Tuesday, September 22, 2009

സം‌വാദത്തിന് മുന്‍പ് .. ഇവിടെ വായിക്കുക

ഈ ലേഖനം എഴുതിയത് ഞാനല്ല എങ്കിലും, എനിക്കും ഈ അഭിപ്രായം ഉള്ളതിനാല്‍ എനിക്കയച്ച് തന്ന ഈ ലിഖിതം അയച്ചു തന്നെ വ്യക്തിയുടെ സമ്മതത്തോടെ ഞാനിവിടെ പോസ്റ്റുന്നു.. ഇതിലൊരു വരി പോലും എന്റേതായി കൂട്ടി ചേര്‍ത്തിട്ടില്ല എന്നിരുന്നാലും എല്ലാവരികളും എന്റെ കൂടെ അഭിപ്രായമായി കരുതുക

------------------------------------------------------------------------------

യുക്തിവാദികളേയും നിരീശ്വരവാദികളേയും ദൈവ വിശ്വാസികൾ നേരിടുന്നതു് ഒരുതരം നികൃഷ്ട ജന്തുക്കളെ പോലെയാണു്. നിരീശ്വരവാദികളെ ദൈവവിശ്വാസികൾ ആക്കി പരിവർത്തനം ചെയ്താൽ സ്വർഗ്ഗത്തിൽ സ്ഥാനം ലഭിക്കും എന്നു് വിശ്വസിക്കുന്നവരുണ്ടു്. നിരീശ്വരവാദികളെ കണ്ടുമുട്ടുമ്പോൾ സ്വന്തം മതം പഠിപ്പിക്കാനും, ദൈവത്തിന്റെ മാർഗ്ഗം കാട്ടികൊടുക്കുവാനും ശ്രമിക്കുന്നതു് കണ്ടിട്ടുണ്ടു്. പലപ്പോഴും ദൈവവിശ്വാസികൾ നല്ല സുഹൃത്തുക്കൾ ആയിരിക്കാം. പക്ഷെ ഇതുപോലുള്ള ഏറ്റുമുട്ടലുകൾ വഴി സുഹൃത് ബന്ധങ്ങൾ നഷ്ടമായേക്കാം. ഈ ഏറ്റുമുട്ടലുകൾ എങ്ങനെ ഒഴിവാക്കാം എന്നതിനെ കുറിച്ചാണു് ഈ ലേഖനം.
ഏറ്റുമുട്ടലുകൾ ഒഴിവാക്കി ആരോഗ്യപരമായ ചർച്ചകളിലൂടെ ആശയങ്ങൾ പരസ്പരം കൈമാറുന്നതായിരിക്കും എന്തുകൊണ്ടും നല്ലതു്. ഭൂരിഭാഗം വിശ്വാസികളും നല്ലവരാണു്. ചോദ്യങ്ങൾ ചോദിക്കാനുള്ള ശേഷി നശിച്ചതുകൊണ്ടും പഠിക്കാൻ അവസരം കിട്ടാത്തതുകൊണ്ടു മാത്രമാണു് അവർ വിശ്വാസികൾ ആയിപ്പോയതു്. പഠിക്കാൻ ആഗ്രഹമുള്ളവർക്ക് യുക്തിയുടെയും ശാസ്ത്രത്തിന്റേയും മാർഗ്ഗം കാണിച്ചുകൊടുക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുതു്.എന്നാൽ ആവശ്യമില്ലാതെ മതങ്ങളെ കുറിച്ചും യുക്തിവാദത്തെക്കുറിച്ചും വിഷയത്തിൽ താല്പര്യമില്ലാത്തവരുമായി ചർച്ച ചെയ്യാതിരിക്കുക: അവർൿ അറിഞ്ഞുകൂടാത്ത കാര്യങ്ങൾ അവരെ അറിയിക്കാതിരിക്കുന്നതു് കൊണ്ടു എന്തെങ്കിലും ദോഷം ഉണ്ടോ എന്നു് ചിന്തിക്കുക. താങ്കളുടെ വിശ്വാസം എന്താണെന്നു ചോദിച്ചാൽ സത്യം പറയുക. കഴിയുമെങ്കിൽ തർക്കത്തിനും സംവാദത്തിനും പോകാതിരിക്കുക. വിശ്വാസികളുമായുള്ള ചർച്ചകൾ ഒരിക്കലും സമധാനപരമായി അവസാനിക്കില്ല. പക്ഷെ ഹോമിയോപതിയും വൈദ്യശാസ്ത്രത്തിന്റെ പേരിലും നടക്കുന്ന അന്ധവിശ്വാസത്തിനെതിരെ പൊതു ജന ക്ഷേമത്തിനു വേണ്ടി വാദിക്കുക.
നിരീശ്വരവാദി എന്നാൽ സദാചാരബോധം ഇല്ലാത്തവർ ആണെന്നു് ചില ദൈവ വിശ്വാസികളുടെ ഇടയിൽ ഒരു ധാരണയുണ്ടു്. ഈ ധാരണ തെറ്റാണെന്നു് സൌമ്യമായ രീതിയിൽ അവരെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കണം. നിരീശ്വരവാദം അന്ധമായ ഒരു വിശ്വാസം അല്ലെന്നും, ഒരു മതം അല്ലെന്നും അവരെ ധരിപ്പിക്കുക.
വിശ്വാസികളുമായി ചർച്ച ചെയ്യുമ്പോൾ വ്യക്തമായ ചോദ്യങ്ങൾ ചോദിക്കാം. എന്നാൽ വിശ്വാസത്തെ പരിഹസിക്കാതിരിക്കുക. പരിഹാസിക്കുന്നതോടെ അവർ ക്ഷുപിതരാകും. സംവാദങ്ങൾ പലപ്പോഴും വഴിതെറ്റുന്നതിന്റെ പ്രധാന കാരണം പരസ്പര ബഹുമാനമില്ലാതെ പരിഹസിക്കുന്നതു മൂലമാണു്. അധവ അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ ഉടൻ തന്നെ തെറ്റു തിരുത്തുക.
ദൈവത്തിലുള്ള വിശ്വാസം വർഷങ്ങളായിട്ടുള്ള വിശ്വാസത്തിന്റെ ദൃഢമായ ഒരു മതിൽ കെട്ടാണു്. ചില സന്ദർഭങ്ങളിൽ നാം യുക്തിയുടേയും ശാസ്ത്രത്തിന്റേയും മാർഗ്ഗങ്ങൾ എത്രതന്നെ പ്രയോഗിച്ചാലും ആ മതിൽ കെട്ടിനെ തകർക്കാൻ കഴിയില്ല. ഈ അവസരത്തിൽ സമാധാനപരമായി പിന്മാറുക. നിരീശ്വരവാദം അടിച്ചേൽപ്പികേണ്ട ഒന്നല്ല. അറിവിലൂടെ മാത്രം തിരിച്ചറിയേണ്ട ഒന്നാണു്. അതേ സമയം ദൈവ വിശ്വാസികൾ നിരീശ്വരവാദികൾക്ക് നേരെ നടത്തുന്ന മത പരിവർത്തനം തുറന്ന മനസോടെ സ്വീകരിക്കുക. അതിലൂടെ തെളിയുന്നതു് നിരീശ്വരവാദികളുടെ വിശാലമനസ്കതയാണു്.
ജീവിക്കുന്ന സമൂഹത്തിന്റെ ദൈവ സങ്കൽപവും മത വിശ്വസങ്ങളും ആചാരങ്ങളും ആധികാരികമായി അറിഞ്ഞിരിക്കണം. മതങ്ങളെ കുറിച്ചുള്ള അറിവിലൂടെ മാത്രമെ മത വിശ്വാസികളുടെ ചിന്താഗതിയും വിശ്വാസങ്ങളും അറിയാൻ കഴിയു. മത ഗ്രന്ഥങ്ങൾ ഗ്രഹിച്ച ഒരു വ്യക്തിയെ ആ ഗ്രന്ഥം പഠിക്കാൻ വിശ്വാസികൾ പ്രേരിപ്പിക്കില്ല. മതങ്ങളുടെ ചരിത്രം വ്യക്തമായി പഠിക്കുക. യുക്തിവാദി ആയാലും ഈശ്വരവാദി ആയാലും വേദം പഠിക്കാത്തവരാണെങ്കിൽ ഫലം ഒന്നുതന്നെ.
വിശ്വാസികളായ സുഹൃത്തുക്കളുമായി ചർച്ച ചെയ്യുമ്പോൾ സൌഹൃദം നഷടമാകാൻ ഇടയുണ്ടു് എന്നു തോന്നുമ്പോൾ ചർച്ച എത്രയും പെട്ടന്നു ഉപേക്ഷിക്കുക. വിശ്വാസികളായ സുഹൃത്തുക്കളാണു് ശത്രുക്കളെകാൾ നല്ലതു്.