Thursday, August 14, 2008

ഇറാഖില്‍ നിന്ന്

ഇറാഖില്‍ നിന്ന്,
ഈ മണ്ണില്‍ പടയോട്ടത്തിന്റേയും ചോരപുഴ ഒഴുകിയതിന്റേയും പാടുകള്‍ കാണാം
ഇന്നും ഒഴുകുന്നു നിരപരാധികളുടെ രക്തം-
അത് യൂഫ്രട്ടീസായും ടൈഗ്രിസായും ഒഴുകുന്നു.
സമാധാനത്തിനായ് രൂപം കൊണ്ട മതങ്ങള്‍ അനേകം ഈ മണ്ണില്‍-
എന്നിട്ടും സമാധാനം എത്രയോ അകലെയാണിപ്പോഴും.
ക്യാമ്പില്‍ ചുറ്റും വലിയ കോണ്‍ഗ്രീറ്റ് ചുമരുകളാന്‍ സംരക്ഷിത
വലയത്തിനകത്തെ ടെന്റുകളിലാണെന്റെ ഉറക്കം
ഉറക്കെ കേള്‍ക്കുന്ന മിസൈലുകളുടെ ഇരമ്പല്‍,
ഞങ്ങള്‍ ജീവനും കൊണ്ടോടുന്നു ബങ്കറിലേക്ക്.
ഒരു ബങ്കറിനാലും കോണ്‍ഗ്രീറ്റ് ചുമരുകളാലും-
സംരക്ഷിതരല്ലാത്ത ഇറാഖികള്‍ മിസൈലുകളെ നോക്കി-
നിസംഗതരാവുന്നു.
നേര്‍ത്ത സ്വരത്തില്‍ കേള്‍ക്കുന്നത് കരച്ചിലാണൊ
അതോ എന്റെ മനോഗതത്തിലെ തോന്നലുകളോ,കുഞ്ഞുങ്ങള്‍ മരണ വെപ്രാളത്താല്‍ കരയുന്നതോ
വൃദ്ധര്‍‌ ഒന്ന് ശ്വാസം വലിക്കാനാവാതെ മരിക്കുന്നതോ
ആ എനിക്കറിയില്ല.
ഇന്ന് നമ്മുടെ സ്വാതന്ത്ര ദിനം
എപ്പോള്‍ ഇവര്‍ക്കൊരു സമാധാനത്തിന്റെ ദിനമെങ്കിലും വരും ?

7 comments:

വിചാരം said...

ഉറക്കെ കേള്‍ക്കുന്ന മിസൈലുകളുടെ ഇരമ്പല്‍,
ഞങ്ങള്‍ ജീവനും കൊണ്ടോടുന്നു ബങ്കറിലേക്ക്.
ഒരു ബങ്കറിനാലും കോണ്‍ഗ്രീറ്റ് ചുമരുകളാലും-
സംരക്ഷിതരല്ലാത്ത ഇറാഖികള്‍ മിസൈലുകളെ നോക്കി-
നിസംഗതരാവുന്നു.

അജ്ഞാതന്‍ || sib said...

ഇറാക്കിലെ അവസ്ഥ ഇങ്ങനെ....ഇറാന്റെയും അവസ്ഥ ഇതുതന്നെയാകുമോ?അവരെ ദൈവം രക്ഷിക്കട്ടെ...ഇതൊന്നു നോക്കുക

അനില്‍@ബ്ലോഗ് said...

അജ്ഞാതന്‍,
ദൈവം സ്വപനത്തില്‍ പറഞ്ഞു “ബുഷെ നീ പോയി ഇറാക്കിനെ രക്ഷിക്കൂ”, അങ്ങിനെയല്ലെ അണ്ണന്‍ ഇറാക്കിലെത്തുന്നത്.കയ്യിലുള്ള അവസാനത്തെ ആയുധവും തട്ടിയേറ്റുത്ത് നിരായുധനെ തൂക്കിക്കൊന്നു.
പക്ഷെ ഇറാനിലങ്ങനെ ഓടിക്കയറില്ല എന്നു പ്രതീക്ഷിക്കാം.(പ്രതീക്ഷ മാത്രം,ചിലപ്പോള്‍ നമ്മൂടെ സൈന്യവും പോവേണ്ടി വരും)

പവിത്രന്‍ said...

ഇറാഖ് എന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ ഇപ്പോഴും തെളിഞ്ഞു വരുന്ന ഒരു ചിത്രമുണ്ട്. കുട്ടിക്കാലത്ത് വായിച്ചിരുന്ന ആയിരത്തൊന്നു രാവുകളിലെ നാട്. ഒരു ബൃഹത്തായ സംസ്ക്കാരത്തിനുടമയായ നാട്. മെസപ്പോട്ടൊമിയ..
ഏകദേശം ആറു വര്‍ഷക്കാലത്തോളം ഇറാക്കിലായിരുന്നു അഛന്‍.എന്നെയും എന്റെ കുടുംബത്തെയും ആറു വര്‍ഷക്കാലത്തോളം അന്നം തന്നു വളര്‍ത്തിയ നാട്. മധ്യേഷ്യയിലെ ഏറ്റവും സമ്പന്നമായിരുന്ന രാജ്യം. അച്ഛന്‍ പറഞ്ഞു തന്നിരുന്ന ഇറാഖിന്റെ കഥകള്‍. വായിച്ചിരുന്ന കഥകള്‍ എല്ലാം തന്നെ ഇറാഖിനെക്കുറിച്ച് ഒരു മായാ പരിവേഷം എന്നിലുണ്ടാക്കിയിരുന്നു. ഒരിക്കലെന്റെ സ്വപനനഗരവുമായിരുന്നു ഇറാഖ്.

ഏറ്റവും കൂടുതല്‍ വിദ്യാസമ്പന്നരുടെ നാടായിരുന്നു ഇറാഖ്. മെഴ്സിസീഡിസും, ടൊയോട്ടയുമൊക്കെ ചീറിപ്പാഞ്ഞു നടന്നിരുന്ന ഇറാഖിന്റെ ഇന്നത്തെ അവസ്ഥയെന്താണ്. അവിടത്തെ രാഷ്ട്രിയമെന്താണെന്നുള്ളതല്ല, പകരം ആ നാടെന്തായിരുന്നു, ഇന്നെന്താണ് എന്നുള്ളതാണ്..

ടൈഗ്രീസിന്റെയും യുഫ്രട്ടീസിന്റെയും തീരങ്ങളില്‍ വളര്‍ന്നുപന്തലിച്ച ഒരു സംസ്ക്കാരം, തീര്‍ച്ചയായും ഏറ്റവും കൂടുതല്‍ സംസ്ക്കാരപൂര്‍ണ്ണമായിരുന്ന ഒരു സമൂഹം ഇതിന്റെ തീരങ്ങളില്‍ അവരുടെ സ്വത്വം പടുത്തുയര്‍ത്തി. ആയിരത്തൊന്നു രാവുകളിലെ ഖലീഫമാരുടെയും, സുല്‍ത്താന്മാരുടെയും രാജാക്കന്മാരുടെയും രാജധാനികള്‍, ഈ നാടിനെ ചുറ്റിപറ്റി നിന്നിരുന്ന ലഹരിപിടിപ്പിക്കുന്ന കഥകള്‍ എല്ലാം ഇന്നൊരു ഓര്‍മ്മ മാത്രം.. ഒട്ടേറെ പടയോട്ടങ്ങള്‍ കണ്ട ഈ നാടിന്റെ അവസ്ഥ..ഇന്നെന്താണ് !!!

ഇറാന്‍ ഇറാഖ് യുദ്ധകാലത്താണ് അച്ഛന്‍ ഇറാഖിലെത്തുന്നത്. എന്നാലൊരിടത്തും യുദ്ധത്തിന്റെ യാതൊരു സുചനയും അക്കാലത്തു ബാഗ്ദാദിലും പരിസരത്തുമുണ്ടായിരുന്നില്ല എന്നു പറഞ്ഞത്ഇപ്പോഴും മനസ്സില്‍ നില്ക്കുന്നു. സാധാരണ യുദ്ധം നടക്കുമ്പോഴുണ്ടായിരുന്ന ഒരു മാനസികാവസ്ഥയില്‍ ഇറാഖികള്‍ എത്തിയിരുന്നില്ല അക്കാലത്ത്, റേഷനിംഗ് സമ്പ്രദായം ഏറ്റവും മികച്ചതായിരുന്നു. പത്ത് ദിനാറിനു ഒരു മാസത്തേക്കാവശ്യമായ എല്ലാം തന്നെ ഈ റേഷനിംഗ് സമ്പ്രദായം വഴി അന്നു ലഭിച്ചിരുന്നു. അതു ഇറാഖിയായാലും മറ്റേതു രാജ്യക്കാരനായാലും. മറ്റു മധ്യേഷ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്‍‌ഡ്യാക്കാരോടു സ്നേഹവും അടുപ്പവുമുള്ള നാട്ടുകാര്‍, (മറ്റു പശ്ചിമേഷ്യന്‍ നാടുകളില്‍ ഇന്നും അവന്റെ മതം നോക്കിയാണ് അവന് പരിഗണന,പാശ്ചാത്യരാജ്യങ്ങളില്‍ മുസ്ലിങ്ങള്‍ അനഭിമതരാകുന്നതുപോലെ ) അവനേതു മതത്തില്‍പ്പെട്ടവനായാലും അതൊന്നും കാര്യമാക്കാതെ അവന്റെ എല്ലാക്കാര്യത്തിലും ഒരു സഹോദരനെപ്പോലെ ഇറാഖികള്‍ നിലകൊണ്ടിരുന്നു. അവന്‍ ഷിയ ആയിക്കൊട്ടേ, സുന്നിആയിക്കൊട്ടേ, അതൊന്നും തന്നെ അന്ന് അവിടെ ബാധകമായിരുന്നില്ല. യുദ്ധസമയത്തു ഇറാഖികള്‍ ഒറ്റക്കെട്ടായിരുന്നു.

അവിടത്തെ ഭരണാധികാരിയായിരുന്ന് സദ്ദാമിനെക്കുറിച്ച് കേട്ടിരുന്ന കഥകളിലൊന്ന് അദ്ധേഹം ടൈഗ്രീസ് നദി അങ്ങോട്ടുമിങ്ങോട്ടൂം യാതൊന്നിന്റെയും സഹായമില്ലാതെ നീന്തിക്കടക്കുമായിരുന്നു എന്നായിരുന്നു. ഏകാധിപതിയായിരുന്നെങ്കിലും തന്റെ ജനത്തിനെ പട്ടിണികിടക്കാതെ അദ്ധേഹം കാത്തുസൂക്ഷിച്ചു.


ഇറാന്‍ ഇറാഖ് യുദ്ധകാലത്ത് ഇറാനെ തകര്‍ക്കാന്‍ ആയുധവും സഹായവും എത്തിച്ചിരുന്ന അമേരിക്ക പിന്നീട് ഇറാഖിന്റെ ശത്രുവാകുന്നതാണ് കാണുന്നത്. സദ്ദാം കാണിച്ചിരുന്ന ഒരു മണ്ടത്തരം ഒരിക്കലും തിരുത്താന്‍ സാധിക്കാതെപോയത്,ആനാടിനെ ലോകത്തിലെ ഏറ്റവും അശാന്തിയുള്ള നാടാക്കി മാറ്റി.

ബാഗ്ദാദ് എന്ന വാക്കിന്റെ അര്‍ത്ഥം ദൈവത്തിന്റെ സമ്മാനമെന്നാണ്. ആ നാടിനെ ചെകുത്താന്റെ നാടാക്കി മാറ്റി യാങ്കിപരിഷകള്‍.
യാങ്കികളുടെ നിഷ്ടൂരമായ ഈ യുദ്ധക്കൊതിമുലം സംസ്ക്കാരത്തിന്റെ പിള്ളത്തൊട്ടിലുകളിലൊന്നായിരുന്ന ഇവിടത്തെ മ്യൂസിയങ്ങളിലും മറ്റും സുക്ഷിച്ചിരുന്നആയിരക്കണക്കിനു വര്‍ഷങ്ങള്‍ പഴക്കമുള്ള വിലപ്പേട്ട രേഖകളും മറ്റും കവര്‍ച്ച ചെയ്തു. അനേകം മ്യൂസിയങ്ങള്‍ യാങ്കികള്‍ ബോംബിട്ടു തകര്‍ത്തു. കാലാകാലങ്ങളായി ഒരു യുദ്ധത്തിനും തകര്‍ക്കാന്‍ കഴിയാതിരുന്ന എല്ലാം തന്നെ ഈ സംസ്ക്കാരശുന്യന്മാരുടെ പ്രവര്‍ത്തി കൊണ്ട് ഒരു ദിവസമൊ ഒരാഴചകൊണ്ടൊ മണ്ണോട് ചേര്‍ന്നു.

ഒന്നാം ഗള്‍ഫ് വാര്‍ കഴിഞ്ഞതിനു ശേഷം നീണ്ട പത്തുവര്‍ഷങ്ങളുടെ ഉപരോധം ഈ നാടിനെ ഒട്ടൂം തന്നെ അധീരരാക്കിയില്ല. പിന്നീട് രണ്ടാം ഗള്‍ഫ് യുദ്ധം, അഛന്‍ ബുഷെന്ന തെമ്മാടി തുടങ്ങിയതു മകന്‍ ബുഷെന്ന തെമ്മാടി പൂര്‍ത്തീക്കരിച്ചു

അവിടത്തെ എണ്ണസമ്പത്ത് കണ്ട് മോഹിച്ചയാങ്കികള്‍, അവര്‍ വിചാരിച്ചതു പോലെ അത്ര എളുപ്പമായില്ല പിന്നീട് അവിടത്തെ കാര്യങ്ങള്‍.

ചെറുത്തുനില്‍പ്പിന്റെ ഒട്ടേറെ പാഠങ്ങള്‍ അവിടെ കണ്ടു. അല്ലെങ്കില്‍ തന്നെ സംസ്ക്കാര സമ്പന്നരാ‍യ ഒരു ജനതക്കെങ്ങനെ അധിനിവേശത്തെ എതിര്‍ക്കാതിരിക്കാന്‍ കഴിയും...!

മാണിക്യം said...

ഹാങ്ങിങ്ങ് ഗാര്‍‌ഡസ് ഓഫ് ബാബിലോണ്‍
എന്നും സ്വപ്നങ്ങള്‍ ഉഞ്ഞാലട്ടുന്ന
ആയിരത്തൊന്നു രാവുകളിലെ നഗരത്തിന്റെ
അസ്ഥിപഞ്ജരത്തെ നോക്കി നെടുവീര്‍‌പ്പെടുവാന്‍
മാത്രമാണു യോഗം..
സമാധാനത്തിന്റെ ദിനം വന്നെത്തും എന്നു തന്നെ പ്രത്യാശിക്കാം ..പവിത്രന്റെ വാക്കുകല്‍ മന്‍സ്സില്‍ തറച്ചു .. ആര്‍ക്കുവേണ്ടി ആയിരുന്നു
ഈ പരാക്രമം ? എന്തു നേടി ഒടുക്കം?
ചരിത്രത്തില്‍ എഴുതിവയ്ക്കുമോ ഈ ഒരു സംസ്കാരം തച്ചുടച്ചത് എന്തിനു വേണ്ടിയാരുന്നു എന്ന്....

ysf said...

എന്തൊക്കെയുണ്ട് ഫാറുക് വിശേഷങ്ങള്‍,
നിങ്ങള്‍ ഇപ്പോള്‍ കുവൈടിലാണോ, ഇറാക്കിലാണോ അതോ നാട്ടിലോ,
കുവൈറ്റില്‍ എത്തിയാല്‍ വിളിക്കുമല്ലോ
എന്ന് yousef കെ വീ

sheril babu said...
This comment has been removed by the author.