Saturday, April 23, 2011

പുലർകാലം

വയസ്സ് 10

അമ്മായിയുടെ കൂടെയാണ് എന്റെ താമസം, ഇല്ലം എന്നു പറയും ഉപ്പാന്റെ വീടാണെങ്കിലും ഉപ്പ ഇവിടെയല്ല, ഇവിടെ ഉപ്പയുടെ സഹോദരിയും രണ്ടു എളീമമാരും ഉപ്പാവ (ഉപ്പയുടെ ഉപ്പ)യും, വീട്ടിന്റെ ഉമ്രത്താണ് മദ്രസ്സ അതുകൊണ്ട് തന്നെ അവിടെ പോവുക പതിവില്ല… കാലത്തെഴുന്നേറ്റാൽ കേൾക്കുന്ന നബി വചനങ്ങളും ഇസ്ലാം കാര്യങ്ങളും ഇമാൻ കാര്യങ്ങളുമാണ് , എന്നും ഈ കാര്യങ്ങൾ എന്നെ ബോറടിപ്പിച്ചതിനാലാവാം ഞാനൊരു മത ചിന്തയില്ലാത്തൊരുവനായത്.(ഉപ്പാന്റെ വീട്ടിൽ താമസിക്കുന്ന കാലം)

വയസ്സ് 16

എലി കാലിൽ കടിച്ചോന്നൊരു സംശയം , ഹോട്ടലിന്റെ മച്ചിൻപുറത്താണ് താമസം, ഒരാൾക്ക് നിൽക്കാനാവാത്ത സ്ഥലം , ഇവിടെയാണ് പണിക്കാരും മുതലാളിയും മക്കളുമെല്ലാം താമസ്സിക്കുന്നത് , സമയം 6 മണി കഴിഞ്ഞിരിക്കുന്നു
ഒരു കുപ്പിയിൽ വെള്ളവുമായി പബ്ലിക്ക് കക്കൂസിലേക്ക് സ്ഥലം ബോംബെ ആയതിനാൽ വെള്ളത്തിന് ഇത്ര ദൌർലഭ്യം ഉണ്ടാവുമെന്ന് കരുതിയിരുന്നില്ല. നാലഞ്ചാളുകളുള്ള ക്യൂ , അന്നെനിക്കറിയാത്ത ഭാഷയാണ് ഹിന്ദി എന്തല്ലാമോ ഓരോരുത്തർ പറയുന്നുണ്ട് മൂന്നോ നാലോ മിനുറ്റിനുള്ളിൽ ദേഷ്യത്തോടെ ഇറങ്ങി വരുന്നവർ . (ബോംബെ, വഡാല , കിട്വായ് നഗറിൽ താമസ്സിക്കുന്ന കാലം)

വയസ്സ് 21

സമയം പുലർച്ചേ അഞ്ചുമണി കഴിഞ്ഞിരിക്കും, അമ്പലത്തിൽ നിന്ന് തമിഴ് കീർത്തനങ്ങൾ കോളാമ്പിയിലൂടെ അത്യുച്ചത്തിൽ , ശല്യം എന്നേ എന്നും എനിക്ക് തോന്നിയിട്ടൊള്ളൂ , ഉണരുക ആ മൂഡിലായിരിക്കും , സ്ഥലം മദ്രാസിനടുത്തുള്ള വെല്ലൂർ , ഹിന്ദുക്കൾ സംസാരിക്കുന്നത് തമിഴിലും മുസ്ലിംങ്ങൾ ഉറുദുവിലും , ഭാഷകൊണ്ടും വസ്ത്രങ്ങൾ കൊണ്ടും വേർത്തിരിക്കപ്പെട്ട മനുഷ്യ മനസ്സുകൾ , ഇവരെല്ലാവരും ചായ കുടിയ്ക്കാൻ ഞാൻ ക്യാഷറായ കൊച്ചു ചായക്കടയിലാണ് വരിക.(മദ്രാസ്സിനടുത്ത് കാഡ്പാടിയിലെ വെല്ലൂരിൽ താമസ്സിക്കുന്ന കാലം)

വയസ്സ് 24

13 പേരിൽ 5 വിത്തുകൾ 5 വിത്തൌട്ടുകൾ (കോത്തായികൾ), 3 മിക്സ് … ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥികൾ വാടകയ്ക്കെടുത്ത് താമസ്സിയ്ക്കുന്നൊരു വീട്ടിലെ പുലർകാല കാഴ്ച്ചയാണിത് , മൂന്ന് റൂമിൽ മൂന്ന് തരം വ്യക്തിത്വങ്ങൾ .. വിത്തൌട്ട് റൂമിലേക്കാരും എത്തി നോക്കില്ല ഞാനൊഴികെ മറ്റെല്ലാവരും കരുതുന്നത് ആ റൂമിലെ കാഴ്ച്ച കണ്ടാൽ അന്നത്തെ ദിവസം മഹാ പോക്കായിരിക്കുമെന്ന് , ഞാൻ വിത്തിലെ മെംബർ.( പാലക്കാട് കോണ്ടിനെന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് സ്ഥാപനത്തിൽ പ്രഡക്ഷൻ (കുക്കിംഗ്) വിഭാഗത്തിൽ പഠിയ്ക്കുന്ന കാലം)

25 വയസ്സ്

യാ ഹിമാർ ആലത്തൂൾ നായിം .. അറബിച്ചിയുടെ കരപിര ശബ്ദമാണെന്നെ ഉണർത്തുക , എന്റെ പുലർക്കാലം ഉച്ച കഴിഞ്ഞതിന് ശേഷമായിരിക്കും കാരണം കുവൈറ്റിലെ അറബി വീട്ടിലെ ദുവാനിയായിൽ വരുന്നവർക്ക് ചായയും ഗഹ്വയും കൊടുക്കുക എന്നതാണെന്റെ ജോലി ആ ജോലി കഴിയുക പുലർച്ചേ ആറുമണി കഴിഞ്ഞിരിക്കും പിന്നെയായിരിക്കും എന്റെ ഉറക്കം ആരംഭിയ്ക്കുക ഒരു അമേരിക്കൻ ജീവിതം .(കുവൈറ്റിലെ(ഫിർദൌസ്) ഒരു അറബി വീട്ടിലെ വാസകാലം)

26 വയസ്സ്

ക്യാ ഭായ് അഭിത്തക്ക് ഉഠാ നഹി ? ടൈം ബഹുത്ത് ഹോഗയാ സഹ പ്രവർത്തകന്റെ സ്നേഹ ഭാഷണത്തോടെയായിരിന്നു എന്നും ഉണരുക .. പുലർച്ചേ അഞ്ചുമണിയ്ക്ക് എഴുന്നേറ്റാലേ ഹോട്ടലിലെ കാലത്തേയ്ക്കുള്ളതുണ്ടാക്കാൻ പ്രധാന കുക്കിനെ സഹായിക്കാനൊക്കൂ .(കുവൈറ്റിലെ(സഫാത്ത്) ഒരു മലബാർ ധാബയിൽ ജോലി ചെയ്യുന്ന കാലം)

26 ൽ തന്നെ

വാ പെട്ടെന്നെഴുന്നേൽക്ക് ….. കൊയിലാണ്ടിക്കാരൻ കോയാക്കാന്റെ വിളികേട്ടായിരിക്കും ഉണരുക , നാലു മണി കഴിഞ്ഞിട്ടുണ്ടാവുകയേ ഒള്ളൂ അതി പുലർച്ചെ സബ്ജി മാർക്കറ്റിലെത്തിയാലേ പച്ചക്കറികൾ എല്ലാം കിട്ടൂ … കുവൈറ്റിലെ എല്ലാ ബക്കാലകളിലേക്കും പച്ചക്കറി എത്തിയ്ക്കണമെങ്കിൽ അതി പുലർച്ചെ എഴുന്നേൽക്കണം.(കുവൈറ്റിൽ (സഫാത്ത്)ഒരു പച്ചക്കറി സപ്ലേക്കാരന്റെ കൂടെ ജോലി ചെയ്യുന്ന കാലം)

27 വയസ്സ്

പോത്തുപോലെ കിടന്നുറങ്ങുന്ന ഹംസത്തിന്റെ കൂർക്കം വലിയാണെന്റെ അലറാം , ആറുമണിയ്ക്കാണ് സൈറ്റിലെത്തേണ്ടത് സൈറ്റിൽ എനിക്കും ഹംസത്തിനും വേണ്ടി ബണ്ടലുകൽ കണക്ക് ജിപ്സം ബോർഡും മറ്റു ഡക്കറേഷൻ അനുബന്ധ സാമഗ്രികളും ലിഫ്റ്റില്ലാത്ത നിർമ്മാണത്തിലിരിക്കുന്ന ബിൽഡിംഗിന്റെ മുകളിലെത്താൻ കാത്തിരിക്കുന്നുണ്ടാവും , ലെബനാനി വണ്ടിയുമായി അഞ്ചു മണിക്ക് തന്നെ പിക്ക് അപ്പ് പോയിന്റിലെത്തും ഇല്ലെങ്കിൽ മറ്റൊരു ചീത്ത ലബനാൻ അറബിയില്ലായിരിക്കും , ക്രിസ്ത്യാനിയായ ലബനാനി ഫോർമാന്റെ മാതൃഭാഷ അറബിയാണ്.( കുവൈറ്റിൽ(ഹവ്വല്ലി)ഒരു ഡക്കറേഷൻ കമ്പനിയിൽ ജോലി ചെയ്യുന്ന കാലം)

28 വയസ്സ്

പത്തുമണിക്കാണ് പുലർക്കാലം , പതിനൊന്ന് മണിക്ക് അണിഞ്ഞൊരുങ്ങി താഴെ സ്റ്റാർട്ടാക്കിട്ടിരിക്കുന്ന വാനിലെത്തിയാൽ മതി, ഫ്ലാറ്റിൽ 14 പേരുണ്ട് ഒരു ബാത്ത് റൂം , സമയത്തെ ഹരിച്ചും ഗുണിച്ചും ക്ലിപ്തപ്പെടുത്തി ഓരോരുത്തർക്ക് പകുത്തിയിരിക്കുന്നു അതുകൊണ്ട് തിക്കും തിരക്കുമില്ല സീനിയർമാർ നേരം വൈകിയും ജൂനിയേർസ് നേരത്തേയും എഴുന്നേൽക്കണമെന്ന് മാത്രം, സ്റ്റാർ റസ്റ്റോറന്റാണെങ്കിലും എന്റെ പോസ്റ്റ് വെയിറ്റർ/പിക്ക്മാൻ ആണെങ്കിലും നിലം തുടയ്ക്കുക എന്നത് എന്നിലേല്പിച്ച കർത്തവ്യമാണ്., അത് ചെയ്യണമെങ്കിൽ ആദ്യത്തെ വണ്ടിയിൽ ഞാൻ ഹോട്ടലിലെത്തണം.( കുവൈറ്റിൽ(റിഗ്ഗായി) ഒരു സ്റ്റാർ റസ്റ്റോറന്റിൽ ജോലി ചെയ്യുന്ന കാലം)

30 വയസ്സ്

താമസ സ്ഥലത്ത് നിന്നും ജോലി സ്ഥലത്തേക്ക് ബസ്സിലാണ് പോവേണ്ടത് , ഡ്യൂബ്ലി ചാവി ഉണ്ടാക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള ജോലിയൊന്നുമല്ല എങ്കിലും കൃത്യ സമയത്ത് തന്നെ ഷോപ്പിലെത്തണം , നേരം വൈകിയാലും സിറിയക്കാരൻ മുതലാളി ചീത്ത പറയില്ല.(കുവൈറ്റിൽ(ഹവ്വല്ലി) ഒരു ചാവി ഉണ്ടാക്കുന്ന കടയിൽ ജോലി ചെയ്യുന്ന കാലം)

31 വയസ്സ്

താമസ്സം ജോലിസ്ഥലത്തിനടുത്താണെങ്കിലും കൃത്യം 9 മണിക്ക് ഷോപ്പിലെത്തണം കാരണം ലോകത്തിലേറ്റവും വൃത്തികെട്ട നാറിയ സ്വഭാവക്കാരായ പലസ്ഥീൻക്കാരനാണ് എന്റെ സൂപ്പർവൈസർ അഹമദ്, ക്ഷമ എന്നത് എനിക്കില്ലായിരുന്നെങ്കിൽ ഞാനിന്ന് കുവൈറ്റിലെ ജയിലനകത്ത് അഴിയെണ്ണുമായിരുന്നു , പുലർക്കാലങ്ങളെല്ലാം ഇവന്റെ നശിച്ച വക്രിച്ച മുഖമോർത്തുകൊണ്ടാണ് എഴുന്നേൽക്കാറ് , ഒരു അവിശ്വാസിയായിട്ട് പോലും എനിക്കവന്റെ മുഖം കാണുന്നത് ഇഷ്ടമല്ല (കുവൈറ്റിൽ(സാൽമിയായിൽ) ഒരു സ്പോർട്സ് കടയിലെ സെയിത്സ്മാനായി വർക്ക് ചെയ്യുന്ന കാലം).

32 വയസ്സ്

ജോലി ഇല്ലെങ്കിലും താമസം ഫ്രീയല്ല, ആയതുകൊണ്ട് തന്നെ അന്നത്തിനുള്ള വകയ്ക്കായ് വൈകുന്നേരം മീൻ മാർക്കറ്റിലെത്തി മത്സ്യം ലേലം കൊണ്ട് അത് ഹോട്ടലിൽ കൊണ്ടു പോയി കൊടുക്കണം എങ്കിലേ വല്ലതും തടയൂ … പുലർകാലം എന്നത് കണികാണാത്ത കാലം (ജോലി ഇല്ലാതെ കുവൈറ്റിലെ ഷർക്ക് മിൻ മാർക്കറ്റിൽ മീൻ വിൽപന തൊഴിലാളികളായ മലയാളി സുഹൃത്തുക്കളുമൊത്ത് താമസ്സിക്കുന്ന കാലം)

33 വയസ്സ്

താമസ്സവും ജോലിയും ഒരേ സ്ഥലത്ത് ആദ്യത്തെ ക്യാമ്പ് വാസം , മരുഭൂമിയിലെ രസകരമായ പുലർക്കാലം , അസി:കുക്കിന്റെ ജോലി ഏറെ സന്തോഷം നൽകുന്നതായിരിന്നു , എന്നും പുലർച്ചെ എഴുന്നേൽക്കുമ്പോൾ എന്തല്ലാം ഉണ്ടാക്കണമെന്ന ധാരണയോടെ ഉന്മേഷത്തോടെയായിരിന്നു ( കുവൈറ്റിലെ അഹമദി മേഖലകളിലെ ഒയിൽ റിഗ്ഗിൽ കാറ്ററിംഗ് സെക്ഷനിൽ ജോലി ചെയ്യ്തിരുന്ന കാലം).

33 വയസ്സ് മുതൽ 38 വരെ

ജീവിതത്തിലെ ഏറ്റവും സുന്ദരമായ പുലർകാലങ്ങൾ ആസ്വദിച്ച കാലം , ഇറാഖിലെ നസറിയായിലെ ,മരുഭൂമിയിലെ എല്ലാ പുലർകാലവും ഏറ്റവുമാദ്യം ആസ്വദിച്ചത് പ്രായക്കാരിൽ കുറവുള്ള ഞാനായിരിക്കും ,ഡ്യൂട്ടി കാലത്ത് ആറുമണിക്കാണെങ്കിലും എന്നും മൂന്ന് മണിക്ക് എഴുന്നേറ്റ് പുലർക്കാലങ്ങളൊക്കെ ആവോളം ആസ്വദിച്ചിട്ടുണ്ട്. യൂഫ്രട്ടീസ് നദിയിൽ നിന്ന് കനാൽ വഴി ശേഖരിച്ച വെള്ളത്തിലെ കുളി, എത്ര ചൂടുള്ള കാലാവസ്ഥയിൽ ആ നദിയിലെ വെള്ളം നല്ല തണുപ്പായിരിന്നു .(ഇറാഖിലെ (മെസപ്പെട്ടോമിയ) നാസറിയായിലെ അഞ്ചു വർഷകാല ജീവിതം) ഏറ്റവും മെച്ചപ്പെട്ട ജീവിതവും , നല്ല ജോലികളൂം (ഡോക്യുമെന്റെ കണ്ട്രോൾ സ്പെഷലിസ്റ്റ്,ഓഫ്ഫീസ് അഡ്മിനിസ്റ്റ്രേറ്റീവ്)

വയസ്സ് 39

കാലത്ത് 2 മണിക്ക് എഴുന്നേറ്റാലേ നാലു മണിക്കുള്ള ലാസ്റ്റ് ബസ്സിന് മുൻപ് ഏതെങ്കിലും ഒരു ബസ്സിൽ കയറി കുവൈറ്റിലെ ഒരറ്റത്തുള്ള വിശാലമായ മരുഭൂമിയെ വളച്ചുകെട്ടിയുണ്ടാക്കിയ “അരിഫ് ജാൻ” ക്യാമ്പിലെത്താനാവൂ .. ക്യാമ്പിനകത്തേയ്ക്ക് ഒന്നെത്തിപ്പെടണമെങ്കിൽ മൂന്ന് ചെക്കിംഗ് പോയിന്റുകളിൽ ക്ഷമയോടെ ക്യൂ നിൽക്കണം എങ്കിലേ ഏഴുമണിക്കാരംഭിയ്ക്കുന്ന ഓഫീസ്സിൽ കൃത്യ സമയത്തിന് മുൻപെത്താനാവൂ (കൃത്യത അത് നിർബ്ബന്ധമാണ് അമേരിക്കൻ കമ്പനികളിൽ) … (കുവൈറ്റിലെ അരിഫ് ജാൻ ക്യാമ്പിൽ പ്രഡക്ഷൻ കണ്ട്രോളറായി ജോലി ചെയ്ത കാലം .)

വയസ്സ് 40 … മാർച്ച് 16

മകന്റേയും മകളുടേയും ഉപ്പച്ചീന്നുള്ള മണിമൊഴികൾ കേട്ടാണ് ഞാൻ ഉണരുക ….. പ്രവാസത്തോട് വിട പറഞ്ഞ് എന്റെ നാടിന്റെ പുലർകാലങ്ങൾ കഴിഞ്ഞ ഒന്നര വർഷത്തിലധികമായി ഞാൻ ആസ്വദിക്കുന്നു , എന്നും ജിമ്മിന് പോകുന്നു.. കുട്ടികളുമായും ഭാര്യയുമായിമൊക്കെ കളിച്ചുല്ലസിച്ച് ജീവിതത്തിന്റെ ആനന്ദകരമാക്കുന്നു.
എന്റെ പുലർകാലങ്ങൾ തുടരുന്നു .

11 comments:

വിചാരം said...

എന്റെ പുലർകാലങ്ങൾ തുടരുന്നു .

കൂതറHashimܓ said...

ആദ്യമായിട്ടാണിവിടെ വരുന്നതെന്ന് തോനുന്നു.

മീറ്റില്‍ കണ്ടിരുന്നു. മീറ്റില്‍ എന്നെ കെട്ടിപ്പിടിച്ച് നെഞ്ചോട് ചേര്‍ത്ത ആ നിമിഷം... ഒത്തിരി സന്തോഷം.. ഇന്നും ആ സന്തോഷം നിലനില്‍ക്കുന്നു.

പുലര്‍ക്കാല വര്‍ഷണ്‍ഗളിലൂടെ കടന്ന് പോയി... ഇത്തിരി ഇഷ്ട്ടായി

റഫീക്ക് കിഴാറ്റൂര്‍ said...

അപ്പൊ ആളൊരു മഹാസംഭവമാണല്ലേ........പുലർക്കാല ഓർമ്മകൾ നന്നായി.

Nileenam said...

ഒരുപാട് അനുഭവങ്ങളുണ്ടാകുമല്ലോ ഇവിടെ കോറിയിടാന്‍. കാത്ത്ത്തിരിയ്ക്കുന്നു...

വിചാരം said...

പ്രിയ ഹാഷിം … അപ്രതീക്ഷിതമായൊരു കണ്ടുമുട്ടലാണ് നമ്മൾ തമ്മിൽ … പണ്ടെന്നോ കൂതറ.. എന്നതിനെ പറ്റി സംവദിച്ചൊരു ഓർമ്മ .. നേരിൽ കണ്ടപ്പോൾ എന്റെ സന്തോഷം എന്റെ ഹൃദയം നിന്റെ ഹൃദയത്തോട് ചേർത്ത് വെച്ച് …. ഞാൻ ആഘോഷിച്ചു , ഹൃദയതാളങ്ങൾ ഒരേ സമയം സ്പന്ദിയ്ക്കുമ്പോളുണ്ടാവുന്ന എനർജിയാണ് പരസ്പര സ്നേഹം …. എന്നെന്നും നമ്മുടെ സ്നേഹം നിലനിൽക്കും …


റഫൂഖേ .. നിന്റെ വയറൊന്ന് ശ്രദ്ധിയ്ക്കൂ ട്ടോ … മേദസ് കൂടിയാൽ പിന്നെ ഇളക്കി കളയാൻ പാടാ … ഓരോ ജീവിതവും ഓരോരൊ സംഭവങ്ങളാണല്ലോ, അറിഞ്ഞതിനേക്കാൾ എത്രയോ മഹത്തരമായ സംഭവങ്ങളാണ് ഓരോ വ്യക്തിജീവിതത്തിലേയും അറിയാത്ത സംഭവങ്ങൾ .

നിലീനാം … അനുഭവങ്ങളാണ് ജീവിതം .. ജീവിതം അനുഭവങ്ങളുടെ ഒരു ഭാണ്ഡവും, ഇടയ്ക്കിടെ കോറിയിടുന്നു.
പുലർകാലങ്ങൾ വായിച്ചതിൽ സന്തോഷം എല്ലാവർക്കും നന്ദി

ശ്രീ said...

ഇനിയുള്ള പുലര്‍കാലങ്ങളും സന്തോഷങ്ങളുടേതാകട്ടെ...

കമ്പർ said...

ഇനിയുമൊരുപാട് ഒരു പാട് പുലർകാലങ്ങൾ അനുഭവിക്കാനുള്ള യോഗം ദൈവം തന്ന് അനുഗ്രഹിക്കുമാറാകട്ടെ..
ആശംസകൾ

യരലവ~yaraLava said...

ജീവിതവഴികളിലൂടെയുള്ള പുലര്‍കാല യാത്ര പുതിയ വായനാനുഭവമായി. പ്രഭാതവും സായാഹ്നവും. നിലാവെളിച്ചവുമാണ് ദിനങ്ങള്‍ക്ക് ശക്തിതരുന്നത്. നേരത്തെയെണീറ്റ് വെള്ളകീറുന്ന ആകാശങ്ങളെ വെറുതെ നോക്കിയിരിക്കുക. എന്ത് തിരക്കിലും പുറത്തിറങ്ങി അന്നന്നത്തെ സായാഹ്നം ആസ്വദിക്കുക. അസ്തിത്വ പ്രതിസന്ധിക്ക് നല്ലൊരു പരിഹാരമാകും. :)

Areekkodan | അരീക്കോടന്‍ said...

അന്ന് കണ്ട ആ ലുക്കല്ലല്ലോ ഈ എഴുത്തിന് !!!

Mohammed said...

Well done.Nannayittund,
abinandanagal ,kallan pathukke
nattil koodiyalle.


Anas babu

വിചാരം said...

ശ്രീ ….. എനിക്കെന്നും സന്തോഷങ്ങളേ ഉണ്ടാവാറൊള്ളൂ … കാരണം എന്റെ പോസ്റ്റുകളിലൂടെ വ്യക്തമാക്കാം .. വെയ്റ്റ്

കമ്പർ … ചങ്കൂറ്റത്തോടെ തന്നെ ഞാനൊരു കാര്യം പറയട്ടെ !!!! താങ്കൾ വിശ്വസിക്കുന്നതും ഈ ലോകം മൊത്തം വിശ്വസിക്കുന്ന ഒരു ദൈവത്തിന്റെ അനുഗ്രഹവും എനിക്ക് വേണ്ട , കേവലമൊരു ഉച്ഛാളി രാഷ്ട്രീയക്കാരന്റെ വാക്കുകളല്ല് എന്റേത് .. വേണ്ട എന്നാൽ വേണ്ട, തുറന്ന് പറഞ്ഞതിൽ സങ്കടപ്പെടേണ്ട.

യരലവ .. ആർക്കാണിഷ്ടാ ഇതിനൊക്കെ നേരം , എന്ന ചോദ്യത്തിനുത്തരമാണ് എന്റെ ഏതൊരു പോസ്റ്റുമെന്ന് ഞാൻ ആഗ്രഹിയ്ക്കുന്നു…
അരിക്കോടൻ ?????
മാഷേ എനിക്ക് മനസ്സിലായില്ല , നമ്മൾ തുഞ്ചൻ പറമ്പിലെ പരസ്പര പരിചയപ്പെടലിൽ തികച്ചുൻ ഔപചാരികത ഒരുപക്ഷെ അതൊന്നും എഴുത്തിൽ പ്രതിഫലിച്ചെന്ന് വരില്ല , ഉദാഹരണത്തിന് നമ്മുടെ ലത്തീഫിനോട് ചോദിച്ചാൽ മതി, ബൂലോകത്ത് വ്യത്യസ്ഥമായ അഭിപ്രായങ്ങളാൽ വേറിട്ട് നിന്നിരുന്നവരാണ്, തിരൂർ മീറ്റോടെ എല്ലാ ധാരണകളും മാറി മാറ്റി മറിക്കപ്പെടുന്നു.
മുഹമ്മദ് അനസ് ബാബുവിനെ എനിക്ക് മനസ്സിലായില്ല ട്ടോ ..