Thursday, August 26, 2010

കഥാപാത്രങ്ങള്‍ - 4

ഓരോ വ്യക്തിത്വവും തികച്ചും വ്യത്യസ്ഥമായ ജീവിതം നയിക്കുന്നവരും നയിച്ചവരുമാണന്ന് അവരുടെ ജീവിതം നിരിക്ഷിച്ചാല്‍ മനസ്സിലാവും കൊച്ചുനാളിലെ എന്റെ ശീലവും അതായിരുന്നു, എന്റെ ജീവിതത്തില്‍ മറയ്ക്കാനാവാത്ത ചില കഥാപാത്രങ്ങളുണ്ട് ഇവരുടെ ജീവിതം എന്തുകൊണ്ടിങ്ങനെയായി എന്ന് ചിന്തിച്ച് സ്വന്തം ജീവിതത്തിലും പല മാറ്റങ്ങളും വരുത്താന്‍ എനിക്കായിട്ടുണ്ട് അങ്ങനെ ഞാന്‍ നിരീക്ഷിച്ച പലരില്‍ പ്രധാനിയാണ് ആലിമുഹമദ്ക്ക്, പല അവസരത്തിലും പോസ്റ്റായി ഞാന്‍ ഇദ്ദേഹത്തെ കുറിച്ചെഴുതിയിട്ടുണ്ട്.

ആലി മുഹമദ്ക്ക ഭാര്യയും മക്കളും വീടുമില്ലാത്ത ഒരനാഥന്‍, ഇദ്ദേഹത്തിന് എല്ലാം ഉണ്ടായിരുന്നത്രെ പക്ഷെ ഞാന്‍ കണ്ട ആലിമുഹമദ്ക്കാക്ക് ആരുമുണ്ടായിരുന്നില്ല, ഇദ്ദേഹത്തിന്റെ ഒരകന്ന ബന്ധു എന്റെ അയല്‍‌വാസി അവരുടെ ഉമ്രത്ത് നല്‍കിയ ഒരു തുണ്ട് ഭൂമിയില്‍ ഒരു കെട്ട്‌‌പീടിക അതില്‍ കുറച്ച് മിഠായികളും സിഗരറ്റും മറ്റും, ഉറക്കവും തീറ്റയുമെല്ലാം അവിടെ വെച്ച് തന്നെ, അദ്ദേഹത്തിന്റെ പ്രായം ഞാന്‍ കാണുമ്പോള്‍ 60 വയസ്സിന് മേലെയാവും ആ കടയില്‍ അതേ പ്രായത്തില്‍ അബ്ദുറഹിമാന്‍‌ക്ക എന്നൊരാളും വരുമായിരുന്നു, ഇവരുടെ സഞ്ചാര കഥകളും ഹിന്ദിയിലെ ഡയലോഗെല്ലാം കേള്‍ക്കാന്‍ രസമായിരുന്നു, കുട്ടികാലം കഥകള്‍ കേള്‍ക്കാന്‍ വെമ്പുന്ന ഹൃദയമുള്ള കാലമാണല്ലോ, വാര്‍ദ്ദക്യത്തിലെ ഒരവശതയും ഇവരുടെ കഴിഞ്ഞ കാല കഥകള്‍ പറയുമ്പോള്‍ ഉണ്ടാവില്ല രണ്ടു പേരും കഥപറയുമ്പോള്‍ കേള്‍ക്കാനും ചോദ്യങ്ങള്‍ ചോദിയ്ക്കുവാനും ഞങ്ങള്‍ കുട്ടികള്‍ ചുറ്റും കൂടിയിരിക്കും.

ആലിമുഹമദ്ക്കയും അബ്ദുറഹിമാന്‍‌ക്കയും അവരുടെ യൌവ്വനം തിമിര്‍ത്ത് ആഘോഷിച്ചവരായിരുന്നു സ്വന്തം നാട്ടില്‍ ഒരു തുണ്ട് ഭൂമിയോ ഒരു കുടുംബമോ ഉണ്ടാക്കാന്‍ മറന്നവര്‍, ബാല്യവും കൌമാരവും യൌവ്വനവും മദ്ധ്യവയസ്ക്കതയുമെല്ലാം ആര്‍ക്കെല്ലാമോ എന്തിനെല്ലാമോ കത്തിച്ച് തീര്‍ത്തപ്പോള്‍ ശിഷ്ടമായത് ശോഷിച്ച ശരീരവും അത് താങ്ങാനാളില്ലാത്ത, ഒരു ഗ്ലാസ് ചൂട് വെള്ളം പോലും ഉണ്ടാക്കി തരാന്‍ ആരുമില്ലാത്ത തികച്ചും ഏകാന്തവും വേദനാജനകവുമായ ജീവിതം, കല്യാണമേ കഴിക്കരുതെന്ന് ശഠിച്ച് നടന്ന എന്റെ ചിന്തയെ മാറ്റി മറിയ്ക്കാന്‍ ഇദ്ദേഹത്തിന്റെ ജീവിതം എന്നെ പ്രേരിപ്പിച്ചിരുന്നു.

ഇദ്ദേഹത്തിന്റെ ജീവിതരീതി തികച്ചും ആത്മീയമായിരുന്നു അവസാനകാലം, അഞ്ചു നേരം നമസ്ക്കാരവും മറ്റുമായി ഭക്തിമാര്‍ഗ്ഗമായ ജീവിതം അദ്ദേഹത്തിന്റെ അന്ത്യം തികച്ചും വേദനാജനകമായിരുന്നു, ഞാന്‍ പ്രി-ഡിഗി പഠിയ്ക്കുന്ന സമയത്തൊരുരാത്രി.. ഒരു നേരിയ ശബ്ദം ഉറക്കത്തില്‍ നിന്ന് ഞാന്‍ കേട്ടുകൊണ്ടിരുന്നു പെട്ടെന്ന് അന്റെ അമ്മായി വന്നെന്നെ വിളിച്ചുണര്‍ത്തി ഡാ മോനെ ആല്യാമദാക്കയാണന്ന് തോന്നുന്നു കുറേ നേരമായി കരയുന്നു നീ ഒന്ന് ചെന്ന് നോക്ക്, കേട്ടപാതി കേള്‍ക്കാത്ത പാതി ഉടനെ ഞാന്‍ ഓടി അദ്ദേഹത്തിനടുത്തെത്തി ആരുമില്ലാതെ അദ്ദേഹം എണീറ്റിരുന്ന് ശ്വാസം കിട്ടാതെ ഉറക്കെ കരയുന്നു, വളരെ വിഷമത്തോടെ “ മോനെ എന്നെയൊന്ന് ഉഴിഞ്ഞു തരുമോ ?” തികച്ചും ദയനീയമായ ആ മുഖം .. മുളകൊണ്ടുള്ള വാതില്‍ ചാടികടന്ന് എന്റെ മേലിനോട് ചായ്ച്ച് കിടത്തി ഞാന്‍ നെഞ്ചില്‍ പതുക്കെ ഉഴിഞ്ഞുകൊടുത്തുകൊണ്ടിരിന്നു അപ്പോഴേക്കും അയല്‍‌വാസികളെ എന്റെ അമ്മായി ഉണര്‍ത്തി, സത്യത്തില്‍ എല്ലാവരും ഇദ്ദേഹത്തിന്റെ കരച്ചില്‍ കേള്‍ക്കുന്നുണ്ടായിരുന്നു .. എന്റെ മടിയില്‍ തല ചായ്ച്ച് പതുക്കെ പതുക്കെ അദ്ദേഹം നിശബ്ദനായികൊണ്ടിരിന്നു എന്റെ മടിയില്‍ കിടന്ന് അദ്ദേഹം ഓര്‍മ്മയായി അവസാനം എന്നോട് പറഞ്ഞ വാക്കും കൂടെ ഒത്തിരി കഥകളും.

4 comments:

വിചാരം said...

ഓരോ വ്യക്തിത്വവും തികച്ചും വ്യത്യസ്ഥമായ ജീവിതം നയിക്കുന്നവരും നയിച്ചവരുമാണന്ന് അവരുടെ ജീവിതം നിരിക്ഷിച്ചാല്‍ മനസ്സിലാവും

ബയാന്‍ said...

ആലിമ്മദാക്കാന്റെ അവസാനത്തെ വാക്ക് എന്തായിരുന്നിരിക്കണം !!!

Pranavam Ravikumar said...

Well Said!

santhosh balakrishnan said...

നല്ല ഭാഷ...!
ഒടുവില്‍ കണ്ണ് നിറഞ്ഞു.
തുടരുക ..എല്ലാ ഭാവുകങ്ങളും