Wednesday, November 7, 2007

നേര്‍ച്ച കൊറ്റന്‍

ആയിഷുമ്മായ്ക്ക് ആറ്റു നോറ്റുണ്ടായ പുന്നാര മോളാണ് നബീസു, കല്യാണം കഴിഞ്ഞ് പത്തുകൊല്ലം കഴിഞ്ഞതിന് ശേഷം ഉണ്ടായ മുത്ത്.. നബീസുവിന്റെ ബാപ്പ മാനുപ്പയും ആയിഷുമ്മയും പത്തുകൊല്ലവും കേറാത്ത മഖ്‌ബറകളില്ല*, പ്രാര്‍‌ത്ഥിക്കാത്ത ഖബറുകളുമില്ല എല്ലാ ഔലിയാക്കന്‍‌മാരുടേയും ബര്‍ക്കത്തുകൊണ്ടുണ്ടായ നബീസുവിനെ അള്ളാന്റെ മണവാട്ടിയാകാന്‍ വകുപ്പില്ലാത്തതിനാല്‍ അള്ളാനെ തൃപ്തിപ്പെടുത്തുവാന്‍ ഓന്റെ ദീനിന് വേണ്ടി ഷഹീദായ* ബദരീങ്ങളുടെ പേരില്‍ ഒരാടിനെ നേര്‍ച്ചയാക്കി.

അഞ്ചുകൊല്ലം പോറ്റി വളര്‍ത്തിയ ആടിനെ അഴിച്ചു വിട്ടു. കഴുത്തില്‍ ഒരു ഉറുക്കും* കെട്ടി, ഉറുക്ക് കെട്ടിയ ആടിനെ തല്ലിയാല്‍ ഓന്‍‌ക്ക് പടച്ചോന്‍ നരഗത്തില്‍ പഴുത്ത ഇരുമ്പുകൊണ്ടുള്ള കട്ടിലായിരിക്കുമെത്രെ ഉറങ്ങാന്‍ കൊടുക്കുക. അതുകൊണ്ട് തന്നെ ഹോജരാജാവായ തമ്പുരാന്റെ മന:സമാധാനത്തിന് അറുക്കാന്‍ വിധിക്കപ്പെട്ട ആടിനെ ആരും കൈവെച്ചില്ല. അങ്ങാടിയിലെ കുഞ്ഞബ്ദുള്ള ആരോടോ കളിയാക്കി ചോദിച്ചുവത്രെ ... പടച്ചോന്റെ സംതൃപ്തിക്കു കൊല്ലാന്‍ വിധിച്ച ആടിനെ തല്ലിയാല്‍ ഓന് ഇരുമ്പ് ചുട്ട് പഴുത്ത കട്ടിലാണെങ്കില്‍ അതിനെ കൊല്ലുന്ന മൌലവിക്ക് ഏത് കട്ടിലാ കൊടുക്കുക.അല്ലെങ്കിലും പടച്ചോന്‍ പൊറുക്കുന്ന കാര്യാണോ ഇത് . പടച്ചോനും ബദരീങ്ങള്‍ക്കും ഒരാടിനെ കൊന്നാല്‍ സമാധാനം കിട്ടുമോ .. ഈ താടി തൊപ്പിയും ഇട്ട് മേലനങ്ങി പണിയെടുക്കാത്ത ഹംക്ക് മൌലാക്കന്‍‌മ്മാര്‍ക്ക് മൂക്കറ്റം തിന്നാനുള്ള ഒരടവല്ലേ ഈ നേര്‍ച്ചയും ബെയ്ത്തുമെല്ലാം . ഇതുകേട്ട് പണ്ടു കഞ്ചാവ് കേസില്‍ പോലീസ് പിടിച്ച അവറാന്‍ ഉറക്കെ നാലാള് കേള്‍ക്കേ പറഞ്ഞു .. ദീനും ദുനിയാവുമില്ലാത്ത കുഞ്ഞബ്ദുള്ള അതും പറയും അതിനപ്പുറവും പറയും .പടച്ചോന് നിരക്കാത്ത കാര്യങ്ങള്‍ പറയുന്ന അവന്റെ നാവ് പുഴുത്തു പോകും .

കുഞ്ഞബ്ദുള്ളന്റെ ബാപ്പ അബുക്കാന്റെ പച്ചക്കറി കടയിലെ എല്ലാ പച്ചക്കറികളും നേര്‍‌ച്ച കൊറ്റന്‍ ആളറിയാതെ വിഴുങ്ങും, ദേഷ്യം വരുന്ന അബുക്ക തൂക്ക കല്ലുകൊണ്ട് ഏറ് കുഞ്ഞബ്ദുള്ളയ്ക്കും .. ആ ദേഷ്യം ബദരീങ്ങളുടെ ആടിനോടുണ്ടാവുമെങ്കിലും പാവം അതെന്തു ചെയ്യും .. അതിന് ജീവിക്കാന്‍ ഭക്ഷണം വേണ്ടെ എന്ന ചിന്ത കുഞ്ഞബദുള്ള നിശബ്ദനാവും, പിന്നെ ഒരു ഗുണമുണ്ട് ഈ ആടിന്,മൂപ്പര്‍ക്ക് ഇഷ്റ്റം പോലെ കാമുകിമാരെ കിട്ടും അമേരിക്കന്‍ ജിവിതമണ് മൃഗങ്ങള്‍ക്കുള്ളതു കൊണ്ട് കല്യാണം കഴിക്കാതെ തന്നെ കാര്യം നേടാം. കുഞ്ഞബ്ദള്ള ഈ ആടിനെ കാണുമ്പോള്‍ ചിലത് ഓര്‍ക്കാറുണ്ട് പാവം കര്‍ത്താവിന്റെ മണവാട്ടികളുടെ കാര്യം, ചാവാന്‍ പോവുകയാനെങ്കിലും ഈ മുട്ടനാടിനു പോലും ശാരീരിക ലൈംഗീതയ്ക്ക് ഭാഗ്യമുണ്ട്, തന്റെ സ്വാര്‍ത്ഥ താല്‍പര്യം സഫലമായതിന്റെ പ്രതിഫലമായി സ്വന്തം പെണ്‍‌കുഞ്ഞിനെ, ആണ്‍‌കുഞ്ഞിനെ അവന് പോലും അറിയാതെ അവന്റെ/അവളുടെ സമ്മതം പോലുമില്ലാതെ കര്‍ത്താവിന്റെ മണവാട്ടിയായും ദാസനായും നേര്‍ച്ച കൊറ്റനെ പോലെ ഉഴിഞ്ഞിടുന്നവര്‍ ആവോളം തന്റെ ജീവിതം ആസ്വദിച്ചവരാണ്, അവര്‍ക്കെന്തവകാശമാണുള്ളത് ഒരാളുടെ വ്യക്തി ജീവിതം അവരുടെ ഇഷ്ടാനുഷ്ടങ്ങള്‍ ചോദിക്കാതെ ഉപയോഗിക്കാന്‍ .. കുഞ്ഞബ്ദുള്ള ചങ്ങാതി ബഷീറിനോട് എന്നും പറയാറുണ്ട് ..പതിനെട്ട് വയസ്സ് പ്രായമാവുന്നതു വരെ അവരുടെ ഇഷ്ടത്തിനെതിരായി യാതൊരു വിശ്വാസവും അടിച്ചേല്‍പ്പിക്കരുതെന്ന് പ്രത്യേകിച്ച് ഈ മണവാട്ടി സമ്പ്രദായത്തിനെതിരായി നമ്മുടെ നിയമ വ്യവസ്ഥ ഉണരണം ... കുഞ്ഞു മനസ്സില്‍ കര്‍ത്താവിന്റെ മണവാട്ടിയാണ് താന്നെന്നും .. സ്വര്‍ഗ്ഗത്തില്‍ കര്‍ത്താവിന്റെ കൂടെ കിടന്നുറങ്ങാന്‍ വിധിക്കപ്പെട്ടവരാണന്നും അതു വലിയ ഭാഗ്യമാണന്നും മാത്രം വിശ്വസിപ്പിച്ച് .. അതു സത്യമാണന്ന് ധരിക്കുന്ന പാവം കര്‍ത്താവിന്റെ മണവാട്ടികളെ നിങ്ങളോടെനിക്ക് സഹതാപമുണ്ട് ... ഇതൊരു മനുഷ്യാവകാശ ലംഘനമാണന്ന് ഏവരുമൊന്നറിഞ്ഞിരുന്നെങ്കില്‍...

വലിയ പള്ളിയില്‍ ബദരീങ്ങളുടെ ആണ്ടു നേര്‍ച്ച തകൃതിയായി കൊണ്ടാടാന്‍ പള്ളി കമ്മറ്റി തീരുമാനിച്ചു .. ആനയും, മുത്തുകുടയും വരവിന് ഉഷാറായ്ക്കാന്‍ ഒരുക്കങ്ങള്‍ ഗംഭീരമായി തുടര്‍ന്നു, ബാന്റ് വാദ്യവും, കുത്തി ബെയ്ത്ത് റാത്തീബും.. പിന്നെ നേര്‍ച്ച നേര്‍ന്ന ആടുകളെ അറുത്ത് നല്ല നെയ്ച്ചോറും കറിയും, തലച്ചോറും, കരളുമെല്ലാം വലിയ ഉസ്താദിന് ..അലഞ്ഞു തിരിഞ്ഞു നടക്കുന്ന, ഉറുക്ക് കഴുത്തില്‍ കെട്ടിയ ആടുകള്‍ ബദരീങ്ങളുടെ അടുത്തേക്ക് പോവാന്‍ തയ്യാറായി നിന്നു...
ഇതൊരു ചെറുകഥയല്ല .. ഇതൊരു ചെറു കാര്യം

ഫാറൂഖ് ബക്കര്‍

കൊറ്റന്‍= മുട്ടനാട്
മഖ്ബറ= ശവകുടീരം നില കൊള്ളുന്ന സ്ഥലം
ഷഹീദ്= രക്ത സാക്ഷി
ഉറുക= കടലാസ്... മന്ത്രങ്ങളെഴുതിയ കടലാസിനെ "ഉറുക്ക്"

Thursday, October 4, 2007

ഏര്‍വാടി

കണ്ണന്‍ മാമദ് ക്കായുടെ *വെണ്ണീര്‍‌കൂടിന്റെനടുത്തെ അട്ടിയിട്ട ആട്ടിന്‍ കാട്ട*ത്തിന്റെ ചാക്കിന് മുകളില്‍, റൌഡി മൊയ്തീന്‍ കുട്ടിയും, കുഞ്ഞന്‍ മത്തിയുടെ അവറാനും സംഘവും ഇരുന്നു വെടി പറയുന്നതിനിടയ്ക്കാണ്. ബാലന്‍കുത്തി കുഞ്ഞാപ്പു ഓടി വന്നു പറഞ്ഞത്. ആലിക്കാക്കാന്റെ പല്ലന്‍ ഉമ്മര്‍ ഹാലിളകി അവന്റെ ഉമ്മാന്റെ നെഞ്ചത്തേക്ക് അമ്മി കല്ലുകൊണ്ടെറിഞ്ഞു, അവര് ബോധം കെട്ടു വീണു, മാമദും എയ്ന്തീനും, ഉമ്മറിന്റെ ഉമ്മാനെ ആസോത്രിക്ക് കൊണ്ടുപോയി.

പല്ലന്‍ ഉമ്മറിന് ഭ്രാന്താണ്. ഈ ഭ്രാന്ത് മനസ്സിന്റെ സമനില തെറ്റിയായതല്ല, ക്രമമില്ലാത്ത മനസ്സോടെ ജനിച്ചതു മുതല്‍ അറക്കല്‍ വളപ്പിലെ എല്ലാവരുടേയും കണ്ണില്‍ അവന്‍ ഭ്രാന്തനാണ്, ഇടയ്ക്കിടെ ശെയ്ത്താനും* ഇളകും, ശെയ്ത്താനിളകിയാല്‍ പിന്നെ അവന്‍ ചെയ്യുന്നതെന്തന്ന് അവന് പോലുമറിയില്ല, അങ്ങനെയൊരു ഇളക്കത്തിലാണ് അവന്റെ ഉമ്മാക്കിട്ട് അമ്മികൊല്ലുകൊണ്ട് പെരുമാറിയത്.

റൌഡി മൊയ്തീന്‍ കുട്ടിയും സംഘവും പിന്നെ ചര്‍ച്ച. ഉമ്മറിന്റെ വീര കഥകളെ കുറിച്ചായിരുന്നു, ഉമ്മറിന് ശെയ്ത്താനിളകിയാല്‍ ഒരാനന്റെ ശക്തിയാണത്രെ, പിന്നെ ആര്‍ക്കുമവനെ പിടിച്ചു കെട്ടാനാവില്ല,ഒന്നില്ലെങ്കില്‍ തീയാല്‍ അല്ലെങ്കില്‍ വെള്ളത്താലെ ഇങ്ങനെയുള്ളവര്‍ മരികൊള്ളത്രേ, ഒരു *സാന്‍ ചോറും, ഒരു ചട്ടി നിറയെ കൂട്ടാനുംകൂട്ടി ഒരൊറ്റ ഇരിപ്പിനവന്‍ തട്ടും... അത്രത്തോളം പണിയുമെടുക്കും, കണ്ണന്‍ മാമദ്‌ക്കാന്റെ വെണ്ണീര്‍ കൂട്ടില്‍ നിന്ന് *തോട്ടിന്‍ കരയില്‍ വന്നു നിക്കുന്ന *പുരവഞ്ചിയിലേക്ക് നൂറും ഇരുന്നൂറും ചാക്ക് വെണ്ണീറും, ആട്ടിന്‍ കാട്ടവും ഒറ്റയ്ക്ക് കയറ്റും - ആ കാലത്ത് കൃഷി ആവശ്യത്തിനായി വെണ്ണീറും, ആട്ടിന്‍ കാട്ടവുമെല്ലാം തിരൂര്‍.പുറത്തൂര്‍.കൂട്ടായി, ചാവക്കാട് എന്നിവടങ്ങളിലേക്ക് കനോലി കനാല്‍ വഴി പുരവഞ്ചിയിലാണ് കൊണ്ടു പോകുവ പ്രധാനമായും പൊന്നാനിയിലെ അറക്കല്‍ വളപ്പെന്ന ഈ കൊച്ചു പ്രദേശത്തു നിന്നാണ്, രാസ വളങ്ങള്‍ വന്നതോടെ ആ പുരാതനമായ കച്ചവടവും നിലച്ചു- ആരോഗ്യ ദൃഢഗാത്രനായ ഉമ്മറിനെ മനസ്സുകൊണ്ടു കൊതിക്കാത്ത ചെറുപ്പക്കാരികള്‍ തുലോം കുറവ് .. റൌഡി മൊയ്തീനും സംഘവും കഥകള്‍ പലതും പറഞ്ഞുകൊണ്ടിരുന്നു.

ഇന്ന് സ്വന്തം ഉമ്മാനെ തല്ലിയവന്‍ നാളെ ഞമ്മളെ ഉമ്മമാരെ തല്ലൂല്ലാന്നെന്താ ഉറപ്പ്... അറക്കല്‍ വളപ്പ് നിവാസികള്‍ കൂട്ടം കൂടുന്ന ഇടത്തല്ലാം ചര്‍ച്ച ഇതായിരുന്നു. ഒന്നില്ലെങ്കില്‍ അവനെ ഭ്രാന്താസുപത്രിയില്‍ കൊണ്ടുപോയി കറന്റ് പിടിപ്പിക്കുക അല്ലെങ്കില്‍ കെട്ടിയിടുക, ഇതു രണ്ടിനും പെറ്റ തള്ള സമ്മതിച്ചില്ല, തന്നെ തല്ലിയത് അവന്റെ ദേഹത്തെ ശെയ്ത്താനാണന്ന് വിശ്വസിക്കുന്ന ഉമ്മ, തോട്ടുങ്ങ പള്ളിയില്‍ അന്തിയുറങ്ങുന്ന തങ്ങളുപ്പാപ്പാന്റെ ഖബറിങ്ങലിലെ കൊടികൊണ്ടും ഉഴിഞ്ഞാലും.. അവിടത്തെ നേര്‍ച്ച വിളക്കിലെ വെളിച്ചെണ്ണ കുടിച്ചാലും ഭേദാവും എന്ന വിശ്വാസക്കാരിയായിരുന്നു. വര്‍ഷത്തില്‍ പലതവണ, ഉമ്മറിനേയും കൊണ്ടവന്റെ ഉമ്മ മമ്പറത്തും,പെരുമ്പടപ്പ് പുത്തന്‍ പള്ളിയിലും കൊണ്ടു പ്പോയി ജാറം മൂടും, പിന്നെ എല്ലാ വ്യാഴാഴ്ച്ചയും വീട്ടിനടുത്തു തന്നെയുള്ള ചെറിയ ജാറത്തിലും, വലിയ ജാറത്തിലും, മഖ്ദൂം തങ്ങളുടെ ഖബറിങ്ങലും കൊണ്ടുപോയി ദൂആ ഇരയ്ക്കും.എങ്കിലും ഇടയ്ക്കിടെ വരുന്ന ശെയ്ത്താനിളക്കത്തിന് യാതൊരു സമാധാനവും ഇല്ല.

ഭ്രാന്താസുപത്രിയില്‍ കൊണ്ടു പോകാന്‍ സമ്മതിക്കാത്തതിനാല്‍, നാട്ടുക്കാര്‍ ഒരു തീരുമാനത്തിലെത്തി ഏര്‍‌വാടിയിലേക്ക് കൊണ്ടു പോവുക , ദൂരെയാണെങ്കിലും മനസ്സില്ലാ മനസ്സോടെ അതിനവന്റെ ഉമ്മ സമ്മതിച്ചു... നാട്ടുക്കാരും വീട്ടുക്കാരും അവരുടെ സമാധാനത്തിനായി ഭ്രാന്തില്ലാത്ത , ഭ്രാന്തനെന്ന് മുദ്രകുത്തിയ പല്ലന്‍ ഉമ്മറിനെ ഏര്‍‌വാടിയിലേക്ക് കൊണ്ടുപ്പോയി.

മാസങ്ങള്‍ കടന്നു പോയി... പല്ലന്‍ ഉമ്മറിലാത്ത അറക്കല്‍ വളപ്പില്‍, എല്ലാ ഉമ്മമാരും സമാധാനത്തോടെ അന്തിയുറങ്ങി, സമാധാനമില്ലാതെ ചെറുപ്പകാരികളും.കണ്ണന്‍ മാമദ്ക്ക മാത്രം ഇടയ്ക്കിടെ അവനില്ലാത്തതിന്റെ വിഷമം അനുഭവിച്ചു.. അക്കരെ നിന്നു വഞ്ചിവന്നാല്‍ ചര‍ക്ക് കയറ്റാന്‍ ആളില്ലാതാവുമ്പോള്‍ ....

ഒരു ദു:ഖ വാര്‍ത്ത കേട്ടായിരുന്നു അന്നൊരുനാള്‍ അറക്കല്‍ വളപ്പു നിവാസികള്‍ ഉണര്‍ന്നത് ... പല്ലന്‍ ഉമ്മര്‍ ഇനിയാര്‍ക്കും ശല്യമാവില്ല ... അവന്‍ തീയാലോ വെള്ളത്താലോ അല്ലാതെ ഏര്‍വാടിയില്‍ നരക തുല്യമായ യാതനയും വേദനയും, വിശപ്പും അനുഭവിച്ച് ഈ ലോകത്തോട് വിട പറഞ്ഞു...

ആമ്പുലന്‍‌സ് ഉമ്മറിന്റെ ചേതനയറ്റ ശരീരവും വഹിച്ച് അറക്കല്‍ വളപ്പിലെത്തി, അതുവരെ ആര്‍ക്കും വേണ്ടാത്ത ഉമ്മറിനെ കാണാന്‍ ഒരായിരം പേര്‍ കഴുകന്മാരെ പോലെ അവന്റെ മൃതശരീരത്തിന് ചുറ്റും വട്ടമിട്ടു നിന്നു.. ചിലര്‍ ആനന്ദ കണ്ണീരെന്ന പോലെ അഭിനവ ദു:ഖ കണ്ണീര്‍ ഒഴുക്കി..അവന്റെ ഉമ്മ സ്ഥലകാല ബോധമില്ലാതെ നാട്ടുക്കാരെ പഴിച്ചു കൊണ്ടിരുന്നു.. കാത്തു വെയ്ക്കാ‍ന്‍ ആരുമില്ലാത്തനിനാല്‍ ഉടനെ തന്നെ കുളിപ്പിക്കനെടുത്തു.. കുളിപ്പിക്കാന്‍ തയ്യാറായവര്‍ മയ്യത്തിന്റെ ദേഹത്തെ വസ്തം മാറ്റിയപ്പോള്‍ , അറിയാതെ അവരില്‍ ചിലര്‍ പൊട്ടി കരഞ്ഞു.. അടിയേറ്റ് കരിവാളിച്ച പാടുകള്‍ , പട്ടിണി ശരീരത്തിനകത്തെ എല്ലുകളെ വ്യക്തമായി പുറത്തേക്ക് കാണിച്ചു.. മാസങ്ങളോളം ശരീരത്ത് ഇത്തിരി വെള്ളം പോലും തട്ടിയിട്ടില്ലാന്ന് വ്യക്തം.. അടി വസ്ത്രത്തില്‍ ഉണങ്ങിയ വിസര്‍ജ്ജത്തിന്റെ അംശം , മാസങ്ങള്‍ക്ക് മുന്‍പ് കൊണ്ടു പോവുമ്പോള്‍ ഉപയോഗിച്ച അതേ അടിവസ്ത്രം വെള്ളം തട്ടാതെ ചളി പുരണ്ട് ....

ആരോഗ്യ ദൃഢഗാത്രനായിരുന്ന ഉമ്മറിന്റെ മയ്യത്ത് കുളിപ്പിച്ച് വെള്ള വസ്ത്രത്താല്‍ പൊതിഞ്ഞ് വിടിന്റെ നടുത്തളത്തില്‍ വിരിച്ച പായയില്‍ വെച്ചപ്പോള്‍, അവനെ ഇഷ്ടമല്ലാ‍ത്തവരുടെ കണ്ണില്‍ നിന്നു പോലും അറിയാതെ കണ്ണുനീര്‍ ഒഴുകി... മെലിഞ്ഞുണങ്ങിയ ആ ദേഹം കണ്ടവരില്‍ കരയാത്തവര്‍ ആരുമുണ്ടായിരുന്നില്ല ...

തോട്ടുങ്ങ പള്ളിയുടെ ഖബര്‍സ്ഥാനില്‍ ആറടി മണ്ണില്‍ ഉമ്മറിനെ കിടത്തി, അറക്കല്‍ വളപ്പു നിവാസികള്‍ ..ഒരുപിടി മണ്ണിടുമ്പോള്‍ അവരുടെ മനസ്സില്‍ ഒരു പ്രതിഞ്ജ ചൊല്ലി.. ഇനിയൊരു ഉമ്മറിനും ഈ ഗതി വരരുതെന്ന് .
.ഫാറൂഖ് ബക്കര്‍ പൊന്നാനി
---------------------------------------------------------
വെണ്ണീര്‍ കൂട് = വീടുകളില്‍ നിന്ന് ശേഖരിക്കുന്ന വെണ്ണീര്‍ (ചാരം) സൂക്ഷിക്കുന്ന സ്ഥലം
ആട്ടിന്‍ കാട്ടം =- ആട്ടിന്റെ കാഷ്ടം
ശെയ്ത്താനിളക്കം = ചുഴലി അസുഖം
സാന്‍ = വലിയ പാത്രം .
തോട്ടിന്‍ കര = കനോലി കനാല്‍ തീരം
പുര വഞ്ചി = കെട്ടുവെള്ളം

Sunday, September 2, 2007

പ്രണയ കാവ്യം പോലെയുള്ള ജീവിതം


പ്രണയം എത്ര സുന്ദരമാണന്ന് ഞാനീ ലേഖനം വായിച്ചപ്പോള്‍ ഒരിക്കല്‍ കൂടി ഉറപ്പിച്ചു. എത്രയോ പ്രണയ കഥകള്‍ ഞാന്‍ വായിച്ചിരിക്കുന്നും .. എന്തോ അതില്‍ നിന്നല്ലാം ഒത്തിരി വ്യത്യസ്ഥമായ ഈ പ്രണയത്തെ കുറിച്ച് ബൂലോകര്‍ അറിയാതെ പോവരുത്... ഈ ലേഖനം വന്നത് "വനിത"യിലാ 2007 ആഗസ്ത് 1-14 ലക്കത്തില്‍ ... കോപ്പി റൈറ്റിന്റെ പേരില്‍ എന്നെ അവരെന്തും ചെയ്യട്ടെ .. ഞാനതിനെ സ്വാഗതം ചെയ്യുന്നു .. ഇത്ര മനോഹരമായ പ്രണയ കാവ്യം പോലെയുള്ള ജീവിതം .. അതു കണ്ട് ... കണ്ടില്ലാന്നു വെയ്ക്കാന്‍ എനിക്കാവില്ല ..
വനിതയിലെ വരികള്‍ .... അതേപടി ഞാന്‍ പകര്‍ത്തുന്നു....

മൊയ്തീന്‍ : കാഞ്ചനേ.. നിന്നെ കിട്ടാന്‍ ഞാന്‍ എത്രനാള്‍ കാത്തിരിക്കണം. ഈ ജന്മം മുഴുവന്‍ അല്ലെങ്കില്‍ ജന്മജ്ന്മാന്തരങ്ങള്‍ ...
കാഞ്ചന: വേണ്ട.. മാനു.. വീട്ടുക്കാര്‍ പറഞ്ഞുറപ്പിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ചു സുഖമായി ജീവിക്കണം.എനിക്കതു കണ്ടാല്‍ മതി.
മൊയ്തീന്‍: എത്രനാള്‍ വേണമെങ്കിലും കാത്തിരിക്കാം.എത്ര കടലുകള്‍ കടന്നാണെങ്കിലും നമ്മുക്ക് ഒരുമിക്കണം.
മൊയ്തീനും കാഞ്ചനയും കത്തുകാത്തിരുന്നു ഒന്നും രണ്ടുമല്ല മുപ്പതിലേറെ വര്‍ഷങ്ങള്‍.. അവസാനം പ്രശ്നങ്ങള്‍ തീര്‍ന്നു എന്നു തോന്നിയപ്പോള്‍ കാഞ്ചന ചോദിച്ചു; 'ക്ഷമ കെട്ടോ.. എങ്കില്‍ ഞാന്‍ വരാം..'
മൊയ്തീനു സന്തോഷമായി.അയാള്‍ പറഞ്ഞു' നമ്മുടെ ഭാര്‍ഗവി നിലയം ഒന്നു പുതുക്കിയെടുക്കണം.കുളിമുറി കെട്ടണം.മുറ്റത്തൊരു ചെറിയ പൂന്തോട്ടം .നിറയെ റോസാ ചെടികള്‍.നമുക്കൊരു പുതിയ ജീവിതം തുടങ്ങണം.' പക്ഷേ ദൈവം ആ സ്വപ്നങ്ങളോറ്റ് കരുണ കാണിച്ചില്ല. ഒരു ഇടവപ്പാതി മൊയ്തീനെയും കൊണ്ടുപോയി.കാഞ്ചന ഒറ്റയ്ക്കായി.

ഞ്ചു പതിറ്റാണ്ടു മുന്‍പാണ്.കോഴിക്കോടിനടുത്തുള്ള മുക്കം ഗ്രാമം .അവിടെയൊരു പ്രണയ കഥ പാട്ടു പുസ്തകം പോലെ കറങ്ങി നടന്നു.ഇരിങ്ങാം‌പറ്റ ഉള്ളാട്ടില്‍ ബി.പി.ഉണ്ണിമോയില്‍ സാഹിബിന്റെ മകന്‍ മൊയ്തീനും കൊറ്റങ്ങള്‍ തറവാട്ടിലെ അച്യുതന്റെ മകള്‍ കാഞ്ചനയും തമ്മിലുള്ള പ്രണയം.

ഈ പ്രണയം വാര്‍ത്തയാവാന്‍ കാരണമുണ്ടായിരുന്നു.പ്രണയം തന്നെ പാപമായി കണ്ടിരുന്ന അന്നത്തെ കാലം. പിന്നെ വ്യത്യസ്ഥ മതക്കാര്‍.സമൂഹത്തില്‍ വിലയും നിലയുമുള്ള കുടുംബങ്ങള്‍.

പരമ്പരാഗതമായി ജന്മികളായിരുന്നു കൊറ്റങ്ങള്‍ കുടുംബം. കൊറ്റങ്ങള്‍ അച്യുതന്‍ സ്വാതന്ത്ര സമര സേനാനിയും പൊതുപ്രവര്‍ത്തകനുമായിരുന്നു.ഭാര്യ ദേവകി.അച്യുതനു പന്ത്രണ്ടു മക്കള്‍.ആറുപെണ്ണും ആറു ആണും.ആറാമത്തെ മകളാണ് കാഞ്ചന.സുന്ദരി പഠിക്കാന്‍ മിടുമിടുക്കി.

സമ്പന്നനും പൊതുപ്രവര്‍ത്തകനുമായിരുന്നു ഉള്ളാട്ടില്‍ ഉണ്ണിമോയില്‍ സാഹിബും.ഉപ്പു സത്യാഗ്രഹത്തില്‍ ഉണ്ണിമോയില്‍ പങ്കെടുത്തിട്ടുണ്ട്.ഭാര്യ അരിപ്പറ്റമണ്ണില്‍ പാത്തുമ്മ.മകന്‍ മൊയ്തീന്‍.

കൊറ്റങ്ങള്‍ തറവാടും ഇരിങ്ങാം‌പറ്റ ഉള്ളാട്ടില്‍ വീടും തമ്മില്‍ തലമുറകളായി സൌഹൃദമുണ്ടാ‍ായിരുന്നു.കാഞ്ചനയുടേയും മൊയ്തീന്റേയും കാലത്തും ആ സൌഹൃദം തുടര്‍ന്നു.രണ്ടുപേരും പഠിച്ചതു മണാശേരി എല്‍.പി സ്ക്കൂളിലും താഴെക്കാട് യു.പി.സ്ക്കൂളിലുമായിരുന്നു.കാഞ്ചന പഠിക്കാന്‍ മിടുക്കിയും മൊയ്തീന്‍ നേരെ തിരിച്ചും.എന്നാല്‍ ക്ലാസിനു പുറത്തെ എല്ലാ പ്രവര്‍ത്തികളിലും മൊയ്തീന്റെ സാന്നിത്യമുണ്ടാവും.

ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം രണ്ടുപേരും കോഴിക്കോട്ടെത്തി.ഒരു ദിവസം കോഴിക്കോട്ടേക്കുള്ള അവരുടെ പതിവു യാത്ര. പ്രൈവറ്റ് ബസ്സിന്റെ റിയര്‍വ്യൂ മിറ്റില്‍ രണ്ടു വെള്ളാരം കണ്ണുകള്‍ കാഞ്ചനയുടെ കണ്ണില്‍പ്പെട്ടു.പിന്നീടാണ് ആ മുഖം തെളിഞ്ഞു കണ്ടത് ആ കണ്ണൂകളുടെ ഉടമ മൊയ്തീനായിരുന്നു.

കുറച്ചു ദിവസത്തിനുള്ളീല്‍ കോളേജ് വിലാസത്തില്‍ കാഞ്ചനയ്ക്കൊരു പാഴ്സല്‍ വന്നു.ചങ്ങമ്പുഴയുടെ കവിതകള്‍.മൊയ്തീനായിരുന്നു അത് അയച്ചത്.രണ്ടു മനസ്സുകള്‍ അടുക്കുകയായിരുന്നു.കുറെ പ്രണയ ലേഖനങ്ങള്‍, വല്ലപ്പോഴും കൈ മാറുന്ന ഒരു ചിരി.പുറമെ ഇത്രമാത്രം.പക്ഷെ രണ്ടു ഹൃദയങ്ങള്‍ ഉരുകി ഒന്നാവുകയായിരുന്നു.

പെട്ടെന്നൊരു ദിവസം എല്ലാം അവസാനിച്ചു.പ്രണയം വീട്ടുക്കാര്‍ കണ്ടുപിടിച്ചു.രണ്ടു വീടുകളിലും കൊടുങ്കാറ്റടിച്ചു.തന്റെ സുഹൃത്തായ കൊറ്റങ്ങള്‍ അച്യുതനെ അപമാനിച്ചതിനു പരസ്യമായി മാപ്പു പറയാന്‍ ബാപ്പ മൊയ്തീനോട് അഞ്ജാപിച്ചു.അതിനൌ വഴങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ തോക്കെടുത്തു.കാഞ്ചനയ്ക്കുവേണ്ടി മരിക്കാന്‍ തയ്യാറെന്നു പറഞ്ഞു മൊയ്തീന്‍ നെഞ്ചു വിരിച്ചു നിന്നു. ആ ധൈര്യത്തിനും മുന്നില്‍ ഉണ്ണിമോയില്‍ സാഹിബ് വിറച്ചു.ഉമ്മ നിസഹായതയോടെ നിലവിളീച്ചു.മൊയ്തീനെ ബാപ്പ വീട്ടില്‍ നിന്നു പുറത്താക്കി.ഉള്ളാട്ടില്‍ വീട് അസ്വസ്ഥമായി.

കൊറ്റങ്ങള്‍ വീട്ടിലും സ്ഥിതി വ്യതസ്ഥമായിരുന്നില്ല.കാഞ്ചന വീട്ടുതടങ്കലിലായി.വിദ്യാഭ്യാസം നിലച്ചു.മൊയ്തീനെ മറക്കാന്‍ വീട്ടുക്കാര്‍ നിര്‍ബ്ബന്ധിച്ചു.പക്ഷേ കാഞ്ചന ഉറച്ചു നിന്നു.ഈ ജന്മം ഇനിയൊരു ജീവിതമുണ്ടെങ്കില്‍ അത് മൊയ്തീനോടൊത്തു മാത്രം .

പുറത്ത് കൊടുങ്കാറ്റടികുമ്പോഴും കഞ്ചനയും മൊയ്തീനും പ്രതീക്ഷകള്‍ കൈവിട്ടില്ല.വീട്ടില്‍ നിന്നു പുറത്തായ മൊയ്തീന്‍ അമ്മാവനായ സഖാവ് ഉമ്മന്‍ കുട്ടിയുടെ വീട്ടില്‍ താമസമാക്കി പലദുരനുഭവങ്ങളും മൊയ്തീനുണ്ടായി.വീട്ടുക്കാര്‍ മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹമുറപ്പിച്ചു.കാഞ്ചനയെ മറയ്ക്കാന്‍ ഉപദേശിച്ചു.അതെല്ലാം മൊയ്തീന്‍ തട്ടിമാറ്റി.

ഇതിനിടയില്‍ മൊയ്തീന്റെ ഉമ്മ പാത്തുമ്മയെ ബാപ്പ ഉപേക്ഷിച്ചു.അയാള്‍ മറ്റൊരു വിവാഹം കഴിച്ചു.അതോടെ മൊയ്തീനും ഉമ്മയും മറ്റൊരു വീട്ടിലേക്ക് താമസം മാറ്റി.മൊയ്തീന്‍ ആ വീടിന് ഭാര്‍ഗവിനിലയം എന്നു പേരിട്ടു.

കാലം പിന്നേയും കടന്നു.കാഞ്ചന വീട്ടുതടങ്കലില്‍ തന്നെ കഴിഞ്ഞു.അവര്‍ വിധവകളെ പോലെ വെള്ള വസ്ത്രം ധരിച്ചു.വീടിനു പുറത്തിറങ്ങാനോ വിശേഷങ്ങള്‍ അറിയാനോ കഴിഞ്ഞില്ല.ഒരു ദിവസം മൊയ്തീന്‍ വരും തന്നെ കൊണ്ടു പോകും എന്ന വിശ്വാ‍സം മാത്രമായിരുന്നു കാഞ്ചനയ്ക്ക്.

ഒലിച്ചു പോയ മുപ്പതു വര്‍ഷങ്ങള്‍.
അപവാദങ്ങളുടെ കൊടുങ്കാറ്റു പിന്നെയും വീശി.അപ്പോഴൊക്കെ കാഞ്ചന പിടിച്ചു നിന്നു.മൊയ്തീനെ‍ കാത്തിരുന്നു.കാഞ്ചനയെ കാത്ത് മൊയ്തീനും.മുപ്പതു വര്‍ഷം അവര്‍ക്കു മുന്നിലൂടെ മലവെള്ളം പോലെ ഒലിച്ചു പോയി.

ആദ്യത്തെ പത്തു വര്‍ഷം ഇവര്‍ക്കു തമ്മില്‍ കാണാന്‍ പോലും അവസരമുണ്ടായില്ല.വല്ലപ്പൊഴും കൈമാറുന്ന ഒരു കത്ത്.അതു മാത്രമായിരുന്നു ആ പ്രണയത്തെ നിലനിര്‍ത്തിയത്.

വീട്ടുതടങ്കലില്‍ നിന്ന് ഒളിച്ചോടാന്‍ പലവട്ടം അവര്‍ തീരുമാനിച്ചു.അപ്പോഴൊക്കെ ഓരോരോ തടസ്സങ്ങള്‍.താന്‍ കാരണം സഹോദരിമാര്‍ക്കു പേരുദോഷം ഉണ്ടാകരുതെന്നു കരുതി അവരുടെ കല്യാണം കഴിയുന്നതു വരെ കാത്തിരുന്നു കാഞ്ചന.അതുകഴിഞ്ഞ് ഒരു ദിവസം തീരുമാനികുമ്പോള്‍ മൂത്ത സഹോദരന്റെ മരണം.രണ്ടാമത്തെ ശ്രമത്തിന് അച്ഛന്‍ മരിക്കുന്നു.മൂന്നാമത്തെ തവണ ഒരു സഹോദരിയെ ആശുപത്രിയിലാക്കി.പിന്നെ ഉണ്ണി മോയില്‍ സാഹിബിന്റെ മരണം.സംഭവങ്ങള്‍ നാടകീ‍യമായിരുന്നു.നിങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും ഒന്നിക്കരുതെന്ന് ആരോ മന്‍:പൂര്‍വ്വം കരുതുന്നതു പോലെ.

പിന്നെ ഏതെങ്കിലും യാത്രക്കിടയില്‍ ബസ് സ്റ്റാന്റിലോ വഴിയരുകിലോ വച്ച് ഒരു ചെറു കൂടിക്കാഴ്ച്ച അതും മൂന്നും നാലും കാവല്‍ക്കാരുടെ നടുവില്‍.കൈമാറുന്നത് ഒന്നോ രണ്ടോ വാക്കുകള്‍
ഒരിക്കല്‍ പുഴകടക്കാന്‍ ഒരുമിച്ചൊരു തോണിയാത്ര.പുഴ കടന്ന സമയത്തിനുള്ളില്‍ സംസാരിച്ചു.കടവു കടന്നു കാഞ്ചന നടന്നുപോയി.മൊയ്തീന്‍ അതു നോക്കി നിന്നു.കാഞ്ചന തിരിഞ്ഞു നോക്കുമ്പോള്‍ മൊയ്തീന്‍ തറയില്‍ നിന്നു എന്തോ വാരിയെടുക്കുന്നു.വാളരെ നാള്‍ കഴിഞ്ഞ് ഒരു ദിവസം കാഞ്ചന ചോദിച്ചു. 'എന്തായിരുന്നു അന്നു വാരിയെടുത്തത്'. മൊയ്തീന്‍ പറഞ്ഞു 'നിന്റെ കാല്‍പ്പാടു നിറഞ്ഞ മണ്ണ്.

ഇക്കാലത്തിനിടയില്‍ മൊയ്തീന്‍ കോഴിക്കോട്ടെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനായിരുന്നു.സാധാരണക്കാര്‍ക്കു തങ്ങളുടെ സങ്കടങ്ങള്‍ വന്നു പറയാവുന്ന ഒരിടമായി മൊയ്തീന്റെ വീട്.അപ്പോഴൊക്കെ കാഞ്ചനയോടുള്ള പ്രണയം മൊയ്തിന്റെ മനസ്സില്‍ ഒരു വിങ്ങലായി നിറയുകയായിരുന്നു.ഒരു പുഴയായി ഒഴുകുകയായിരുന്നു
അവസാനത്തെ കത്ത്.
ഒരു ദിവസം രാവിലെ കാഞ്ചന എടവണ്ണപ്പാറയിലെ ഒരു ബന്ധുവീട്ടിലേക്കു പോവുകയായിരുന്നു.മുക്കത്തു വച്ചു മൊയ്തീന്‍ ഒരു കത്തു പോസ്റ്റ് ചെയ്തു.എടവണ്ണപ്പാറയില്‍ നിന്നു വൈകുന്നേരം മുക്കത്തേക്കുള്ള ബസിലിക്കുമ്പോഴാണ് അറിയുന്നത് ഇരിവഴിഞ്ഞിപ്പുഴയില്‍ തോണി മറിഞ്ഞു മൊയ്തീനെ കാണാനില്ലെന്ന്.
തോണി മറിഞ്ഞു യാത്രക്കാരെല്ലാം ഒഴുക്കില്‍പ്പെട്ടപ്പോള്‍ അവരെ രക്ഷിക്കാന്‍ മൊയ്തീന്‍ എടുത്തു ചാടി.രണ്ടു പേരെ ഒരുവിധം കരയിലെത്തിച്ചു.വീണ്ടും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങ്നിയപ്പോഴാണ് മൊയ്തീന്‍ നിലയില്ലാ കയങ്ങളിലേക്ക് താണു പോയത്.

മൊയ്തീന്‍ ഇല്ലാത്ത ലോകം തനിക്കുവേണ്ടെന്നു കാഞ്ചന തീരുമാനിച്ചു.ഇരുവഴിഞ്ഞിപ്പുഴയില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ നോക്കി.നടന്നില്ല.ഏഴു ദിവസത്തിനുള്ളില്‍ ഇരുപതു പ്രാവശ്യം ആത്മഹത്യയ്ക്ക് ശ്രമിച്ചു പരാജയപ്പെട്ടു.ഏഴാം ദിവസം ആശുപത്രിയിലായി.

അവിടെ മൊയ്തീന്റെ ഉമ്മ വന്നു പറഞ്ഞു' ഇന്നുമുതല്‍ നീയെനിക്ക് മൊയ്തീനാണ്' അന്നു കാഞ്ചന തീരുമാനിച്ചു'ഇനി ആത്മഹത്യക്കു ശ്രമിക്കില്ല.മൊയ്തീന്റെ സ്വപനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഞാന്‍ ജീവിക്കും.'

മൊയ്തീന്റെ വഴിയെ സമൂഹ നന്മ്ക്കായി പ്രവര്‍ത്തിക്കാനായിരുന്നു കാഞ്ചനയുടെ തീരുമാനം.മൊയ്തീന്‍ സ്ഥാപിച്ച മോചന വിമന്‍സ് ക്ലബിലൂടെയായിരുന്നു തുടക്കം.പിന്നീടു മുക്കത്തു ബി.പി.മൊയ്തീന്‍ സേവാമന്ദിറിനു തുടക്കമിട്ടു.സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനത്തിന് മന്ദിറിന്റെ വാതില്‍ തുറന്നിട്ടു.ലൈബ്രറി.നേതാജി അന്ത്യോദയ കേന്ദ്രം, ചില്‍ഡ്രന്‍സ് ക്ലബ്,സ്ത്രീ രക്ഷാ കേന്ദ്രം.ടൈലറിങ്ങ് ക്ലാസ്,മോചന വിമന്‍സ് ക്ലബ്.രക്തദാന സമിതി.ഫാമിലി കൌണ്‍സിലിംങ് സെന്റര്‍.തുടങ്ങീ ധാരാളം സംഘടനകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.

ഒരു ദിവസം മൊയ്തീന്റെ ഉമ്മ പറഞ്ഞു' മോളിങ്ങു പോരെ... എന്റെ മരിച്ചുപോയ മൊയ്തീന്റെ ഭാര്യയായി'.
കാഞ്ചനയും അതു ആഗ്രഹിച്ചിരുന്നു.പാത്തുമ്മ കാഞ്ചനയെ മധുരം നല്‍കി സ്വീ‍കരിച്ചു.പാത്തുമ്മയുടെ മരണം വരെ ആ അമ്മയും മകളും ഒരുമിച്ചുണ്ടായിരുന്നു.

ഹൃദയസരസ്സിലെ പ്രണയപുഷ്പമേ...


മൊയ്തീന്റെ വീട്ടിലെത്തിയ കാഞ്ചനയ്ക്ക് പാത്തുമ്മ കൊടുത്ത സമ്മാനം ഒരു പുസ്തകശാലയായിരുന്നു.മൊയ്തീന്റെ കയ്യൊപ്പുള്ള പുസ്തകങ്ങള്‍. ആ പുസ്തകങ്ങള്‍ക്കിടയില്‍ കാഞ്ചന മൊയ്തീനു കൊടുത്ത കത്തുകളുണ്ടായിരുന്നു.പ്രണയ സ്മാരകം പോലെമൊയ്തീന്‍ സൂക്ധിച്ചുവച്ച കത്തുകള്‍.
പ്രണയത്തിന്റെ നോവറിഞ്ഞ കൌമാരത്തിന്റെ ശേഷിപ്പുകള്‍ കാഞ്ചന ഇന്നും സൂക്ഷിക്കുന്നു.മൊയ്തീന്‍ കൈമാറിയ കത്തുകള്‍.നൂറു പേജുള്ള പുസ്തകം നിറയെ കോഡുഭാഷയിലാണ് എഴുത്ത്.അവര്‍ രണ്ടുപേര്‍ക്കുമല്ലാതെ ലോകത്തു മറ്റാര്‍ക്കും ആ ഭാഷ വായിക്കാനാവില്ല.
തമ്മില്‍ കാണാതെ വര്‍ഷങ്ങളാണ് ഇവര്‍ക്ക് കഴിച്ചു കൂട്ടേണ്ടി വന്നത്.അപ്പോഴൊക്കെ പരസ്പരം മനസ്സു കൈമാറിയിരുന്നത് ഈ കത്തുകളിലൂടെയായിരുന്നു.ഓരോ ദിവസത്തേയും വിശേഷങ്ങള്‍.ജീവിതത്തെ ഉലച്ച സംഭവങ്ങള്‍.നേരിട്ട ദുരനുഭവങ്ങള്‍.ബന്ധുക്കളുടെ കുത്തിനോവിക്കല്‍.ഇടയ്ക്ക് എപ്പോഴെങ്കിലും ഒരു ചിരി... എഴുതാന്‍ ഒരുപാടു വിഷയങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു.നോട്ടു പുസ്തകത്തിനുള്ളില്‍ ഒളിപ്പിച്ചു വെച്ച റോസാ പുഷ്പങ്ങള്‍.അല്ലെങ്കില്‍ മയില്പീലി തുണ്ട്.ചുവന്ന മഷികൊണ്ട് എഴുതിയ ഒരു നോട്ടുപുസ്തകത്തിനുള്ളില്‍ വാടികരിഞ്ഞ റോസാ പൂക്കള്‍..ഒരു പൂങ്കുലയില്‍ രണ്ടെണ്ണം.നാല്പതു വര്‍ഷം മുന്‍പ് മൊയ്തീന്‍ തന്ന് റോസാപുഷ്പങ്ങളാണിത്.കാഞ്ചന ആ നോട്ടുപുസ്തകംകണ്ണോടു ക്ഹേര്‍ത്തു. എത്ര അക്ഷരങ്ങള്‍ നനഞ്ഞിട്ടുണ്ടാകും ആ കണ്ണീരില്‍.

മനസിലിന്നും വെള്ളാരം കണ്ണുകള്‍
ഇറച്ചിയും മീനും കാഞ്ചനയ്ക്ക് വളരെ ഇഷ്ടമായിരുന്നുഎന്നാല്‍ , മൊയ്തീന്റെ മരണത്തോടെ കാഞ്ചന ഇറച്ചിയും മീനും ഉപേക്ഷിച്ചു.

തോണി അപകടം നടന്നു മൂന്നാം ദിവസമാണ്മൊയ്തീന്റെ മൃതദേഹം കിട്ടുന്നത്.കാഞ്ചനയ്ക്ക് മൃതദേഹം കാണാനുള്ള അവസരം ഉണ്ടായില്ല.പക്ഷെ ആരോ കാഞ്ചനയോട് പറഞ്ഞു: 'മൊയ്തീന്റെ കണ്ണുകള്‍ മീന്‍ കൊത്തിയിരുന്നു.ഒരു നിമിഷം, കാഞ്ചനയുടെ മുന്നില്‍ തെളിഞ്ഞത്ബസിന്റെ റിയര്‍ വ്യൂവറില്‍ കണ്ട വെള്ളാരം കണ്ണുകളാണ്.കാഞ്ചന ആദ്യം പ്രണയിച്ചത്ആ വെള്ളാരം കണ്ണുകളെയാണ് ഇരുവഴിഞ്ഞിപ്പുഴയിലെ മീനുകള്‍ കൊത്തികൊന്റു പോയത്.

അതിനു ശേഷം ഇറച്ചിയും മീനുമൊക്കെ കാണുമ്പോള്‍ കാഞ്ചനയുടെ കണ്ണില്‍ ആദ്യമെത്തുന്നത്മൊയ്തീന്റെ കണ്ണുകളാണ്.പിന്നെ ഇരുവഴിഞ്ഞിപ്പുഴയുടെ ആ‍ഴങ്ങളില്‍ ഇറ്റു ശ്വാസത്തിനായ് പിടഞ്ഞ മൊയ്തീനേയും.ഇരുപത്തിയഞ്ചു വര്‍ഷമായി കാഞ്ചന സസ്യാഹാരം മാത്രം കഴിക്കുന്നു.
മൊയ്തീന് പുഴ ഇഷ്ടമായിരുന്നു.കരയുന്നോ പുഴ ചിരിക്കുന്നോ എന്ന പാട്ട് ഏറെ ഇഷ്ടമായിരുന്നു.മൊയ്തീന്റെ മരണ ശേഷം തെയ്യത്തും കടവില്‍ കാഞ്ചന ഇടയ്ക്കിടെ പോകും.കഞ്ചനയുടെ ജീവിതത്തെ നോക്കി കരയുന്നോ ഈ പുഴ ചിരിക്കുന്നോ ...?
ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത് ... വി.ആര്‍.ജ്യോതിഷ്. ഫോട്ടോ:അസീം കൊമാച്ചി