കണ്ണന് മാമദ് ക്കായുടെ *വെണ്ണീര്‍കൂടിന്റെനടുത്തെ അട്ടിയിട്ട ആട്ടിന്‍ കാട്ട*ത്തിന്റെ ചാക്കിന് മുകളില്‍, റൌഡി മൊയ്തീന് കുട്ടിയും, കുഞ്ഞന്‍ മത്തിയുടെ അവറാനും സംഘവും ഇരുന്നു വെടി പറയുന്നതിനിടയ്ക്കാണ്. ബാലന്‍കുത്തി കുഞ്ഞാപ്പു ഓടി വന്നു പറഞ്ഞത്. ആലിക്കാക്കാന്റെ പല്ലന് ഉമ്മര്‍ ഹാലിളകി അവന്റെ ഉമ്മാന്റെ നെഞ്ചത്തേക്ക് അമ്മി കല്ലുകൊണ്ടെറിഞ്ഞു, അവര്‍ ബോധം കെട്ടു വീണു, മാമദും എയ്ന്തീനും, ഉമ്മറിന്റെ ഉമ്മാനെ ആസോത്രിക്ക് കൊണ്ടുപോയി.
പല്ലന് ഉമ്മറിന് ഭ്രാന്താണ്. ഈ ഭ്രാന്ത് മനസ്സിന്റെ സമനില തെറ്റിയായതല്ല, ക്രമമില്ലാത്ത മനസ്സോടെ ജനിച്ചതു മുതല്‍ അറക്കല്‍ വളപ്പിലെ എല്ലാവരുടേയും കണ്ണില്‍ അവന് ഭ്രാന്തനാണ്, ഇടയ്ക്കിടെ ശെയ്ത്താനും* ഇളകും, ശെയ്ത്താനിളകിയാല്‍ പിന്നെ അവന് ചെയ്യുന്നതെന്തന്ന് അവന് പോലുമറിയില്ല, അങ്ങനെയൊരു ഇളക്കത്തിലാണ് അവന്റെ ഉമ്മാക്കിട്ട് അമ്മികൊല്ലുകൊണ്ട് പെരുമാറിയത്.
റൌഡി മൊയ്തീന് കുട്ടിയും സംഘവും പിന്നെ ചര്‍ച്ച. ഉമ്മറിന്റെ വീര കഥകളെ കുറിച്ചായിരുന്നു, ഉമ്മറിന് ശെയ്ത്താനിളകിയാല്‍ ഒരാനന്റെ ശക്തിയാണത്രെ, പിന്നെ ആര്‍ക്കുമവനെ പിടിച്ചു കെട്ടാനാവില്ല,ഒന്നില്ലെങ്കില്‍ തീയാല് അല്ലെങ്കില്‍ വെള്ളത്താലെ ഇങ്ങനെയുള്ളവര്‍ മരികൊള്ളത്രേ, ഒരു *സാന്‍ ചോറും, ഒരു ചട്ടി നിറയെ കൂട്ടാനുംകൂട്ടി ഒരൊറ്റ ഇരിപ്പിനവന്‍ തട്ടും... അത്രത്തോളം പണിയുമെടുക്കും, കണ്ണന് മാമദ്ക്കാന്റെ വെണ്ണീര് കൂട്ടില്‍ നിന്ന് *തോട്ടിന് കരയില്‍ വന്നു നിക്കുന്ന *പുരവഞ്ചിയിലേക്ക് നൂറും ഇരുന്നൂറും ചാക്ക് വെണ്ണീറും, ആട്ടിന്‍ കാട്ടവും ഒറ്റയ്ക്ക് കയറ്റും - ആ കാലത്ത് കൃഷി ആവശ്യത്തിനായി വെണ്ണീറും, ആട്ടിന്‍ കാട്ടവുമെല്ലാം തിരൂര്‍.പുറത്തൂര്‍.കൂട്ടായി, ചാവക്കാട് എന്നിവടങ്ങളിലേക്ക് കനോലി കനാല്‍ വഴി പുരവഞ്ചിയിലാണ് കൊണ്ടു പോകുവ പ്രധാനമായും പൊന്നാനിയിലെ അറക്കല്‍ വളപ്പെന്ന ഈ കൊച്ചു പ്രദേശത്തു നിന്നാണ്, രാസ വളങ്ങള്‍ വന്നതോടെ ആ പുരാതനമായ കച്ചവടവും നിലച്ചു- ആരോഗ്യ ദൃഢഗാത്രനായ ഉമ്മറിനെ മനസ്സുകൊണ്ടു കൊതിക്കാത്ത ചെറുപ്പക്കാരികള്‍ തുലോം കുറവ് .. റൌഡി മൊയ്തീനും സംഘവും കഥകള്‍ പലതും പറഞ്ഞുകൊണ്ടിരുന്നു.
ഇന്ന് സ്വന്തം ഉമ്മാനെ തല്ലിയവന് നാളെ ഞമ്മളെ ഉമ്മമാരെ തല്ലൂല്ലാന്നെന്താ ഉറപ്പ്... അറക്കല്‍ വളപ്പ് നിവാസികള്‍ കൂട്ടം കൂടുന്ന ഇടത്തല്ലാം ചര്‍ച്ച ഇതായിരുന്നു. ഒന്നില്ലെങ്കില്‍ അവനെ ഭ്രാന്താസുപത്രിയില്‍ കൊണ്ടുപോയി കറന്റ് പിടിപ്പിക്കുക അല്ലെങ്കില്‍ കെട്ടിയിടുക, ഇതു രണ്ടിനും പെറ്റ തള്ള സമ്മതിച്ചില്ല, തന്നെ തല്ലിയത് അവന്റെ ദേഹത്തെ ശെയ്ത്താനാണന്ന് വിശ്വസിക്കുന്ന ഉമ്മ, തോട്ടുങ്ങ പള്ളിയില്‍ അന്തിയുറങ്ങുന്ന തങ്ങളുപ്പാപ്പാന്റെ ഖബറിങ്ങലിലെ കൊടികൊണ്ടും ഉഴിഞ്ഞാലും.. അവിടത്തെ നേര്‍ച്ച വിളക്കിലെ വെളിച്ചെണ്ണ കുടിച്ചാലും ഭേദാവും എന്ന വിശ്വാസക്കാരിയായിരുന്നു. വര്‍ഷത്തില്‍ പലതവണ, ഉമ്മറിനേയും കൊണ്ടവന്റെ ഉമ്മ മമ്പറത്തും,പെരുമ്പടപ്പ് പുത്തന്‍ പള്ളിയിലും കൊണ്ടു പ്പോയി ജാറം മൂടും, പിന്നെ എല്ലാ വ്യാഴാഴ്ച്ചയും വീട്ടിനടുത്തു തന്നെയുള്ള ചെറിയ ജാറത്തിലും, വലിയ ജാറത്തിലും, മഖ്ദൂം തങ്ങളുടെ ഖബറിങ്ങലും കൊണ്ടുപോയി ദൂആ ഇരയ്ക്കും.എങ്കിലും ഇടയ്ക്കിടെ വരുന്ന ശെയ്ത്താനിളക്കത്തിന് യാതൊരു സമാധാനവും ഇല്ല.
ഭ്രാന്താസുപത്രിയില്‍ കൊണ്ടു പോകാന്‍ സമ്മതിക്കാത്തതിനാല്‍, നാട്ടുക്കാര് ഒരു തീരുമാനത്തിലെത്തി ഏര്‍വാടിയിലേക്ക് കൊണ്ടു പോവുക , ദൂരെയാണെങ്കിലും മനസ്സില്ലാ മനസ്സോടെ അതിനവന്റെ ഉമ്മ സമ്മതിച്ചു... നാട്ടുക്കാരും വീട്ടുക്കാരും അവരുടെ സമാധാനത്തിനായി ഭ്രാന്തില്ലാത്ത , ഭ്രാന്തനെന്ന് മുദ്രകുത്തിയ പല്ലന് ഉമ്മറിനെ ഏര്‍വാടിയിലേക്ക് കൊണ്ടുപ്പോയി.
മാസങ്ങള്‍ കടന്നു പോയി... പല്ലന് ഉമ്മറിലാത്ത അറക്കല്‍ വളപ്പില്‍, എല്ലാ ഉമ്മമാരും സമാധാനത്തോടെ അന്തിയുറങ്ങി, സമാധാനമില്ലാതെ ചെറുപ്പകാരികളും.കണ്ണന് മാമദ്ക്ക മാത്രം ഇടയ്ക്കിടെ അവനില്ലാത്തതിന്റെ വിഷമം അനുഭവിച്ചു.. അക്കരെ നിന്നു വഞ്ചിവന്നാല്‍ ചരക്ക് കയറ്റാന്‍ ആളില്ലാതാവുമ്പോള്‍ ....
ഒരു ദു:ഖ വാര്‍ത്ത കേട്ടായിരുന്നു അന്നൊരുനാള്‍ അറക്കല്‍ വളപ്പു നിവാസികള്‍ ഉണര്‍ന്നത് ... പല്ലന് ഉമ്മര്‍ ഇനിയാര്‍ക്കും ശല്യമാവില്ല ... അവന് തീയാലോ വെള്ളത്താലോ അല്ലാതെ ഏര്‍വാടിയില്‍ നരക തുല്യമായ യാതനയും വേദനയും, വിശപ്പും അനുഭവിച്ച് ഈ ലോകത്തോട് വിട പറഞ്ഞു...
ആമ്പുലന്‍സ് ഉമ്മറിന്റെ ചേതനയറ്റ ശരീരവും വഹിച്ച് അറക്കല്‍ വളപ്പിലെത്തി, അതുവരെ ആര്‍ക്കും വേണ്ടാത്ത ഉമ്മറിനെ കാണാന്‍ ഒരായിരം പേര് കഴുകന്മാരെ പോലെ അവന്റെ മൃതശരീരത്തിന് ചുറ്റും വട്ടമിട്ടു നിന്നു.. ചിലര്‍ ആനന്ദ കണ്ണീരെന്ന പോലെ അഭിനവ ദു:ഖ കണ്ണീര് ഒഴുക്കി..അവന്റെ ഉമ്മ സ്ഥലകാല ബോധമില്ലാതെ നാട്ടുക്കാരെ പഴിച്ചു കൊണ്ടിരുന്നു.. കാത്തു വെയ്ക്കാന്‍ ആരുമില്ലാത്തനിനാല്‍ ഉടനെ തന്നെ കുളിപ്പിക്കനെടുത്തു.. കുളിപ്പിക്കാന്‍ തയ്യാറായവര്‍ മയ്യത്തിന്റെ ദേഹത്തെ വസ്തം മാറ്റിയപ്പോള്‍ , അറിയാതെ അവരില്‍ ചിലര്‍ പൊട്ടി കരഞ്ഞു.. അടിയേറ്റ് കരിവാളിച്ച പാടുകള്‍ , പട്ടിണി ശരീരത്തിനകത്തെ എല്ലുകളെ വ്യക്തമായി പുറത്തേക്ക് കാണിച്ചു.. മാസങ്ങളോളം ശരീരത്ത് ഇത്തിരി വെള്ളം പോലും തട്ടിയിട്ടില്ലാന്ന് വ്യക്തം.. അടി വസ്ത്രത്തില്‍ ഉണങ്ങിയ വിസര്‍ജ്ജത്തിന്റെ അംശം , മാസങ്ങള്‍ക്ക് മുന്‍പ് കൊണ്ടു പോവുമ്പോള്‍ ഉപയോഗിച്ച അതേ അടിവസ്ത്രം വെള്ളം തട്ടാതെ ചളി പുരണ്ട് ....
ആരോഗ്യ ദൃഢഗാത്രനായിരുന്ന ഉമ്മറിന്റെ മയ്യത്ത് കുളിപ്പിച്ച് വെള്ള വസ്ത്രത്താല്‍ പൊതിഞ്ഞ് വിടിന്റെ നടുത്തളത്തില്‍ വിരിച്ച പായയില്‍ വെച്ചപ്പോള്‍, അവനെ ഇഷ്ടമല്ലാത്തവരുടെ കണ്ണില്‍ നിന്നു പോലും അറിയാതെ കണ്ണുനീര് ഒഴുകി... മെലിഞ്ഞുണങ്ങിയ ആ ദേഹം കണ്ടവരില്‍ കരയാത്തവര്‍ ആരുമുണ്ടായിരുന്നില്ല ...
തോട്ടുങ്ങ പള്ളിയുടെ ഖബര്‍സ്ഥാനില്‍ ആറടി മണ്ണില്‍ ഉമ്മറിനെ കിടത്തി, അറക്കല്‍ വളപ്പു നിവാസികള്‍ ..ഒരുപിടി മണ്ണിടുമ്പോള്‍ അവരുടെ മനസ്സില്‍ ഒരു പ്രതിഞ്ജ ചൊല്ലി.. ഇനിയൊരു ഉമ്മറിനും ഈ ഗതി വരരുതെന്ന് .
.ഫാറൂഖ് ബക്കര്‍ പൊന്നാനി
---------------------------------------------------------
വെണ്ണീര് കൂട് = വീടുകളില്‍ നിന്ന് ശേഖരിക്കുന്ന വെണ്ണീര് (ചാരം) സൂക്ഷിക്കുന്ന സ്ഥലം
ആട്ടിന്‍ കാട്ടം =- ആട്ടിന്റെ കാഷ്ടം
ശെയ്ത്താനിളക്കം = ചുഴലി അസുഖം
സാന്‍ = വലിയ പാത്രം .
തോട്ടിന് കര = കനോലി കനാല്‍ തീരം
പുര വഞ്ചി = കെട്ടുവെള്ളം
പ്രിയ ബ്ലോഗേർസ് .. ഇവിടെ എന്റെ പോസ്റ്റുകൾ വായിക്കുന്നവരോട് , ഒരുപക്ഷെ ഇതൊരു അഹങ്കാര വാക്കുകളും ചിന്തകളുമായിരിക്കാം എന്നാൽ അങ്ങനെ അഹങ്കരിക്കുന്നതാണെനിക്കിഷ്ടം , എന്റെ ഇഷ്ടത്തിന് ആർക്കും ഒന്നും നഷ്ടമാവാത്തതിനാൽ എന്റെ ഇഷ്ടം ധിക്കാരത്തോടെയും അഹങ്കാരത്തോടെയും പറയട്ടെ .. കമന്റ് ബോക്സിൽ എനിക്ക് നിങ്ങളുടെ ഇല്ലാ ദൈവത്തിന്റെ അനുഗ്രഹം ചൊരിയരുത് എനിക്ക് നിങ്ങളുടെ അനുഗ്രഹം വേണ്ട , പകരം പറ്റുമെങ്കിൽ 1000 രൂപയിൽ കുറയാത്ത സംഖ്യ ഡി.ഡി എടുത്ത് അയക്കുക .. പ്ല്ലീസ്
Labels
- അനുഭവം (15)
- അനുഭവങ്ങൾ (2)
- ആക്ഷേപ ഹാസ്യം (1)
- ഇന്നന്റെ ജന്മദിനം നാളെ വിവാഹ വാര്‍ഷികവും (1)
- ഐക്യദാര്‍ഢ്യം (1)
- ഓര്മ്മി കുറിപ്പുകള്‍ (1)
- കഥ (6)
- ചിത്രങ്ങള്‍ (1)
- ചെറുകഥ (1)
- പലവക (4)
- പ്രതിഷേധം (3)
- മതപരം (1)
- രാഷ്ട്രീയം (3)
- ലേഖനം (31)