്ന് തന്നെ ഒഴുകിയെത്തിയത് …

കഥയല്ലയിത് ജീവിതം എന്ന പരിപാടിയിലേക്ക് ഞാൻ നിങ്ങളെ വരുത്തും …. ഇതുകേട്ട് ഞാനൊന്ന് ഞെട്ടി .ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണാവോ ആ കൂതറ പരിപാടിയിലേക്ക് എന്നെ അവൾ പാമ്പിൻ കളത്തിലേക്ക് പാമ്പിനെ ഊതി വരുത്തിയ്ക്കും പോലെ വരുത്തിയ്ക്കുന്നത് ? മോഹം .. എന്റെ ഭാര്യയുടെ അതിയായ മോഹം ഈ കൂതറ പരിപാടിയിലേക്ക് അവൾക്ക് എത്തിപ്പെടണമെങ്കിൽ ഞാനുമായി അവൾ എന്തെങ്കിലും കാരണത്താൽ തെറ്റി പിരിയണം , അതിനുള്ള കലാപരിപാടികളായിരിന്നു മേൽ പറഞ്ഞ പ്രവൃത്തികൾ … രുചിയില്ലാത്ത ഭക്ഷണം ഉണ്ടാക്കിയാൽ ഏതൊരു ഭർത്താവും ചുമ്മാ ഒന്ന് പിറുപിറുക്കും , ഇതൊക്കെ കണ്ടില്ലാന്നുള്ള എന്റെ ഭാവം അവളുടെ കൂതറ പരിപാടിയിലേക്കുള്ള ആദ്യപടിയ്ക്ക് വലിയ പ്രഹരമേറ്റു , അസഹ്യമായിട്ടായിരുന്നു അവൾ തുറന്ന് പ്രഖ്യാപിച്ചത് .. നിങ്ങളെ ഞാൻ വരുത്തും .. മുഴുവൻ പറഞ്ഞു തീർത്ത ഉടനെ മനസ്സിൽ അതുവരെ കൊണ്ടു നടന്നിരുന്നതൊക്കെ ഒരു കൊടുങ്കാറ്റായി അതിശക്തമായ മഴയായി ….. അപ്പോ .. അതുശരി ഇതായിരുന്നോ നിന്റെ അസുഖം , കുറച്ച് നാളായി ഞാൻ ശ്രദ്ധിയ്ക്കുന്നു നിന്നിലെ നാഗവല്ലി മാറ്റങ്ങൾ … അപ്പോഴേ അങ്ങനെ വല്ല മോഹവും മനസ്സിലുണ്ടെങ്കിൽ അതങ്ങ മാറ്റി വെച്ചോളി അതുമാത്രമല്ല , ആ കൂതറ പരിപാടിയോ ആ ചാനലിലെ അമ്മയുടെ വിളയാട്ടമോ മറ്റോ കണ്ടു പോകരുത് , സമാധാനമായി ജീവിയ്ക്കുന്ന കുടുംബത്തിൽ കല്ലു വാറിയെറിയുന്ന ഓരോരോ പരിപാടികളുമായി വന്നോളും നാറികൾ …

നല്ല കുടുംബത്ത് പിറന്നവരോ, നല്ല വ്യക്തിത്വ ചിന്തയുള്ളവരോ ആ പരിപ്പാടി കാണുകയോ ആ പരിപാടിയിൽ പങ്കെടുക്കുകയോ ചെയ്യില്ല അത്രയ്ക്ക് മോശമായൊരു പരിപാടി ടെലിവിഷൻ ചരിത്രത്തിൽ ഉണ്ടാവില്ല…
ഇതാണ് ഹാഷിമേ കൂതറ പരിപാടി അല്ലാതെ നിന്നെയല്ല ഞാൻ പറഞ്ഞത്.

Tuesday, May 3, 2011

എൻഡോസൽഫാൻ ദുരിത ബാധിതരെ നാം എന്തു വിളിക്കണം ?

സൌമ്യ ശ്രീ അവളുടെ അമ്മയോടൊപ്പം


പ്രസീത അവളുടെ വീടിന്റെ വരാന്തയിൽ ഞങ്ങളോട് കുശലം പറയാനായി ഇരിക്കുന്നു

അതിര് കർണ്ണാടകയിലായി പോയ പാവം നാസർ

തംസീറ … നിരന്തരം തലയാട്ടി തികച്ചും ഭയപ്പാടോടെ മാത്രം ഞങ്ങളെ നേരിട്ട ഒരു പാവം പെൺകുട്ടി

ആബിദ ഷാഹിറ സഹോദരിമാർ അവരുടെ വീടിന്റെ വരാന്തയിൽ

ഗുലാബി , അവരുടെ കൊച്ചു വീട്ടിനുള്ളിൽ , ഇതിനെ വീടെന്ന് പറയാനാവുമോ ?

ഉമ്മയും ഒരു മകളുമായി അവരുടെ അടച്ചുറപ്പില്ലാത്ത വീട്ടിൽ

ഞാൻ അവരെ യേശുവിന്റെ പ്രതിരൂപങ്ങൾ എന്ന് വിളിക്കുന്നു , (ഇവിടെ ഞാൻ നിരീശ്വരവാദിയാണതിൽ പ്രസക്തിയില്ല അനാവശ്യമായ ചോദ്യങ്ങൾ ചോദിക്കരുതെന്ന് മുൻകൂട്ടി പറയുന്നു).

ലോക ജനതയിൽ ഭൂരിഭാഗവും യേശുവിനെ വിലയിരുത്തുന്നത് .. ലോകത്തുള്ള എല്ലാവരുടേയും പാപങ്ങളെ തന്റെ രക്തത്തിലൂടെ ശുദ്ധീകരിച്ചു എന്നതാണ് ഇതൊരു കേവലം വിശ്വാസമാണ് എന്നാൽ എൻഡോസൽഫാൻ ദുരിതബാധിതർ ശരിക്കും സ്വന്തം ജീവിതം കൊണ്ട് ലോകത്ത് ഇപ്പോൾ ജീവിയ്ക്കുന്നവർക്കും ജനിയ്ക്കാൻ പോകുന്നവർക്കും വേണ്ടി സ്വന്തം ജീവിതത്തെ ത്യജിച്ചവരല്ലേ (അവരറിയുന്നില്ല എങ്കിലും) ?
അതേ … മാലാഖമാരേയും പുണ്യവാന്മാരേയുമായിരിന്നു ഞങ്ങൾ കാണാൻ പോയത് … ലോകത്തിന് വേണ്ടി സ്വന്തം ജീവിതത്തെ ദുരിതമയമാക്കപ്പെട്ട ഒരു കൂട്ടം പാവം നിസഹായവരുടെ ദുരിതപൂർണ്ണമായ ജീവിതം .. ദൃശ്യമാധ്യമങ്ങൾ നമ്മുക്ക് മുൻപിൽ ഒത്തിരി യാഥാർത്ഥ്യങ്ങൾ കാണിച്ചു തന്നിരിക്കുന്നു കണ്ടതിനേക്കാളധികം ഇനിയും കാണാനുണ്ടന്നാണ് എന്റെ കാഴ്ച്ചപ്പാട് .

ഞാൻ ഓരോ ദുരിതബധിതരെ കാണുമ്പോഴും , എന്റെ മനസ്സിൽ ഒത്തിരി ചോദ്യങ്ങൾ സ്വയം ചോദിച്ചു , ഇവർ സ്വയം കാഴ്ച്ചവസ്തുവാക്കപ്പെടുന്നുണ്ടെങ്കിലും ഇവർക്ക് ആവശ്യമുള്ളതൊന്നും ലഭിയ്ക്കുന്നില്ല എന്ന സത്യം , ഇവരുടെ പരിസരത്ത് കിട്ടുന്ന ഒരു മാങ്ങ, ചക്ക എന്നിവ പോലും ഇവർക്ക് അന്യമാണ് അതിന് പോലും ഇവർ കൈ നീട്ടേണ്ടി വരുന്നു .. കേരള ജനത ഒന്നടങ്കം ഇവരെ മുൻനിറുത്തി എല്ലാ ജനതയ്ക്കും വേണ്ടി നിരാഹാരം കിടന്നും മറ്റും ശബ്ദിയ്ക്കുമ്പോൾ , ദുരിതബാധിതരായ ഈ പാവങ്ങളുടെ ആവശ്യങ്ങളെ കുറിച്ച് ഒരു നിമിഷമെങ്കിലും ചിന്തിച്ചിരിന്നുവോ ? അങ്ങനെ ചിന്തിച്ചിരുന്നുവെങ്കിൽ അവർക്ക് നല്ല വസ്ത്രങ്ങളും മറ്റു സൌകര്യങ്ങളും എത്രയോ ലഭിയ്ക്കുമായിരിന്നു .


ഞങ്ങൾ കണ്ട ദുരിതബാധിതരിൽ ഒരാളായ ഖുലാബി ,എത്ര മനോഹരമായ നാമം എന്നിട്ടോ ? വാടി തളർന്ന പനിനീർ പുഷ്പം പോലെ നീല ടാർപാളിൻ മേൽകുരയാക്കി ഒരു തുറന്ന മുറിയ്ക്കുള്ളിൽ അടുക്കളയും കിടപ്പ് മുറിയും കീറിയ പായയിൽ കാല് നിവർത്തി ഇരിക്കുന്ന തികച്ചും ദയനീയമായ അവസ്ഥ , ഇവർക്ക് ലഭിയ്ക്കുന്ന ഓരോ രൂപയും ഏറ്റവും വലിയ ആശ്വാസമായിരിക്കും, ഒരു നല്ല കട്ടിൽ കിട്ടിയിരുന്നെങ്കിൽ ഒരു നല്ല പുതപ്പ് കിട്ടിയിരുന്നെങ്കിൽ എന്നൊക്കെ മാത്രം ആശിയ്ക്കുന്നവരാണിവരെന്ന് നാം അറിയുന്നുണ്ടോ ? അറിയണം അവർക്ക് നൽകുന്ന എന്തും അവർക്ക് ആവശ്യമുള്ളതാണ്.

ആബിദയും ഷാഹിറയും സഹോദരിമാരാണ്, ഞങ്ങൾ ചെല്ലുമ്പോൾ ഷാഹിറ ചക്ക തിന്നാൻ ശ്രമിയ്ക്കുകയായിരിന്നു എങ്ങനെ ചക്ക തിന്നണമെന്നു പോലും നിശ്ചയമില്ലാത്തൊരു അവസ്ഥ, തലചോറിന്റെ വളർച്ച ശരീര വളർച്ചയെക്കല്ലാതെ മാനസ്സികമായ വളർച്ചയ്ക്ക് തലച്ചോർ പാകമായിർന്നില്ല രണ്ടു പേരുടേയും, എല്ലാ എൻഡോസൽഫാൻ ദുരിതർക്കും ബാധിച്ചിരിക്കുന്ന പ്രശ്നം അവരുടെ ജന്മനാ തന്നെയായിരിക്കണം , ഗർഭാവസ്ഥയിൽ അമ്മ കഴിച്ചതോ , ശ്വസിച്ചതോ ആയ എൻഡോസൽഫാന്റെ വളരെ ചെറിയൊരു ഘടകമായിരിക്കണം കുഞ്ഞിന്റെ തലചോറിനെ ബാധിട്ടുണ്ടാവുക അതുകൊണ്ട് തന്നെയാണ് ഇവരൊക്കെ മന്ദബുദ്ധികളായവരും തലച്ചോർ വലുതായ അവസ്ഥയുള്ളവരായും , തലചോർ ഒട്ടും വളരാത്തവരായും തീർന്നത്, ലോകമെന്തന്ന് പോയിട്ട് തനിക്ക് ചുറ്റുമുള്ളവർ ആരൊക്കെ എന്നു പോലും തിരിച്ചറിയാനാവാത്ത അവസ്ഥ .. ഇവരെ സംരക്ഷിക്കേണ്ട ബാധ്യത നമ്മുക്കല്ലാതെ മറ്റാർക്കാണ് ?

നാസർ വയസ്സ് 21 ആയിട്ടും ഒരു വാക്ക് പോലും സംസാരിക്കാനായിട്ടില്ല , സാധാരണ കേൾവി കുറവുള്ളവരാണ് ഊമയാവുക എന്നാൽ നാസറിന് കേൾക്കാനാവും പക്ഷെ പ്രതികരിക്കാനാവില്ല കാരണം ജന്മനാ അവന്റെ തലചോർ പ്രവർത്തന രഹിതമായി മനുഷ്യന്റെ ലാഭകൊതിയാൽ , കശുമാവിൻ പൂവുകൾ കരിഞ്ഞ് പോവാതിരിക്കാനും അതുവഴി കശുമാവിന്റെ എണ്ണം കൂട്ടാനും അതിലൂടെ അനേകം പണം സമ്പാദിക്കാമെന്നുള്ള മനുഷ്യന്റെ അതിമോഹത്തിന്റെ ഇരകളായ പാവങ്ങൾക്കു പോലുമറിയില്ല ഞങ്ങൾ ഈ ഭൂമിയിൽ ജീവിയ്ക്കുന്നുണ്ടോന്ന് , നാസറിനും അവന്റെ കുടുംബത്തിനും ഒരു ദുര്യോഗം കൂടിയുണ്ട് ഈ പാവങ്ങളെ കേരള സർക്കാറിന്റെ ഒരു സഹായത്തിനും അർഹരല്ലാന്ന് മാസത്തിൽ കിട്ടുന്ന 400 രൂപയുടെ കർണാട സർക്കാറിന്റെ പെൻഷനല്ലാതെ മറ്റൊരു സഹായവും നാസറിന് ലഭിയ്ക്കില്ല കാരണം നാസറിന്റെ വീട് ഭൂമിശാസ്ത്രപരമായി കർണ്ണാടകയിലായി പോയി , നാസറിന് പ്രത്യേക പരിഗണന നൽകാനായാൽ ഒരു മനുഷ്യനോട് കാണിക്കുന്ന ഏറ്റവും വലിയ കരുണയായിരിക്കും.

സൌമ്യ ശ്രീ .. പതിനെട്ടു വയസ്സുകാരി അവൾ സംസാരിക്കും പക്ഷെ ചിന്തിയ്ക്കാനാവില്ല , നിഷ്കളങ്കമായ പുഞ്ചിരിയാണ് നമ്മെ ചിന്തിപ്പിയ്ക്കുന്നതും കരയിപ്പിയ്ക്കുന്നതും , ജന്മനാ മന്ദബുദ്ധിയായി ജനിച്ച പാവം , ഒട്ടും സൌകര്യമില്ലാത്ത വീട്ടിൽ ഒത്തിരി പരിമിധികളോടെ കഴിയുന്നവർ ..

പ്രസീത .. എട്ടുവയസ്സുക്കാരി സൌമ്യ ശ്രീയുടെ അടുത്ത വീട്ടുക്കാരി സൌമ്യ ശ്രീയുടെ പോലെ തന്നെ മന്ദബുദ്ധി … ഇവരുടെയൊക്കെ വീടുകൾക്ക് ചുമരുകലുണ്ടെങ്കിലും അത് തേയ്ക്കുകയോ തെളി വലിക്കുകയോ ചെയ്തിട്ടില്ല , വീടും വീടിനകവും ഇത്തിരി വെട്ടം ഉണ്ടായാൽ പോലും ഇവർക്ക് ഇത്തിരിയെങ്കിലും മനസ്സിന് സന്തോഷങ്ങൾ ഉണ്ടാവുമായിരിക്കാം .. ഇവരുടെ സന്തോഷങ്ങളായിരിക്കണം നമ്മുടെ സന്തോഷങ്ങൾ ചിന്തിച്ചാൽ മാത്രം പോരാ ഇവരെ സഹായിക്കാൻ ഏവരും മുന്നോട്ട് വരണം .

ഒരു ഉമ്മയും മകളും മാത്രമുള്ള ഒരു കൊച്ചു വീട് , തകര ഷീറ്റാണ് ഇപ്പോൾ തത്ക്കാലം അത് അടച്ചുറപ്പോടെ വാർപ്പിടണമെങ്കിൽ 50,000 രൂപയുടെ ആവശ്യമുണ്ട് ദുരിതം അനുഭവിയ്ക്കുന്ന ഇവർക്ക് താങ്ങായി തണലായി നമ്മൾ ഉണ്ടാവണമെന്ന് ഓർമ്മിപ്പിയ്ക്കുന്നു.

തംസീറ .. ലോകത്തെ ഭയപ്പാടോടെ മാത്രം വീക്ഷിക്കാൻ വിധിക്കപ്പെട്ട ഒരു പാവം, അതിശക്തമായി തലയാട്ടി ഭയപ്പാടോടെ തനിക്ക് ചുറ്റുമുള്ളവരെ കാണുന്ന പാവം പെൺകുട്ടി ..

പണം മാത്രമല്ല ഇവർക്ക് ഇന്നാവശ്യം , കളിപ്പാട്ടങ്ങളും പുതപ്പുകളും കട്ടിലുകളും കിടക്കകളും അങ്ങനെ നമ്മുടെ വീട്ടിൽ ആവശ്യത്തിലധിമായി തട്ടി കളിക്കുന്നതൊക്കെ ഇവരുടെ ആവശ്യങ്ങൾക്ക് അത്യാവശ്യമായവയാണ് , ബ്ലോഗേർസ് ഇവർക്കായി വിഭവസമാഹരണം നടത്തണം പണത്തിന് പുറമെയായിരിക്കണം ഇതൊക്കെ …. ഒരു ചർച്ച ആവശ്യമാണ് , ഇവരെ സദാസഹായിക്കാൻ വേണ്ടി ഒത്തിരി മനുഷ്യ സ്നേഹികൾ പ്രത്യേകിച്ച് കെ.എസ് അബ്ദുള്ള, വത്സൻ മാഷ്, വിജയൻ , റഹ്മാൻ മാഷ് തുടങ്ങിയ ഒത്തിരി ഒത്തിരി മനുഷ്യ സ്നേഹികളായ നിസ്വാർത്ഥമതികൾ നമ്മുക്ക് വഴിക്കാട്ടിയായി തുണയായി ഉണ്ട് .. നമ്മൾ സംഭരിക്കുന്ന എന്തും ഇവരുടെ കയ്യിൽ തന്നെ എത്തുമെന്ന് നമ്മുക്ക് ഉറപ്പിയ്ക്കാം .. ഞങ്ങൾ പതിനാലോളം അംഗങ്ങളുള്ള സംഘമായാണ് പോയത് അടുത്ത തവണ അത് അതിലധികം പേരോടെ നമ്മുക്ക് പോവണം വെറും കയ്യോടെ അല്ലാതെ .. പാവം മാലാഖമാർക്കും പുണ്യവാർന്മാർക്കുമായി അവരുടെ സന്തോഷത്തിനായി നമ്മുടെ കൈ നിറയെ അവർക്കാവശ്യമുള്ളതുണ്ടായിരിക്കണം ..



പ്രത്യാശയോടെ നിങ്ങളുടെ സ്വന്തം “വിചാരം“