Tuesday, August 24, 2010

എന്റെ ജീവിതം ആരംഭിയ്ക്കുന്നു- 2

1970 ലാണ് എന്റെ ജനനമെങ്കിലും എന്റെ ഓര്‍മ്മകള്‍ക്ക് ജീവന്‍ വെയ്ക്കുന്നത് അതായത് എനിക്ക് വ്യക്തമായ ഓര്‍മ്മകള്‍ ഉള്ളത് ഒന്നാം തരത്തില്‍ പഠിയ്ക്കുമ്പോള്‍ മുതലാണ്, എന്റെ ഓര്‍മ്മകള്‍ക്ക് അപ്പുറത്തുള്ളതല്പം പറഞ്ഞ് തുടങ്ങാം...
എന്റെ മാതാവ് മറിയ മാളിയേക്കലിനും അബുബബക്കറിനും ആദ്യത്തെ സന്താനമായി ഞാന്‍ പിറന്നതില്‍ അവരേക്കാള്‍ സന്തോഷമുണ്ടായിരുന്നത് എന്റെ പിതാവിന്റെ മാതാവിനായിരുന്നു അതുകൊണ്ട് തന്ന് എന്റെ ജീവിതത്തിന് ഒരു പ്രത്യേകത ഉണ്ടാവുകയും ചെയ്തു, ഇന്ന് കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ മുസ്ലിം സമുദായത്തില്‍ നില നില്‍ക്കുന്ന പെണ്ണുവീട്ടില്‍ കൂടുക എന്ന ആചാരം പൊന്നാനിയിലും അന്നുണ്ടായിരുന്നു, എന്റെ തറവാട് ഈ ആചാരത്തില്‍ അധിഷ്ഠിതമായതിനാല്‍ എന്റെ പിതാവ് താമസിച്ചിരുന്നത് എന്റെ ഉമ്മയുടെ വീട്ടിലായിരുന്നു, എന്റെ പിതാവിന്റെ മാതാവിന് എന്നോടുള്ള വാത്സല്യവും സ്നേഹവും കാരണം എന്റെ ആറാമാസം മുതല്‍ എന്റെ ഉമ്മയില്‍ നിന്ന് വേറിട്ട് ഉപ്പയുടെ വീട്ടിലായിരുന്നു ജീവിതാരംഭം, ഒരുപക്ഷെ ആദ്യത്തെ യാത്രകളായിരിന്നു എന്റെ തറവാട്ടില്‍ നിന്ന് ഉപ്പയുടെ വീട്ടിലേക്കുള്ള ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്ര ആദ്യമാദ്യം ദിനവും അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്ര പിന്നെ സ്ഥിരമായ വാസമായി തീര്‍ന്നു..
എന്റെ തറവാട്ടില്‍ ഒത്തിരി കുഞ്ഞുങ്ങളുണ്ടായിരുന്നു എന്നാല്‍ അവരോടൊത്തുള്ള ജീവിതം എനിക്ക് നിഷേധിക്കപ്പെട്ട് തികച്ചും ഏകാകിയായ ജീവിതം എനിക്ക് നയിക്കാനുള്ള അവസരം, ഞാന്‍ മുന്‍ അധ്യായത്തില്‍ പറഞ്ഞുവല്ലോ, എന്റെ ഉപ്പയുടെ വീട് സ്ഥിതി ചെയ്തിരുന്നത് ഭാരതപുഴയുടെ തീരത്തായിരുന്നതിനാല്‍ എന്റെ കുട്ടികാലം ശരിക്കും ആസ്വാദകരമായിരിന്നു വളരെ കുഞ്ഞു പ്രായത്തില്‍ തന്നെ നീന്തല്‍ പഠിക്കനുള്ള അവസരവും എനിക്ക് ലഭിച്ചത് ഇവിടെ വളര്‍ന്നത് കൊണ്ടാവാം, എന്റെ ജീവിതത്തിലെ ഒത്തിരി കഠിനമായ അവസരത്തില്‍ എന്റെ ചെറുപ്പകാല ജീവിതത്തിലെ ഏകാന്തത എന്നെ ഒത്തിരി സഹായിച്ചിട്ടുണ്ട്, എന്റെ രണ്ടാമത്തെ വയസ്സില്‍ എന്റെ ഉമ്മൂമ(ഉപ്പയുടെ ഉമ്മ) മരിച്ചുവെങ്കിലും എന്റെ ജീവിതം ഇല്ലത്ത് (ഉപ്പയുടെ വീടിനെ ഇല്ലം എന്നാണ് പറയുക) തുടരേണ്ടി വന്നു അവിടെ ഉപ്പയുടെ ഒരേയൊരു പെങ്ങളും അനുജനും അവര്‍ക്ക് താലോലിക്കാന്‍ ഒരു കുഞ്ഞ്, ഒരു കുഞ്ഞിന്റെ വളര്‍ച്ചയില്‍ അവന്/അവള്‍ക്ക് വേണ്ടത് അവരുടെ പ്രായത്തിലുള്ള കുഞ്ഞുങ്ങളോടൊത്തുള്ള കളിയും ചിരിയുമാണന്ന് സ്വാര്‍ത്ഥരായ വലിയവര്‍ക്ക് അറിവില്ലാത്തത് കൊണ്ട് എനിക്ക് നഷ്ടപ്പെട്ടത് എന്റെ സ്വന്തം സഹോദരങ്ങളോടും കസിന്‍സുകളുമൊത്തുള്ള ജീവിതമായിരിന്നു.
നാലാമത്തെ വയസ്സിലായിരുന്നു എന്റെ പഠനാരംഭം,പദ്മിനി ടീച്ചറായിരുന്നു എന്റെ ആദ്യത്തെ ക്ലാസ് ടീച്ചര്‍ എന്റെ ഇല്ലത്തിനടുത്തുള്ള സ്കൂളിലായിരുന്നു എന്റെ പഠനം എന്റെ നിര്‍ഭാഗ്യമെന്ന് പറയട്ടെ എന്റെ സഹോദരങ്ങളെല്ലാം മറ്റൊരു സ്കൂളിലുമായിരുന്നു, ഒരു ഒറ്റയാനയാതിനാലാവാം വികൃതി നല്ലോണമുള്ള ഒരു കുട്ടിയായിട്ടായിരുന്നു എന്റെ വളര്‍ച്ച.. ആ വികൃതിയുടെ വികൃതിത്തരങ്ങള്‍ തുടര്‍ന്നും വായിക്കുക

10 comments:

വിചാരം said...

ആ വികൃതിയുടെ വികൃതിത്തരങ്ങള്‍ തുടര്‍ന്നും വായിക്കുക

മാണിക്യം said...

"ഒരു കുഞ്ഞിന്റെ വളര്‍ച്ചയില്‍ അവന്/അവള്‍ക്ക് വേണ്ടത് അവരുടെ പ്രായത്തിലുള്ള കുഞ്ഞുങ്ങളോടൊത്തുള്ള കളിയും ചിരിയുമാണന്ന് സ്വാര്‍ത്ഥരായ വലിയവര്‍ക്ക് അറിവില്ലാ.."
ശരിയാണ്...

ബാക്കി പറഞ്ഞു കൊള്ളു....:)

Najeeb CP said...

Dear farook,

Nice to read...Waiting for remaining...i know you have some done mischievous things in your past i am just waiting.. In which angle you are looking to that...i hope you don’t hide anything...

Unknown said...

വായിക്കുന്നുണ്ട്‍...
ആദ്യ ക്ലാസ് ടീച്ചറുടെ പേരൊക്കെ ഇപ്പോഴുമോർത്തിരിക്കുന്നോ!

പാരഗ്രാഫ്‍ തിരിച്ചെഴുതിയാൽ കുറച്ചുകൂടി readablity കിട്ടിയേനേ...

പട്ടേപ്പാടം റാംജി said...

ഒന്നാം ക്ലാസിലെ ആയിട്ടുള്ളൂ.
ഇനി അടുത്തതും പോന്നോട്ടെ.

മുകളില്‍ എഴുതിയത പോലെ പാരഗ്രാഫ് തിരിക്കുന്നത് നന്നായിരിക്കും. പിന്നെ എന്റെ എന്നതും വളരെ കുടുന്നു.

വിചാരം said...

മാണിക്യം .. ചേച്ചി എന്റെ കുട്ടികളും ഭാര്യയുമൊക്കെ ഗള്‍ഫില്‍ ജീവിയ്ക്കാനുള്ള അവസരമുണ്ടായിട്ടും ഞാനതിന് മുതിരാത്തത് അവിടെ വളരുന്ന എന്റെ ചങ്ങാതിമാരുടെ കുട്ടികളുടെ അവസ്ഥ കണ്ടിട്ടാണ്, നാലു ചുമരുകള്‍ക്കുള്ളില്‍ വളരുന്ന ഒരവസ്ഥ, ഞാന്‍ ആഗ്രഹിച്ചതും ഇപ്പോള്‍ നടപ്പില്‍ വരുത്തിയതും ഇതാണ്.. ഒത്തിരി കൂട്ടുക്കാരുടെ കൂടെ, ബന്ധുക്കളുടെ കൂടെ.. ഉമ്മൂമമാരുടെ കൂടെ എന്റെ മക്കള്‍ ജീവിയ്ക്കുന്നത് കാ‍ണുമ്പോഴാണ് എനിക്ക് സന്തോഷം അവര്‍ക്കും

വിചാരം said...

നജീബ്... ഡാ നീ ഇവിടെ വരുന്നുണ്ട് അല്ലേ.. എഴുതാം, നിനക്കറിയാലോ എന്റെ അനുഭവങ്ങള്‍ക്ക് ഇത്തിരി ചൂടും ചൂരുമുണ്ടന്ന് അതുകൊണ്ട് തന്നെയാണ് ഞാനിതെഴുതാന്‍ തീരുമാനിച്ചത് തിര്‍ച്ചയായും സത്യസന്ധമായി എഴുതാം.

വിചാരം said...

ശിവകുമാര്‍ ജി.. എന്നെ പഠിപ്പിച്ച എല്ലാ അധ്യാപകരുടെ പേരും എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്, പാരാഗ്രഫ് തിരിച്ചെഴുതാന്‍ ശ്രമിയ്ക്കാം .
റാംജി... തീര്‍ച്ചയായും പാരഗ്രാഫ് തിരിച്ചെഴുതാം.

ഏറനാടന്‍ said...

ആത്മകഥയോ ജീവച്ചരിത്രമോ? വിചാരം? ഞാന്‍ ആദ്യം മുതല്‍ക്ക്‌ വായിക്കുന്നു.

ബയാന്‍ said...

ഇവിടേം ഖണ്ഡിക തിരിക്കാതെ എഴുതിയിരിക്കുന്നു. ഞാന്‍ പറയുന്നത് നീ കേള്‍ക്കേണ്ട, റാംജിയും യും ശിവകുമാറും പറയുന്നതെങ്കിലും നീ അനുസരിക്ക്. അടികിട്ടാതെ വളര്‍ന്നത് കൊണ്ടുള്ള കൊഴപ്പാ യിതൊക്കെ.