Tuesday, April 26, 2011

മരിക്കാൻ എനിക്ക് മനസ്സില്ല

"ആശയങ്ങൾ സ്വീകരിക്കാൻ ആർക്കും എളുപ്പമാണ് എന്നാൽ ആ ആശയങ്ങൾക്ക് ചിലപ്പോൾ ദുർബലത വന്നേക്കാം ആ സാഹചര്യത്തിൽ ദൃഢമായ മനസ്സോടെ ആ ആശയത്തെ പുൽകുന്നവനായിരിക്കും കാലാതീതൻ,ഒരിക്കൽ കൂടി അഹങ്കാരത്തോടെ പറയട്ടെ .. എനിക്ക് ഞാനാണ് വലുത് ."
ഇത് എന്റെ തന്നെ സ്വന്തം വാക്കുകൾ .

കുവൈത്തിലെ അൽ സബാ ആശുപത്രി .
ഇതൊരു മെഡിക്കൽ കോളേജ് ആശുപത്രിയാണ്, ഒരു വലിയ ഡോൿടറും ഒത്തിരി കുട്ടി ഡോൿടർമാരും ഇവിടെ കിടയ്ക്കുന്ന രോഗികളെ ഗിനി പന്നികളായി പരിഗണിക്കുന്ന ഒരിടം , ഇവിടെ ഞാനൊരു ഗിനി പന്നിയായി 22 ദിവസം ചിലവയിച്ചു .

രോഗങ്ങൾ മനുഷ്യരെ കീഴടയ്ക്കുന്നത് ഏതെങ്കിലും ദൈവത്തിന്റെ ശാപം കൊണ്ടാണോ എങ്കിൽ എനിക്കാ ദൈവത്തോട് സഹതാപമുണ്ട് കാരണം ഇത്ര വലിയ ദൈവം ശപിച്ച് നൽകിയ ഏതൊരു രോഗത്തേയും ഇച്ഛാ ശക്തികൊണ്ടും മനുഷ്യനാൽ കണ്ടെത്തിയ മരുന്നുകൾ കൊണ്ടും മാറ്റിയെടുക്കുന്നു ഇവിടെ ആരാണ് വലുത് .

ആറടി നീളവും നാലടി വീതിയുമുള്ള കട്ടിലിന്റെ നടുവിലൊരു എല്ലിൻ കൂട് കണക്കേയായിരിന്നു എന്റെ കിടപ്പ്, വലിയ ഡോൿടർമാരും കുട്ടി ഡോൿടർമാരും കൂട്ടമായും ഒറ്റയ്ക്കും വന്ന് ഒരു പരീക്ഷണ വസ്തുവെന്ന പോലെ എന്റെ ശരീരം സൂക്ഷമായി പരിശോധിയ്ക്കുന്നു .. ജീവച്ഛവം പോലെ ഞാനവർക്ക് മുൻപിൽ .

എന്താണ് രോഗമെന്ന് കണ്ടെത്താൻ എന്നെ പരിശോധിച്ചിരുന്ന ഡോൿടർക്ക് നാലുമാസമായിട്ടും കഴിയാത്തതിനാലാണ് എനിക്ക് ആശുപത്രി വാസം വിധിച്ചത് അപ്പോഴേക്കും രോഗം എന്നെ പൂർണ്ണമായും കീഴടക്കിയിരിന്നു .

ഓരോ തുമ്മലിലും മുലപ്പാലിന്റെ ചുവ എന്റെ വായിൽ വന്നു അത്രയ്ക്ക് അസഹനീയമായ വേദനയായിരിന്നു എന്റെ ശരീരത്തിന്റെ ഒരു ഭാഗത്തുണ്ടായ മുഴയിൽ നിന്ന് , വരുന്ന കുട്ടിയും വലുതുമായ ഡോൿടർമാരെല്ലാം ഞെക്കി കൊണ്ടിരിന്നതും ഈ മുഴ തന്നെ , ഒരു പരിശോധനയും കൂടാതെ വലിയ ചെറിയ ഡോൿടർമാർ വിധി എഴുതി “കാൻസർ” , ആ വിധിയിൽ ഞാൻ എന്നെ തന്നെ നോക്കി .. തികച്ചും നിസംഗനായി .. ജീവിതത്തിൽ ഒരു സിഗരറ്റോ ഒരു പുക ചുരുൾ ബീഡിയോ വലിക്കാത്ത എനിക്കും കാൻസർ , ഞാൻ കരഞ്ഞില്ല കാരണം എന്തു വന്നാലും കരയില്ലാന്നുള്ള വാശി കുഞ്ഞായിരിക്കുമ്പോൾ തന്നെ ഞാൻ സ്വയത്തമാക്കിയിരിന്നു പക്ഷെ എന്തുകൊണ്ടോ എന്റെ ചിന്തയിൽ ഇത്തിരിയെങ്കിലും സങ്കടം വന്നിരുന്നു എന്നത് സത്യമാണ് .

കാൻസർ എന്ന് വിധി എഴുതിയെങ്കിലും അതിനൊരു വ്യക്തത വരുത്താൻ എന്നെ കാൻസർ സെന്ററിലേക്ക് …. ആംബുലൻസിൽ ആദ്യമായി ഒരു രോഗിയായി … ഒരു ഫിലിപൈൻസ് നഴ്സ് സ്നേഹത്തോടെ എന്റെ കൈ പിടിച്ച് ആംബുലൻസിനകത്തേയ്ക്ക് . ശരിയ്ക്കും നടയ്ക്കാൻ എനിക്കാവില്ലായിരിന്നു , എന്റെ ഊഴം വന്നപ്പോൾ എന്നെ പരിശോധനാ റൂമിലേക്ക് ആനയിച്ചു .. ചുമ്മാ ഇരിന്നാൽ പോലും വേദനിയ്ക്കുന്ന ആ മുഴയിലേക്ക് വളരെ ആഴത്തിലെത്താവണ്ണമുള്ള സൂചി കുത്തിയിറക്കിയപ്പോൾ ഞാൻ ആനന്ദിയ്ക്കുകയായിരുന്നില്ല , മുഴയ്ക്കകത്തെ ദ്രാവകം കുത്തിയെടുത്ത് പരിശോധന ….. രണ്ടു ദിവസം കഴിഞ്ഞപ്പോൾ പരിശോധന റിസൾട്ട് വന്നു കാൻസർ അല്ല പകരം അവർ കണ്ടുപിടിച്ചത് .. ട്യൂബർകുലൂഷ്യസ് …


എന്നിൽ പിടിപ്പെട്ട രോഗം ശരീരത്തിന്റെ ഏതെല്ലാം ഭാഗത്ത് ബാധിച്ചിട്ടുണ്ടന്നറിയാനായിരിന്നു അടുത്ത ശ്രമം , അതിനായ് സി.ടി .സ്കാൻ റൂമിലേക്ക് , അവർ തന്ന വസ്ത്രം ധരിച്ച് ആ ഗുഹപോലുള്ളതിലേക്ക് കടത്തി വിടാനായി ചലിക്കുന്ന ഷീറ്റിൽ കിടത്തി , റൂമിലുള്ളവരൊക്കെ വെളിയിൽ പോയി , മൈക്കിലൂടെ എനിക്ക് നിർദ്ദേശം വന്നു കൊണ്ടിരിന്നു . ശ്വാസം അകത്തേയ്ക്ക് വലിക്കാനും പുറത്തേയ്ക്ക് തള്ളാനും, പെട്ടെന്ന് തന്നെ റിസൾട്ടും കിട്ടി , എന്റെ ശരീരത്തിന്റെ എല്ലാ ജോയിന്റിനും ഈ രോഗം ബാധിച്ചു കഴിഞ്ഞിരിന്നു അതിന് പുറമെ മൂന്ന് വാരിയെല്ലിനും, അതിലൊരു വാരിയെല്ല് ക്ഷയിച്ച് (ക്ഷയമാണല്ലോ രോഗം) അതിലെ ചലവും മറ്റുമായിരിന്നു എന്നെ വേദനപ്പെടുത്തിയ മുഴയ്ക്കുള്ളിൽ.

രോഗം സ്ഥീരീകരിച്ചപ്പോൾ മരുന്നും കുറിക്കപ്പെട്ടു ഒൻപത് മാസത്തെ തുടർച്ചയായ ട്രീറ്റ്മെന്റിലൂടെ എന്റെ രോഗത്തെ ഇല്ലാതാക്കാമെന്ന് അതിനേക്കാൾ ആവശ്യം ഉറച്ച മനസ്സായിരിന്നു.

സന്ദർശകർ എനിക്ക് കുറവായിരിന്നു കാരണം ആരുമറിഞ്ഞിരിന്നില്ലായിരിന്നു , എന്റെ ബന്ധുക്കൾ ആവശ്യത്തിലധികം കുവറ്റിലുണ്ടായിരിന്നു അതിലൊരാളായ എന്റെ അവസാനത്തെ മാമൻ എന്റെ ബഡ്ഡിനരികെ ഇരിന്നിട്ട് ഇങ്ങനെ മൊഴിഞ്ഞു

“ ഇനിയെങ്കിലും നീ നല്ല വഴിക്ക് നടയ്ക്കുക , നിനക്കീ രോഗം വരാൻ കാരണം നീ ദൈവത്തേയും മതത്തേയും തള്ളി കളഞ്ഞതൂം കൊണ്ടാണ്“

സത്യത്തിൽ എനിക്ക് ആ മാമനോട് തികച്ചും പുച്ചമായിരിന്നു , ആ രസത്തോടെ തന്നെ ഞാൻ പറഞ്ഞു “ എന്റെ ചിന്തകൊണ്ടാണ് ഈ രോഗം ഉണ്ടായതെങ്കിൽ , ഈ നിമിഷം ഞാൻ മരിച്ചാലും ഞാൻ സന്തോഷാനാണ് പക്ഷെ എന്റെ ചിന്തയേയൊ ആശയത്തെയേയോ ഉപേക്ഷിക്കാൻ ഞാൻ ഒരുക്കമല്ല.
എഴുപത്തി നാലു കിലോവിൽ നിന്ന് 48 കിലോവിലേക്കുള്ള എന്റെ പരിണാമം എന്നിൽ ഉണ്ടാക്കിയ മാനസ്സിക വ്യഥ എത്രെയെന്ന് പറഞ്ഞറീയ്ക്കാനാവില്ല ഈ രോഗം ഏതൊ ഒരു മരുഭൂമിയിലയോ കാട്ടിലേയോ നാട്ടിലേയോ ദൈവമാണ് തന്നതെങ്കിൽ എന്റെ ഇച്ഛാ ശക്തികൊണ്ടാ ഭൂതം തന്ന രോഗത്തെ ഇല്ലാതാക്കും കൂടെ മനുഷ്യൻ കണ്ടെത്തിയ മരുന്നും കഴിച്ച് …

കേവലം ഒൻപത് മാസത്തിനുള്ളിൽ ചികിത്സയും ഉറച്ച മനസ്സിനാലും എന്റെ രോഗം പൂർണ്ണമായും ഇല്ലാതായി , ആദ്യത്തെ മൂന്ന് മാസത്തിനുള്ളിൽ തന്നെ എന്റെ പഴയ തൂക്കത്തിലേക്ക് തിരികെ വന്നു … എന്റെ മാമന്റെ വാക്കുകളും അതിലുപരി മറ്റൊരു സംഭവുമാണ് എന്റെ തിരിച്ച് വരവിന് പ്രധാന കാരണം
അടുത്ത പോസ്റ്റിൽ ആ മറ്റൊരു സംഭവം …………………………….
തുടരും......,

4 comments:

വിചാരം said...

"ആശയങ്ങൾ സ്വീകരിക്കാൻ ആർക്കും എളുപ്പമാണ് എന്നാൽ ആ ആശയങ്ങൾക്ക് ചിലപ്പോൾ ദുർബലത വന്നേക്കാം ആ സാഹചര്യത്തിൽ ദൃഢമായ മനസ്സോടെ ആ ആശയത്തെ പുൽകുന്നവനായിരിക്കും കാലാതീതൻ,ഒരിക്കൽ കൂടി അഹങ്കാരത്തോടെ പറയട്ടെ .. എനിക്ക് ഞാനാണ് വലുത് ."
ഇത് എന്റെ തന്നെ സ്വന്തം വാക്കുകൾ

njan oru manithan said...

I appreciate your bravery and courage in such a testing time.
Wishing you a complete cure of your disease soon.

shaji.k said...

:))

Typist | എഴുത്തുകാരി said...

എന്തുകൊണ്ടായാലും അസുഖം ഭേദമായല്ലോ, സന്തോഷം.