Friday, August 27, 2010

അധ്യാപകര്‍

അധ്യാപകരോട് പഠനവേളയില്‍ ദേഷ്യവും അതുകഴിഞ്ഞാല്‍ മരിച്ചാലും (ഇരുവരും)അവസാനിക്കാത്ത വല്ലാത്തൊരു ആത്മബന്ധവും ഏതൊരു വ്യക്തിയും വെച്ചുപുലര്‍ത്താറുണ്ട്, നമ്മുടെ ജീവിതത്തില്‍ പ്രഥമ അധ്യാപകന്‍/അധ്യാപികയ്ക്ക് വല്ലാത്തൊരു സ്ഥാനമുണ്ട്, എന്റെ ആദ്യത്തെ അധ്യാപികയായ പത്മിനി ടീച്ചറോട് ഇന്നും വലിയ സ്നേഹമാണ് ഇടയ്ക്കിടെ അവരുടെ വീട് സന്ദര്‍ശിക്കുക പതിവാണ്.

ജീവിതത്തില്‍ ഒത്തിരി അധ്യാപകര്‍ ഓരൊ വ്യക്തിയേയും സ്വാധീനിക്കും, നമ്മുടെ ജീവിതത്തില്‍ നമ്മെ പഠിപ്പിച്ച എല്ലാ അധ്യാപകരോടും അവര്‍ക്ക് നമ്മെ തിരിച്ചറിയാനാവില്ലെങ്കിലും വലിയ ബഹുമാനമാണ്, രണ്ടാം ക്ലാസിലെ ശ്യാമളെ ടീച്ചറെ കുറിച്ചുള്ള ഓര്‍മ്മകളേക്കാള്‍ ഒന്നാം ക്ലാസിലെ പത്മിനി ടീച്ചറുടെ ഓര്‍മ്മകളാണ് കൂടുതല്‍, മൂന്നാം ക്ലാസിലെ ഗോപാലന്‍ സാര്‍ ഇടയ്ക്കിടെ വലിയ ഒച്ഛയില്‍ കൊമ്പന്‍ മീശ ചുരുട്ടി കണക്ക് പഠിപ്പിയ്ക്കും ഇന്നും ഞാന്‍ കണക്കില്‍ വളരെ മോശമാണ് ഒരുപക്ഷെ അതിയായ ഭയമായിരിക്കാം എന്റെ മണ്ടയില്‍ കണക്ക് കയറാതിരുന്നത് അല്ലെങ്കില്‍ എന്റെ തലയുടെ കുഴപ്പമായിരിക്കാം.

ലളിതമായി തമാശകള്‍ പറഞ്ഞ് ചിരിപ്പിച്ച് ക്ലാസെടുക്കുന്ന ചെറിയ സി.സി എന്നറിയപ്പെടുന്ന അധ്യാപകന്റെ ക്ലാസിലിരിക്കാന്‍ ഏവര്‍ക്കും ബഹു ഇഷ്ടമായിരുന്നു ഇംഗ്ലീഷിന്റെ ബാലപാഠം പഠിപ്പിച്ച അധ്യാപകനോടുള്ള അതിരറ്റ സ്നേഹമായിരിക്കാം ഇംഗ്ലീഷ് ഭാഷ എന്റെ പ്രിയ ചങ്ങാതിയായത്, നാലാം ക്ലാസിലെ കണക്ക് അധ്യാപകനായി കുട്ടിഹസന്‍ മാഷിന്റെ അനവസരത്തിലെ നുള്ളിവേദനയാക്കള്‍ ആരും ഇഷ്ടപ്പെട്ടിരുന്നില്ല, ആ ക്ലാസിലിരിക്കാന്‍ ഒട്ടും താല്പര്യ കണക്ക് പിന്നേയും എനിക്ക് മണ്ടയില്‍ കയറാത്ത വിഷയമായത് അങ്ങനെ ഓര്‍ ക്ലാസിലും നമ്മുടെ മനസ്സില്‍ ചില പ്രത്യേക അധ്യാപകര്‍ സ്ഥാനം പിടിയ്ക്കും, ആറാം ക്ലാസില്‍ വലിയ സി.സി ഏഴില്‍ അബുബക്കര്‍ സാറും സഫിയ ടീച്ചറുമെല്ലാം..
------------------------------------------------------------

Thursday, August 26, 2010

കഥാപാത്രങ്ങള്‍ - 4

ഓരോ വ്യക്തിത്വവും തികച്ചും വ്യത്യസ്ഥമായ ജീവിതം നയിക്കുന്നവരും നയിച്ചവരുമാണന്ന് അവരുടെ ജീവിതം നിരിക്ഷിച്ചാല്‍ മനസ്സിലാവും കൊച്ചുനാളിലെ എന്റെ ശീലവും അതായിരുന്നു, എന്റെ ജീവിതത്തില്‍ മറയ്ക്കാനാവാത്ത ചില കഥാപാത്രങ്ങളുണ്ട് ഇവരുടെ ജീവിതം എന്തുകൊണ്ടിങ്ങനെയായി എന്ന് ചിന്തിച്ച് സ്വന്തം ജീവിതത്തിലും പല മാറ്റങ്ങളും വരുത്താന്‍ എനിക്കായിട്ടുണ്ട് അങ്ങനെ ഞാന്‍ നിരീക്ഷിച്ച പലരില്‍ പ്രധാനിയാണ് ആലിമുഹമദ്ക്ക്, പല അവസരത്തിലും പോസ്റ്റായി ഞാന്‍ ഇദ്ദേഹത്തെ കുറിച്ചെഴുതിയിട്ടുണ്ട്.

ആലി മുഹമദ്ക്ക ഭാര്യയും മക്കളും വീടുമില്ലാത്ത ഒരനാഥന്‍, ഇദ്ദേഹത്തിന് എല്ലാം ഉണ്ടായിരുന്നത്രെ പക്ഷെ ഞാന്‍ കണ്ട ആലിമുഹമദ്ക്കാക്ക് ആരുമുണ്ടായിരുന്നില്ല, ഇദ്ദേഹത്തിന്റെ ഒരകന്ന ബന്ധു എന്റെ അയല്‍‌വാസി അവരുടെ ഉമ്രത്ത് നല്‍കിയ ഒരു തുണ്ട് ഭൂമിയില്‍ ഒരു കെട്ട്‌‌പീടിക അതില്‍ കുറച്ച് മിഠായികളും സിഗരറ്റും മറ്റും, ഉറക്കവും തീറ്റയുമെല്ലാം അവിടെ വെച്ച് തന്നെ, അദ്ദേഹത്തിന്റെ പ്രായം ഞാന്‍ കാണുമ്പോള്‍ 60 വയസ്സിന് മേലെയാവും ആ കടയില്‍ അതേ പ്രായത്തില്‍ അബ്ദുറഹിമാന്‍‌ക്ക എന്നൊരാളും വരുമായിരുന്നു, ഇവരുടെ സഞ്ചാര കഥകളും ഹിന്ദിയിലെ ഡയലോഗെല്ലാം കേള്‍ക്കാന്‍ രസമായിരുന്നു, കുട്ടികാലം കഥകള്‍ കേള്‍ക്കാന്‍ വെമ്പുന്ന ഹൃദയമുള്ള കാലമാണല്ലോ, വാര്‍ദ്ദക്യത്തിലെ ഒരവശതയും ഇവരുടെ കഴിഞ്ഞ കാല കഥകള്‍ പറയുമ്പോള്‍ ഉണ്ടാവില്ല രണ്ടു പേരും കഥപറയുമ്പോള്‍ കേള്‍ക്കാനും ചോദ്യങ്ങള്‍ ചോദിയ്ക്കുവാനും ഞങ്ങള്‍ കുട്ടികള്‍ ചുറ്റും കൂടിയിരിക്കും.

ആലിമുഹമദ്ക്കയും അബ്ദുറഹിമാന്‍‌ക്കയും അവരുടെ യൌവ്വനം തിമിര്‍ത്ത് ആഘോഷിച്ചവരായിരുന്നു സ്വന്തം നാട്ടില്‍ ഒരു തുണ്ട് ഭൂമിയോ ഒരു കുടുംബമോ ഉണ്ടാക്കാന്‍ മറന്നവര്‍, ബാല്യവും കൌമാരവും യൌവ്വനവും മദ്ധ്യവയസ്ക്കതയുമെല്ലാം ആര്‍ക്കെല്ലാമോ എന്തിനെല്ലാമോ കത്തിച്ച് തീര്‍ത്തപ്പോള്‍ ശിഷ്ടമായത് ശോഷിച്ച ശരീരവും അത് താങ്ങാനാളില്ലാത്ത, ഒരു ഗ്ലാസ് ചൂട് വെള്ളം പോലും ഉണ്ടാക്കി തരാന്‍ ആരുമില്ലാത്ത തികച്ചും ഏകാന്തവും വേദനാജനകവുമായ ജീവിതം, കല്യാണമേ കഴിക്കരുതെന്ന് ശഠിച്ച് നടന്ന എന്റെ ചിന്തയെ മാറ്റി മറിയ്ക്കാന്‍ ഇദ്ദേഹത്തിന്റെ ജീവിതം എന്നെ പ്രേരിപ്പിച്ചിരുന്നു.

ഇദ്ദേഹത്തിന്റെ ജീവിതരീതി തികച്ചും ആത്മീയമായിരുന്നു അവസാനകാലം, അഞ്ചു നേരം നമസ്ക്കാരവും മറ്റുമായി ഭക്തിമാര്‍ഗ്ഗമായ ജീവിതം അദ്ദേഹത്തിന്റെ അന്ത്യം തികച്ചും വേദനാജനകമായിരുന്നു, ഞാന്‍ പ്രി-ഡിഗി പഠിയ്ക്കുന്ന സമയത്തൊരുരാത്രി.. ഒരു നേരിയ ശബ്ദം ഉറക്കത്തില്‍ നിന്ന് ഞാന്‍ കേട്ടുകൊണ്ടിരുന്നു പെട്ടെന്ന് അന്റെ അമ്മായി വന്നെന്നെ വിളിച്ചുണര്‍ത്തി ഡാ മോനെ ആല്യാമദാക്കയാണന്ന് തോന്നുന്നു കുറേ നേരമായി കരയുന്നു നീ ഒന്ന് ചെന്ന് നോക്ക്, കേട്ടപാതി കേള്‍ക്കാത്ത പാതി ഉടനെ ഞാന്‍ ഓടി അദ്ദേഹത്തിനടുത്തെത്തി ആരുമില്ലാതെ അദ്ദേഹം എണീറ്റിരുന്ന് ശ്വാസം കിട്ടാതെ ഉറക്കെ കരയുന്നു, വളരെ വിഷമത്തോടെ “ മോനെ എന്നെയൊന്ന് ഉഴിഞ്ഞു തരുമോ ?” തികച്ചും ദയനീയമായ ആ മുഖം .. മുളകൊണ്ടുള്ള വാതില്‍ ചാടികടന്ന് എന്റെ മേലിനോട് ചായ്ച്ച് കിടത്തി ഞാന്‍ നെഞ്ചില്‍ പതുക്കെ ഉഴിഞ്ഞുകൊടുത്തുകൊണ്ടിരിന്നു അപ്പോഴേക്കും അയല്‍‌വാസികളെ എന്റെ അമ്മായി ഉണര്‍ത്തി, സത്യത്തില്‍ എല്ലാവരും ഇദ്ദേഹത്തിന്റെ കരച്ചില്‍ കേള്‍ക്കുന്നുണ്ടായിരുന്നു .. എന്റെ മടിയില്‍ തല ചായ്ച്ച് പതുക്കെ പതുക്കെ അദ്ദേഹം നിശബ്ദനായികൊണ്ടിരിന്നു എന്റെ മടിയില്‍ കിടന്ന് അദ്ദേഹം ഓര്‍മ്മയായി അവസാനം എന്നോട് പറഞ്ഞ വാക്കും കൂടെ ഒത്തിരി കഥകളും.

Wednesday, August 25, 2010

പരീക്ഷണങ്ങള്‍ ആരംഭിയ്ക്കുന്നു 3

സ്ക്കൂളിനെ സ്നേഹിച്ച അവിടെ തന്നെ ഉറങ്ങാന്‍ പോലും മോഹിച്ച ബാല്യമാണെനിക്കുണ്ടായിരുന്നത് ഒരുപക്ഷെ അതിന് കാരണം എന്റെ ഏകാകിയായി ജീവിതമായിരിക്കാം, ഇല്ലത്ത് അമ്മായിയും അവരുടെ ഉമ്മയുടെ രണ്ടു അനുജത്തിമാരും (ഇവരെ കുറിച്ച് മറ്റൊരു അധ്യായത്തിലെഴുതാം) സ്നേഹിക്കാന്‍ മാത്രം അറിയാവുന്നവര്‍ എന്നിട്ടും ഞാന്‍ വല്ലാതെ ഒറ്റപ്പെടല്‍ അനുഭവിച്ചിരുന്നു, കുഞ്ഞു നാളിലെ പുഴവക്കിലെ ചാഞ്ഞു കിടന്നിരുന്ന തെങ്ങിന്‍‌മേല്‍ ചാഞ്ഞുകിടയ്ക്കാന്‍ വലിയ ഇഷ്ടമായിരുന്നു, എന്തലാമായിരുന്നു ഞാന്‍ ചിന്തിച്ചിരുന്നത് എന്നൊന്നും എനിക്കോര്‍മ്മയില്ല എന്തലാമോ ചിന്തിച്ചിരുന്നു, ഇരുട്ടിനെ ഞാന്‍ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു ഭയവും എനിക്കില്ലായിരുന്നു.

സ്ക്കൂള്‍ വിട്ടാല്‍ കളിയ്ക്കാന്‍ പോവുക എന്ന പതിവൊന്നുമില്ലായിരുന്നു കാരണം ഞാന്‍ പറഞ്ഞുവല്ലോ ഇത്തിരി വികൃതി കൂടുതലായതിനാല്‍ ഒന്നും രണ്ടും പറഞ്ഞ് ഞാന്‍ ആരെയെങ്കിലും അടിച്ച് പരുവത്തിലാക്കുമായിരുന്നു, ഓട്ടിന്‍ കഷ്ണമുപയോഗിച്ച് അടിയ്ക്കുക ചോരവരുത്തുക ഒട്ടും കുറ്റബോധമില്ലാത് മനസ്സിന്റെ ഉടമയായിരുന്നു ബാല്യം, ഇതുകൊണ്ടല്ലാം തന്നെ കൂട്ടുക്കാരുടെ ഉമ്മമാരുടെ താക്കിത് അബുവിന്റെ മകന്‍ ഫാറൂഖുമായി ആരും കൂട്ട് കൂടരുത്, അറക്കല്‍ വളപ്പില്‍ ചങ്ങാതിമാര്‍ ഇല്ലാ‍ത്തതിനാലായിരുന്നു ഞാന്‍ സ്ക്കൂളിനെ വല്ലാതെ സ്നേഹിച്ചിരുന്നതും ഞായറാഴ്ച്ചകള്‍ അറുബോറന്‍ ദിവസങ്ങളായി തീര്‍ന്നതും.

എന്നും പിതാവിനരികില്‍ പരാതി പറയുന്ന രക്ഷിതാക്കളുടെ എണ്ണം കൂടി വന്നു, പരിഹാരം അതികഠിനമായ ശിക്ഷ തന്നെയായിരുന്നു,എന്നെ തല്ലാനായി മാത്രം വരുന്ന പിതാവ് (ഞാന്‍ ഇല്ലത്തും പിതാവ് എന്റെ തറവാട്ടിലുമായുന്നു താമസം) പച്ച മടല്‍ ചീളുകള്‍ മുറിഞ്ഞില്ലാതാവുന്നത് വരെ വല്ലാത്ത അടിയായിരുന്നു പിതാവിന്റെ കൈ കടഞ്ഞാലും അടി നില്‍ക്കില്ലായിരുന്നു, എന്റെ ശരീരത്തേക്കാള്‍ മനസ്സ് എത്ര നൊന്തിരുന്നു എന്നതിന് തെളിവ് രണ്ടാണ് ഒന്ന് ആരും കാണാതെ രാത്രി സമയങ്ങളില്‍ പുഴയരികിലെ ആ ചാഞ്ഞുകിടയ്ക്കുന്ന തെങ്ങിനടുത്ത് പോയി പൊട്ടി കരയും മറ്റൊന്ന് ആരോടിന്നില്ലാത്ത ദേഷ്യവും വെറുപ്പുമായിരുന്നു ഒരുപക്ഷെ അതായിരിക്കും ചങ്ങാതിമാരോട് എന്നും കലഹിച്ചിരുന്നത്.

തനി യാഥാസ്തിക മുസ്ലിം കുടുംബമായതിനാല്‍ അന്ന് വിദ്യാഭാസത്തിനെതിരായ ഒരു ചിന്ത പൊതുവെ മുസ്ലിംങ്ങള്‍ക്കുള്ളത് പോലെ എന്റെ കുടുംബത്തിന് ഇത്തിരി അധികമായിരുന്നു, എഴുതാനും വായിക്കാനും മാത്രം മതി എന്ന ചിന്ത, തറവാട്ടിലെ പിതാവിന്റെ വാസം, അവരുടെ വാക്ക് കേള്‍ക്കാന്‍ ഉപ്പ നിര്‍ബ്ബന്ധിതനായിരുന്നതിനാല്‍ എന്റെ പഠനം നാലാം തരത്തില്‍ വെച്ച് അവസാനിപ്പിയ്ക്കാന്‍ തീരുമാനിച്ചു ഇന്നും എന്റെ മനസ്സില്‍ ഉപ്പ അന്ന് പറഞ്ഞ വാക്കുകള്‍ മായാതെ കിടയ്ക്കുന്നു “ ഹംസക്കാന്റെ മകന്‍ മജീദ് നാലില്‍ പഠിപ്പ് അവസാനിപ്പിച്ചു നീ അഞ്ചിലേക്ക് ജയിച്ചില്ലേ ഇനി പഠിപ്പൊക്കെ മതി പീടികയില്‍ വന്നിരിക്കുക (എന്റെ പിതാവിനൊരു പച്ചക്കറി കടയുണ്ടായിരുന്നു)“ ആരാരും അനുകൂലിക്കാനില്ലാത്ത സമയം കേവലം ഒന്‍പത് വയസ്സ് പ്രായം മാത്രം, എന്റെ പിതാവിന്റെ തീരുമാനത്തെ ഞാന്‍ തനിയെ തന്നെ ശക്തിയുക്തം എതിര്‍ത്തു, അന്നെന്റെ ഉമ്മ പറഞ്ഞതും എന്റെ ഓര്‍മ്മയില്‍ തെളിയുന്നു, ഉമ്മയോട് ഞാന്‍ പറഞ്ഞതും “ നിനക്ക് പീടികയില്‍ പോയിരിക്കാന്‍ കഴിയില്ലെങ്കില്‍ കല്പണിക്ക് പോയികൂടെ ഇനി പഠിക്കേണ്ട” അതിനുള്ള ഒന്‍പത് വയസ്സുക്കാരന്റെ മറുപടി “ഉമ്മാ കല്പണിയ്ക്ക് പോയാല്‍ 15 രൂപ കിട്ടും (അന്ന് പണി അറിയാത്തവന് 15നും പണിക്കാരന് 35 രൂപയുമായിരുന്നു) എന്നാലാ പൈസ ഒരു ദിവസം കൊണ്ട് തീരും പഠിച്ചാല്‍ എനിക്കൊത്തിരി സമ്പാദിക്കാനാവും, എന്റെ വാക്കുകള്‍ ശ്രവിയ്ക്കാന്‍ ആരും തയ്യാറായില്ലെങ്കിലും എന്റെ തീരുമാനത്തില്‍ ഞാന്‍ ഉറച്ചു നിന്നു, പഠനം ഞാന്‍ തുടര്‍ന്നു, എന്റെ ജീവിതത്തിലെ ആദ്യത്തെ പരീക്ഷണമായിരുന്നു അത്, അതിന്റെ വിജയവും.

Tuesday, August 24, 2010

എന്റെ ജീവിതം ആരംഭിയ്ക്കുന്നു- 2

1970 ലാണ് എന്റെ ജനനമെങ്കിലും എന്റെ ഓര്‍മ്മകള്‍ക്ക് ജീവന്‍ വെയ്ക്കുന്നത് അതായത് എനിക്ക് വ്യക്തമായ ഓര്‍മ്മകള്‍ ഉള്ളത് ഒന്നാം തരത്തില്‍ പഠിയ്ക്കുമ്പോള്‍ മുതലാണ്, എന്റെ ഓര്‍മ്മകള്‍ക്ക് അപ്പുറത്തുള്ളതല്പം പറഞ്ഞ് തുടങ്ങാം...
എന്റെ മാതാവ് മറിയ മാളിയേക്കലിനും അബുബബക്കറിനും ആദ്യത്തെ സന്താനമായി ഞാന്‍ പിറന്നതില്‍ അവരേക്കാള്‍ സന്തോഷമുണ്ടായിരുന്നത് എന്റെ പിതാവിന്റെ മാതാവിനായിരുന്നു അതുകൊണ്ട് തന്ന് എന്റെ ജീവിതത്തിന് ഒരു പ്രത്യേകത ഉണ്ടാവുകയും ചെയ്തു, ഇന്ന് കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ മുസ്ലിം സമുദായത്തില്‍ നില നില്‍ക്കുന്ന പെണ്ണുവീട്ടില്‍ കൂടുക എന്ന ആചാരം പൊന്നാനിയിലും അന്നുണ്ടായിരുന്നു, എന്റെ തറവാട് ഈ ആചാരത്തില്‍ അധിഷ്ഠിതമായതിനാല്‍ എന്റെ പിതാവ് താമസിച്ചിരുന്നത് എന്റെ ഉമ്മയുടെ വീട്ടിലായിരുന്നു, എന്റെ പിതാവിന്റെ മാതാവിന് എന്നോടുള്ള വാത്സല്യവും സ്നേഹവും കാരണം എന്റെ ആറാമാസം മുതല്‍ എന്റെ ഉമ്മയില്‍ നിന്ന് വേറിട്ട് ഉപ്പയുടെ വീട്ടിലായിരുന്നു ജീവിതാരംഭം, ഒരുപക്ഷെ ആദ്യത്തെ യാത്രകളായിരിന്നു എന്റെ തറവാട്ടില്‍ നിന്ന് ഉപ്പയുടെ വീട്ടിലേക്കുള്ള ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്ര ആദ്യമാദ്യം ദിനവും അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്ര പിന്നെ സ്ഥിരമായ വാസമായി തീര്‍ന്നു..
എന്റെ തറവാട്ടില്‍ ഒത്തിരി കുഞ്ഞുങ്ങളുണ്ടായിരുന്നു എന്നാല്‍ അവരോടൊത്തുള്ള ജീവിതം എനിക്ക് നിഷേധിക്കപ്പെട്ട് തികച്ചും ഏകാകിയായ ജീവിതം എനിക്ക് നയിക്കാനുള്ള അവസരം, ഞാന്‍ മുന്‍ അധ്യായത്തില്‍ പറഞ്ഞുവല്ലോ, എന്റെ ഉപ്പയുടെ വീട് സ്ഥിതി ചെയ്തിരുന്നത് ഭാരതപുഴയുടെ തീരത്തായിരുന്നതിനാല്‍ എന്റെ കുട്ടികാലം ശരിക്കും ആസ്വാദകരമായിരിന്നു വളരെ കുഞ്ഞു പ്രായത്തില്‍ തന്നെ നീന്തല്‍ പഠിക്കനുള്ള അവസരവും എനിക്ക് ലഭിച്ചത് ഇവിടെ വളര്‍ന്നത് കൊണ്ടാവാം, എന്റെ ജീവിതത്തിലെ ഒത്തിരി കഠിനമായ അവസരത്തില്‍ എന്റെ ചെറുപ്പകാല ജീവിതത്തിലെ ഏകാന്തത എന്നെ ഒത്തിരി സഹായിച്ചിട്ടുണ്ട്, എന്റെ രണ്ടാമത്തെ വയസ്സില്‍ എന്റെ ഉമ്മൂമ(ഉപ്പയുടെ ഉമ്മ) മരിച്ചുവെങ്കിലും എന്റെ ജീവിതം ഇല്ലത്ത് (ഉപ്പയുടെ വീടിനെ ഇല്ലം എന്നാണ് പറയുക) തുടരേണ്ടി വന്നു അവിടെ ഉപ്പയുടെ ഒരേയൊരു പെങ്ങളും അനുജനും അവര്‍ക്ക് താലോലിക്കാന്‍ ഒരു കുഞ്ഞ്, ഒരു കുഞ്ഞിന്റെ വളര്‍ച്ചയില്‍ അവന്/അവള്‍ക്ക് വേണ്ടത് അവരുടെ പ്രായത്തിലുള്ള കുഞ്ഞുങ്ങളോടൊത്തുള്ള കളിയും ചിരിയുമാണന്ന് സ്വാര്‍ത്ഥരായ വലിയവര്‍ക്ക് അറിവില്ലാത്തത് കൊണ്ട് എനിക്ക് നഷ്ടപ്പെട്ടത് എന്റെ സ്വന്തം സഹോദരങ്ങളോടും കസിന്‍സുകളുമൊത്തുള്ള ജീവിതമായിരിന്നു.
നാലാമത്തെ വയസ്സിലായിരുന്നു എന്റെ പഠനാരംഭം,പദ്മിനി ടീച്ചറായിരുന്നു എന്റെ ആദ്യത്തെ ക്ലാസ് ടീച്ചര്‍ എന്റെ ഇല്ലത്തിനടുത്തുള്ള സ്കൂളിലായിരുന്നു എന്റെ പഠനം എന്റെ നിര്‍ഭാഗ്യമെന്ന് പറയട്ടെ എന്റെ സഹോദരങ്ങളെല്ലാം മറ്റൊരു സ്കൂളിലുമായിരുന്നു, ഒരു ഒറ്റയാനയാതിനാലാവാം വികൃതി നല്ലോണമുള്ള ഒരു കുട്ടിയായിട്ടായിരുന്നു എന്റെ വളര്‍ച്ച.. ആ വികൃതിയുടെ വികൃതിത്തരങ്ങള്‍ തുടര്‍ന്നും വായിക്കുക

Saturday, August 21, 2010

എന്റെ പ്രദേശം 1

ഏതൊരു വ്യക്തിയുടെ ജീവിതത്തിലും അവനെ സ്വാധീനിക്കുന്ന പ്രധാന ഘടകം അവന്‍ ജനിച്ചു വളര്‍ന്ന പ്രദേശവും,അവിടത്തെ ജനങ്ങളുമാണ്, എനിക്കും എന്റെ നാടിനോട് വല്ലാത്തൊരു മമതയുണ്ട് , കേരളത്തിലെ ഏതൊരു വ്യക്തിയ്ക്കുമറിയുന്ന പൊന്നാനിയാണ് എന്റെ നാട്, കായലും (ബിയ്യം കായല്‍)കടലും, നിളാനദിയും കനോലി കനാലും, കോള്‍ കൃഷി മേഖലയും അനേകം കുളങ്ങളും മല നിരകളും വയലുകളുമെല്ലാം അടങ്ങിയ അനേകം സാധാരണക്കാര്‍ വളരെ സ്നേഹത്തോടെ സൌഹാര്‍ദ്ദത്തോടെ വസിക്കുന്നൊരിടം,ശരിക്കും പൊന്നാനിക്കാര്‍ക്ക് പോലുമറിയാത്ത അറക്കല്‍ വളപ്പ് എന്നൊരു കൊച്ചു പ്രദേശത്താണ് എന്റെ ബാല്യകാല ജീവിതം ആരംഭിയ്ക്കുന്നത്, തെക്ക് നിന്നൊഴുകിവരുന്ന കനോലി കനാല്‍ ഭാരതപുഴയില്‍ സംഗമിയ്ക്കുന്ന ഈ കൊച്ചു പ്രദേശത്ത് 1970 കാലത്തും 2010 കാലഘട്ടത്തിലും ഇവിടത്തുക്കാര്‍ എങ്ങനെ ജീവിച്ചു, ജീവിയ്ക്കുന്നു എന്നത് ഒരു രസകരമായ കാര്യമാണ്.
1970 കാലഘട്ടം ഈ കാലം എന്റെ ഓര്‍മ്മകള്‍ക്ക് അപ്പുറമാണ് എങ്കിലും ഞാന്‍ ജനിച്ചത് 1970 മാര്‍ച്ച് 16ന് തിങ്കളാഴ്ച്ച വൈകിട്ട് 7.20നായിരുന്നു അവിടെ ആരംഭിയ്ക്കുന്ന എന്റെ ജീവിതത്തില്‍ ഈ കാലഘട്ടം സുപ്രധാനമാണ്, അതുകൊണ്ടു തന്നെ ഇവിടത്തുക്കാര്‍ ആരൊക്കെയായിരുന്നു അവരുടെ ജീവിതം എങ്ങനെയായിരുന്നു എന്നതും.
ഈ സ്ഥലം എവിടെ സ്ഥിതി ചെയ്യുന്നുവെന്ന് പൊന്നാനിക്കാര്‍ക്ക് പോലും അറിയുക കുറവാണ്, പൊന്നാനി വലിയ അങ്ങാടിപാലത്തിന്റെ പടിഞ്ഞാറെ പൊളിയുടെ വടക്ക് മുതല്‍ പൊന്നാനിയിലെ ഏറ്റവും പഴയ പള്ളിയായ (500 വര്‍ഷത്തിലധികം പഴക്കമുള്ള) തോട്ടുങ്ങപള്ളി വരെ നീളുന്ന ഒരു കൊച്ചു പ്രദേശം, 60ളം വീടുകളാണ് ആന്നും ഇന്നും ഈ പ്രദേശത്തുള്ളത്, വ്യക്തികള്‍ക്ക് എന്ന പോലെ തന്നെ ഇവിടത്തെ ഓരോ വീടുകള്‍ക്കുമുണ്ട് ഇരട്ട പേരുകള്‍, ഇങ്ങനെ ഇരട്ട പേരുകള്‍ വരാന്‍ കാരണം അന്നത്തെ കാലത്ത് കുടുംബത്തെ പോറ്റാ‍ന്‍ സ്ത്രീകളും അധ്വാനിച്ചിരിന്നു, മുസ്ലിം സ്ത്രീകള്‍ വീടുകള്‍ക്ക് വെളിയില്‍ പോയി ജോലി ചെയ്യുക അന്നും ഇന്നും ഇവിടെ പതിവില്ല അതുകൊണ്ടവര്‍ സ്വന്ത് വീടുകളില്‍ പലഹാരങ്ങള്‍ ഉണ്ടാക്കി ചെറിയ ഹോട്ടലുകളില്‍ (മക്കാനുകളില്‍) കൊണ്ടു പോയി വില്‍ക്കും ഇങ്ങനെ പലഹാരങ്ങള്‍ വില്‍ക്കുന്ന വീടുകളെ, പോളന്റെ വീട് (പാന്‍‌കേക്ക്) പുട്ടുടമ്മാന്റെ വീട് (പിട്ട് ചുടുന്ന ഉമ്മാന്റെ വീട്) അങ്ങനെ നീളുന്ന ഇരട്ട പേരുകള്‍.
പുരുഷന്മാരുടെ തൊഴില്‍മേഖലയ്ക്കും ചില പ്രത്യേകതകളുണ്ടായിരുന്നു “വെണ്ണീര്‍ കച്ചവടം അഥവാ ചാമ്പല്‍ കച്ചവടം” ഈ മേഖല നിലനിന്നിരുന്നത് ഒരുപക്ഷെ കേരളത്തില്‍ ഈ കൊച്ചു പ്രദേശത്ത് മാത്രമായിരിക്കാം , ഒരിടത്തും ഗ്യാസടുപ്പുകള്‍ ഇല്ലാതിരുന്ന കാലമായതിനാലും ദാരിദ്രം ഒരു ജനതയുടെ മുഖമുദ്ര ആയതിനാലും ഏതൊരു വീട്ടിലും ആവശ്യത്തിലധികം വെണ്ണീരുണ്ടാവും ഇത് വീട്ടമ്മ ശേഖരിച്ച് വെയ്ക്കും ഇത് വാങ്ങിയ്ക്കാന്‍ വെണ്ണീര്‍ മുതലാളിമാരായ മുഹമദ്ക്ക,റൌഡി മൊയ്തീന്‍ കുട്ടിക്ക,ഇബ്രാഹിം കുട്ടിയ്ക്ക എന്നിവരുടെ കീഴില്‍ ജോലി ചെയ്യുന്ന അഞ്ചും ആറും ക്ലാസ് വരെ മാത്രം പഠിച്ച് ഇതൊക്കെ ധാരാളം എന്നു പറഞ്ഞു പഠനം അവസാനിപ്പിച്ച ചെറുപ്പക്കാര്‍ ഒരു അളവ് കുട്ടയും വലിയ കുട്ടയുമായി വന്ന് ഒരു അളവ് കുട്ടയ്ക്ക് 50 പൈസയോ 75 പൈസയോ വില പേശി വാങ്ങും, അവര്‍ വഴിനീളെ വിളിച്ച് കൂവും “വെണ്ണീറുണ്ടോ..വെണ്ണീറുണ്ടോ ആട്ടിന്‍ കാട്ടമുണ്ടോ... ആടിനെ വളര്‍ത്തുന്നവരും ആ കാലത്ത് ധാരാളമുണ്ടായിരുന്നു ആട്ടിന്‍ കൂട്ടിനടിയില്‍ ശേഖരിക്കപ്പെടുന്ന ആട്ടിന്‍‌കാഷ്ടവും ഒരു വരുമാനമാര്‍ഗ്ഗമായിരുന്നു, വെണ്ണീറില്‍ ഒരല്‍പ്പം കൃത്രിമം (ചകിരി തൊണ്ട് അടിച്ച് കയറുണ്ടാക്കുന്ന കമ്പനികളില്‍ വേസ്റ്റ് വരുന്ന ചകിരി ചോറ് കത്തിച്ച് വെണ്ണീറില്‍ മായം ചേര്‍ക്കും) കാണിച്ച് മുതലാളിമാര്‍ പുറത്തൂര്‍,തിരൂര്‍ മേഖലകളിലെ തെങ്ങ് കര്‍ഷകര്‍ക്ക് പുരവഞ്ചി (കെട്ടുവെള്ളം)യിലൂടെ ഭാരതപുഴ ക്രോസ് ചെയ്ത് പൊന്നാനി പുഴയിലൂടെ എത്തിയ്ക്കും .. അങ്ങനെ ഒത്തിരി പേരുടെ പ്രത്യക്ഷവും പരോക്ഷവുമായ ഒരു പ്രധാന ഉപജീവനമാര്‍ഗ്ഗമായിരുന്നു വെണ്ണീര്‍ കച്ചവടവും,ആട്ടിന്‍‌കാട്ട കച്ചവടവും.‍
എന്റെയീ പ്രദേശത്തുക്കാരുടെ മറ്റൊരു പ്രധാന വരുമാന മാര്‍ഗ്ഗമായിരുന്നു പൊന്നാനി അങ്ങാടിയിലെ കൂലി വേല അതില്‍ ഏറ്റവും പ്രധാനം കിഴങ്ങ് പാണ്ടികശാലയിലെ തൊഴില്‍, ഒരു കാലത്ത് നമ്മുടെയെല്ലാം പ്രധാന ഭക്ഷണമായിരുന്നത് കിഴങ്ങായിരുന്നല്ലോ, അതുകൊണ്ടു തന്നെ ആ മേഖലയുമായി ബന്ധപ്പെട്ട് അനേകം പേര്‍ ജീവിച്ചിരുന്നു, ഈ തൊഴില്‍ എടുത്തവരില്‍ മൂപ്പന്‍ സ്ഥാനം വഹിച്ചിരുന്ന ഒരു വ്യക്തിയാണ് എന്റെ പിതാവ്, പുലര്‍ച്ചേ രണ്ടു മണി മുതല്‍ കിഴങ്ങ് പാണ്ടിക ശാലയില്‍ ആളും ബഹളും തുടങ്ങും കിഴക്കന്‍ മേഖലകളില്‍ നിന്ന് വഞ്ചികള്‍ വഴി പൊന്നാനിയിലെത്തുന്ന കിഴങ്ങ് (പൂള,കപ്പ)പൊന്നാനിയിലേയും ചാവക്കാട് തുടങ്ങിയ പ്രദേശങ്ങളിലേക്ക് കനോലി കനാല്‍ വഴി പുരവഞ്ചിയിലൂടെ വലിയൊരു ബിസിനസ്സ് തന്നെ നടന്നിരിന്നു.അന്നത്തെ പ്രധാന പാണ്ടികശാല മുതലാളിമാര്‍ ഒസാന്‍ മൂസാക്കയും, അബ്ദുല്‍ ഖാദരാജിയുമൊക്കെയായിരിന്നു, മൊയ്തീന്‍ കുട്ടി മൂപ്പന്‍, അബു.ഖാലിദ് എന്നു പേരൊക്കെയുള്ള അനേകം സാധാരണക്കാരും വളരെ ദരിദ്രരരും ഈ മേഖലയില്‍ ജോലി ചെയ്തിരുന്നു.
------------
അടുത്ത പോസ്റ്റില്‍ എന്റെ നാട്ടു വിശേഷം വിശദമായി

ആമുഖം

എനിക്ക് പിന്നില്‍ 40 വര്‍ഷത്തെ ജീവിതാനുഭവമേ ഒള്ളൂ അതിലും ഓര്‍മ്മകളുടെ നനവുള്ളത് എത്രയോ കുറവ്, ജീവിതത്തിന്റെ ഓരോ കോണിലും തികച്ചും വ്യത്യസ്ഥരായ എത്രയെത്ര ജനങ്ങളെ,അവരുടെ ചൂടുള്ള ചൂരുള്ള അനുഭവങ്ങള്‍ ഇതൊന്നും ആരോടും പങ്കുവെയ്ക്കാതിരിക്കുക എന്നത് ഒരു വ്യക്തി എന്ന നിലയില്‍ ജീവിതപൂര്‍ണ്ണത ഉണ്ടാവില്ല എന്ന് കരുതുന്ന ഒരാളാണ് ഞാന്‍, 40 വര്‍ഷത്തെ ജീവിതത്തില്‍ 15 വര്‍ഷം പ്രവാസിയായി അതില്‍ 5 വര്‍ഷം ഇറാഖിലെ യുദ്ധമേഖലയിലും 10 വര്‍ഷം കുവൈറ്റിലും, ഇപ്പോള്‍ ഏതൊരു പ്രവാസിയും ആഗ്രഹിയ്ക്കുന്ന സ്വന്തം നാട്ടിലെ സ്ഥിരവാസത്തിലും.
ആരേയും വ്യക്തിഹത്യനടത്തുന്ന രഹസ്യങ്ങളൊന്നുമില്ലാത്തതിനാല്‍ എന്റെ അനുഭവകുറിപ്പുകൊണ്ട് ആര്‍ക്കും യാതൊരു ദോഷവും ഉണ്ടാവില്ലാന്നുറപ്പ്.
വിചാരം

സമയമായോ ?

സമയമായോ എന്നൊരു സംശയമില്ലാതില്ല എങ്കിലും എഴുതാനൊത്തിരി ഉണ്ടാവുമ്പോള്‍ സമയമായി എന്ന് തന്നെ പറയാം, ആത്മകഥ എന്നത് പ്രശസ്തര്‍ക്ക് മാത്രമേ എഴുതാവൂ എന്നൊക്കെ അലിഖിത നിയമം ഉണ്ടെങ്കില്‍ എനിക്കതിന് അര്‍ഹതിയില്ല, സാധരണക്കാരനില്‍ സാധാരണക്കാരനായ എന്നില്‍ നിന്നെന്ത് സമൂഹത്തിന് സ്വാംശീകരിച്ചെടുക്കാന്‍ എന്നൊക്കെ ആരെങ്കിലും ചോദിച്ചാല്‍ ഉത്തരം മുട്ടിപോകും, ഒരു വ്യക്തി (തനി സാധാരണക്കാരന്‍) തന്റെ ജീവിതത്തില്‍ എന്തല്ലാം നേരിടുന്നു എന്നത് എന്റെ ജീവിതത്തിലൂടെ-അനുഭവത്തിലൂടെ‌- മനസ്സിലാക്കാനാവും എന്നതിനാല്‍ ഇവിടെ ഞാന്‍ കുറിയ്ക്കുകയാണ് എന്റെ ജീവിതത്തിലെ ഓരോ ഏടുകളും .. ഇവയിലൂടെ ഞാന്‍ കണ്ട മനുഷ്യര്‍,സ്ഥലം,ജീവിതം, മറ്റുള്ളവരുടെ അനുഭവങ്ങള്‍, ഇവിടെ തര്‍ക്കങ്ങളും വാഗ്വാദങ്ങളുമില്ല, എതിരാളികളും അനുയായികളുമില്ല , യുക്തിവാദികളും വിശ്വാസികളുമില്ല എല്ലാം എന്റെ ചങ്ങാതിമാര്‍ മാത്രം.എന്തും തുറന്നെഴുതാം അതിന്റെ പേരില്‍ ആരും പരസ്പരമുള്ള അനാവശ്യ പോരാട്ടങ്ങള്‍ ഉണ്ടാവരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.