Sunday, March 9, 2008

ആത്മഹത്യാ കുറിപ്പ്

അവരതിന് തെരഞ്ഞെടുത്തത് തികച്ചും വിജനമായ ഒരിടമായിരുന്നു.കുന്നിന്‍ മുകളിലെ ഒരു പഴയ കെട്ടിടം , സര്‍ക്കാറിന്റെ അധീനതയിലുള്ള ആ സ്ഥലത്തിനടുത്തൊന്നും യാതൊരു ജനവാസവും ഇല്ല. രാത്രി കാലങ്ങളില്‍ നരിച്ചീറുകള്‍ക്കും കൂമനുമെല്ലാം സുഖവാസമൊരുക്കുന്ന ആ പഴയ കെട്ടിടത്തിനടുത്തേയ്ക്ക് ആരും പോവാറില്ല.


ജിത്തുവാണാദ്യം കണ്ടത്.
പരസ്പരം കെട്ടിപ്പിടിച്ച്, ബഞ്ചിന് താഴെ ചെരിഞ്ഞു കിടക്കുന്നു. നീലിച്ച ശരീരങ്ങള്‍, വായയിലൂടെ നുരയും പതയും ഒലിച്ചിറങ്ങിയിരിക്കുന്നു. അവരുടെ ശരീരങ്ങളില്‍ നിന്ന് രണ്ടാത്മാക്കളും വേര്‍പ്പെട്ടിട്ട് സമയമേറെ കഴിഞ്ഞിരിക്കുന്നു.
ആരാണവര്‍...? ആര്‍ക്കും കണ്ട പരിചയമില്ല, എവിടെയായിരിക്കുമവരുടെ വീട്. ആര്‍ക്കുമറിയാത്ത ചോദ്യങ്ങള്‍ പരിസരങ്ങളില്‍ നിന്നറിഞ്ഞു വന്നവര്‍ സ്വയവും മറ്റുള്ളവരോടും ചോദിച്ചു കൊണ്ടിരിന്നു.


സ്ഥലത്തെത്തിയ പോലീസ് വിശദമായി പരിശോധിച്ചു. കമിതാക്കളാണെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലായി. എന്നാല്‍ പ്രായം വളരെ ഏറിയിരിക്കുന്നു രണ്ടുപേര്‍ക്കും. എന്തിനായിരുന്നു ആത്മഹത്യ ചെയ്തതവര്‍ . പരസ്‌പരം ചോദ്യങ്ങള്‍ ചോദിച്ച് പോലീസുദ്ദ്യോഗസ്ഥര്‍ പിണങ്ങളെ പൂര്‍ണ്ണ പരിശോധനയ്ക്ക് വിധേയമാക്കി. കണ്ടെടുത്ത ആത്മഹത്യാ കുറിപ്പ് ഉയര്‍ന്ന ഉദ്ദ്യോഗസ്ഥരുടെ സാനിധ്യത്തില്‍ വായിച്ചു.
ഇത് ഞങ്ങളുടെ ആത്മഹത്യാ കുറിപ്പ്, എന്റേയും സൂര്യപ്രഭയുടേയും...
ഇരുപതിലധികം വര്‍ഷമായി തുടരുന്ന പ്രേമബന്ധത്തിനൊടുവിലൊരു തിരശ്ശീല ഇങ്ങനെ ആവാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു.
എന്റെ പേര് സുനീഷ്. വയസ്സ് 40. ഇവള്‍ സൂര്യപ്രഭ വയസ്സ് 36. ഇവളെന്റെ മാമന്റെ മകളാണ്. ഒരേ തറവാട്ടില്‍ വളര്‍ന്നവര്‍.. മുറപ്രകാരം എന്റെ പെണ്ണു തന്നെ. അതുകൊണ്ടായിരിക്കാം അവളെന്നെ പ്രേമിച്ചത്. തികച്ചും രതി താല്പരനായ എനിക്ക് ഇവളുടെ അധരങ്ങളിലെ മധുരം നു‍കരാനായിരുന്നു ഇഷ്ടം. ഇവളെനിക്ക് ആ മധുരം ആവോളം തന്നു. ഞാനത് നുകരുകയും ആസ്വദിയ്ക്കുകയും ചെയ്തു.
എന്റെ പതിനേഴാമത്തെ വയസ്സിലാണ് എനിക്കവളോട് അനുരാഗം തോന്നി തുടങ്ങിയത്. വെളിച്ചമില്ലാത്ത ഒരു രാത്രി. തീര്‍ത്തും തമസ്സ്. അറിഞ്ഞു തന്നെ ഞാനവളെ കയറി പിടിച്ചു. കുതറുമെന്നായിരുന്നു ഞാന്‍ കരുതിയത് പക്ഷെ അവളെന്നിലേക്കടുക്കുകയായിരുന്നു, പാവം! അവളുടെ സ്വപനങ്ങളില്‍ ഞാനൊരു രാജകുമാരനായി. പക്ഷെ, എന്റെ സ്വപ്നങ്ങളില്‍ മറ്റനേകം പെണ്‍‌കുട്ടികളായിരുന്നു. എന്റെ കൌമാരം ഞാന്‍ ശരിയ്ക്കും ആസ്വദിച്ചു. എന്നാലവള്‍ തറവാട്ടിന്റെ കോലായില്‍ എന്നെയും സ്വപ്നം കണ്ടിരിക്കുകയായിരുന്നു. നിശയുടെ അരണ്ട വെളിച്ചത്തില്‍ തറവാട്ടിലെ ആരുമെത്താത്ത മുറികളില്‍ ഞങ്ങള്‍ ഒരുമിച്ചു... കുശലം പറഞ്ഞു... അധരങ്ങളില്‍ സ്വപ്നസുന്ദരമായ ചുമ്പനങ്ങള്‍ അര്‍പ്പിച്ചു... അവളുടെ സ്വപ്നങ്ങളില്‍ അനേകം നല്ല ചിത്രങ്ങള്‍ തെളീഞ്ഞു വന്നു. എന്റെ ചിന്തയിലാകട്ടെ, അവളുടെ നിഴല്‍ പോലുമുണ്ടായിരുന്നില്ല.
കാലം ആര്‍ക്കും കാത്തു നില്‍‌ക്കാതെ കടന്നു പോയി. ഞാന്‍ പ്രി-ഡിഗ്രിക്കു പഠിക്കുന്ന സമയത്തായിരുന്നു എന്റെ ജേഷ്ടന്‍ (അമ്മയുടെ ജേഷ്ടത്തി പുത്രന്‍, ഇവന്‍ വിവാഹം കഴിച്ചതും സൂര്യപ്രഭയുടെ ജേഷ്ടത്തിയെയായിരൂന്നു) വിദേശത്ത് നിന്നു വന്നത്. അവനെന്നോട് ഉപദേശിച്ചു.. അവളെ കെട്ടരുതെന്ന്. കാര്യകാരണങ്ങള്‍ അവന്‍ നിരത്തി അതില്‍ കാര്യമുണ്ടന്ന എന്റെ ചിന്ത തെറ്റായിരുന്നു എന്ന് കാലം തെളിയിച്ചു. പക്ഷെ... അപ്പോഴേയ്ക്കും എല്ലാം വൈകി പോയിരുന്നു.

അവളെ എന്നില്‍ നിന്നകറ്റാന്‍ പല മാര്‍ഗ്ഗങ്ങള്‍ ഞാന്‍ ഉപയോഗിച്ചു. അന്നെനിക്ക് ഒത്തിരി പ്രണയങ്ങളുണ്ടായിരുന്നു അതില്‍ പലരേയും അവള്‍ക്ക് ഞാന്‍ പരിചയപ്പെടുത്തി കൊടുത്തു.. അതൊരു വല്ലാത്ത മാനസ്സിക പീഢനമായിരുന്നെന്ന തിരിച്ചറിവ് എനിക്കില്ലായിരുന്നു.ഒരു ദിവസം തറവാട്ടിന്റെ ആളൊഴിഞ്ഞ മുറികളിലെ ഇരുണ്ട വെളിച്ചത്തില്‍ അവളെന്നെ കാണാനെത്തി. എത്ര വേദനകള്‍ അവള്‍ക്ക് ഞാന്‍ സമ്മാനിച്ചിട്ടും അവളെന്നെ മുറുകെ കെട്ടിപിടിച്ചു കരഞ്ഞപേക്ഷിച്ചു .... എന്നെ ഉപേക്ഷിക്കല്ലേ... എനിക്കാരുമില്ല... എന്റെ സ്വപ്നങ്ങളില്‍ നീ മാത്രമായിരുന്നു... നീ ഇല്ലാതെ ഞാനെങ്ങനെ ജീവിയ്ക്കും . അപ്പോഴും രതിയോടുള്ള ആസക്തി എന്നെ മൌനനാക്കി. അവളുടെ ചുണ്ടുകളിലെ തേന്‍ തുള്ളികള്‍ ഞാന്‍ നുകര്‍ന്നു.. എല്ലാം അവളെനിക്ക് സമ്മാനിച്ചു അവളുടെ കന്യകാത്വമൊഴികെ .. അത് നുകരാന്‍ ഞാന്‍ ശ്രമിച്ചുമില്ല, ഈ നിമിഷം വരെ...

മരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് മനസ്സുറപ്പിച്ച് ഞാനിത്രയും എഴുതുമ്പോഴും അവളുടെ ഭര്‍ത്താവല്ലാതെ ഞാനിതുവരെ നുകര്‍ന്നിട്ടില്ല .
എന്റെ പ്രി‌ഡിഗ്രി പഠനം അവസാനിപ്പിച്ചു ... അവള്‍ക്ക് പല കാര്യങ്ങളും എന്റെ മാമന്‍ നോക്കികൊണ്ടിരിന്നു... ഓരേ കാര്യം വരുമ്പോഴും അവളെന്റെയടുക്കല്‍ ഓടിവന്നു കരഞ്ഞു.. എന്നെ വിവാഹം കഴിയ്ക്കുമോ എന്ന ഒരൊറ്റ ചോദ്യമായിരുന്നു അവള്‍ക്കെന്നോട് ചോദിയ്ക്കാനുണ്ടായിരുന്നത്.എന്റെ ബാധ്യതകള്‍ നിരത്തി ഞാന്‍ അവളില്‍ നിന്നകന്നു. വിദേശത്ത് ജേഷ്ടന്റേയും, അവളുടെ പിതാവിന്റേയും പരിശ്രമത്തില്‍ അവള്‍ക്കൊരു വരനെ അവര്‍ കണ്ടെത്തി...
ആ വിവാഹത്തിന് ഞാന്‍ സന്തോഷത്തോടെ തന്നെയായിരുന്നു സജീവ സാനിധ്യം അറിയിച്ചത്. എന്നാല്‍ ഒട്ടും സന്തോഷമില്ലാതെ അവളെല്ലാത്തിനും തലകാണിച്ചു. നിശബ്ദമായി കരഞ്ഞു കൊണ്ട്...

ഞാന്‍ വിദേശത്തെത്തിയപ്പോഴാണ് അവളൊരു ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. ഞാനൊന്നു വിളിക്കുക പോലും ചെയ്തില്ല... ഏതാനും വര്‍ഷത്തെ വിദേശവാസത്തിനിടെ എനിക്കും വിവാഹം നിശ്ചയിക്കപ്പെട്ടു.. ഞാന്‍ ചെയ്ത പാപം കൊണ്ടായിരിക്കാം മധുരതരമായ പ്രേമസല്ലാപത്തിനിടെ (എഴുത്തുകളിലൂടെ) രണ്ടു വര്‍ഷത്തോളം നില നിന്ന ആ ബന്ധം എനിക്ക് ബാധിച്ച രോഗത്താല്‍ ഇല്ലാതായി. സസന്തോഷം ആ വിധിയെ ഞാന്‍ സ്വീകരിച്ചു .
കാലം പിന്നേയും കടന്നു പോയി.. യാദൃശ്ചികമെന്നോണം അവളുമായി ഞാന്‍ വീണ്ടുമടുത്തു ... ഇതിനിടെ എന്റെ വിവാഹവും കഴിഞ്ഞു. എനിക്കൊരു മകള്‍ , ഇവള്‍ക്കൊരു മകനും മകളും.
എനിക്ക് ഒരു മകളുണ്ടായിട്ടും സുന്ദരിയായ ഒരു ഭാര്യ ഉണ്ടായിട്ടും.. എല്ലാ നല്ല ജീവത സാഹചര്യം ഉണ്ടായിരിന്നിട്ടും എന്നിട്ടുമെന്തെ ഞാന്‍ ഇവളോടൊത്ത് ആത്മഹത്യ ചെയ്തു എന്ന് നിങ്ങള്‍ ചോദിച്ചേക്കാം .
വീണ്ടും തളിര്‍ത്ത ഞങ്ങളുടെ പ്രണയത്തിന് പണ്ടത്തേതിനേക്കാള്‍ മാധുര്യമുണ്ടായിരുന്നു. അത് തികച്ചും രണ്ടാളും ചെയ്യുന്ന വഞ്ചനയല്ലേ എന്നു ചോദിച്ചേക്കാം ... ഞാന്‍ എന്റെ ഭാര്യയോടും അവള്‍ അവളുടെ ഭര്‍ത്താവിനോടും...
ഒരിക്കലുമല്ലാന്ന് എന്റെ മന:സാക്ഷി ചൊല്ലി. ഞങ്ങള്‍ ഇപ്പോള്‍ മനസ്സുകൊണ്ടുള്ള പ്രണയമാണ് അല്ലാതെ മുന്‍പത്തെ പോലെ ശരീരം കൊണ്ടുള്ള പ്രണയമായിരുന്നില്ല. എങ്കില്‍ ഈ പ്രണയം കുറേ കാലം നില നിര്‍ത്താമായിരുന്നില്ലേ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം.
ആത്മഹത്യ ചെയ്യുക എന്ന തീരുമാനം ഞാനാണ് ആദ്യമിവളോട് നിര്‍ദ്ദേശിച്ചത്.. അതവള്‍ക്ക് സ്വീകാര്യവുമായി. ഒരുമിച്ച് ജീവിയ്ക്കാനായില്ലെങ്കിലും ഒരുമിച്ച് മരിയ്ക്കാനും അവളുടെ ദിവ്യമായ പ്രണയം സമ്മതം നല്‍കി.. അവള്‍ക്ക് സ്വന്തം മക്കളേക്കാള്‍ സ്വീ‍കാര്യമായത് എന്നെയായിരുന്നു.
അവളുടെയത്ര പ്രണയം ഇല്ലാതിരിന്നിട്ടും എന്തിന് നീ അവളോടൊപ്പം മരിയ്ക്കാന്‍ തീരുമാനിച്ചു എന്നും നിങ്ങള്‍ ചോദിച്ചേക്കാം ... ഇതാ അതിനുള്ള ഉത്തരം ...
ഒരുനാള്‍ അവളെ ഞാന്‍ വിളിച്ചു.. സന്തോഷമാണോ എന്ന എന്റെ ചോദ്യത്തിനുത്തരം വളരെ ലളിതമായിട്ടായിരൂന്നു.." എന്റെ എല്ലാ സന്തോഷവും ഇല്ലാതാക്കിയത് നീയല്ലേ ? എന്നെ ഉപേക്ഷിച്ചത് നീയല്ലേ ? എനിക്ക് രണ്ടുകുട്ടികള്‍ ഉണ്ടായിരിന്നിട്ടും സന്തോഷമെന്നത് എനിക്കുണ്ടായിട്ടില്ല അത് ഇനിയെന്റെ മരണം വരെ ഉണ്ടാവുമകയുമില്ല .. എല്ലാ സന്തോഷവും നിനക്കുണ്ടല്ലോ അപ്പോഴും ഇപ്പോഴും.. എന്റെ മനസ്സിലെ വേദനയെന്തെന്ന് പോലും നീ തിരിച്ചറിഞ്ഞിലല്ലോ "
ഈ ഗദ്ഗദമാര്‍ന്ന അവളുടെ ശബ്ദം എന്റെ എല്ലാ സന്തോഷത്തേയും ഇല്ലാതാക്കി... അപ്പോള്‍ ഞാനൊരു തീരുമാനത്തിലെത്തി. മരണം... അതുകൊണ്ടവസാനിപ്പിയ്ക്കാം. എനിക്കറിയാം ഞാനെന്റെ മകളോടും ഭാര്യയോടും ചെയ്യുന്ന ഏറ്റവും വലിയ അപരാധമാണ് എന്നിട്ടും ഞാന്‍ മരിക്കാന്‍ തീരുമാനിച്ചു. എന്നെ ജീവനു തുല്യം സ്നേഹിച്ച, ആ സ്നേഹം തിരിച്ചറിയാനാവാതെ ചുറ്റി തിരിഞ്ഞ, തികച്ചും വഞ്ചകനായ ഞാന്‍ ചെയ്യുന്ന ഒരെ ഒരു സമ്മാനമാ‍ണ് അവളുടെ കൂടെ അവള്‍ക്കായി ഞാന്‍ സമ്മാനിയ്ക്കുന്ന സന്തോഷകരമായ എന്റെ ജീവിതവസാനം .

പോലീസ് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ബന്ധുക്കളെ വിവരമറിയിച്ചു. അവര്‍ക്ക് വിട്ടു കൊടുക്കാതെ ആത്മഹത്യാ കുറിപ്പിലെ അവസാന രണ്ടു വാചകമെങ്കിലും സഫലമാകാന്‍ അവരവസാനമായി ഒരുമിച്ച ആ സ്ഥലത്തിനരികെ ഒരുമിച്ച് തന്നെ ഒരു കല്ലറ ഒരുക്കി.