Sunday, August 3, 2008

ലക്ഷ്യ സാക്ഷാത്ക്കാരം

ജയ said...
മതവിശ്വാസി അല്ലാത്തത് കൊണ്ട് നന്നാവുകയാണെങ്കില്‍ വിചാരം സ്വന്തം കുടുബത്തിലെങ്കിലും നന്നാവുമായിരുന്നു. സ്വന്തം കുടുബത്തെ ശ്രദ്ധിക്കാത്ത ഫാറൂഖ് ബക്കര്‍ ആണോ നാട്ടുകാരുടെ മുഴുവന്‍ പ്രശ്നങ്ങളില്‍ വികാരഭരിതമാവുന്നത്. കഷ്ടം !!!!!!
ഇങ്ങനെ പറഞ്ഞ എന്റെ പ്രിയ സുഹൃത്ത് ജയയ്ക്ക് ഈ പോസ്റ്റ് സമര്‍പ്പിയ്ക്കുന്നു.

ഇന്നന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ഒരു ദിനമാണ്. ഒരുപക്ഷെ ഏതൊരു വ്യക്തിയും ആഗ്രഹിയ്ക്കുന്ന ഒരു ദിനം. 1995 ല്‍ എന്റെ ഗള്‍ഫ് ജീവിതം ആരംഭിയ്ക്കുന്നതിന് ഒരു ലക്ഷ്യമുണ്ടായിരിന്നു എനിക്ക് താഴെയുള്ള ആറു സഹോദരിമാരുടെ വിവാഹം, ഇന്ന് എന്റെ ആറാമത്തെ സഹോദരിയുടെ വിവാഹമാണ്(03/Aug/08), അതായത് എന്റെ ലക്ഷ്യ സാക്ഷാത്കാരം അതിന്റെ അവസാനത്തിലെത്തിയ ദിനം എന്നു പറയാം.
ഏതൊരു വ്യക്തിയ്ക്കും ജീവിതത്തിനൊരു ലക്ഷ്യമുണ്ടായിരിക്കണം ആ ലക്ഷ്യം നിറവേറ്റാനുള്ള കമ്മിറ്റ്മെന്റും വേണം എങ്കിലേതൊരു ലക്ഷ്യവും നമ്മുക്ക് എളുപ്പമായി നേടാനാവും, ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോള്‍ പല പരീക്ഷണങ്ങളും നമ്മള്‍ നേരിടേണ്ടി വരും ഒരുപാട് പ്രതിസന്ധി ഘട്ടങ്ങളും വരും ഇവിടെയൊക്കെ യുക്തിപൂര്‍വ്വമായ തീരുമാനങ്ങള്‍ ചെസ് കരുക്കള്‍ നീക്കും പോലെ ചെയ്തിരിക്കണം, ചെസ് ഒരു കളിയിലിലെ നാനാചിന്തകളെയാണ് ഉണര്‍ത്തുക അത് കേവലം മണിക്കൂറുകള്‍ മാത്രം ദീര്‍ഘവീക്ഷണത്തോടെ ചിന്തിച്ചാല്‍ മതി എന്നാല്‍ ജീവിതം അങ്ങനെയല്ല ഒരു തീരുമാനമെടുക്കുമ്പോള്‍ ചുരുങ്ങിയത് ഒരു വര്‍ഷത്തെ ചിന്തയെങ്കിലും മുന്നോട്ടുണ്ടായിരിക്കണം, ഏതൊരു തീരുമാനവും സ്വന്തം മന:സാക്ഷിക്ക് ഇണങ്ങുന്നതായിരിക്കണം , ഒരിക്കലും തന്റെ തീരുമാനം ശരിയല്ലാന്ന് തോന്നാന്‍ പാടില്ല ഇവിടെയാണ് പോസിറ്റീവ് ചിന്ത വേണ്ടത് ഒരുപക്ഷെ ഏതെങ്കിലും ഒരു തീരുമാനം നമ്മുടെ ലക്ഷ്യപ്രാപ്തിക്ക് ഇണങ്ങാതെ ഇത്തിരി കാലം നമ്മെ ബുദ്ധിമുട്ടിച്ചേക്കാം പക്ഷെ കാലം നമ്മുക്കനുകൂലമായ രീതിയില്‍ നമ്മെ തേടിയെത്തും എന്ന തികച്ചും ആത്മവിശ്വാസപരമായ ചിന്തയായിരിക്കണം നമ്മെ നയിക്കേണ്ടത് തീര്‍ച്ചയായും അത് വിജയത്തിലേക്ക് നയിക്കപ്പെടും.

കേവലം 30 ദിനാര്‍ ശമ്പളത്തിലാണെന്റെ ഗള്‍ഫ് ജീവിതം ആരംഭിയ്ക്കുന്നത് അന്നതിന് 3000 രൂപ തികച്ചും കിട്ടില്ല പക്ഷെ അന്നത് എനിക്ക് വലിയ സംഖ്യ തന്നെ, റിലീസ് ലഭിച്ചു ഡൊമസ്റ്റിക്ക് വിസയില്‍ തന്നെ 80 ഉം 120 ഉം ദിനാറിന് ജോലി ചെയ്തുകൊണ്ടിരിന്നു മൂന്ന് വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനിടയില്‍ രണ്ടു സഹോദരിമാരുടെ വിവാഹം കഴിഞ്ഞു ( കുടുംബാംഗങ്ങളുടെ സഹായം ആവശ്യത്തിലധികമുണ്ടായിരിന്നു) എന്റെ ലക്ഷ്യം നേടാന്‍ ഇനിയും ധാരാളം കടമ്പകള്‍ കടയ്ക്കണം ഓരോ ദിനവും എന്നെയൊട്ടും ഈ കാര്യത്തില്‍ വ്യാകുലനാക്കിയിട്ടില്ല ഓരോ ദിനവും സാമ്പത്തിക ചിലവുകള്‍ എന്നെ (എല്ലാവരേയും പോലെ) കുഴക്കിയിരിന്നു. പക്ഷെ എന്റെ ലക്ഷ്യം അത് കൈകലാക്കുക എന്നതാണ് എന്നിലെ ചിന്ത.

സുപ്രധാനമായ ചില തീരുമാനങ്ങള്‍
ഡൊമസ്റ്റിക്ക് വിസയെ കുറിച്ചറിയാത്തവര്‍ക്ക് അതിനെ കുറിച്ചൊരു വിശദീകരണം തരാം. വീട്ടു വേലയ്ക്കായി മാത്രമുള്ള വിസ പെര്‍മിറ്റാണിത് ഖാദിം വിസ (ഡൊമസ്റ്റിക്ക് വിസ) , ഈ വിസയില്‍ കമ്പനികളിലോ മറ്റു സ്ഥാപനങ്ങളിലോ ജോലി ചെയ്തു കൂടാ അങ്ങനെ ചെയ്യുന്നത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടു പിടിക്കപ്പെട്ടാല്‍ 5 വര്‍ഷത്തേയ്ക്ക് കുവൈറ്റിലേക്ക് പ്രവേശനം തടയും വിധം ഫിംഗര്‍ എടുത്ത് നാടു കടത്തും, ഹോട്ടലുകളിലും കമ്പനിയിലും ജോലി ചെയ്യുമ്പോള്‍ ജോലിയില്‍ മാത്രമല്ല ശ്രദ്ധവേണ്ടത് പല വേഷത്തിലും പിടിയ്ക്കാന്‍ വരുന്ന അറബികളെയാണ് ചുറ്റും നോക്കുക (ഇന്നും അനേകായിരങ്ങള്‍ ഈ വിസയില്‍ കുവൈറ്റില്‍ ജോലി ചെയ്യുന്നുണ്ട് ) . ഇങ്ങനെ 3 വര്‍ഷം ജോലി ചെയ്തു ഈ അവസരത്തിലാണ് എനിക്കൊരു ജോലി തരപ്പെടുന്നത് അതുപോലെ വല്ലപ്പോഴും ഡൊമസ്റ്റിക്ക് വിസ വര്‍ക്ക് വിസയിലേക്ക് മാറ്റാവുന്ന നിയമവും നിലവിലുള്ള സമയം (കേവലം 15 ദിവസം മാത്രമേ അന്നാ നിയമം നില നിന്നൊള്ളൂ) . 120 ദിനാര്‍ ശമ്പളവും റൂമിലുള്ളവര്‍ക്ക് ഭക്ഷണം പാകം ചെയ്തു കൊടുത്താല്‍ കിട്ടുന്ന 20 ദിനാറുമടക്കം 140 ളം ദിനാര്‍ കിട്ടുന്ന ജോലി വേണ്ടന്ന് വെച്ച് വെറും 70 ദിനാര്‍ കിട്ടുന്ന ജോലി അതും ഹോട്ടലില്‍ ഡിഷ് വാഷ് ചെയ്യുന്ന വര്‍ക്ക്, എനിക്ക് ചുറ്റുമുള്ള എന്റെ എല്ലാ ചങ്ങാതിമാരും എന്റെയീ തീരുമാനത്തെ എതിര്‍ത്തു പക്ഷെ ശരിയ്ക്കും ഞാന്‍ പലവട്ടം ആലോചിച്ചപ്പോള്‍ എനിക്കാ തീരുമാനം ശരിയെന്ന് തോന്നി അതിലുറച്ചു നിന്നു, എന്തുകൊണ്ടാ തീരുമാനം ഞാന്‍ ശരിയെന്ന് തോന്നി എന്നൂടെ ഞാന്‍ പറയാം . 70 ദിനാര്‍ ശമ്പളം 10 മണിക്കൂര്‍ ജോലി വിസ അടിയ്ക്കാന്‍ ക്യാഷ് വേണ്ട (ഡൊമസ്റ്റിക്ക് വിസ ആയിട്ടു പോലും രണ്ടു വര്‍ഷത്തെ വിസ അടിയ്ക്കാന്‍ 400 ദിനാര്‍ വേണമായിരിന്നു) രണ്ടു വര്‍ഷത്തില്‍ ഒരു മാസത്തെ ശമ്പളമടക്കം ടിക്കറ്റ് താമസും ചിലവും മെഡിക്കലും സൌജന്യം, അതിനെല്ലാം പുറമെ എന്നെ ചിന്തിപ്പിച്ച പ്രധാന ഘടകം ഡൊമസ്റ്റിക്ക് വിസയില്‍ നിന്ന് വര്‍ക്ക് പെര്‍മിറ്റ് വിസയിലേക്കുള്ള മാറ്റമാണ്, മൂന്ന് വര്‍ഷം ഞാനാ ജോലി തുടര്‍ന്നു അതോടൊപ്പം ചില്ലറ കുറിപരിപ്പാടികളും. ഈയൊരു തീരുമാനമാണ് എന്റെ ലക്ഷ്യ സാക്ഷാത്കാരം നേടാന്‍ എന്നെ അനുവധിച്ചതില്‍ പ്രധാനം. ജോലി എന്തന്നല്ല നമ്മുടെ ലക്ഷ്യം അതായിരിക്കണം പ്രധാനം എന്നതാണെന്റെ ചിന്ത മറ്റൊന്ന് നമ്മുക്കൊരു ലക്ഷ്യം ഉണ്ടെങ്കില്‍ അതവസാനിക്കും വരെ മറ്റൊരു കാര്യം കൂ‍ട്ടി ചേര്‍ക്കരുത് ആ ഒരു ലക്ഷ്യം കൈവരിച്ചതിന് ശേഷം മാത്രമേ മറ്റൊന്ന് ഉന്നം വെയ്ക്കാവൂ അല്ലെങ്കില്‍ ഉദ്ദേശിച്ച ലക്ഷ്യവും അതിനിടയില്‍ കയറുന്ന ലക്ഷ്യവും നിറവേറ്റാനാവാതെ പോകും.

മറ്റൊരു സുപ്രധാനമായ തീരുമാനം 2003 ല്‍ ഞാന്‍ ഇറാഖിലേക്ക് (ഇറാഖിലേക്ക് വരണമെങ്കില്‍ വര്‍ക്ക് വിസ ആയിരിക്കണം , ഡൊമസ്റ്റിക്ക് വിസ അനുവധിയ്ക്കില്ല .. എന്റെ ആദ്യ തീരുമാനത്തിന്റെ ഗുണം )വരാനെടുത്ത തീരുമാനം, ഇതിനിടയില്‍ എന്റെ മറ്റു രണ്ടു സഹോദരിമാരുടെ വിവാഹവും നടന്നിരിന്നു അതുവഴി ഉണ്ടായ കടവും ഞാന്‍ നടത്തിയ കുറി എട്ടു നിലയില്‍ തകര്‍ന്നതിനാലും 10 ലക്ഷത്തോളം രൂപ കടക്കാരനായി ഞാന്‍ ഗത്യന്തരമില്ലാതെ നാട്ടിലേക്ക് ഒളിച്ചോടി രാത്രി സമയങ്ങളിലും കടക്കാര്‍ വീട്ടില്‍ വരാന്‍ തുടങ്ങിയപ്പോ ബംഗളുരിവിലേക്ക് വിട്ടു എന്തോ .. ഒരു വര്‍ഷത്തെ വിസ കയ്യിലുണ്ടായിട്ടും എന്തിനത് ഇല്ലാതാക്കണമെന്ന ചിന്ത വീണ്ടും എന്നെ നാട്ടിലെത്തിച്ചു തിരികെ കുവൈറ്റിലേക്ക് പോവാന്‍ തീരുമാനിച്ചു പാവം എന്റെ ഉമ്മ എന്റെ എല്ലാ വിഷമത്തിലും എന്നോടൊപ്പം വളരെ വിഷമം അനുഭവിച്ചു പ്രാര്‍ത്ഥിച്ചു ( ഞാനൊരു വിശ്വാസി അല്ലെങ്കിലും എന്റെ ഉമ്മ പ്രാര്‍ത്ഥിച്ചതിലും ആ ഉമ്മ മനസ്സ് നൊന്തതിലും ലഭിച്ച സൌഭാഗ്യങ്ങള്‍ക്ക് കണക്കില്ല) തിരികെ എത്തി ഒരു മാസത്തിനുള്ളില്‍ തന്നെ ഉമ്മ അനുഗ്രഹിച്ചയത് പോലെയുള്ള ഒരു സാഹചര്യം ഉണ്ടായി അതായത് ഇറാഖിലേക്കുള്ള അവസരം എന്റെ ചില ബന്ധുക്കള്‍ എതിര്‍ത്തെങ്കിലും (അന്ന് ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്ത് ബോംബ് സ്ഫോടനം നടന്ന് 18 ഇറ്റാലിയന്‍ പട്ടാളക്കാര്‍ കാഞ്ഞു പോയിട്ടേ ഒള്ളൂ) പക്ഷെ എന്റെ തീരുമാനം ഉറച്ചതായിരിന്നു. ഒരു ലേബര്‍ അവസരത്തിലൂ‍ടെയാണ് ഞാന്‍ ഇറാഖിലെത്തിയെതെങ്കിലും എനിക്ക് ഒത്തിരി നല്ല അവസരം ഇവിടെ നിന്ന് ലഭിച്ചു (ഒരു കാര്യം നമ്മുടെ മുന്‍പില്‍ അവസരം ഒരു രൂപയുടെ രൂപത്തിലായിരിക്കും വരിക ഒരിക്കലും പുറം കാലുകൊണ്ടതിനെ തട്ടി മാറ്റരുത് ) ..കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇറാഖ് വാസം കൊണ്ട് എന്റെ എല്ലാ കടങ്ങള്‍ വീട്ടി .. ബക്കിയുള്ള രണ്ടു സഹോദരിമാരേയും കെട്ടിച്ചു പിന്നെ സ്വകാര്യമായ എന്റെ ആഗ്രഹങ്ങളും സഫലീകരിച്ചു( എന്റെ വിവാഹവും ) .ഇനി എനിക്ക് പ്രവാസം മതിയാക്കാം അങ്ങനെ സുപ്രധാനമായ ആ തീരുമാനവും എടുത്തു 2009 ആഗസ്തോടെ നാട്ടീല്‍ സെറ്റില്‍ഡ് ചെയ്യാന്‍ (അതുവരെ വിസയുണ്ട് ) ഇനിയെന്റെ മൂന്നാം ഘട്ട ജീവിതം നാട്ടില്‍ തുടരണം അവിടേയും എനിക്കൊരു ലക്ഷ്യമുണ്ട് അതിനായുള്ള ശ്രമമായിരിക്കും ഇനിയങ്ങോട്ട് ..... ബ്ലോഗില്‍ നിറഞ്ഞ സജീവമായി തന്നെ ഉണ്ടാവുമെന്നാശിയ്ക്കുന്നു .

45 comments:

വിചാരം said...

ഇന്നന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ഒരു ദിനമാണ്. ഒരുപക്ഷെ ഏതൊരു വ്യക്തിയും ആഗ്രഹിയ്ക്കുന്ന ഒരു ദിനം.

അഗ്രജന്‍ said...

ഹാറ്റ്സ് ഓഫ് യു!

ശ്രീവല്ലഭന്‍. said...

വിചാരം,
താങ്കളുടെ ആത്മാര്‍ഥതയുള്ള സമീപനം ഞാന്‍ ഇഷ്ടപ്പെടുന്നു. എല്ലാ ഭാവുകങ്ങളും.

കാവലാന്‍ said...

വിചാരം.....

ചില വാക്കുകള്‍ നമ്മളെന്നും ഓര്‍ക്കും അസ്ഥി തകര്‍ക്കുന്ന ആക്ഷേപങ്ങള്‍ നമ്മളോര്‍ക്കേണ്ടത് വിജയപീഠത്തില്‍ നിന്നു തന്നെ വേണം.ആക്ഷേപശരങ്ങളെയ്ത് ആനന്ദിച്ചവര്‍ അഭിനന്ദനത്തിന്റെ പൂച്ചെണ്ടുമായി വരുമ്പോള്‍ ലഭിക്കുന്നത് വാക്കുകളില്‍ വരച്ചിടാനാവുന്ന വികാരമല്ല ഒരിക്കലും.

താങ്കളുടെ പല പോസ്റ്റുകളും വായിച്ചിട്ടുണ്ട്,വികാരത്തില്‍നിന്നുമുയരുന്ന ഘോരമായ കമന്റുകള്‍ കണ്ട് അന്തം വിട്ടിരുന്നിട്ടുണ്ട്,ചിലപ്പോള്‍ വളരെ ദുശ്ശാഠ്യക്കാരനായൊരു മനുഷ്യന്‍ എന്നു തോന്നിയിട്ടുണ്ട്.
എങ്കിലും ഇപ്പോള്‍ ഈ പോസ്റ്റു വായിച്ചപ്പോള്‍ എന്തോ മനസ്സു കുറേശ്ശെ വിങ്ങുന്നു.
കാലത്തിനോടു പൊരുതി നേടിയ വിജയങ്ങള്‍ക്കെല്ലാം അഭിനന്ദനങ്ങള്‍.

Caricaturist said...

ഞാന്‍ താങ്കളെ ആദ്യമായി വായിക്കുകയാണ്.
ആ ദൃഢപ്രത്യയം കലകലക്കന്‍ !
ഉമ്മറെ,
നിങ്ങളെ സമ്മയ്ക്കണം.

keralafarmer said...

ഇനിയെന്റെ മൂന്നാം ഘട്ട ജീവിതം നാട്ടില്‍ തുടരണം അവിടേയും എനിക്കൊരു ലക്ഷ്യമുണ്ട് അതിനായുള്ള ശ്രമമായിരിക്കും ഇനിയങ്ങോട്ട് .....
ആശീര്‍വ്വദിക്കുന്നു.

അതുല്യ said...

ഒരു ജയ എന്നല്ലാ ആരു വിചാരത്തിനെ ഗുണമില്ലാത്തവന്‍ എന്നോ വിചാരം ഒരു നായ എന്നോ മറ്റോ പറഞാലും, അവരെ കുരച്ച് ഓടിയ്ക്കുമ്പോഴാണു പറഞവര്‍ക്ക് അത് സത്യമാണോ എന്ന തോന്നല്‍ കൂടുതല്‍ ശക്തിപെടുക. അത് കൊണ്ട് ഒരാളും പറഞതില്‍ പ്രകോപിതനാകരുത്. നമ്മള്‍ അങ്ങനെയല്ലെന്ന് നമുക്ക് ബോധമുള്ളിടത്തോളം കാലം നത്തിങ് ഷുഡ് ബോദര്‍ യൂ. അവരാണു നമ്മളെ കുറിച്ച് പറഞ് എനര്‍ജി നഷ്ടപെടുത്തുന്നത്, അതിനു തര്‍ക്കം പറഞ്, നെവെര്‍ നെവെര്‍ ആര്‍ഗൂ വിത് എ ഫൂള്‍ മാന്‍!

പിന്നേ, ഒരു ശത്രു എന്നും ജീ‍വിതത്തില്‍ അത്യാവശ്യമാണു വിചാരം, ശത്രുവാണു നമ്മളേ എപ്പോഴും വിജയത്തിലേയ്ക് എളുപ്പത്തില്‍ എത്താന്‍ പ്രേരിപ്പിയ്ക്കപെടുന്നത്. വിചാരത്തിന്റെ ശത്രു ഇല്ലയ്മയും വല്ലായ്മയും തന്നെ ആവട്ടെ, വ്യക്തികളാവണ്ട.

samir said...

good man .i like you story

അജ്ഞാതന്‍ || ajnjaathan said...
This comment has been removed by the author.
അജ്ഞാതന്‍ || ajnjaathan said...

പ്രിയ വിചാരം,

നേരിട്ടറിയാമെങ്കിലും താങ്കള്‍ അനുഭവിച്ച യാതനകളെ പറ്റി അറിയുന്നത് ഇപ്പോഴാണ്...താങ്കള്‍ ഉമ്മയെ എത്രത്തോളം ഇഷ്ടപ്പെടുന്നു എന്നു ഈ പോസ്റ്റും
ബ്ലോഗിലെ മുന്‍ പോസ്റ്റുകളും വായിക്കുമ്പോള്‍ മനസ്സിലാവും..ഇതു കാണുമ്പോള്‍
ശരിക്കും സന്തോഷം ആണ് തോന്നേണ്ടതും..പക്ഷെ സത്യത്തില്‍ ഈ പോസ്റ്റ് എന്നെ വിഷമിപ്പിക്കുന്നു.....അതിനു കാരണം എന്റെ ബ്ലോഗില്‍ നടന്ന ചര്‍ച്ചയില്‍
താങ്കള്‍ “അഭിപ്രായം“ എന്ന ബ്ലോഗരോട് പറഞ്ഞ മറുപടിയാണ്....എന്നെ
സഹോദരനായി കാണുന്നതു കൊണ്ടും തിരിച്ചു അതെ പോലെ ഞാന്‍ കാണുന്നതു കൊണ്ടും താങ്കളുടെ “ആ മറുപടി” എന്നെങ്കിലും മാറും എന്നു ഞാന്‍ വിശ്വസ്സിക്കുന്നു....അതിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയുന്നു

വയ്യാത്തതിനാല്‍ കല്യാണത്തിനു പങ്കെടുക്കാന്‍ സാധിച്ചില്ല...ഇന്ന് എറണാകുളത്തേക്കു പോകേണ്ടതായിരുന്നു ..അതും നടന്നില്ല :-(

Anonymous said...

( ഞാനൊരു വിശ്വാസി അല്ലെങ്കിലും എന്റെ ഉമ്മ പ്രാര്‍ത്ഥിച്ചതിലും ആ ഉമ്മ മനസ്സ് നൊന്തതിലും ലഭിച്ച സൌഭാഗ്യങ്ങള്‍ക്ക് കണക്കില്ല)

നിങ്ങളുടെ ഉമ്മയുടെ പ്രാര്‍ത്ഥനയാല്‍ നല്ല വഴിയില്‍ നീങ്ങാന്‍ ഇടയാവട്ടെ.

ജീവിതത്തിന്റെ ലക്ഷ്യം. സഹോദരിമാരെ കെട്ടിക്കലും സമ്പാദിക്കലും സ്വന്തമായി കല്ല്യാണം കഴിക്കലും (കല്ല്യാണം മതപരമായ ചടങ്ങുകള്‍ കൂടാതെയാവും കഴിച്ചിട്ടുണ്ടാവുക എന്ന് കരുതാമോ ) നാട്ടില്‍ സെറ്റില്‍ ചെയ്യലും.. അവസാനം സമയമെത്തുമ്പോള്‍ ചത്തൊടുങ്ങലൂം മാത്രമെന്ന് കരുതുന്നവര്‍ എത്രയോ ഉണ്ട്‌

Anonymous said...

i liked ur story : )

Prasanth. R Krishna said...

താങ്കളുടെ മിക്ക പോസ്റ്റുകളും വായിച്ചിട്ടുണ്ട്. എല്ലാറ്റിലും കറപുരട്ടാത്ത ജീവിതാനുഭവങ്ങള്‍ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. നിങ്ങളെ പരിചയപ്പെട്ടപ്പൊള്‍ തന്നെ വ്യസ്ത്യസ്തനായ ഒരു വ്യക്തിത്വത്തിന്‍റെ ഉടമയാണന്ന് അറിയാമായിരുന്നു. അന്ന് എന്‍റെ ബ്ലോഗില്‍ നാട്ടുവിശേഷവുമായ് ച‌‌ര്‍‌ച്ചകള്‍ നടത്തിയപ്പോഴും പലതും മനസ്സിലായിരുന്നു. പോയ വഴികള്‍ മറക്കാതിരികയും അതുവളച്ചൊടിക്കാതെ തുറന്നുപറയാനുള്ള മന്‍സ്സും നമുക്കിടയില്‍ എത്രപേര്‍ക്കുണ്ട്. ജീവിതത്തിലെ എല്ലാസ്വപ്നങ്ങളും സാക്ഷാല്‍കരിക്കട്ടെ, അതിനു ദൈവം അനുഗ്രഹിക്കട്ടെ.

Sharu.... said...

എനിയ്ക്കൊന്നും പറയാനാ‍കുന്നില്ലല്ലോ; ഇനിയും ജീവിതത്തില്‍ വിജയങ്ങള്‍ മാത്രമുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു :)

വിചാരം said...

എല്ലാവര്‍ക്കും നമസ്ക്കാരം
എന്റെ ചിന്താ‍ഗതികളാണിവിടെ ഞാനെഴുതിയ കുറിപ്പ്. ഈ കുറിപ്പ് വായിച്ചിട്ട് സന്തോഷമാവുന്നരുടെ കൂടെ ഞാനും സന്തോഷിക്കുന്നു.

അഗ്രജന്‍ :)
ശ്രീ വല്ലഭന്‍ :
കാവലാന്‍ :) .. ഓരോ പോസ്റ്റിലേയും വിഷയത്തിനനുസരിച്ച് പ്രതികരിക്കുക എന്നതാണ് എന്റെ ശൈലി അവിടെ ബ്ലോഗറെ നോക്കാറില്ല ഒരുപക്ഷെ അവനെന്റെ ചങ്ങാതിയായിരിക്കാം അല്ലാതിരിക്കാം, എന്റെ അഭിപ്രായം അവിടെ രേഖപ്പെടുത്തിയിരിക്കും അതൊരുപക്ഷെ രൂക്ഷമായ വിമര്‍ശനമാവാം കേട്ടാലറയ്ക്കുന്ന തെറി വരെ ആവാം കേള്‍ക്കാന്‍ അര്‍ഹതപ്പെട്ടവര്‍ക്ക് കൊടുത്തിരിക്കണം കൊടുക്കലും വാങ്ങലിലും ലാഭനഷ്ടങ്ങളുണ്ടായിരിക്കാം അതും ഞാന്‍ സ്വാഗതം ചെയ്യുന്നു. ഒരുവ്യക്തിയുടെ ജീവിതത്തിലെ തിരകഥ എഴുതപ്പെടുന്നത് അവന്റെ ബാല്യാനുഭവങ്ങളായിരിക്കാം എന്റെ ജീവിതത്തിലത് ശരിവെയ്ക്കുന്നു .. എന്റെ ഉപ്പ പറയാറുണ്ട് ഇടയ്ക്കിടെ .. നിന്നെ ആരെങ്കിലും തല്ലിയെന്നു പറഞ്ഞിവിടെ വരരുത് നിനക്ക് വേണ്ടി വക്കാലത്ത് പിടിയ്ക്കാന്‍ തല്ലിയവന്റെ വീട്ടിലേക്ക് പോവാനൊന്നും എനിക്കാവില്ല പിന്നെ നീ തല്ലിയവര്‍ ഇവിടെ വന്നാല്‍ അത് ഞാന്‍ പറഞ്ഞു ശരിയാക്കി കൊള്ളാം, ഈ വാക്ക് ശരിയ്ക്കും മുതലെടുത്തിട്ടുണ്ട് എന്നും ഒന്നിലധികം പരാതിയുമായി ബാപ്പാന്റെ കടയിലെത്തും ..അബുക്കാ നിങ്ങടെ മകനെന്നെ തല്ലി എന്നലാം, എനിക്കും കിട്ടും വയറ് നിറയെ (ഒരിക്കല്‍ സലാം എന്നൊരു സഹപാഠി മോന്തക്കിടിച്ച് എന്റെ നാലു പല്ലുകള്‍ ഇളകിയാടിയിട്ടുണ്ട് ) എന്നാല്‍ ഞാന്‍ കരയാറില്ല .. ഈ സ്വഭാവമാണ് എന്റെ കമന്റുകളിലും മറ്റും കാണുന്നത് തികച്ചും സ്വാഭാവികം.

Caricaturist :)

ചന്ദ്രേട്ടനെ പോലുള്ളവരുടെ സ്നേഹമാണ് എന്നെ പോലുള്ളവര്‍ക്കാവശ്യം :)

അതുല്യേച്ചി :)
ജയ ഇതു പറഞ്ഞിട്ട് മാസത്തിലധികമായി അവര്‍ക്കു വേണ്ടി മാത്രമല്ല എന്റെയീ പോസ്റ്റ് അവരും കൂടി മനസ്സിലാക്കാനാണ്.. സ്വന്തം കുടുംബം സമൂഹം എല്ലാം എനിക്കൊരുപോലെയാണന്ന് മനസ്സിലാക്കികൊടുക്കു എന്നത്. പെട്ടെന്നൊന്നും പ്രകോപിതനാവാറില്ലാ എങ്കിലും ചില സമയത്ത് ആവാറുണ്ട് ഇന്ന് അരൂപികുട്ടന്‍ എനിക്കെതിരെ ഒളിയമ്പുകള്‍ പായ്ച്ചു എന്റെ ശരീരത്തിലേറ്റില്ല അതുകൊണ്ട് ഞാന്‍ മൌനിയായി. കബി കബി കാമോഷ് കംസൂരി സമജ്ക്കര്‍ ശിര്‍പ്പര്‍ നാച്ച് ഹെ കേലിയേ കോയി ആയാഗാ തോ ഹം ക്യാ കര്‍ സക്തേ . ചേച്ചി പറയും പോലെ എനിക്കൊരു ശത്രുവുണ്ട് അതിവിടെയല്ല എന്റെ സ്വന്തം തറവാട്ടില്‍ തന്നെ, ഒരുപക്ഷെ എന്റെ എല്ലാ വിജയത്തിനൊരു പ്രചോദനം എന്റെ നാശം കാണാനാഗ്രഹിയ്ക്ക്കുന്ന അവന്റെ മനസ്സാണ് .

സമീര്‍:)
അഞ്ജാതന്‍ :) കേട്ടതും കണ്ടതിനേക്കാളേറെ ഇനിയെത്ര കേള്‍ക്കാനും കാണാനുമിരിക്കുന്നു .

ഏക്കെ :) ജീവിതമെന്നത് എല്ലാ ലക്ഷ്യങ്ങളുടേയും ആകെ തുകയാണ്, വ്യക്തിവിക്ഷണങ്ങളനുസരിച്ച് ചിന്താഗതികള്‍ക്കും മാറ്റം സ്വാഭാവികം, എന്റെ ചിന്ത മാത്രമാണ് ശരിയെന്ന് ശഠിയ്ക്കുന്നവനാണ് വിഢി, എന്നുകരുതുന്നവനാണ് ഞാന്‍ .
ഒരു മനുഷ്യനെ സംബദ്ധിച്ചോടൊത്തോളം അവനവന്റെ കുടുംബത്തെ സംരക്ഷിക്കുക എന്നതലാം അവന്റെ ധര്‍മ്മമാണ് ആ ധര്‍മ്മം പാലിക്കാന്‍ ചെയ്യുന്ന കര്‍മ്മത്തിന് ഒരു ദൃഢത വേണം ഇവിടെ ഞാന്‍ കോറിയിട്ടതും ആ ദൃഢതയെ കുറിച്ചാണ് അല്ലാതെ ജീവിതലക്ഷ്യം എന്നത് ഈയൊരു പ്രവര്‍ത്തി മാത്രമാണന്ന് വീക്ഷണം ഞാന്‍ ഉദ്ദേശിച്ചിട്ടില്ല . :)
പ്രശാന്ത് :)

കടത്തുകാരന്‍/kadathukaaran said...

വിചാരം
താങ്കളുടെ ജീവിത യാതനകള്‍ എന്‍റെ ജ്യേഷ്ട സഹോദരനുണ്ടായ ജീവിതാനുഭവമായേ എനിക്ക് കാണാനാവൂ, തുടര്‍ന്നുള്ള നല്ലൊരു ജീവിതത്തിന്‍ എന്‍റെ ആശംസകള്‍, താങ്കള്‍ ആഗ്രഹിക്കുന്നില്ലെങ്കിലും താങ്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാതിരിക്കാനെനിക്കാവില്ല

ഫസല്‍ / fazal said...

ജീവിതം പ്രാര്‍ത്ഥനയാക്കിയവന്‍ വിചാരം

dotcompals said...

കഷ്ടത അനുഭവിച്ച ആളുകള്‍ക്ക് മാത്രമെ മറ്റുള്ളവരുടെ കഷ്ടം അറിയൂ.
ഫാറൂഖ് നിങ്ങളുടെ നന്മക്ക് ഇല്ലാവിധ ഭാവുകങ്ങളും നേരുന്നു, ..

തമനു said...

എല്ലാം നല്ലതിനാവട്ടെ. :)

വിചാരം said...

ഒരു റിക്വസ്റ്റ്
ദയവ് ചെയ്ത് സഹതാപത്തിലധിഷ്ടിതമായ കമന്റുകളെ ഞാന്‍ വെറുക്കുന്നു, ഇതിവിടെ ഇട്ടത് ആരുടേയും സിമ്പതിക്കല്ല ജീവിത ലക്ഷ്യത്തിന് ദൃഢമായൊരു മനസ്സും ലക്ഷ്യബോധവും ഉണ്ടാവണമെന്നുള്ള സന്ദേശമാണ്. ജിവിതത്തില്‍ എന്തെങ്കിലും ചെറിയത് എതിരായി വന്നാല്‍ കരയുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട് എനിക്കവരെ വെറുപ്പാണ് അതുപോലെ നിസ്സാര കാര്യത്തിന് ആത്മഹത്യചെയ്തവരുടെ ശവത്തെ പോലും ഒരു കുത്തുകൊടുക്കാന്‍ എന്റെ മനസ്സാഗ്രഹിയ്ക്കാറുണ്ട് ... ഈ ഭൂമിയില്‍ എല്ലാം ഉണ്ട് അതനുഭവിയ്കാന്‍ തയ്യാറല്ലാത്തവര്‍ പോയി ചാവട്ടെ എന്നാണെന്റെ അഭിപ്രായം . ദയവ് ചെയ്ത് സഹതാപത്തില്‍ കമന്റാനാഗ്രഹിയ്ക്കുന്നവര്‍ കമന്റാതെ പോവുക ചില കമന്റുകള്‍ അങ്ങനെയുള്ളതായി എനിക്ക് തോന്നുന്നു.

റഫീക്ക് കിഴാറ്റൂര്‍ said...

പ്രിയ സുഹൃത്തെ,

ഇനിയും മുന്നോട്ട്.
പതറാതെ..തളരാതെ.
എല്ലാവിജയാശംസകളും.

ശിവ said...

ജീവിതത്തെ ഇതുവരെ വലിയ ഗൌരവമായി കാണാത്ത ഒരുവനാണ് ഞാന്‍...എന്നാലും താങ്കള്‍ക്ക് എല്ലാവിധ നന്മകളും ആശംസിക്കുന്നു...

വിചാരം said...

ഷാരു :)
കടത്തുക്കാരന്‍ :)
ഫസല്‍ :)
dotcompals :)
തമനു :)
റഫീഖ് :)
ശിവ : ... ജീവിതത്തെ അതിന്റെ പൂര്‍ണ്ണ ഗൌരവത്തോടെ തന്നെ കാണണമെന്നാണ് എന്റെ അഭിപ്രായം. ഓരോ നിമിഷവും ആസ്വദിയ്ക്കണമെന്നും

പാര്‍ത്ഥന്‍ said...

താങ്കളുടെ കല്യാണത്തിന്റെ വിപ്ലവമുഹൂര്‍ത്തങ്ങള്‍ വായിച്ചിരുന്നു. അതില്‍ നിന്നുതന്നെ ആ വ്യക്തിയോടുള്ള ഒരു ഇഷ്ടം മനസ്സിലുണ്ട്‌. താങ്കള്‍ ഇതില്‍ പറയുന്നത്‌ ശരിയാണെങ്കില്‍, അതായത്‌ താങ്കളുടെ കടമകള്‍ നിര്‍വ്വഹിക്കുന്നുണ്ടെങ്കില്‍ താങ്കള്‍ ഒരു 'കര്‍ത്താവിനെയും' പേടിക്കേണ്ടതില്ല.
അഹങ്കരിക്കില്ലെങ്കില്‍ ഒന്നു പുകഴ്ത്തിക്കോട്ടെ ! "മുടുക്കന്‍"

പാര്‍ത്ഥന്‍ said...
This comment has been removed by the author.
കിനാവ് said...

ജീവിതം ജീവിച്ചുതന്നെതീര്‍ക്കാനുള്ള തീരുമാനത്തിന് അഭിനന്ദനങ്ങള്‍! മിക്കവാറും ഞാനുമുണ്ടാകും പൊന്നാനീല് അടുത്തുതന്നെ.

കൊച്ചുത്രേസ്യ said...

അഭിമാനം, അഭിനന്ദനം പിന്നെ ആശംസകളും ..

അനില്‍@ബ്ലോഗ് said...

ജീവിതത്തിന്റെ ഈ ഏട് എല്ലാക്കാലവും ഏവര്‍ക്കും വഴികാട്ടിയാവും ചങ്ങാതീ.ആശംസകള്‍.

പടക്കം said...

വിചാരമേ,

നല്ല ദിവസം. ഇങ്ങനൊരു ദിവസത്തിനു പതിവില്ലാത്ത മധുരമുണ്ടാവും. ഞാന്‍ പലവട്ടം ആലോചിച്ചു പോലും ആഘോഷിയ്ക്കാതെ ഇങ്ങനെ ചില ദിവസങ്ങള്‍ ഇല്ലാതായി പോയിട്ടുണ്ട്. മുന്നോട്ടു പായുമ്പോള്‍ തിരിഞ്ഞു നോക്കി കടന്ന ദൂരം ഒന്നളക്കുന്നത് സന്തോഷമാണെന്നതില്‍ സംശയമില്ല.

നമുക്കൊരുമിച്ചു ഭൂലോഗം നന്നാക്കാമെന്ന് ഇന്നലെ സജീടെ പോസ്റ്റില്‍ (വിചാരം has left a new comment on the post "പ്രിയ ബൂലോഗരോട്...": പടക്കം. ക്ഷമി നമ്മുക്ക് ഒരുമിച്ച് നിന്നുകൊണ്ടു തന്നെ ബ്ലോഗില്‍ നല്ലത് വരുത്താന്‍ ശ്രമിയ്ക്കാം) പറഞ്ഞപ്പോ തൊട്ട് എനിയ്ക്കാകെയൊരു മനം മാറ്റം. കുറഞ്ഞത് നമുക്കു രണ്ടാള്‍ക്കും നന്നാവാം അല്ലേ?... ഒരുമിച്ച്!


ഞാന്‍ ഇപ്പൊ പറഞ്ഞു വന്നത് ഒരു ചെറിയ കാര്യമാ...

ഈ പോസ്റ്റിലെ നിങ്ങളുടെ കമന്റ്;
വിചാരം said... ഓരോ പോസ്റ്റിലേയും വിഷയത്തിനനുസരിച്ച് പ്രതികരിക്കുക എന്നതാണ് എന്റെ ശൈലി . എന്റെ അഭിപ്രായം അവിടെ രേഖപ്പെടുത്തിയിരിക്കും അതൊരുപക്ഷെ രൂക്ഷമായ വിമര്‍ശനമാവാം കേട്ടാലറയ്ക്കുന്ന തെറി വരെ ആവാം കേള്‍ക്കാന്‍ അര്‍ഹതപ്പെട്ടവര്‍ക്ക് കൊടുത്തിരിക്കണം


(1)ഇന്നലെ സജിയുടെ ബ്ളോഗില്‍ നിങ്ങളെന്നെ ഭീക്ഷണിപ്പെടുത്തി;

വിചാരം has left a new comment on the post "പ്രിയ ബൂലോഗരോട്...": പടക്കം. അല്ല നീയാരാ ബൂലോകസദാചാര സംരക്ഷകനോ ? ഇനിയും താന്‍ അവന്റെ മേക്കട്ട് കുതിര കയറുകയാണെങ്കില്‍ ഈ പോസ്റ്റും തെറികള്‍ക്കൊണ്ടഭിഷേകമായിരിക്കും. നഷ്ടപ്പെട്ടവര്‍ ആരൊക്കെയാണോ അവര്‍ വരട്ടെ അല്ലാത്തവര്‍ ഇവിടെ കിടന്ന് ഇനി ഒച്ച വെച്ചാല്‍ .... എന്റെ എല്ലാ സദാചാര സീമകളും ഞാന്‍ ലംഘിയ്ക്കും

(2)പിന്നെ അമ്പരന്നു

വിചാരം has left a new comment on the post "പ്രിയ ബൂലോഗരോട്...": നാഴികയ്ക്ക് നാല്പതു വട്ടം സജിത്തിനോട് സജി ചെയ്ത അപരാധത്തിന്റെ മേള്‍ കുതിര കയറുന്ന പടക്കം അജിത്തിനില്ലാത്ത ദണ്ണമെന്തിന് ? . അജിത്ത് എന്നോടു നേരിട്ട് പല കാര്യങ്ങളും പറഞ്ഞു അവനാരോടും പരാതിയില്ല എന്നു പറഞ്ഞു അവനില്ലാത്ത പരാതികള്‍ നിങ്ങള്‍ക്കെന്തിന് ? ഒരു ബ്ലോഗറെന്ന നിലയില്‍ പ്രതിഷേധം ഓക്കെ എന്നാല്‍ തന്നെ പോലെ ഇങ്ങനെ വിറളികൊണ്ടോടി നടയ്ക്കേണ്ട ആവശ്യമെന്ത് ?.

(3) പിന്നെ ആകെ കുതുകിയായി

വിചാരം has left a new comment on the post "പ്രിയ ബൂലോഗരോട്...": പടക്കം.
താന്‍ പറ സജി എന്താ ചെയ്യേണ്ടത് ? .


(4)പിന്നെ മര്യാദയായി


വിചാരം has left a new comment on the post "പ്രിയ ബൂലോഗരോട്...": പടക്കം
ഓക്കെ ഞാനിതംഗീകരിക്കുന്നു. സജി.. തെറ്റുകള്‍ സ്വാഭാവികമായി ഉണ്ടാവുന്നതാണ്, നീയത് സമ്മതിയ്ക്കുന്നുമുണ്ട് പടക്കം എന്ന ബ്ലോഗറുടെ നിര്‍ദ്ദേശം പാലിക്കാന്‍ നീയും ഞാനുമടക്കമുള്ള ബ്ലോഗേര്‍സ്സിന്റെ സാമാന്യ മര്യാദയാണ്, ആത്മാര്‍ത്ഥമായി ക്ഷമാപണം നടത്തണമെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നു, മേലിലും നിന്റെ സ്വന്തം രചനകള്‍ ശക്തമായി തന്നെ അവതരിപ്പിയ്ക്കുക, പടക്കം പറഞ്ഞ ഒരു കാര്യത്തോട് പൂര്‍ണ്ണമായും യോജിയ്ക്കുന്നു......

(5) പിന്നെ കൂട്ടായി

വിചാരം has left a new comment on the post "പ്രിയ ബൂലോഗരോട്...": പടക്കം. ക്ഷമി നമ്മുക്ക് ഒരുമിച്ച് നിന്നുകൊണ്ടു തന്നെ ബ്ലോഗില്‍ നല്ലത് വരുത്താന്‍ ശ്രമിയ്ക്കാം


ഇതിനിടയ്ക്കു എന്റെ സ്വഭാവമൊന്നും മാറിയില്ലാരുന്നല്ലോ ഈ ടോണില്‍ വ്യത്യാസം വരാന്‍! ആര്‍ക്കു വേണ്ടി താങ്കള്‍ കോപിച്ചു സംസാരിച്ചോ (സജി), അവനും സ്വഭാവം മാറിയൊന്നുമില്ലല്ലോ.

അപ്പോ പറഞ്ഞു വന്നത്: താങ്കള്‍ ഈ പോസ്റ്റില്‍ പറഞ്ഞതു പോലെ രൂക്ഷമായ തെറിയാണെങ്കിലും പറയേണ്ടത് കേള്‍ക്കാന്‍ അര്‍ഹതപ്പെട്ടവരോട് പറഞ്ഞിരിയ്ക്കണം... പക്ഷേ ഈ കേട്ടൊണ്ടിരിയ്ക്കുന്നവന്റെ സ്വഭാവം മാറത്തിടത്തോളം കാലം താങ്കളും ആ ഒരു ഒരു... 'നില്‍പ്പുവശം' മാറ്റരുത്.

ശ്രീ said...

അഭിനന്ദനങ്ങള്‍ മാഷേ... ഒപ്പം സഹോദരിയ്ക്ക് വിവാഹ മംഗളാശംസകളും.
:)

ടോട്ടോചാന്‍ (edukeralam) said...

വിചാരം. താങ്കളുടെ പോസ്റ്റ് വായിച്ചു. ജീവിതം കണ്ടു. നന്നായി. ഈ ദിനം താങ്കള്‍ ഒത്തിരി ആഗ്രഹിച്ചതാണ്. അത് ഭംഗിയായി നടന്നല്ലോ.

ജീവിതത്തിലെ പ്രശ്നങ്ങള്‍ക്കെതിരെ കയ്യും കെട്ടിയിരുന്നിട്ട് കാര്യമില്ല എന്നറിയാം. അത് താങ്കള്‍ പ്രാവര്‍ത്തികമാക്കി.
അഭിനന്ദനങ്ങള്‍.

താങ്കള്‍ മകള്‍ക്ക് പേരിട്ട രീതി പോലും എത്രയോ വ്യത്യസ്ഥമായി. എന്‍റെ മനസ്സില്‍ എത്രയോ കാലമായിക്കിടക്കുന്ന ആഗ്രഹങ്ങളിലൊന്നാണത്. പേരിലെ വ്യത്യസ്ഥത.
ലിംഗവിവേചനമില്ലാത്ത ചിന്തകള്‍...

നന്നായി തിരിച്ചു പോരാന്‍ തീരുമാനിച്ചത്.
സ്വന്തം നാടിനും വേണം താങ്കളെ.. താങ്കളുടെ പ്രവര്‍ത്തനങ്ങളെ...

കരീം മാഷ്‌ said...

താങ്കളുടെ നിശ്ചയ ദാർഢ്യത്തെ ഞാൻ അഭിനന്ദിക്കുന്നു.
പെങ്ങളുടെ വിവാഹത്തിനു സകല ആശംസകളും.
മതവിശ്വാസത്തെക്കുറിച്ചു തങ്കളും ജബ്ബറിക്കയുമായി എനിക്കു വിയോചിപ്പാണുള്ളത് എന്നത് രണ്ടു പേരുമായുള്ള സ്നേഹത്തിനു തടസ്സമാകുന്നില്ല.
മത നേതാക്കളുടെ ദുർന്നടപ്പോ ദുരുപയോഗമോ കാരണം മതത്തെ കുറ്റം പറയുന്നവർ. മതത്തിനു പിറകെ നടക്കുന്നവരാണ്.
ഞാൻ മതത്തിനു മുന്നെ നടക്കുന്നവരെയും മനുഷ്യനു മാതൃകയാവുന്നവരേയും ഇഷ്ടപ്പെടുന്നു.
ഇതാ.. ഇതാണു ശരിയായ വഴിയെന്നു ജീവിച്ചു കാണിച്ചു തരുന്നവരാണ് യഥർത്ഥ വഴികാട്ടി.
വളരെ പണ്ടൊക്കെ ജീവിത സുഖം തീരേ ഉപേക്ഷിച്ചവരും സത്യസന്ധരും കുറേ കാലത്തിനു ശേഷം ഇടക്കാലത്ത് ഒരു പണീയും കിട്ടാത്തവരും ലൌകിക ജീവിതത്തിൽ സാമ്പത്തികമായി പരാജയപ്പെട്ടിരുന്നവും എത്തിച്ചേർന്ന വഴിയായിരുന്നു ആത്മീയത.
പക്ഷെ ആധുനീക കാലത്തിൽ ഇന്നത് ഏറ്റവും കൌശലക്കാരും ധന മോഹികളൂം അള്ളിപ്പിടിച്ചിരിക്കുന്ന സ്ഥലവും.
മതത്തിന്റെ അകകാമ്പു കാണാൻ മനുഷ്യനിലെ നിസ്സഹായതയെ കുറിച്ചു ആഴത്തിൽ ചിന്തിച്ചാൽ മതി.
മതത്തെകുറിച്ചു പഠിക്കണമെന്നില്ല.
മനുഷ്യനെ കുറിച്ചു പഠിക്കുക.
പതിയെ മതത്തിലേക്കെത്തിപ്പെടും.
ഞാൻ ഗ്യാരണ്ടി.

(ഒരു വാഗ്വാദത്തിനു ഞാനില്ല)

വിചാരം said...

പാര്‍ത്ഥന്‍ :) എന്റെ മനസ്സിലെ എല്ലാ ആദര്‍ശങ്ങളും എനിക്ക് പാലിക്കാനായിട്ടില്ല എങ്കിലും ഞാന്‍ തൃപ്തനാണ് ഇത്തിരിയെങ്കിലും ചെയ്യാനായതില്‍.
ഓരോ വ്യക്തിയും തന്റെ കടമകള്‍ നിര്‍വ്വഹിക്കുമ്പോള്‍ നഷ്ടബോധം ഒട്ടും ഉണ്ടാവില്ലാന്ന് ഞാന്‍ ഉറപ്പ് തരുന്നു. മനസ്സിലിനിയും ഒത്തിരി വിപ്ലവ ചിന്തകള്‍ ബാക്കി കിടപ്പുണ്ട് അതലം കാലം എനിക്ക് കീഴില്‍ എത്തിച്ചു തരുമെന്ന ആശയുണ്ട് പക്ഷെ ഒരിക്കലും ചുമ്മാ കാത്തിരിക്കുകയില്ല അതിനായ് പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.
കിനാവ് :) ... കിനാവിന്റെ പരേതനായ അച്ഛനുമായുണ്ടായ സ്നേഹ സൌഹൃദം കിനാവുമായി പങ്കിടാം. പൊന്നാനിയിലെ ഉറങ്ങി കിടക്കുന്ന കഥകള്‍ നമ്മുക്ക് ഒരുണര്‍ത്തുപാട്ടായ് ഇവിടെ പാടാം..

കൊച്ചുത്രേസ്യ :) ജീവിതം ഒത്തിരി അഭിമാനങ്ങളുടെ ഒരു പൂമാലയായി തീര്‍ക്കാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നു.

അനില്‍ :) ഇവിടെ ഈ പോസ്റ്റിന്റെ ഉദ്ദേശവും അതാണ് പ്രചോദനം ... മറ്റൊന്ന് ഏതൊരു പ്രതിസന്ധിയും നമ്മെ നശിപ്പിക്കില്ല അതിനുള്ള പരിഹാരവും നമ്മുക്കായ് മുന്‍പിലുണ്ടായിരിക്കും, 50,000 കടം വീട്ടാനുണ്ടായതിനാല്‍ ആത്മഹത്യചെയ്തവര്‍ നമ്മുക്ക് മുന്‍പിലുണ്ട് അങ്ങനെ ഞാന്‍ ചിന്തിയ്ക്കുകയായിരുന്നെങ്കില്‍ ഞാന്‍ 10 തവണ ആത്മഹത്യ ചെയ്യണമായിരിന്നു :)

പടക്കം :)
കഴിഞ്ഞത് മറയ്ക്കാനും പൊറുക്കാനും ഞാന്‍ ആവശ്യപ്പെടാറില്ല ഞാന്‍ എന്തു പറഞ്ഞുവോ പ്രവര്‍ത്തിച്ചുവോ അത് ആ സമയത്തിന്റെ പ്രസക്തിയിലായിരിന്നു അതാവശ്യമായിരിന്നു എന്നാലിതിവിടെ അപ്രസക്തമായതിനാല്‍ ഒരു ചര്‍ച്ചയ്ക്ക് ഞാന്‍ ഒരുക്കമല്ല , ഞാന്‍ എന്തുപറഞ്ഞുവോ അത് ശരിയെന്ന് ഞാന്‍ കരുതുന്നു. സജിയെ ആത്മാര്‍ത്ഥമായി തന്നെ സപ്പോര്‍ട്ട് ചെയ്തതില്‍ എനിക്കൊരു കുറ്റബോധവും ഇപ്പോഴും ഇല്ല എന്നാല്‍ അവന്‍ ചെയ്തത് മുഴുവന്‍ ശരിയാണന്ന് അഭിപ്രായവും എനിക്കില്ല, ആക്ഷേപിച്ച് ഇല്ലാതാക്കുന്നതിനേക്കാള്‍ സ്നേഹിച്ച് തിരുത്തുക എന്നതാണ് എന്റെ നയം എന്നാല്‍ , തല്ലാന്‍ വരുന്നവന്റെ നേരെ മുഖം കാണിച്ചുകൊടുത്ത് തല്ലു വാങ്ങലല്ല അതിന്റെ അര്‍ത്ഥം,അടിച്ചിരുത്തേണ്ടവനെ അടിച്ചു തന്നെ ഇരുത്തണം.പടക്കം നീ സ്വയം പൊട്ടില്ല എന്റെ കയ്യിലെ തീ കൊണ്ടുരസിയാലേ അത് പൊട്ടൂ :) .

ശ്രീ :)

ടോട്ടോചാന്‍ : നന്നായി തിരിച്ചു പോരാന്‍ തീരുമാനിച്ചത്.
സ്വന്തം നാടിനും വേണം താങ്കളെ.. താങ്കളുടെ പ്രവര്‍ത്തനങ്ങളെ... .. യെസ് എന്റെ മനസ്സിലെ ആഗ്രഹങ്ങളിലൊന്നാണത് ..വരുന്നു ഞാന്‍ .

കരീം മാഷ് :) വാഗ്വാദത്തിന് ഞാനും ഇല്ല പ്രത്യേകിച്ച് മാഷോട് എങ്കിലും രണ്ടുവരി .. മതം എന്നാല്‍ എഴുതിവെച്ചിരിക്കുന്ന ചിലവരികള്‍ മാത്രമാണ് അത് നല്ല മനസ്സുള്ളവര്‍ എടുത്തണിഞ്ഞാലേ അതിനൊരു ഭംഗിയുണ്ടാവൂ അല്ലാത്തവര്‍ അണിഞ്ഞാലത് കുരങ്ങന്റെ കയ്യിലെ പൂമാല പോലെയാവും, ഇന്ന് മതം എന്ന മനോഹരവര്‍ണ്ണ കുപ്പായം ചില കുട്ടികുരങ്ങമാരുടെ കയ്യിലാണ്. ബാക്കി പിന്നെ :)

എല്ലാവരുടെ ആശംസകളും സ്നേഹപൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു :)

കുഞ്ഞന്‍ said...

മാഷെ..

സഹോദരിയുടെ വിവാഹ ആശംസകള്‍ നേരുന്നു..ഭാഗ്യവതികളാണ് മാഷിന്റെ പെങ്ങന്മാര്‍..

എന്റെ തൊട്ടടുത്തവീട്ടിലെ ചേട്ടന്‍, ആ ചേട്ടന് മുകളില്‍ നാല് പെങ്ങന്മാര്‍..വളരെ വളരെ പാവപ്പെട്ട കുടുംബം. മൂത്ത ചേച്ചിയുടെ കല്യാണം കഴിഞ്ഞപ്പോള്‍ പുള്ളിക്കാരന് ഒരു പൂതി മറ്റൊന്നുമല്ല അദ്ദേഹത്തിന് കല്യാണം കഴിക്കണം കാരണം അദ്ദേഹത്തിന് ഒരു ഹോട്ടലിന്റെ റിസപ്ഷനിസ്റ്റായി ജോലികിട്ടി. ഒരു പെണ്ണിനെ പോറ്റാമെന്ന തന്റേടം കൊണ്ടായിരിക്കാം കല്യാണതിന് മുതിര്‍ന്നത് എന്നാലും പെങ്ങന്മാരെ കെട്ടിച്ചുവിടണമെന്ന ചിന്ത....അല്ലാ സുകു (പേര് വ്യാജം ) നീ ഇപ്പോള്‍ പെണ്ണുകെട്ടിയാല്‍ നിന്റെ പെങ്ങന്മാരുടെ കാര്യം ആരു നോക്കും? പിന്നെ നിനക്ക് വയസ്സ് ഇരുപത്തിനാലല്ലെ ആയൊള്ളൂ..എന്നൊക്കെയുള്ള ചോദ്യങ്ങള്‍ കേട്ടില്ലന്നു നടിച്ചു ഈ സുകുവേട്ടന്‍..പിന്നീടത്തെ കഥയൊ..രണ്ടാമത്തെ പെങ്ങളെ ഒരു അമ്പതു വയസ്സുകഴിഞ്ഞ സാധുവിനെക്കൊണ്ടു കെട്ടിച്ചു, മൂന്നും നാ‍ലും പെങ്ങള്‍മാരെ ചില വിട്ടുവീഴ്ചകളിലൂടെ കെട്ടിച്ചു (താനെ നടന്നു എന്നുപറയാം) ഈ കല്യാണത്തിനെല്ലാം സുകുവേട്ടന് ഒരു കടമയും ചുമതലയും മാത്രമെ ഉണ്ടായിരുന്നൊള്ളൂ പുതിയാപ്ലയുടെ കാലു കഴുകല്‍ എന്ന ചടങ്ങ് ചെയ്യുക.

ഈ കഥ പറയാന്‍ ഇവിടെ പറയുവാന്‍ കാരണം വിചാരം മാഷിനെയും സുകുവേട്ടനെയും ഒരു ത്രാസ്സിന്റെ രണ്ടു വശത്തുമിട്ട് തൂക്കിയാല്‍...മാഷിന്റെ തട്ട് അടിയില്‍ത്തന്നെയായിരിക്കും..!

ഇപ്പോള്‍ കുടുംബം ഒരു കരക്കെത്തി..ഇനി സ്നേഹയുടെയും സെലിനയുടെയും ജീവിതം ഭദ്രമാക്കണം അതുകൊണ്ട് എത്രയും പെട്ടന്ന് അരക്ഷിതാവസ്ഥ നിറഞ്ഞ ഇറാക്കില്‍ നിന്നും (അവിടെത്തന്നെയല്ലെ)കുടിയിറങ്ങൂ 2009 വരെ നില്‍ക്കണ്ടാന്ന്..എന്നിട്ട് കുടുംബവുമായി നാട്ടില്‍ സന്തോഷത്തോടെ കഴിയൂ..കൂടെ തമ്മില്‍തല്ലിയും സ്നേഹിച്ചും ബൂലോഗത്തും ഉണ്ടാവുക..

കുതിരവട്ടന്‍ :: kuthiravattan said...

അഭിനന്ദനങ്ങള്‍ മാഷേ.

ബയാന്‍ said...

വിചാരം: സ്വാധീനിക്കപ്പെടാനില്ലാത്ത സ്വതന്ത്രചിന്തയായിരിക്കണം ഫാറൂക്കിനെ ഇത്ര സത്യസന്ധമായി ജീവിതത്തെയും ചുറ്റുപാടിനെയും സഹജീവിയേയും ആലിംഗനം ചെയ്യാനാന്‍ പ്രാപ്തനാക്കുന്നത്, പ്രിയ സുഹൃത്തെ തനിയെയായാലും യാത്ര തുടരുക, കൂട്ടം തെറ്റിയുള്ള യാത്രയില്‍ കാലിടറിയാലും മനമുരുകരുത്, നമുക്കു നഷ്ടപ്പെടാന്‍ നാമേയുള്ളൂ, നഷ്ടപ്പെടുത്താനും,

നിസ്വാര്‍ത്ഥത ഇനിയും വഴിതെളിക്കട്ടെ, പ്രവാചകാ. :)

മാണിക്യം said...

‘വിചാരം’ ,
എല്ലാവരുടെ ഉള്ളിലും ഉണ്ട്,
കരിങ്കല്‍ ചീളുപോലെ ചീറിപാഞ്ഞു വന്ന വിചാരത്തിന്റെ അഭിപ്രായം കണ്ടാണു
അല്ല ഇതാരാ എന്നു ഞാന്‍ നൊക്കിയത് .

ആദ്യം വായിച്ചത് ,
“ആത്മഹത്യാ കുറിപ്പ് ”:പിന്നെ
“ഇന്നന്റെ ജന്മദിനം
നാളെ വിവാഹ വാര്‍ഷികവും” :

പത്ത് വര്‍ഷത്തിനു ശേഷം എഴുതാന്‍ ഞാനുണ്ടവുകയില്ല അതുകൊണ്ട് ഇപ്പോഴേ പറയാം‘ഈ മനുഷ്യന്‍ ഉള്ളില്‍ ഒരു പാവം ആണു’ ഒരു പഞ്ചപാവമായി ഇനി കാണാം
സ്നേഹകുട്ടിയുടെ പ്രീയപെട്ട അച്ഛനായിട്ട്!

പച്ചയായ ജീവിതത്തെ മുഖാമുഖം കണ്ട
താങ്കളുടെ അനുഭവസമ്പത്തിനെ ആദരിക്കുന്നു,
നിലപാടുകളെ കര്‍ക്കശമായ അഭിപ്രായങ്ങളെ ബഹുമാനിക്കുന്നു. ഇനിയുള്ള ജീവിതവും
പനിനീര്‍‌ പൂവിതളിന്റെ മുകളില്‍ കൂടിയുള്ള
യാത്രയാവില്ലാ . സധൈര്യം നീതിപൂര്‍‌വം
ജീവിതത്തെ ജീവിച്ചു തീര്‍‌ക്കാന്‍ അനുഗ്രഹിക്കുന്നു..

അനില്‍ശ്രീ... said...

പ്രിയ ഫാറൂക്,

കുറച്ച് ദിവസങ്ങള്‍ ആയി ബ്ലോഗില്‍ സജീവമല്ലായിരുന്നു. ജോലിത്തിരക്ക് തന്നെ കാരണം. ഒരു ദിവ്സം വൈകി എങ്കിലും സഹോദരിക്ക് വിവാഹാശംസകള്‍.

ലക്ഷ്യങ്ങള്‍ മനുഷ്യനെ മുന്നോട്ട് നയിക്കുമ്പോള്‍ അവനെ പിന്നോട്ട് വലിക്കാന്‍ ഒരു ശക്തിക്കും സാധിക്കില്ല. വെറുതെ ഒഴുകയും ലക്ഷ്യത്തിലെത്താം..പക്ഷേ തക്ഷ്യ ബോധത്തോടെ ഒഴുകുന്ന താങ്കള്‍ക്ക് ആശംസകള്‍.

മുസാഫിര്‍ said...

വിശ്വാസം മലയെയും ചലിപ്പിക്കും.ഭാവുകങ്ങള്‍ !

ഉപാസന || Upasana said...

വായിച്ചു ഭായ്...
:-)
ഉപാസന

ഏറനാടന്‍ said...

സഹോദരാ നിന്നെ എനിക്ക് പെരുത്തിഷ്ടായി. ബഹുമാനം ഒന്നൂടെ കൂടി. നീ മുത്താണ്‌ മോനേ മുത്ത്. അള്ളാഹു അനുഗ്രഹിക്കട്ടെയെന്നും..

പടക്കം said...

:)

Kichu & Chinnu | കിച്ചു & ചിന്നു said...

എല്ലാ ആശംസകളും... നാട്ടിലെ ലക്ഷ്യങ്ങളും നിറവേറട്ടെ...

മുമ്പ് ഇവിടെ വന്നിരുന്നു എന്നു തോന്നുന്നു. പൊന്നാനിക്കാരനാണ്‍ എന്നിപ്പോഴാണ്‍ മനസ്സിലായത്. ഞാനും പൊന്നാനിക്കാരനാണ്‍.. പുത്തന്‍പള്ളിക്കടുത്താണിപ്പൊ വീട്.. ഹൈദ്രബാദില്‍ ജോലി ചെയ്യുന്നു...

വിചാരം said...

കുഞ്ഞാ ..
വലിയ കഥ പറഞ്ഞ് അഭിനന്ദിച്ചതിന് നന്ദി. :) സുകു ജീവിതത്തില്‍ നിന്ന് ഇനിയും ഒത്തിരി പഠിയ്ക്കേണ്ടിരിക്കുന്നു. ഓരോരുത്തരുടെ ചിന്താഗതിയെ നമ്മുക്ക് മാറ്റാനാവില്ലെങ്കിലും നമ്മള്‍ മറ്റുള്ളവരാല്‍ സ്വാധീനിക്കപ്പെടണം അതിനായ് നമ്മളൊരു സാമൂഹികമായ മാതൃക കാണിച്ചിരിക്കണം.
കുഞ്ഞാ ഞാന്‍ വരുന്നു നാട്ടിലേക്ക് അടുത്ത സപ്റ്റംബര്‍ മുതല്‍ കുവൈറ്റില്‍ ..പിന്നെ നാട് . ഇറാഖ് ജീ‍വിതം അവസാനിക്കാന്‍ ഇനി കേവലം ദിവസങ്ങള്‍ മാത്രം ... :).

കുതിരവട്ടന്‍ :)
ബയാന്‍ :) ... ബയാന്‍ പറഞ്ഞ ഈ വരികള്‍ .. എന്നെ സ്വാധീനിക്കുന്നു .. സ്വാധീനിക്കപ്പെടാനില്ലാത്ത സ്വതന്ത്രചിന്തയായിരിക്കണം ഫാറൂക്കിനെ ഇത്ര സത്യസന്ധമായി ജീവിതത്തെയും ചുറ്റുപാടിനെയും സഹജീവിയേയും ആലിംഗനം ചെയ്യാനാന്‍ പ്രാപ്തനാക്കുന്നത് .. തീര്‍ച്ചയായും സ്വതന്ത്രമായ എന്റെ ചിന്തതന്നെയാണ് ഇങ്ങനെയുള്ള എന്റെ തീരുമാനങ്ങള്‍ക്ക് പിന്നില്‍ കാ‍രണം ഞാനൊരു സ്വതന്ത്ര ചിന്താഗതിക്കാരനായതിനാല്‍ ചീത്ത കാര്യങ്ങളിലേക്ക് സഞ്ചരിച്ചാല്‍ സമൂഹത്തിന്റെ മതത്തിന്റെ ചീഞ്ഞളിഞ്ഞ സംഹിതകളില്‍ ജീവിതം തളച്ചിടുന്നവര്‍ക്ക് അവരില്‍ നിന്നും പുറത്തു പോയതിനാല്‍ നശിച്ചു എന്ന് ചൂണ്ടിക്കാണിക്കാതിരിക്കാനായിരിന്നു മതകോമാളികളേക്കാള്‍ ഉന്നതമായ ജീവിതം മതമില്ലാത്തവനുണ്ടാക്കാനാവും എന്നുകൂടി കാണിച്ചുകൊടുക്കുക .:).
മാണിക്ക്യം :)
എന്റെ നിലപാടുകള്‍ അതാരുടെ മുന്‍പിലും സധൈര്യം പറയാനുള്ള കരുത്ത് ഞാന്‍ നേടിയത് എന്റെ തന്നെ ജീവിതത്തില്‍ നുന്നാണ്. എന്റെ എല്ലാ രചനകളിലും പൂര്‍ണ്ണമായ സത്യസന്ധത പുലര്‍ത്താന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട് .. ഒളിച്ചു വെയ്ക്കേണ്ടതല്ല ജീവിതവും അതിലെ നല്ല അനുഭവങ്ങളും.. എന്റെ ഞ്ചു വര്‍ഷത്തെ ഇറാഖ് ജീവിതത്തെ കുറിച്ചും ഞാന്‍ എഴുതും .. “ഇവിടെ ഞാന്‍ എങ്ങനെയായിരിന്നു”. പിന്നെ ചേച്ചി പറഞ്ഞ ഒരു കാര്യത്തോട് യോജിപ്പില്ല, പത്തല്ല ഇരുപത് വര്‍ഷം കഴിഞ്ഞാലും ചേച്ചി ഇവിടെ ഉണ്ടാവും ഉറപ്പ് . :)
അനില്‍ ശ്രീ :) ഇനിയും ലക്ഷ്യം ബാക്കിയുണ്ട് അതിലേക്കായ് വീണ്ടും .

മുസാഫില്‍ :)
ഉപാസന :)
ഏറനാടന്‍ :)
പടക്കം :)
കിച്ചു ചിന്നു ..:)
ഞാന്‍ അസ്സല്‍ പൊന്നാനിക്കാരന്‍. പൊന്നാനി ടൌണില്‍ വന്നന്വേഷിച്ചാല്‍ കണ്ടെത്താന്‍ പ്രയാസമില്ല. വരുന്നതിന് മുന്‍പൊരു മെയിലയച്ചാല്‍ മതി maliyekkal2@googlemail.com
അല്ലെങ്കില്‍ പൊന്നാനി ഏ.വി ഹൈസ്ക്കൂള്‍ മൈതാനിയില്‍ വന്നാല്‍ മതി .. പൊന്നാനിയില്‍ നിറഞ്ഞ സാന്നിത്യമായി ഞാനുണ്ടാവും .. വരിക

ഇവിടെ വന്നന്നെ അഭിനന്ദിച്ച ആശംസിച്ച എല്ലാവര്‍ക്കും നന്ദി .. സഹതപിച്ചവരോട് എനിക്ക് നന്ദിയില്ല

sudeep said...

Marvellous..... Appreciate your way of thinking and your ability to acheive your goals.. All the best wishes...

Sudeep Ayilakkad.