Thursday, October 4, 2007

ഏര്‍വാടി

കണ്ണന്‍ മാമദ് ക്കായുടെ *വെണ്ണീര്‍‌കൂടിന്റെനടുത്തെ അട്ടിയിട്ട ആട്ടിന്‍ കാട്ട*ത്തിന്റെ ചാക്കിന് മുകളില്‍, റൌഡി മൊയ്തീന്‍ കുട്ടിയും, കുഞ്ഞന്‍ മത്തിയുടെ അവറാനും സംഘവും ഇരുന്നു വെടി പറയുന്നതിനിടയ്ക്കാണ്. ബാലന്‍കുത്തി കുഞ്ഞാപ്പു ഓടി വന്നു പറഞ്ഞത്. ആലിക്കാക്കാന്റെ പല്ലന്‍ ഉമ്മര്‍ ഹാലിളകി അവന്റെ ഉമ്മാന്റെ നെഞ്ചത്തേക്ക് അമ്മി കല്ലുകൊണ്ടെറിഞ്ഞു, അവര് ബോധം കെട്ടു വീണു, മാമദും എയ്ന്തീനും, ഉമ്മറിന്റെ ഉമ്മാനെ ആസോത്രിക്ക് കൊണ്ടുപോയി.

പല്ലന്‍ ഉമ്മറിന് ഭ്രാന്താണ്. ഈ ഭ്രാന്ത് മനസ്സിന്റെ സമനില തെറ്റിയായതല്ല, ക്രമമില്ലാത്ത മനസ്സോടെ ജനിച്ചതു മുതല്‍ അറക്കല്‍ വളപ്പിലെ എല്ലാവരുടേയും കണ്ണില്‍ അവന്‍ ഭ്രാന്തനാണ്, ഇടയ്ക്കിടെ ശെയ്ത്താനും* ഇളകും, ശെയ്ത്താനിളകിയാല്‍ പിന്നെ അവന്‍ ചെയ്യുന്നതെന്തന്ന് അവന് പോലുമറിയില്ല, അങ്ങനെയൊരു ഇളക്കത്തിലാണ് അവന്റെ ഉമ്മാക്കിട്ട് അമ്മികൊല്ലുകൊണ്ട് പെരുമാറിയത്.

റൌഡി മൊയ്തീന്‍ കുട്ടിയും സംഘവും പിന്നെ ചര്‍ച്ച. ഉമ്മറിന്റെ വീര കഥകളെ കുറിച്ചായിരുന്നു, ഉമ്മറിന് ശെയ്ത്താനിളകിയാല്‍ ഒരാനന്റെ ശക്തിയാണത്രെ, പിന്നെ ആര്‍ക്കുമവനെ പിടിച്ചു കെട്ടാനാവില്ല,ഒന്നില്ലെങ്കില്‍ തീയാല്‍ അല്ലെങ്കില്‍ വെള്ളത്താലെ ഇങ്ങനെയുള്ളവര്‍ മരികൊള്ളത്രേ, ഒരു *സാന്‍ ചോറും, ഒരു ചട്ടി നിറയെ കൂട്ടാനുംകൂട്ടി ഒരൊറ്റ ഇരിപ്പിനവന്‍ തട്ടും... അത്രത്തോളം പണിയുമെടുക്കും, കണ്ണന്‍ മാമദ്‌ക്കാന്റെ വെണ്ണീര്‍ കൂട്ടില്‍ നിന്ന് *തോട്ടിന്‍ കരയില്‍ വന്നു നിക്കുന്ന *പുരവഞ്ചിയിലേക്ക് നൂറും ഇരുന്നൂറും ചാക്ക് വെണ്ണീറും, ആട്ടിന്‍ കാട്ടവും ഒറ്റയ്ക്ക് കയറ്റും - ആ കാലത്ത് കൃഷി ആവശ്യത്തിനായി വെണ്ണീറും, ആട്ടിന്‍ കാട്ടവുമെല്ലാം തിരൂര്‍.പുറത്തൂര്‍.കൂട്ടായി, ചാവക്കാട് എന്നിവടങ്ങളിലേക്ക് കനോലി കനാല്‍ വഴി പുരവഞ്ചിയിലാണ് കൊണ്ടു പോകുവ പ്രധാനമായും പൊന്നാനിയിലെ അറക്കല്‍ വളപ്പെന്ന ഈ കൊച്ചു പ്രദേശത്തു നിന്നാണ്, രാസ വളങ്ങള്‍ വന്നതോടെ ആ പുരാതനമായ കച്ചവടവും നിലച്ചു- ആരോഗ്യ ദൃഢഗാത്രനായ ഉമ്മറിനെ മനസ്സുകൊണ്ടു കൊതിക്കാത്ത ചെറുപ്പക്കാരികള്‍ തുലോം കുറവ് .. റൌഡി മൊയ്തീനും സംഘവും കഥകള്‍ പലതും പറഞ്ഞുകൊണ്ടിരുന്നു.

ഇന്ന് സ്വന്തം ഉമ്മാനെ തല്ലിയവന്‍ നാളെ ഞമ്മളെ ഉമ്മമാരെ തല്ലൂല്ലാന്നെന്താ ഉറപ്പ്... അറക്കല്‍ വളപ്പ് നിവാസികള്‍ കൂട്ടം കൂടുന്ന ഇടത്തല്ലാം ചര്‍ച്ച ഇതായിരുന്നു. ഒന്നില്ലെങ്കില്‍ അവനെ ഭ്രാന്താസുപത്രിയില്‍ കൊണ്ടുപോയി കറന്റ് പിടിപ്പിക്കുക അല്ലെങ്കില്‍ കെട്ടിയിടുക, ഇതു രണ്ടിനും പെറ്റ തള്ള സമ്മതിച്ചില്ല, തന്നെ തല്ലിയത് അവന്റെ ദേഹത്തെ ശെയ്ത്താനാണന്ന് വിശ്വസിക്കുന്ന ഉമ്മ, തോട്ടുങ്ങ പള്ളിയില്‍ അന്തിയുറങ്ങുന്ന തങ്ങളുപ്പാപ്പാന്റെ ഖബറിങ്ങലിലെ കൊടികൊണ്ടും ഉഴിഞ്ഞാലും.. അവിടത്തെ നേര്‍ച്ച വിളക്കിലെ വെളിച്ചെണ്ണ കുടിച്ചാലും ഭേദാവും എന്ന വിശ്വാസക്കാരിയായിരുന്നു. വര്‍ഷത്തില്‍ പലതവണ, ഉമ്മറിനേയും കൊണ്ടവന്റെ ഉമ്മ മമ്പറത്തും,പെരുമ്പടപ്പ് പുത്തന്‍ പള്ളിയിലും കൊണ്ടു പ്പോയി ജാറം മൂടും, പിന്നെ എല്ലാ വ്യാഴാഴ്ച്ചയും വീട്ടിനടുത്തു തന്നെയുള്ള ചെറിയ ജാറത്തിലും, വലിയ ജാറത്തിലും, മഖ്ദൂം തങ്ങളുടെ ഖബറിങ്ങലും കൊണ്ടുപോയി ദൂആ ഇരയ്ക്കും.എങ്കിലും ഇടയ്ക്കിടെ വരുന്ന ശെയ്ത്താനിളക്കത്തിന് യാതൊരു സമാധാനവും ഇല്ല.

ഭ്രാന്താസുപത്രിയില്‍ കൊണ്ടു പോകാന്‍ സമ്മതിക്കാത്തതിനാല്‍, നാട്ടുക്കാര്‍ ഒരു തീരുമാനത്തിലെത്തി ഏര്‍‌വാടിയിലേക്ക് കൊണ്ടു പോവുക , ദൂരെയാണെങ്കിലും മനസ്സില്ലാ മനസ്സോടെ അതിനവന്റെ ഉമ്മ സമ്മതിച്ചു... നാട്ടുക്കാരും വീട്ടുക്കാരും അവരുടെ സമാധാനത്തിനായി ഭ്രാന്തില്ലാത്ത , ഭ്രാന്തനെന്ന് മുദ്രകുത്തിയ പല്ലന്‍ ഉമ്മറിനെ ഏര്‍‌വാടിയിലേക്ക് കൊണ്ടുപ്പോയി.

മാസങ്ങള്‍ കടന്നു പോയി... പല്ലന്‍ ഉമ്മറിലാത്ത അറക്കല്‍ വളപ്പില്‍, എല്ലാ ഉമ്മമാരും സമാധാനത്തോടെ അന്തിയുറങ്ങി, സമാധാനമില്ലാതെ ചെറുപ്പകാരികളും.കണ്ണന്‍ മാമദ്ക്ക മാത്രം ഇടയ്ക്കിടെ അവനില്ലാത്തതിന്റെ വിഷമം അനുഭവിച്ചു.. അക്കരെ നിന്നു വഞ്ചിവന്നാല്‍ ചര‍ക്ക് കയറ്റാന്‍ ആളില്ലാതാവുമ്പോള്‍ ....

ഒരു ദു:ഖ വാര്‍ത്ത കേട്ടായിരുന്നു അന്നൊരുനാള്‍ അറക്കല്‍ വളപ്പു നിവാസികള്‍ ഉണര്‍ന്നത് ... പല്ലന്‍ ഉമ്മര്‍ ഇനിയാര്‍ക്കും ശല്യമാവില്ല ... അവന്‍ തീയാലോ വെള്ളത്താലോ അല്ലാതെ ഏര്‍വാടിയില്‍ നരക തുല്യമായ യാതനയും വേദനയും, വിശപ്പും അനുഭവിച്ച് ഈ ലോകത്തോട് വിട പറഞ്ഞു...

ആമ്പുലന്‍‌സ് ഉമ്മറിന്റെ ചേതനയറ്റ ശരീരവും വഹിച്ച് അറക്കല്‍ വളപ്പിലെത്തി, അതുവരെ ആര്‍ക്കും വേണ്ടാത്ത ഉമ്മറിനെ കാണാന്‍ ഒരായിരം പേര്‍ കഴുകന്മാരെ പോലെ അവന്റെ മൃതശരീരത്തിന് ചുറ്റും വട്ടമിട്ടു നിന്നു.. ചിലര്‍ ആനന്ദ കണ്ണീരെന്ന പോലെ അഭിനവ ദു:ഖ കണ്ണീര്‍ ഒഴുക്കി..അവന്റെ ഉമ്മ സ്ഥലകാല ബോധമില്ലാതെ നാട്ടുക്കാരെ പഴിച്ചു കൊണ്ടിരുന്നു.. കാത്തു വെയ്ക്കാ‍ന്‍ ആരുമില്ലാത്തനിനാല്‍ ഉടനെ തന്നെ കുളിപ്പിക്കനെടുത്തു.. കുളിപ്പിക്കാന്‍ തയ്യാറായവര്‍ മയ്യത്തിന്റെ ദേഹത്തെ വസ്തം മാറ്റിയപ്പോള്‍ , അറിയാതെ അവരില്‍ ചിലര്‍ പൊട്ടി കരഞ്ഞു.. അടിയേറ്റ് കരിവാളിച്ച പാടുകള്‍ , പട്ടിണി ശരീരത്തിനകത്തെ എല്ലുകളെ വ്യക്തമായി പുറത്തേക്ക് കാണിച്ചു.. മാസങ്ങളോളം ശരീരത്ത് ഇത്തിരി വെള്ളം പോലും തട്ടിയിട്ടില്ലാന്ന് വ്യക്തം.. അടി വസ്ത്രത്തില്‍ ഉണങ്ങിയ വിസര്‍ജ്ജത്തിന്റെ അംശം , മാസങ്ങള്‍ക്ക് മുന്‍പ് കൊണ്ടു പോവുമ്പോള്‍ ഉപയോഗിച്ച അതേ അടിവസ്ത്രം വെള്ളം തട്ടാതെ ചളി പുരണ്ട് ....

ആരോഗ്യ ദൃഢഗാത്രനായിരുന്ന ഉമ്മറിന്റെ മയ്യത്ത് കുളിപ്പിച്ച് വെള്ള വസ്ത്രത്താല്‍ പൊതിഞ്ഞ് വിടിന്റെ നടുത്തളത്തില്‍ വിരിച്ച പായയില്‍ വെച്ചപ്പോള്‍, അവനെ ഇഷ്ടമല്ലാ‍ത്തവരുടെ കണ്ണില്‍ നിന്നു പോലും അറിയാതെ കണ്ണുനീര്‍ ഒഴുകി... മെലിഞ്ഞുണങ്ങിയ ആ ദേഹം കണ്ടവരില്‍ കരയാത്തവര്‍ ആരുമുണ്ടായിരുന്നില്ല ...

തോട്ടുങ്ങ പള്ളിയുടെ ഖബര്‍സ്ഥാനില്‍ ആറടി മണ്ണില്‍ ഉമ്മറിനെ കിടത്തി, അറക്കല്‍ വളപ്പു നിവാസികള്‍ ..ഒരുപിടി മണ്ണിടുമ്പോള്‍ അവരുടെ മനസ്സില്‍ ഒരു പ്രതിഞ്ജ ചൊല്ലി.. ഇനിയൊരു ഉമ്മറിനും ഈ ഗതി വരരുതെന്ന് .
.ഫാറൂഖ് ബക്കര്‍ പൊന്നാനി
---------------------------------------------------------
വെണ്ണീര്‍ കൂട് = വീടുകളില്‍ നിന്ന് ശേഖരിക്കുന്ന വെണ്ണീര്‍ (ചാരം) സൂക്ഷിക്കുന്ന സ്ഥലം
ആട്ടിന്‍ കാട്ടം =- ആട്ടിന്റെ കാഷ്ടം
ശെയ്ത്താനിളക്കം = ചുഴലി അസുഖം
സാന്‍ = വലിയ പാത്രം .
തോട്ടിന്‍ കര = കനോലി കനാല്‍ തീരം
പുര വഞ്ചി = കെട്ടുവെള്ളം

20 comments:

വിചാരം said...

എന്നേക്കാള്‍ കുറച്ചു പ്രായം കൂടുതലുണ്ടായിരുന്ന ഉമ്മറിനെ എനിക്ക് ഭയമായിരുന്നു .. പലതവണ അവനെ പേടിച്ച് ഞാന്‍ ഓടിയിട്ടുണ്ടായിരുന്നു , അവനെ കുറിച്ചുള്ള കഥകള്‍ കുട്ടികളായ ഞങ്ങളില്‍ ഭയമുണ്ടാക്കിയിരുന്നു .. അവനൊരു പാവമായിരുന്നെന്ന് അവനില്ലാതായതിന് ശേഷമാണ് ഞങ്ങള്‍ മനസ്സിലാക്കിയത് അവനൊരിക്കലും ഭ്രാന്തുണ്ടായിരുന്നില്ല ചുഴലി (Epilepsy).അസുഖവും ഇത്തിരി മന്ദബുദ്ധിയും.മാത്രമേ ഉണ്ടായിരുന്നൊള്ളൂ . ഇതിലെ എല്ലാ കഥാപാത്രങ്ങലും സംഭവങ്ങളും സത്യമാണ് .... ഏര്‍വാടിയെന്ന ശാപം പിടിച്ച സ്ഥലത്തു നിന്ന് ജീവന്‍ നഷ്ടപ്പെട്ട പാവം ഉമ്മറിന്റെ ഓര്‍മ്മയ്ക്ക് ഈ കഥ സമര്‍പ്പിക്കുന്നു..

ഫാറൂഖ് ബക്കര്‍

ശ്രീ said...

ഉമ്മറിന്റെ ഓര്‍‌മ്മയ്ക്കു മുന്‍‌പില്‍‌ ഒരു പിടി കണ്ണീര്‍‌പ്പൂക്കള്‍‌...

വളരെ ഹൃദയ സ്പര്‍‌ശിയായ അനുഭവം തന്നെ, ഇക്കാ. എല്ലാവരും ഇതൊന്നു വായിച്ചിരിക്കണമെന്നു തോന്നുന്നു. ഇനിയെങ്കിലും എവിടേയും ആര്‍‌ക്കും ഉമ്മറിന്റെ ഗതി വരാതിരിക്കട്ടെ.

ഏറനാടന്‍ said...

പ്രിയവിചാരംഭായ്, നൊമ്പരപ്പെടുത്തുന്ന കഥയും മനസ്സില്‍ വിങ്ങലുണ്ടാക്കുന്ന ഞെട്ടിക്കുന്ന സത്യവും.. അഭിനന്ദനങ്ങള്‍..

G.manu said...

mashey....manasil thotta varikal..

പടിപ്പുര said...

വിചാരം, നന്നായെഴുതി.

Sumesh Chandran said...

ഫാറൂഖ് ബക്കര്‍ സാബ്,
നന്നായിട്ടെഴുതി..!

(ഒരു സംശയം, ആ താഴത്തെ പദപരിചയത്തില്‍, ‘കിസ’യും ഏര്‍വാടിയും ചേര്‍ക്കണമായിരുന്നോ? :) )

ചിത്രകാരന്‍chithrakaran said...

വിചാരത്തിന്റെ പൊസ്റ്റ് ചിത്രകാരനു വായിക്കാനാകുന്നില്ല.(ടെമ്പ്ലെറ്റ് പ്രശ്നം) സാവധാനം വന്ന് കമന്റു വിന്‍ഡോയില്‍ പേസ്റ്റി വായിച്ചോളാം. എന്തായാലും വിചാരം അടച്ചുപൂട്ടിയ ബ്ലോഗ് തുറന്നല്ലോ!! വളരെ സന്തോഷം. :)

പാഞ്ച said...

നല്ല അവതരണം ഫാറൂഖ് ബക്കര്‍.

ഭ്രാന്തുള്ളത് പല്ലന്‍ ഉമ്മറിനോ അതോ അവനെ അവിടെ ഇട്ട് നരകിപ്പിച്ച ആളുകള്‍ക്കോ എന്ന് സംശയമായി ഇപ്പോള്‍.

ഏത് മതസ്ഥാപനങ്ങളിലും ഉണ്ടാകും ഇത്തരം ബാര്‍ബേറിയന്‍ ശൈലി ഉള്ള അസൈലങ്ങള്‍. ഇവരെയൊന്നും ഒന്നും ചെയ്യാല്‍ വോട്ടു ബാങ്കില്‍ കണ്ണും നട്ടിരിക്കുന്ന രാഷ്ട്രീയക്കാരനും വയ്യ. എന്തെങ്കിലും ചെയ്യാനായി ഉദ്യോഗസ്ഥര്‍ തയ്യാറായാല്‍ തന്നെ അവര്‍ക്ക് വിലക്ക്.

മനുഷ്യന്‍ ആദ്യം മനസില്‍ മാറേണ്ടിയിരിക്കുന്നു.
ഇത്തരം യാതനകളുടെ അനുഭവം പങ്ക് ചെച്ചതിന് നന്ദി.
ചില ചൂണ്ട് വിരലുകള്‍ എങ്കിലും ഉയരണം നെറികേടിനെതിരേ.

-- പാഞ്ച

തറവാടി said...

:)

KuttanMenon said...

വിചാരമേ, മനസ്സില്‍ തൊട്ട വരികള്‍. നന്നായി.

കിനാവ് said...

പ്രിയ വിചാരം,
നല്ല കഥ. കഥയല്ല. കഥയാണെന്ന് തോന്നുന്ന യാഥാര്‍ത്ഥ്യം. ആത്മീയതയുടെ പരിവേഷമുണ്ടെങ്കില്‍ ഏത് ഏര്‍വാടിയിലും പോട്ടയിലും മറ്റിടങ്ങളിലും എന്തും നടക്കും. ആത്മീയത നിയമത്തിനുമപ്പുറമുള്ളതല്ലേ..

വിചാരം said...

ഇവിടെ സന്ദര്‍ശിച്ച ,.. ശ്രീ... ഏറനാടന്‍...ജി-മനു...പടിപ്പുര.. സുമേഷ് ചന്ദ്രന്‍...ചിത്രക്കാരന്‍..പാഞ്ച...തറവാടി.. കുട്ടമേനോന്‍.. കിനാവ് എന്നിവര്‍ക്കും ചാറ്റ് വഴിയും, മെയില്‍ വഴിയും പ്രോത്സാഹനം നല്‍കിയവര്‍ക്കും നന്ദി.
സുമേഷ് ഞാനത് തിരുത്തി.
ആത്മീയത തേടിയലയുന്നവര്‍ എന്നും വഞ്ചിതരായിരിക്കും കാരണം അത്മീയത വിറ്റുകാശാക്കുന്നവര്‍ക്ക് പോലുമറിയാം ഞങ്ങള്‍ ഏറ്റവും വലിയ കള്ളന്‍‌,മാരും കള്ളത്തികളുമാണന്ന്... ഇവരുടെ ശൂന്യമായ ഹൃദയത്തിനുള്ളിലെ കുടില ചിന്തകള്‍ പാവങ്ങളുടെ ധന-ജീവ നഷ്ടങ്ങളിലാണവസാനിക്കുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് സ്വയം രക്ഷിക്കാനറിയാത്തവരെ കൂട്ടു പിടിച്ചാണ് ഈ ആത്മീയ രോഗികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് .. എല്ലാ ആത്മീയ കേന്ദ്രങ്ങളും.. പാവം ഉമ്മറിനെ പോലെയുള്ളവരുടെ മരണ സങ്കേതങ്ങളാണ്, എനിക്കറിയാവുന്ന രണ്ടു പേര്‍ ഏര്‍വാടിയില്‍ കൊല്ലപ്പെട്ടിട്ടുണ്ട് .. ഒത്തിരി പേര്‍ പോട്ടയിലും മറ്റു പല അത്മീയ കേന്ദ്രങ്ങളിലും ജീവിതം ഇല്ലാതായിട്ടുണ്ടന്നാണെന്റെ അറിവ് .. സഘടിതരായ ഈ ആത്മീയവാദികളെ ഇല്ലാതാക്കണമെങ്കില്‍ ആയുധം കയ്യിലെടുക്കേണ്ടി വരും, അധികാരികള്‍ ഇവര്‍ക്കെതിരെ ഒരു വിരല്‍ പോലും അനക്കില്ല ... വരും ഇവരെ നശിപ്പിക്കാന്‍ ആരെങ്കിലും തീര്‍ച്ച ....

കുറുമാന്‍ said...

വിചാരം. ഉമ്മര്‍ സ്മരണകള്‍ക്ക് നന്ദി. വായിച്ചപ്പോള്‍, മനസ്സിലെവിടേയോ ഒരു വിങ്ങല്‍.

Manu said...

നല്ല കുറിപ്പ്.. ഏറ്വാടി എന്ന് ആദ്യം കേള്‍ക്കുകയാ‍.. എന്താണെന്ന് ഏകദേശം ഊഹിച്ചു. എന്നാലും ഒന്നു പറയാമോ

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

പ്രിയപ്പെട്ട വിചാരം ,
അന്ധവിശ്വാസങ്ങള്‍ ഒരു ജനതയെ, സമൂഹത്തെ മൊത്തത്തില്‍ വിഴുങ്ങുന്നതിന് മൂകസാക്ഷികളായി നിലകൊള്ളുകയാണ് നമ്മള്‍ !
ഹൃദയസ്പര്‍ശിയായ വരികള്‍ !!

കരീം മാഷ്‌ said...

ഏര്‍വാടിയിലെ കണക്കില്ലാത്ത വരുമാനം കോണ്ട്രാക്ട് എടുത്തു നടത്തുന്ന ഒരു ഗ്രൂപ്പിനെ തോല്‍പ്പിക്കാന്‍ മറ്റൊരു ഗ്രൂപ്പ് തീവെപ്പുണ്ടാക്കി അനേകം മാനസീകരോഗികള്‍ വെന്തുമരിച്ച സംഭവം മറക്കാന്‍ കഴിയുന്നില്ല. ഇതു വായിച്ചപ്പോള്‍ അതു വീണ്ടു മനസ്സില്‍ വന്നു.
സങ്കടമായി :(

ഇത്തിരിവെട്ടം said...

:(

അന്തവിശ്വാസങ്ങള്‍ക്ക് ഇരയാവുന്ന ഒരു കൂട്ടം ജനം... അതിനെ പ്രൊത്സാഹിപ്പിച്ച് ജീവിക്കുന്നവര്‍ വേറെയും.... കഷ്ടം.

mayavi said...

താങ്കള്‍ മുമ്പൊരിക്കല്‍ ജബാര്ക്കാന്റെ ബ്ലോഗിലിട്ട കുറിപ്പ് കണ്ടാണിങ്ങൊട്ട് കയറിയത്...100ശതമാനം സത്യമാണ്‍ താങ്കളെഴുതിയിരിക്കുന്നത്...ഞാന്‍ സൌദിയിലാണുള്ളത്. നമ്മുടെ നാട്ടിലെ ഇസ്ളാമിക മാധ്യമങ്ങള്‍ പാശ്ചാത്യരെക്കുറിച്ചെഴുതുന്ന കുറ്റങ്ങള്
മുഴുവന്‍ ചേരുന്നത് സൌദികളെ സംബന്ധിച്ചാണെന്നാണ്‍ എന്റെ അഭിപ്രായം മാത്രമല്ല പലരോടും രഹസ്യമായി ചോദിച്ചാല്‍ സമ്മതിക്കുന്നതും കണ്ടിട്ടുണ്ട്, എന്നാല്‍ രാജാവ് നഗ്നനാണെന്ന് പരസ്യമായി തുറന്ന് പറയാന്‍ ആരും തയാറില്ല. പലപ്പോഴും സത്യാവസ്ഥ തുറന്ന് പറയണമെന്ന് തോന്നാറുണ്ട്, പക്ഷെ,ഒറ്റപ്പെടുമെന്നുളള്‍ ഭീതി തന്നെ അഭിനയിക്കാന്‍ പ്രേരിപ്പിക്കുന്നു.

Spartan said...

Expecting more realistic stories like this

esmile said...

ഫാറൂക്ക് സാബ്‌, ഞാൻ വളരെ ചെറുതായിരിക്കുമ്പോൾ നടന്ന സംഭവങ്ങളാണ് ഇത്. വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ഉമ്മർ ഉമ്മാനെ തല്ലുന്ന രംഗങ്ങളൊക്കെ എന്റെ വീട്ടിന്റെ മതിലിൽ കയറി നിന്ന് കണ്ട ഓര്മ വരുന്നു.